ഇതെന്തുകഥ ...! യഥാർത്ഥ വസ്തുത ഇയാളെ പലവട്ടം അറിയിച്ചിട്ടും പിന്തിരിയാനുള്ള ഒരുക്കമില്ല. പിന്നെയും ഒരേ പലവിതന്നെ ആവർത്തിക്കുന്നു ... പാറാവുകാരന് കലികയറാൻ പിന്നെ അധിക താമസമുണ്ടായില്ല. അയാൾ അവസാനമെന്നോണം പറഞ്ഞു ...
" എടോ ... മനുഷ്യാ തനിക്ക് വേഗം ഇവിടെനിന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. അല്ലെങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടിവരും ..."
" ഈ പാവപ്പെട്ട വഴിപോക്കനോടാണോ നിങ്ങളുടെ പരാക്രമം ... ഹേ കാവൽക്കാരാ എനിക്ക് നിങ്ങളുടെ അനുവാദമല്ല വേണ്ടത്. നിങ്ങളുടെ യജമാനന്റെ സമ്മതമാണ്. ഞാൻ ഇന്ന് ഈ സത്രത്തിൽ തങ്ങുന്നത് അദ്ദേഹത്തിന് സമ്മതമാണോ ...? അതാണെനിക്ക് അറിയേണ്ടത് ..."
പിന്നെ പാറാവുകാരൻ അയാളോട് വേദാന്തമോതാൻ നിന്നില്ല. അയാളെ ബലം പ്രയോഗിച്ച് പുറമെ തള്ളുക എന്ന ഉദ്ദേശത്തോടുകൂടി ആ ഭടൻ വഴിപോക്കന്റെ നേരെ ചീറിയടുത്തു... അവിടെ ഉന്തും, പിടിയും, ബഹളവുമായി. എത്ര തന്നെ ബലം പ്രയോഗിച്ചിട്ടും ആ ആഗതനെ പുറന്തള്ളാൻ പാറാവുകാരന് കഴിഞ്ഞില്ല. ഒടുവിൽ ഈ ബഹളവും കോലാഹലവുമെല്ലാം രാജാവിന്റെ ചെവിയിലുമെത്തി ...
" എന്താണവിടെ ഒരു ബഹളം ...? " രാജാവ് ചോദിച്ചു ...
പാറാവുകാരൻ രാജാവിനോട് ഇപ്രകാരം ഉണർത്തി...
" തിരുമനസ്സേ ..., ഇവിടെയിതാ ഒരുത്തൻ വന്ന് ബഹളമുണ്ടാക്കുന്നു..."
" എന്താണവന്റെ ആവശ്യം ...? "
"അത് വളരെ വിചിത്രമാണ്. വർത്തമാനം കേട്ടിട്ട് അയാൾക്ക് ഭ്രാന്താണെന്നാണ് തോന്നുന്നത് ..."
" അതെന്താ അങ്ങിനെ തോന്നാൻ ...? "
" അയാൾക്ക് ഈ സത്രത്തിൽ ഇന്ന് താമസിക്കാൻ സൗകര്യം ചെയ്തുകൊടുക്കണമെന്ന്. ഇത് സത്രമല്ല രാജകൊട്ടാരമാണെന്ന് പലവുരു പറഞ്ഞുനോക്കി. പക്ഷെ, അയാൾ സമ്മതിക്കണ്ടേ..., പിടിച്ച് പുറത്താക്കിയിട്ടും അയാൾ പോകുന്നില്ല ..."
" ആട്ടെ, അയാളെ നമ്മുടെ സന്നിധിയിലേക്കയക്കൂ ... നാമൊന്ന് ചോദിച്ച് നോക്കട്ടെ ..."
രാജകല്പന പ്രകാരം ആ വഴിപോക്കനെ തിരുമനസ്സിന്റെ മുമ്പിൽ ഹാജരാക്കി. രാജാവ് അയാളെ ആകപ്പാടെ ഒന്നുനോക്കി. എന്നിട്ട് ചോദിച്ചു ...
" ഹേ മനുഷ്യാ ... ഇത് രാജകൊട്ടാരമാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടെ, പിന്നെയെന്തിനാണ് ഇങ്ങിനെ വിചിത്രമായൊരു ചോദ്യമുന്നയിച്ചുകൊണ്ട് വന്നിരിക്കുന്നത് ...? "
" രാജകൊട്ടാരമോ ...? ഇത് സത്രമാണ്. വെറും വഴിയമ്പലം. ഓരോരുത്തർ വരുന്നു പോകുന്നു. അത്രതന്നെ ... "
" എന്റെ പാറാവുകാരൻ പറഞ്ഞതുപോലെതന്നെ നിങ്ങൾക്ക് ഭ്രാന്താണെന്ന് തോന്നുന്നു. മഹാനായ ഇബ്റാഹീമിബ്നു അദ്ഹം എന്ന ചക്രവർത്തിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിഞ്ഞുകൂടെന്നോ ...? അദ്ദേഹത്തിന്റെ കൊട്ടാരമാണിത്. ഞാനാണാ ചക്രവർത്തി മനസ്സിലായോ ...? "
" മഹാനായ ചക്രവർത്തിയോ ...? നിങ്ങൾക്കുമുമ്പ് അങ്ങനെ എത്രയെത്ര മഹാന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. ഞാനൊന്ന് ചോദിക്കട്ടെ, അതിന്ന് ശരിയായ ഉത്തരം താങ്കൾ പറയുമോ ...?"
" പറയാമല്ലോ ..."
" എങ്കിൽ, ഈ കൊട്ടാരത്തിൽ താങ്കൾക്കുമുമ്പ് ആരായിരുന്നു താമസിച്ചിരുന്നത് ...?"
" എനിക്ക് മുമ്പോ ... അത് എന്റെ പിതാമഹാൻ "
" അദ്ദേഹത്തിന് മുമ്പോ ...? "
" അദ്ദേഹത്തിന്റെ പിതാവായിരിക്കും..."
" അദ്ദേഹത്തിന് മുമ്പോ ...? "
" ഇതെന്തു ചോദ്യമാണ്. ആ പിതാമഹന്റെ പിതാവ്. അതിലെന്താണിത്ര സംശയം ..."
" എനിക്കുശേഷം സംശയമില്ല. നേരെമറിച്ച് വളരെ ഉറപ്പാണ്. എന്റെ വാദത്തിന് തെളിവുദ്ധരിക്കാൻ വേണ്ടിയാണ് ഞാനീ ചോദ്യങ്ങൾ ചോദിച്ചത്. രാജാവ് തന്നെ ഒന്നു ചിന്തിച്ചുനോക്കൂ ... ആരും ഈ കൊട്ടാരത്തിൽ സ്ഥിരമായി പാർക്കുന്നില്ല. ഒരാൾ കുറച്ചുകാലം താമസിക്കുന്നു. പിന്നെ അയാളുടെ മകൻ, പിന്നെ അയാളുടെ മകൻ... അങ്ങനെ ഓരോരുത്തർ വരുകയും, വന്നപോലെതന്നെ തിരിച്ചുപോകുകയും ചെയ്യുന്നു ... അതുകൊണ്ടുതന്നെയാണ് ഞാനിതൊരു സത്രമാണെന്നു പറഞ്ഞത് ..."
(തുടരും)

No comments:
Post a Comment