ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:16




കാലം പിന്നെയും അതിന്റെ അനുസൃതപ്രവാഹം തുടർന്നുകൊണ്ടേയിരുന്നു. അള്ളാഹു (സു) അവന്റെ ഹിദായത്തിലാണ് മാർഗ്ഗം തെളിയിച്ചത്. അന്തതയുടെയും അഹന്തതയുടെയും ഗർത്തത്തിലാണെങ്കിൽ പോലും നിമിഷനേരം കൊണ്ട് കരകയറി സന്മാർഗ്ഗത്തിന്റെ പാതയിൽ അടിയുറക്കുന്നതാണ്...


നേരെ മറിച്ച് അല്ലാഹുവിന്റെ ഹിദായത്ത് എത്താത്തവർക്ക് എത്രതന്നെ ഉപദേശം നൽകിയിട്ടും കാര്യമില്ല. എത്രതന്നെ പരീക്ഷണങ്ങൾക്ക് വിധേയമാവേണ്ടി വന്നാലും അത്തരക്കാർക്ക് ഒരു ഇളക്കവുമുണ്ടാവുകയില്ല. തന്നേയുമല്ല, തങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന ദുർവൃത്തത പിൻതുടർന്ന് കൊണ്ടേയിരിക്കുകയും ചെയ്യും...


അല്ലാഹു (സു) നമ്മെയേവരെയും അവന്റെ ഹിദായത്തിൽ ആകട്ടെ ...

ആമീൻ യാ റബ്ബൽ ആലമീന്‍☝🏼

  മരത്തണലിലൊരു വഴിപോക്കൻ ...


ഇബ്‌റാഹീമിബ്നു അദ്ഹം അല്ലാഹുവിങ്കലേക്കു കൂടുതൽ അടുക്കുകയായിരുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാവിധ സീനത്തുകളും അലങ്കാരങ്ങളും മനുഷ്യനെ പ്രലോഭിപ്പിക്കുവാനുള്ളതാണ്. അവയുടെ വശ്യതയിൽ മുഴുകി പരലോക ചിന്തകളിൽ നിന്നകന്നു കൂടാ .... എന്ന സത്യം എല്ലായ്പ്പോഴും അദ്ദേഹം ഓർമ്മിച്ചുകൊണ്ടിരുന്നു ...


വഞ്ചകിയായ ദുനിയാവിന്റെ മാസ്മരികയിൽ നിന്ന് രാജാവ് അകന്നു നിന്നു ... കൊട്ടാരത്തിൽ ആണെങ്കിൽ മുഴുവൻ സമയവും തന്റെ തെറ്റുകളെ കുറിച്ചോർത്ത്  പശ്ചാത്തപിച്ചു കൊണ്ടാണ് അദ്ദേഹം കഴിച്ചുകൂട്ടിയത് ...


മനോഹരമായ കെട്ടിടത്തിന്റെ മുകളിലെ തട്ടിലാണ് രാജാവിന്റെ മുറി. ഒരു ദിവസം പതിവുപോലെ ഖുർആൻ ഒത്തിക്കൊണ്ടിരിക്കെ അദ്ദേഹം തന്റെ റൂമിൽ  ഇരിക്കുകയായിരുന്നു. തുറന്നിട്ട ജനലഴികൾക്കിടയിലൂടെ നോക്കിയാൽ രാജപാതയും അതിനരികിലെ തണൽ വൃക്ഷങ്ങളുമെല്ലാം ശരിക്കും കാണാം. സഞ്ചാരികളെയും മരത്തണലിൽ വിശ്രമിക്കുന്നവരെയും അവിടെയിരുന്നാൽ കാണാം. കൊട്ടാരത്തിന് മുമ്പിലുള്ള തണൽ വൃക്ഷങ്ങളിൽ ഒന്നിന്റെ ചുവട്ടിൽ ഒരാൾ ഇരുന്ന് വിശ്രമിക്കുന്നത് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടു. ആരാണെന്നറിയാണുള്ള ജിജ്ഞാസയോടുകൂടി രാജാവ് സൂക്ഷിച്ചുനോക്കി. അവിടെ ഇരിക്കുന്നത് ഒരു പാവപ്പെട്ട വഴിപോക്കനായിരുന്നു. ജരാനരകൾ ബാധിച്ച ഒരു സാധുമനുഷ്യൻ. അയാളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതും അവിടവിടെ പിഞ്ഞിത്തുടങ്ങിയതും ആയിരുന്നു...


ശരിക്ക് നോക്കിയപ്പോഴാണ് ആ മനുഷ്യന്റെ  ദയനീയാവസ്ഥ മനസിലായത്. ഓജസ്സും തേജസ്സും ആകെ ചോർന്നുപോയ ഒരു പേക്കോലം. കവിളുകൾ ഒട്ടിയിരിക്കുന്നു. കണ്ണുകൾ കുഴിയിലേക്ക് ആണ്ടുപോയിരിക്കുന്നു. ദേഹം മലിഞ്ഞിരിക്കുന്നു. കൈകാലുകൾ ശോഷിച്ചിരിക്കുന്നു. കണ്ടാൽ തന്നെ ദയനീയത തോന്നിക്കുന്നതായിരുന്നു ആ രൂപം ...


ആ വഴിപോക്കൻ തന്റെ തോളിൽ കിടന്നിരുന്ന മാറാപ്പഴിച്ച്  താഴെവെച്ചു ... അയാൾ എന്തിനുള്ള ഭാവമാണ്...! രാജാവ് അതറിയാനുള്ള ഉത്കണ്ഠയോടുകൂടി ഇമവെട്ടാതെ അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയാണ്...


ആ മനുഷ്യൻ തൊട്ടരികിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചോലയിൽ നിന്നും അംഗസ്നാനം ചെയ്തു, മരത്തണലിൽ നിന്ന് നിസ്കാരം നിർവ്വഹിച്ചു. പിന്നീട് ആ പാവം തന്റെ മാറാപ്പ് അഴിക്കുന്നതാണ് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടത് ...


അയാൾ മാറാപ്പഴിച്ചു. അതിൽ നിന്നും ഒരു ഉണക്കറൊട്ടിയാണ് പുറത്തെടുത്തത്. രസകരമായ മധുരപലഹാരം കഴിക്കുന്ന സംതൃപ്തിയോടുകൂടി അയാൾ ആ ഉണക്കറൊട്ടി ചവച്ചരച്ചുതിന്നു ...അനന്തരം അല്പം ശുദ്ധജലം കുടിച്ച് വയറുനിറഞ്ഞ സംതൃപ്തിയോടുകൂടി ഒരു ഏമ്പക്കവും വിട്ട് ആ മരത്തണലിൽ വെറും മണ്ണിൽ അയാൾ മലർന്നുകിടന്നു ...മന്ദമാരുതന്റെ തലോടലേറ്റ് ആ വഴിപോക്കൻ നിമിഷങ്ങൾക്കകം ഉറങ്ങിപ്പോയി ... ഉറങ്ങിക്കിടക്കുമ്പോഴും അയാളുടെ മുഖത്ത് സംതൃപ്തിയുടെ നിഴലാട്ടം ഉണ്ടായിരുന്നു. ചുണ്ടിൽ നേരിയൊരു പുഞ്ചിരി തത്തിക്കളിച്ചുകൊണ്ടിരുന്നു ...
(തുടരും)

No comments:

Post a Comment