ചക്രവർത്തിക്ക് സുപ്രധാനമായ എന്തോ കാര്യം പ്രജകളെ അറിയിക്കാനുണ്ട്.
അതുകൊണ്ട് എല്ലാവരും ഇന്ന് കൃത്യസമയത്ത് രാജ്യസഭയിലെത്തണം.രാജഭടന്മാർ ഈ വിവരം എല്ലായിടത്തും പെരുമ്പറ കൊട്ടി അറിയിച്ചു ...
നിശ്ചിതസമയം അടുത്തുകൊണ്ടിരുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ കൊട്ടാരത്തിലേക്കൊഴുകിത്തുടങ്ങി. എല്ലാവരുടെയും മുഖത്ത് അത്ഭുതവും ആകാംക്ഷയും നിറഞ്ഞുനിന്നിരുന്നു ... എന്തിനായിരിക്കും തിരുമേനി ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു വിളംബരം ചെയ്യിച്ചത്. അതറിയാനുള്ള ജിജ്ഞാസയായിരുന്നു എല്ലാവരുടെയും മുഖത്ത് നിഴലിച്ചിരുന്നത്...
ജനങ്ങളെല്ലാം സദസ്സിൽ നിരനിരയായി ഇരുന്നു. മന്ത്രി പ്രമുഖന്മാരും മറ്റും മാറ്റ് ഉന്നതന്മാരുമെല്ലാം യാഥാസ്ഥാനങ്ങളിൽ ഉപവിഷ്ടരായി. രാജാവും പത്നിയും പുത്രന്മാരുമെല്ലാം അവരുടെ സ്ഥാനങ്ങളിൽ ഇരുന്നു. അവർക്കാർക്കും തന്നെ ഇത്രപെട്ടെന്ന് രാജാവ് സഭ കൂടിയതിന്റെ കാരണം അറിവുണ്ടായിരുന്നില്ല...
സമയമായി ... രാജാവ് എല്ലാവരുടെയും ആകാംക്ഷയുടെ അടിവേരറുത്തുകൊണ്ട് സദസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു ...
" എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഞാൻ ഒരു പ്രധാന തീരുമാനം എടുത്തിരിക്കുന്നു...
അത് നിങ്ങളേവരെയും അറിയിക്കാൻ വേണ്ടിയാണ് ഇത്രപെട്ടെന്ന് എല്ലാവരെയും വിളിച്ചുവരുത്തിയത് ... അള്ളാഹു (സു)യുടെ അനുഗ്രഹത്താൽ എനിക്ക് രാജപദവി സിദ്ധിച്ചു. ആ പദവി പ്രജകളുടെ ക്ഷേമാ-ഐശ്വര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിന് പകരം എന്റെ സ്വന്തം സുഖത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് ഞാൻ ചെയ്തത്. എന്റെ സാമ്രാജ്യം വിപുലീകരിക്കുന്നതിന്ന് വേണ്ടി ഒരുപാട് നിരപരാധികളുടെ രക്തം ചിന്തിയിട്ടുണ്ട്. ഭൗതിക സുഖത്തിന്റെ പറുദീസയിൽ സകലതും മറന്ന് ഞാൻ വിഹരിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ ഇത്രയും കാലം അന്ധനായിരുന്നു. ഈ അന്ധതയിൽ നിന്ന് ഇപ്പോൾ ഞാൻ കണ്ണുതുറന്നിരിക്കയാണ്. ഞാൻ ചെയ്‌ത അപരാധത്തിന് പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഒരുങ്ങുകയാണ്. ഇതുവരെയും മാന്യമായി കരുതിയിരുന്ന ഈ സിംഹാസനം ഞാൻ വലിച്ചെറിയുകയാണ്. എനിക്കിനി ഈ സ്ഥാനമാനങ്ങൾ വേണ്ട. ഏകാന്തവാസത്തിന് പോവുകയാണ്. അതുകൊണ്ട് നിങ്ങളെല്ലാവരും വളരെ സന്തോഷത്തോടു കൂടി എനിക്ക് യാത്രാനുമതി നൽകണം ..."
രാജാവിന്റെ വാക്കുകൾ കേട്ട് എന്തുപറയണമെന്നറിയാതെ ഒരുനിമിഷം എല്ലാവരും പകച്ചുനിന്നു ... പിന്നെ തടസ്സം പറയലും കരച്ചിലും പിഴിച്ചിലും കൊണ്ട് ആ സഭ ശബ്ദമുഖരിതമായി...
ഇത്രയും കാലം തന്റെ ജീവന്റെ ജീവനായി തന്നെ പരിരക്ഷിച്ചുപോന്ന എന്റെ പ്രിയതമൻ എല്ലാമുപേക്ഷിച്ച് പോവുകയാണെന്നറിഞ്ഞ് രാജപത്നി വാവിട്ടുകരഞ്ഞു ... ഉമ്മയോടൊപ്പം മക്കളും വ്യസനം പറഞ്ഞ് കണ്ണുനീരൊഴുക്കി. മന്ത്രിമാരും മറ്റു പൗരപ്രമാണികളുമെല്ലാം എല്ലാ വിധേനയും തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി ...
പക്ഷെ, കരച്ചിലും പിഴിച്ചിലും കൊണ്ടൊന്നും പിന്തിരിയാൻ രാജാവ് ഒരുക്കമായിരുന്നില്ല.
റഹ്‌മാനായ റബ്ബിനോടുള്ള മുഹബ്ബത്ത് അത്രകണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിൽ രൂഢമൂലമായികിടന്നിരുന്നു ...
" അല്ലാഹുവേ എന്റെ ഹൃദയത്തിന് നീ ശക്തി തരേണമേ ... ഈ കണ്ണുനീരിൽ അലിഞ്ഞ് ഈ മഹത്തായ ഉദ്യമത്തിൽ നിന്ന് പിന്തിരിയാനിടവരുത്തരുതേ ..."
ഇബ്റാഹീമിബ്നു അദ്ഹം മനംനൊന്ത് പ്രാർത്ഥിച്ചു ... അനന്തരം അദ്ദേഹം തന്റെ കുടുംബത്തോടും, മന്ത്രിമാരോടും, പ്രജകളോടും ഒന്നടങ്കം വിട ചോദിച്ചു പുറപ്പെടാനൊരുങ്ങി ...
അദ്ദേഹത്തിന്റെ പ്രിയതമക്ക് ഒട്ടും സഹിക്കാനായില്ല. അവർ വാവിട്ടുകരഞ്ഞ് കരഞ്ഞ് മോഹാലാസ്യപ്പെട്ട് തറയിൽ വീണു. മാതാവിന്റെ അവസ്ഥകണ്ട് മക്കളും അലറിവിളിച്ചു ...
കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞുപോയി
(തുടരും)

 
No comments:
Post a Comment