*09 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ* 🟢🌻🟢🌻🟢🌻🟢🌻🟢🌻🟢




               *♦️ഭാഗം : 09♦️*


*വിങ്ങുന്ന മനസ്സുകൾ*

☀️〰️☀️〰️☀️〰️☀️〰️☀️〰️☀️ 


     ഉറങ്ങാത്ത രാത്രിയുടെ അന്ത്യം..

പ്രഭാതം വരവായി...


 വാതിലിൽ ആരോ മുട്ടുന്നു..

 ആരാദ്..? 


 അബൂബക്കർ ഹാജി വിളിച്ചു ചോദിച്ചു... ഞാനാണ് വാതിൽ തുറന്നോളീ.. ആലിക്കുട്ടിയുടെ തളർന്ന ശബ്ദം...

എല്ലാവരും ഒന്നിച്ചെഴുന്നേറ്റു.

വിളക്ക് തെളിഞ്ഞു, വാതിൽ തുറന്നു...


 ആലിക്കുട്ടിയുടെ തളർന്ന രൂപം.


 എന്തേ മോനേ നിനക്ക് പറ്റീ..? 


 ഉമ്മയുടെ ചോദ്യവും നിലവിളിയും ഒന്നിച്ചായിരുന്നു. അവർ മകനെ കെട്ടിപ്പിച്ചു. കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞുപോയി...


 എന്തിനേ ആലിക്കുട്ട്യേ കുഴപ്പത്തിനൊക്കെ പോയത്..? 

അബൂബക്കർ ഹാജി ചോദിച്ചു.


 ഞാനൊരു കുഴപ്പത്തിനും പോയില്ല... ആലിക്കുട്ടിയുടെ മറുപടി.


 പിന്നെ നീ ഇതുവരെ എവിടെയായിരുന്നു..?  


 ആലിക്കുട്ടി അതിനുത്തരം പറഞ്ഞില്ല.

പകരം ഒരു ചോദ്യം: ബാപ്പയെവിടെ..? 


 ബാപ്പ ദാ കിടക്കുന്നു...

 ആമിനത്താത്ത ഭർത്താവിന്റെ സമീപത്തേക്ക് നടന്നുചെന്നു  ശരീരത്തിൽ കൈവെച്ച് മെല്ലെ വിളിച്ചു. നോക്ക്യേ.... ദാ വന്നു,നമ്മുടെ മോൻ വന്നു, ആലിക്കുട്ടി വന്നു... എണീറ്റോളീ.. ട്ടോ...


 മമ്മദ്കോയാക്ക ഒന്നു മൂളുക മാത്രം ചെയ്തു..


 നെറ്റിയിൽ കൈ വെച്ചുനോക്കി.

ന്റെ റബ്ബേ... എന്തൊരു പനി.

അബൂബക്കർ ഹാജിയും ആലിക്കുട്ടിയും അങ്ങോട്ടു ചെന്നു മമ്മദ്കോയക്കയുടെ നെറ്റിയിൽ കൈ വെച്ചുനോക്കി. നല്ല പനിയുണ്ട്. ആരെയെങ്കിലും കാണിക്കണം. അബൂബക്കർ ഹാജി പറഞ്ഞു...


 ഉമ്മാ... ഫാത്തിമാ..?

 ആലിക്കുട്ടി വെപ്രാളത്തോടെ ചോദിച്ചു...


 ഫാത്വിമ എണീറ്റു വന്നിട്ടില്ലെന്ന കാര്യം മറ്റുള്ളവർ അപ്പോഴാണ് ഓർത്തത്...


 എല്ലാവരും കൂടി മണ്ണെണ്ണവിളക്കുമായി ഫാത്വിമയുടെ കട്ടിലിന്നടുത്തേക്ക് നടന്നു ചെന്നു. തളർന്നു കിടക്കുന്ന ഫാത്വിമ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല...

ആമിനത്താത്ത താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി. അവൾ ഭർത്താവിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. അവളുടെ മുഖത്ത് ഭീതി പടർന്നു നിന്നിരുന്നു. പേടിച്ചരണ്ട മാൻപേടയെപ്പോലെയുണ്ട്...


 ഫാത്തിമൂ... ആലിക്കുട്ടി മെല്ലെ വിളിച്ചു.


 എന്തിനാ... വിളിക്ക്ണത്..? 

ഭാര്യയുടെ മറുപടി ചോദ്യരൂപത്തിൽ ബാപ്പാനെക്കണ്ടോ..? കിടക്ക്ണ കെടപ്പ് കണ്ടോ..? ഫാത്വിമ വീണ്ടും ചോദിക്കുന്നു. 

ബാപ്പ ഇക്കോലത്തിലായതെങ്ങനെയെന്ന് ങ്ങ്ള് ചോദിച്ചോ..? ചോദ്യ ശരങ്ങൾ തുടരെ വരുന്നു...


 മോളേ... നീയിങ്ങനെ ഓരോന്ന് പറഞ്ഞ് ഓനെ വിഷമിപ്പിച്ചാലോ..? 

അബൂബക്കർ ഹാജി മോളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...  


 അവർക്കെന്ത് വെഷമം..? വെഷമം ഉള്ളവര് ഇമ്മാതിരി പണിക്ക്പോവ്വോ...


 മോൾക്ക് നല്ല ക്ഷീണമുണ്ട് കിടന്നോളീ...

ഫാത്വിമ സംസാരം നിറുത്തി.. ഭർത്താവിന്റെ മുഖത്ത് നിന്ന് നോട്ടം പിൻവലിച്ചു മെല്ലെ കിടന്ന് കൊണ്ടവൾ പറഞ്ഞു: ബാപ്പാക്ക് പനി തുടങ്ങിക്കാണും കുടിക്കാനെന്തെങ്കിലും കൊടുക്കണം എന്നെക്കൊണ്ട് വയ്യാ...


 വേണ്ട മോളേ... മോള് കിടന്നോളീ... ഞാൻ കട്ടൻ ചായ കൊടുത്തോളാം.

ഉമ്മ അടുക്കളയിലേക്കു നടന്നു. 

ആലിക്കുട്ടി കൂടെ നടന്നു...


 ബാപ്പാക്ക് എന്താ പറ്റിയത്..?  

ആലിക്കുട്ടി ഉമ്മയോട് ചോദിച്ചു. 


 ഇന്നലെ രാത്രി നിന്നെയും നോക്കിപ്പോയ്ക്കാണും എന്നിട്ട് 

മടങ്ങിയെത്തിയത് ഇക്കോലത്തിലാണ് ഉമ്മ കണ്ണീർ തുടക്കുന്നു...

നീ ഇത്രയ്ക്ക് കണ്ണീ ച്ചോരയില്ലാത്തോനായിപ്പോയല്ലോ..? 


 ഉമ്മാ.. ഞാൻ ഒരു കുറ്റവും ചെയ്തില്ല...


 പിന്നെ പൊള്ള് പറയുന്നോ..? 


 ഞാൻ പൊള്ളല്ല പറഞ്ഞത്.


 നിന്നെ പോലീസ് പിടിച്ചില്ലേ..? 


 ങേ നിങ്ങളെങ്ങനെ..? 

ആലിക്കുട്ടി ഞെട്ടി.!! തന്നെ പോലീസ് പിടിച്ചത് ഇവരെങ്ങനെ അറിഞ്ഞു..?!


 പോലീസ് യോഗം തടഞ്ഞു. ആളുകളോട് പിരിഞ്ഞു പോവാൻ പറഞ്ഞു. കുറെയാളുകൾ പോയി. കുറെയാളുകൾ കൂടി നിന്നു. പിന്നെ ബഹളമായി അടിയായി ഞാൻ ദൂരെ നോക്കി നിൽക്കുകയായിരുന്നു. ഒരു ബഹളത്തിനും ഞാൻ പോയില്ല. ഞാൻ മടങ്ങിപ്പോരാൻ വിചാരിച്ചതാണ്. മാധവൻ നായരെ കണ്ടില്ല. മമ്മിയെയും കണ്ടില്ല. കൂടെപ്പോന്ന ആരെയും കണ്ടില്ല. ഞാനവരേയും നോക്കി നടന്നു...

 

 എന്നിട്ട്..?  

 ഉമ്മ ഉൽക്കണ്ഠയോടെ ചോദിച്ചു.


 എന്താണുണ്ടായതെന്ന് എനിക്കിപ്പോഴും ഓർമ്മയില്ല. ആളുകൾ കൂട്ടത്തോടെ ഓടുന്നതുകണ്ടു ഞാനും ഓടി. തപ്പിത്തടഞ്ഞു ഓടി. അത്രക്ക് ആൾക്കാരല്ലേ.. ഓട്ടത്തിൽ തടഞ്ഞുവീണു. എഴുന്നേൽക്കാൻ പറ്റിയില്ല. പോലിസാണ് പിടിച്ചുപൊക്കിയത്...


 പടച്ചോനേ... എന്നിട്ട് 

ഉമ്മാക്ക് വിറയൽ തുടങ്ങി...


 കുറെ ആളുകളെ പോലീസ് പിടിച്ചു ഞാനും അതിൽ പെട്ടു. പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി പേരും വീടും നാടും ഒക്കെ ചോദിച്ചു എഴുതിയെടുത്തു...  


 പിന്നെ നീയെങ്ങനെ പോന്നു..? 


 ആലിക്കുട്ടിയുടെ മുഖത്ത് ഭീതി പരന്നു... ആ രംഗം എങ്ങനെ ഉമ്മയോട് പറയും..!! 


 അവൻ നിശ്ശബ്ദനായി ബഞ്ചിൽ ഇരുന്നു.

 ഉമ്മ പിന്നീടൊന്നും ചോദിച്ചില്ല...


 അടുപ്പിൽ തീ കത്തിച്ചു മൺപാത്രത്തിൽ വെള്ളമെടുത്തു പാത്രം അടുപ്പത്തു വെച്ചു. പേടിപ്പെടുത്തുന്ന ആ രംഗം ആലിക്കുട്ടിയുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.


 പോലീസുകാർ പിടികൂടിയ മുപ്പതോളമാളുകൾ പോലീസ് സ്റ്റേഷന്നകത്ത്. അവരെ നിരത്തി നിറുത്തി ഒരുത്തനെ പിടിച്ചു മുമ്പിൽ നിറുത്തി നാലഞ്ചുപോലീസുകാർ അവന്നു ചുറ്റും നിന്നു.  എടാ... നിനക്ക് സ്വാതന്ത്ര്യം വേണോടാ..? 

ഒരു പോലീസുകാരൻ അടിവയറ്റിൽ ഒറ്റ ഇടി...


 എന്റെ ഉമ്മാ... അവൻ ഉറക്കെ നിലവിളിച്ചു...

 മിണ്ടിപ്പോവരുത്.. വീണ്ടും അടി ഇടി അവൻ മറിഞ്ഞു താഴെവീണു...


 കണ്ടുനിൽക്കാനാവുന്നില്ല. ഉറക്കെ നിലവിളിച്ചുകൊണ്ട് ചിലർ പുറത്തേക്കോടി. പിന്നൊന്നും ചിന്തിച്ചില്ല അവരോടൊപ്പം ഓടി. പോലീസ് പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു. ഇടവഴികളും പറമ്പും, പാടവും, കുന്നിൻ ചരിവും പിന്നിട്ട് ഓട്ടം തുടർന്നു...

പിടി കൊടുത്തില്ല. ഇതാ ഇവിടെ എത്തിയിരിക്കുന്നു. ഇനി എന്തൊക്കെ വരുമെന്ന് ആർക്കറിയാം..?


*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*


       *☝️അള്ളാഹു അഅ്ലം☝️*


No comments:

Post a Comment