ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:13

Add caption


സൂഫിവര്യന്റെ പ്രാർത്ഥന കേട്ട് പുളകിതനായി മഹാരാജാവ് തിരിച്ചുപോന്നു. അദ്ദേഹത്തിന് ഭൗതിക സുഖങ്ങളോട് വിരക്തി തോന്നാൻ തുടങ്ങിയിരുന്നു. തന്റെ സമയങ്ങളിൽ അധികപങ്കും രാജാവ് ആരാധനകൾക്കു വേണ്ടി ചിലവഴിച്ചു...


ഭരണകാര്യങ്ങളിൽ തന്നെ അദ്ദേഹത്തിന് താൽപര്യമില്ലാതായി. എങ്കിലും രാജഭരണവും തന്നിൽ അർപ്പിതമായ ഉത്തരവാദിത്വമാണല്ലോ എന്ന ചിന്തയോടുകൂടി പ്രജകളിൽ കൂടുതൽ വാത്സല്യം ചൊരിഞ്ഞും, അവർക്ക് ധാരാളമായി സമ്പത്തും ജീവിത സൗകര്യങ്ങളും നൽകിയും രാജാവ് ഭരണചക്രം തിരിച്ചുകൊണ്ടിരുന്നു

സത്രത്തിൽ ഒരു രാത്രി ...


ഭൗതികസുഖങ്ങളിൽ രാജാവിന്ന് തെല്ലെങ്കിലും താൽപര്യമുണ്ടെങ്കിൽ അതുംകൂടി നശിപ്പിക്കുന്ന വിധത്തിലായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ ...


പശ്ചാതാപവിവശനായ ആ മഹാനുഭാവനെ കൂടുതൽ ഉന്നതിയിൽ എത്തിക്കാനാവണം, കൂടുതൽ പരീക്ഷണങ്ങൾക്ക് അള്ളാഹു സുബ്ഹാനഹുവതാല വിധേയനാക്കി ...


പ്രഭാതം പൊട്ടിവിടർന്നു ... പറവകൾ കളകളാരവം മുഴക്കി അന്നും നാലുപാടും പറന്നു ... അല്ലാഹുവിന്റെ പരിശുദ്ധമായ അടിമകൾ അല്ലാഹുവിന്ന് വേണ്ടി നിസ്കരിച്ചും, മറ്റു ഇബാദത്തുകളിലും വ്യാപൃതരായി... അധികം വീടുകളിൽ നിന്നും ഖുർആൻ പാരായണത്തിന്റെ മന്ത്രമധുരസ്വരം ഉയർന്നുകൊണ്ടിരുന്നു...


സമയം പിന്നെയും മുന്നോട്ട് നീങ്ങി. ജനങ്ങൾ തങ്ങളുടെ ജോലികളിൽ പ്രവേശിച്ചുതുടങ്ങി. സൂര്യൻ കൂടുതൽ ജ്വലിച്ചു. മധ്യാഹ്നമായി, സായാഹ്നവും ... ജോലിക്കാരെല്ലാം തളർന്ന് വീട്പിടിക്കാൻ തുടങ്ങി ...


കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ അരികിലേക്ക് അതാ ഒരു വഴിപോക്കൻ നടന്നടുക്കുന്നു. യാതൊരു കൂസലും കൂടാതെ അങ്ങോട്ട് നടന്നടുക്കുന്നത് ആരാണ് ...?

പാറാവുകരൻ ആഗതനെ സൂക്ഷിച്ചു നോക്കി. എന്നിട്ടും അയാൾക്കൊരു കുലുക്കവുമില്ല...


" ങും ... എന്തുവേണം..., തിരുമേനിയെ കാണാനും സങ്കടമുണർത്താനുമാണെങ്കിൽ നാളെ കാലത്ത് വരൂ ... ഇപ്പോൾ അദ്ദേഹം ആരെയും കാണാൻ ഇഷ്ടപ്പെടുന്നില്ല..."

പാറാവുകാരൻ പറഞ്ഞു ...


പാറാവുകാരന്റെ ചോദ്യം കേട്ട് ആഗതൻ ഒന്നുചിരിച്ചു ... തെല്ല് കൂസൽ കൂടാതെ അയാൾ ഇപ്രകാരം പറഞ്ഞു ...


" ഞാൻ പാവപ്പെട്ട ഒരു വഴിയാത്രക്കാരനാണ്. ഈ യാത്ര ഇങ്ങനെ തുടർന്നുകൊണ്ടിരുന്നു. ഒരു ദിവസം ഒരിടത്ത് തങ്ങും. മറ്റൊരു ദിവസം മറ്റൊരിടത്ത് ... ഇന്ന് ഈ സത്രത്തിൽ തങ്ങാമെന്നാണ് ഉദ്ദേശിക്കുന്നത്. നിന്റെ യജമാനനോട് പോയി സമ്മതം വാങ്ങിവരൂ ..."


" സത്രമോ ... ഏതു സത്രം...?"

" ഇതാ ... ഈ കാണുന്ന സത്രം തന്നെ ..."


" ഹേ മനുഷ്യാ നിങ്ങൾക്ക് തനി കിറുക്ക് തന്നെ. ഇത് ഇബ്റാഹീംമിബ്നു അദ്ഹം എന്ന വിശ്വവിഖ്യാതനായ മഹാരാജാവിന്റെ കൊട്ടാരമാണ്. ഇതിനെ സത്രമാക്കിയ നിങ്ങൾ ഒരിക്കലും സ്വയബുദ്ധിയുള്ള ആളല്ല. ഇതെങ്ങാനും മഹാരാജാവ് കേൾക്കാനിടയായാൽ നിങ്ങളുടെ അന്ത്യം ഇവിടെവെച്ചുതന്നെ ആയിരിക്കും. അതുകൊണ്ട് വേഗം ഇവിടെനിന്ന് സ്ഥലം വിടുന്നതാണ് നല്ലത് ..."


ആഗതൻ പാറാവുകാരന്റെ വാക്കുകൾ കേട്ട് ഒട്ടുംതന്നെ ഭയത്തിന്നടിമയായില്ല. തന്നെയുമല്ല അയാൾ തന്റെ ആവശ്യം പിന്നെയും ഉന്നയിച്ചു ...


" ഈ സത്രത്തിൽ ഇന്ന് താമസിക്കാൻ എനിക്ക് സമ്മതം തരുമോ ...? "
(തുടരും)

No comments:

Post a Comment