സൂഫിവര്യന്റെ പ്രസംഗം തുടരുകയാണ്. ജനങ്ങൾ മിഴിച്ചുനോക്കുന്നു ...
ഇതെന്തു കഥ ... ഈ പണ്ഡിതന്റെ ശിരസ്സ് മുറിഞ്ഞുവീഴാറായി ... അവരെല്ലാം അനുമാനിച്ചു...
പുളകം വിരിയിച്ച പ്രാർത്ഥന ...
ജനങ്ങൾ പറഞ്ഞതുപോലെ ഒന്നും സംഭവിച്ചില്ല. സൂഫിവര്യൻ തന്റെ പ്രസംഗം തുടർന്നു...
ഇബ്റാഹീമിബ്നു അദ്ഹം സാധാരണ പ്രജകളുടെ കൂട്ടത്തിലിരുന്ന് ആ പ്രഭാഷണം മുഴുവനും ശ്രദ്ധിച്ചുകേട്ടു...
രാജാവിന് അല്പം പോലും കോപമുണ്ടായില്ല. ഇദ്ദേഹം പറയുന്നത് പരമാർത്ഥം... രാജാവ് ചിന്തിച്ചു...
താനിന്നുവരെ പരലോകത്തെ കുറിച്ച് കാര്യമായി ചിന്തിച്ചിട്ടില്ല. മറ്റുള്ളവരുടെ ഗുണത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം അത്യധ്വാനം ചെയ്തു...
സൂഫിയുടെ വചനങ്ങൾ കേട്ട് അദ്ദേത്തിന്റെ ഇരു നയങ്ങളിൽ നിന്നും അശ്റുകണങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നു...
പ്രഭാഷണം അവസാനിച്ചു. ജനങ്ങൾ അവരവരുടെ വഴിനോക്കി പിരിഞ്ഞുപോയി. എന്നാൽ രാജാവിന്ന് തിരിച്ചുപോകാൻ കഴിഞ്ഞില്ല... അദ്ദേഹം കുറേനേരം അവിടെത്തന്നെ ഇരുന്നു. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചുള്ള നടുക്കുന്ന ഓർമകൾ അദ്ദേഹത്തെ വലയം ചെയ്തു. പിന്നെ ഒട്ടും താമസിച്ചില്ല. ഘനഗംഭീകരനെങ്കിലും സുസ്മേര വധനയായിരിക്കുന്ന ആ സൂഫിവര്യന്റെ സന്നിധിയിലേക്ക് രാജാവ് പരിചാരകന്മാരെ വിട്ട് ഏകനായി നടന്നുചെന്നു ...
ങും നിങ്ങളിവിടെയെന്തിന് വന്നു ...? ഇത് രാജകൊട്ടാരമല്ല. പർണ്ണശാലയാണ്. ഇവിടെ പട്ടുമെത്തയില്ല. മറ്റു സുഖസൗകര്യങ്ങൾ ഒന്നുംതന്നെയില്ല. പിന്നെ എന്തിന് ഇങ്ങോട്ട് കയറിവന്നു മഹരാജാവേ ...
സൂഫിവര്യന്റെ വാക്കുകൾ അദ്ദേഹത്തെ കുത്തിനോവിച്ചു. വിനയാന്വിതനായിക്കൊണ്ട് രാജാവ് പറഞ്ഞു ...
ഭൗതികലോകത്തോടുള്ള സകല കെട്ടുപാടുകളും വിട്ട് അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച മഹാനുഭാവാ എന്നോട് ക്ഷമിച്ചാലും ... അങ്ങയെക്കുറിച്ചു പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. ഞാനിതുവരെ ഒരുതരം മായിക വിഭ്രാന്തിയിലായിരുന്നു. ഭൗതികസുഖം നുകരുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച എനിക്ക്, ശാശ്വതമായ പരലോക ജീവിതത്തെക്കുറിച്ച് അല്പം പോലും ബോധമുണ്ടായിരുന്നില്ല...
യൗവ്വനത്തിന്റെ കരുത്തും ഊർജ്ജവും സിരകളിൽ പടർന്നുകയറിയപ്പോൾ എല്ലാവിധ അഹന്തയും അടക്കിഭരിച്ചു... എന്റെ സാമ്രാജ്യം ശക്തിപ്പെടുന്നതിന് വേണ്ടി ഒരുപാട് പാവങ്ങളെ ഞാൻ ബലിയാടാക്കി. അങ്ങയുടെ ഉപദേശം എന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നു ...അങ്ങെന്നോട് ക്ഷമിക്കണം. ദയവുചെയ്ത് അങ്ങയുടെ ആയിരക്കണക്കിൽ ശിഷ്യന്മാരിൽ ഒരാളായി എന്നെ പരിഗണിക്കണം. അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾ ഇനിയുമെനിക്ക് കേൾക്കണം. അങ്ങെയുടെ സാമീപ്യം കൊണ്ട് എനിക്ക് പുളകിതനാകണം. എന്റെ പശ്ചാത്താപം സ്വീകരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിക്കണം...
രാജാവിന്റെ ഇരു നയനങ്ങളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി ...പശ്ചാതാപവിവശനായി മഹാരാജാവിനെ കണ്ട് ആ സൂഫിവര്യന്റെ ഹൃദയത്തിൽ വത്സല്യമുദിച്ചു...
ആ വന്ധ്യവയോധികൻ മഹാരാജാവിനെ മറോടണച്ച്പിടിച്ചുകൊണ്ട് ചുമലിൽ തലോടി...
മഹരാജാവേ അങ്ങൊട്ടും വ്യാകുലപ്പെടേണ്ട. തീർച്ചയായും പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അള്ളാഹു സ്വീകരിക്കുക തന്നെ ചെയ്യും. പാപം ഉഹ്‌ദ് മലയോളമുണ്ടെങ്കിലും ആത്മാർത്ഥമായ പശ്ചാത്താപം അതിന് പ്രതിവിധിയാണ്. അങ്ങയുടെ പശ്ചാത്താപം ആത്മാർത്ഥമാണെന്നു ഞാൻ മനസ്സിലാക്കുന്നു ... അതുകൊണ്ട് സന്തുഷ്ടചിത്തനായി തിരിച്ചുപോവുക ... അള്ളാഹു (സു) അനുഗ്രഹിക്കട്ടെ ... (ആമീൻ)
(തുടരും)
 
No comments:
Post a Comment