സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼
തിരു ചാരത്തേക്ക് മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ദുഃഖഭാരം
ദു:ഖവാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു. മദീനയാകെ ഇരുട്ടില്‍മുങ്ങി. ചക്രവാളങ്ങള്‍ അന്ധകാര നിബിഡമായി. അനസ്(റ) പറയുന്നു: 'അല്ലാഹുവിന്റെ ദൂതര്‍ മദീനയില്‍ പ്രവേശിച്ചതുപോലുള്ള നല്ലതും പ്രകാശമാനമായതുമായ ഒരു നാള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. തിരുദൂതര്‍ വിടപറഞ്ഞതുപോലെ അന്ധകാരമയമായ ഒരു ദിവസവും ഞാന്‍ കണ്ടിട്ടില്ല.''
പുത്രി ഫാത്വിമ പറഞ്ഞു: "പ്രിയ പിതാവേ! അങ്ങയുടെ പ്രാര്‍ഥന റബ്ബ് സ്വീകരിച്ചിരിക്കുന്നു. പ്രിയപിതാവേ! സ്വര്‍ഗമാണ് അങ്ങയുടെ വാസസ്ഥലം. പ്രിയപിതാവേ! ജിബ്രീലിന് താങ്കളുടെ മരണവാര്‍ത്ത ഞങ്ങളറിയിക്കുന്നു.''
ധീരനായ ഉമര്‍ മരണവാര്‍ത്തകേട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഏതോ ചില കപടന്മാര്‍ അല്ലാഹുവിന്റെ ദൂതര്‍ മരിച്ചുവെന്ന് പറയുന്നു. അവിടുന്ന് മരിച്ചിട്ടില്ല. മൂസാ(അ) തന്റെ നാഥനെ കാണാന്‍ പോയതുപോലെ പോയതാണ്. നാല്പതു ദിവസം കഴിഞ്ഞു അദ്ദേഹം മടങ്ങിവരികയും ചെയ്തു. അതിനിടക്ക് ജനങ്ങള്‍ പറഞ്ഞു മരിച്ചുവെന്ന് അല്ലാഹുവാണേ! തിരുദൂതര്‍ തിരിച്ചുവരികതന്നെ ചെയ്യും. അവിടുന്ന് മരിച്ചുവെന്ന് പറയുന്നവരുടെ കൈകാലുകള്‍ അദ്ദേഹം തിരിച്ചുവന്നാല്‍ കൊത്തുകതന്നെ ചെയ്യും.''
ഇതിനിടയില്‍ പക്വമതിയായ അബൂബക്കര്‍ സുന്‍ഹിലുള്ള തന്റെ വീട്ടില്‍നിന്ന് കുതിരപ്പുറത്തേറി കടന്നുവന്നു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ടു പള്ളിയിലേക്കുകടന്നു. അല്ലാഹുവിന്റെ ദൂതരെ ഉദ്ദേശിച്ച് ആഇശ(റ)യുടെ വീട്ടില്‍ പ്രവേശിച്ചു. എന്നിട്ട്, പുതച്ചു മൂടിയിട്ടിരുന്ന വിശുദ്ധ ദേഹത്ത്നിന്ന് മുഖം വെളിവാക്കി തിരുനെറ്റിയില്‍ ചുംബനമര്‍പ്പിച്ചു. കരഞ്ഞുകൊണ്ടു പറഞ്ഞു: 'എന്റെ മാതാപിതാക്കളെ അങ്ങേക്കുവേണ്ടി ഞാന്‍ സമര്‍പ്പിക്കാം. അല്ലാഹു താങ്കളെ രണ്ടുതവണ മരിപ്പിക്കില്ല. അങ്ങേക്കു വിധിച്ച ഒരു മരണം അതിവിടെ നടന്നുകഴിഞ്ഞു.'
അബൂബക്കര്‍ പുറത്തു കടന്നു ഉമര്‍ അപ്പോഴും ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അബൂബക്കര്‍(റ) പറഞ്ഞു: 'ഇരിക്കു ഉമര്‍! ഉമര്‍ ഇരിക്കാന്‍ തയ്യാറായില്ല. അതോടെ ജനങ്ങള്‍ ഉമറിനെ ഒഴിവാക്കി അബൂബക്കറിന്റെ നേരെതിരിഞ്ഞു. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു. "നിങ്ങളില്‍ ആരെങ്കിലും മുഹമ്മദ്(സ)യെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ മരിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അവനിപ്പോഴും മരിക്കാതെ ജീവിച്ചിരിക്കുന്നു!' തുടര്‍ന്ന് ഈ ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു
പ്രവാചകതിരുമേനിയുടെ 'ഖലീഫ'യെ തെരഞ്ഞെടുക്കുന്ന കാര്യത്തിന് സാഇദ ഗോത്രത്തിന്റെ പന്തലില്‍ വെച്ചുനടന്ന ചര്‍ച്ചയില്‍ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതെ വന്നതിനാല്‍ സംസ്കരണവും ഖബറടക്കലും താമസിച്ചു. അവസാനം ഏകകണ്ഠമായി അബൂബക്കര്‍(റ) തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്നും പിറ്റേ ദിവസവും പുതപ്പിട്ട അവസ്ഥയില്‍ തിരുദൂതരുടെ വിശുദ്ധജഡം അടച്ച മുറിക്കുള്ളില്‍കിടന്നു. ചൊവ്വാഴ്ച അവിടുത്തെ കുളിപ്പിച്ചു. ധരിച്ച വസ്ത്രങ്ങള്‍ ഉരിക്കാതെയായിരുന്നു കുളിപ്പിച്ചത്. ഇതിന് നേതൃത്വം നല്കിയത് അബ്ബാസ്, അലി, അബ്ബാസിന്റെ പുത്രന്മാരായ ഫള്ല്‍, ഖുസം, നബിയുടെ ഭൃത്യന്‍ ശുക്റാന്‍, സൈദിന്റെ പുത്രന്‍ ഉസാമ, ഔസ്ബിന്‍ ഖൌലി എന്നിവരായിരുന്നു. അബ്ബാസും ഫള്ലും ഖുസമും പ്രവാചകനെ മറിച്ചും തിരിച്ചും കിടത്തുകയും ഉസാമയും ശക്റാനും വെള്ളം ചൊരിയുകയും ഔസ് തന്നിലേക്ക് ചാരിനിര്‍ത്തുകയും അലി കുളിപ്പിക്കുകയുമാണ് ചെയ്തത് തിരുമേനി പാനം ചെയ്തിരുന്ന ഖുബാഇലെ സഅദ്ബിന്‍ ഖൈഥമയുടെ അല്‍ഗര്‍സ് എന്ന കിണറ്റിലെ വെള്ളവും താളിയുമുപയോഗിച്ച് മൂന്നു തവണയാണ് കുളിപ്പിച്ചത്.
തുടര്‍ന്ന്, തലപ്പാവും നീളക്കുപ്പായവുമില്ലാതെ പരുത്തിയാലുള്ള മൂന്നു വെള്ള വസ്ത്രത്തില്‍ നന്നായി പൊതിഞ്ഞു.
എവിടെയാണ് തിരുദൂതരെ മറമാടേണ്ടതെന്ന കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതര്‍ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. 'ഒരു പ്രവാചകന്റെ ആത്മാവും മറമാടപ്പെടേണ്ട സ്ഥലത്തുവെച്ചല്ലാതെ പിടിക്കപ്പെട്ടിട്ടില്ല.' ഉടനെ അബൂത്വല്‍ഹ പ്രവാചകന്‍ കിടന്നിരുന്ന വിരിപ്പുയര്‍ത്തി അവിടെ ഒരു ഭാഗത്തേക്ക് ചെരിച്ചു തുരന്നുകൊണ്ടുള്ള ഖബറുണ്ടാക്കി
ഇതിനെ തുടര്‍ന്ന് പത്തുവീതം പേരുള്ള സംഘങ്ങളായി മുറിയില്‍ പ്രവേശിച്ച ജനങ്ങള്‍ നമസ്കരിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കാരും നേതൃത്വം നല്കിയിരുന്നില്ല. ആദ്യം വീട്ടുകാരും പിന്നീട് മുഹാജിറുകളും തുടര്‍ന്ന് അന്‍സ്വാറുകളും അതിനുശേഷം കുട്ടികളും സ്ത്രീകളും എന്നക്രമത്തിലായിരുന്നു നമസ്കാരം.
അതോടെ ചൊവ്വാഴ്ച പൂര്‍ത്തിയായി ബുധനാഴ്ചയിലേക്ക് പ്രവേശിച്ചു. ആഇശ(റ) പറയുന്നു: 'ചൊവ്വാഴ്ച അസ്തമയശേഷം രാത്രിയുടെ നിശബ്ദതയില്‍ പിക്കാസുകളുടെയും കൈക്കോട്ടുകളുടെയും ശബ്ദമുയര്‍ന്നപ്പോഴാണ് തിരുദൂതരുടെ ഖബറടക്കല്‍ വിവരം ഞങ്ങള്‍ അറിഞ്ഞത്.
(തുടരും)

 
No comments:
Post a Comment