ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:15



രാജാവ് അത്ഭുതത്തോടെ അയാളുടെ വാക്കുകൾ കേട്ടുകൊണ്ട്, ആ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കുന്നതിനിടയിൽ പെട്ടെന്ന് ആഗതൻ അപ്രത്യക്ഷനായി

പ്രജകൾക്ക് വേണ്ടി മാത്രം ...


രാജാവിന്റെ അത്ഭുതത്തിന് അളവുണ്ടായിരുന്നില്ല. എന്ത് ? തന്റെ മുമ്പിൽ വന്നതാരാണ് ? എന്താണയാൾ പറഞ്ഞത് ? ഇതെല്ലാം തനിക്ക് അല്ലാഹുവിൽ നിന്നുള്ള പരീക്ഷണങ്ങളല്ലേ ...?


ശരിയാണ്...താൻ രാജകൊട്ടാരമായി അവകാശം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഈ മണിമന്ദിരം വെറുമൊരു സത്രമാണോ ? തനിക്ക് മുമ്പ് എത്രയോ പേർ ഈ കൊട്ടാരത്തിൽ ജീവിച്ചു. അവരെല്ലാം ഇന്നെവിടെ ...? വരുന്നു പോകുന്നു വഴിപോക്കർ. വെറും വഴിയമ്പലമാണീ ജീവിതം. എത്ര ശരിയാണത്. തനിക്ക് മുമ്പുള്ളവരെല്ലാം മൃതിയുടെ ഹസ്തങ്ങളിലമർന്നുപോയി. ഇനി താനും ആ കരങ്ങളിൽ തന്നെ ചെന്നുപതിക്കും...


മരണം അത് മാത്രമാണ് സത്യം. ജീവിതമെന്നത് വെറും മിഥ്യയാണ് ... അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഒരുപാട് ചിന്തകൾ ഉടലെടുത്തു...


ഇന്നുവരെയും ഐഹിക സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രയത്നങ്ങൾ മാത്രമായിരുന്നു താൻ ചെയ്തിരുന്നത്. അതിന്റെ ഭവിഷ്യത്തുകളാണ് ഈ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ...


നാഥാ ഞാൻ അപരാധിയാണ്. ഏതൊരപരാധവും പൊറുക്കുന്ന കോടതിയല്ലേ നിന്റേത് ...എന്റെ പശ്ചാത്താപം സ്വീകരിക്കേണമേ ... എനിക്ക് മാപ്പരുളേണമേ... രാജാവ് ഹൃദയം നൊന്ത്  പ്രയത്നിച്ചു ...


അവിടുന്നങ്ങോട്ട് അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ ഭക്തിസാന്ദ്രമായി മാറിക്കൊണ്ടിരുന്നു ...


തന്റെ ജീവിതത്തിലെ പുഴുക്കുത്തുകളെല്ലാം നീക്കി കളയുന്നതിൽ അദ്ദേഹം വ്യാപൃതനായി...


താൻ ഇതുവരെ ഉറങ്ങുകയായിരുന്നു. അറ്റമില്ലാത്ത ഉറക്കം...


ആ വഴിപോക്കൻ തന്നെ തട്ടിയുണർത്തിയിരുക്കുന്നു ...


താൻ താമസിക്കുന്നത് വെറുമൊരു വഴിയമ്പലത്തിലാണ്. ഇവിടെനിന്ന് യാത്ര പുറപ്പെടാൻ സമയം ഇനി അധികമില്ല... രാജാവിന്ന് ഭരണ കാര്യങ്ങളിൽ ഒട്ടും തന്നെ താൽപര്യമില്ലാതായി... ഭൗതിക സുഖസൗകര്യങ്ങളിൽ അദ്ദേഹത്തിന് വിരക്തി തോന്നി. ഇബാദത്തുകൾ എത്ര തന്നെ ചെയ്തിട്ടും മതിവരുന്നുമില്ല...


പകൽ മുഴുവനും വൃതമനുഷ്ഠിച്ചു. രാത്രി മുഴുവനും നിസ്കാരം കൊണ്ട് സജീവമാക്കി. അങ്ങിനെ എത്രയെത്ര ദിനരാത്രങ്ങൾ ...


ഇങ്ങനെ ഭക്തി പാരവശ്യത്താൽ ജീവിച്ചിട്ടും രാജാവിന്റെ ഹൃദയം നീറുകയായിരുന്നു. താൻ ഇതുവരെ ചെയ്ത അപരാധങ്ങളെ കുറിച്ചോർത്തു രാജാവ് മനസ്സ് പുണ്ണാക്കുകയായിരുന്നു... എന്തുകൊണ്ട് ഇങ്ങനെ ഒരു മാനസാന്തരം തനിക്ക് വളരെ മുമ്പ് ഉണ്ടായില്ല? അദ്ദേഹത്തിന്റെ കരളിനെ നോവിച്ചു ...


തന്റെ ജനങ്ങളുടെ സംതൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടാണ് രാജാവ് പിന്നീട് ഭരണം നടത്തിയത് ... അവരുടെ വിഷമതകൾ കണ്ടറിഞ്ഞ് സഹായിക്കുന്നത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായി. അഗതികളെയും അനാഥരെയും വത്സല്യപൂർവം സംരക്ഷിച്ചു. കൈകുമ്പിളുമായി വരുന്നവർക്ക് അകമഴിഞ്ഞ് ദാനധർമ്മങ്ങൾ നടത്തി. അങ്ങനെ തന്റെ പൂർവ്വകാല ജീവിതത്തിനുള്ള പ്രായശ്ചിത്തം രാജാവ് തുടർന്നുകൊണ്ടിരുന്നു...


താൻ കെട്ടിപ്പടുത്ത് കൊണ്ടുവന്ന ആകാശക്കോട്ടകൾക്ക് വെറും നൈമിഷികമായ ആയുസ്സേ ഉള്ളൂ എന്ന പരമാർത്ഥം ഓർമിക്കുന്നതും രാജാവിന്റെ മനസ്സിൽ ഭീതിയുടെ കരിനിഴൽ പടർന്നുകൊണ്ടിരുന്നു. പിടയുന്ന കരളുമായി നോവുന്ന മനസ്സുമായി ആ സാമ്രാജ്യാധിപതി നാളുകൾ തള്ളി നീക്കി ...
(തുടരും)

No comments:

Post a Comment