ബിലാലുബ്നു റബാഹ്(റ) ചരിത്രം ഭാഗം-4


➖➖➖➖➖➖➖➖➖➖
കുട്ടിക്കാലം
➖➖➖➖➖➖➖➖➖➖
ഉമയ്യത്ത് ബ്നു ഖലഫ്
ധിക്കാരിയായ ഗോത്രത്തലവൻ റബാഹിന്റെ മരണം അയാളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കി ദുഃഖം, നിരാശ, കോപം ആത്മാർത്ഥമായി ജോലി ചെയ്യുന്ന അടിമയായിരുന്നു അവന്റെ മരണം ഒരു നഷ്ടം തന്നെയാണ് തനിക്കാണ് നഷ്ടം ആ നഷ്ടബോധം ദുഃഖവും നിരാശയും സമ്മാനിച്ചു മരിക്കാൻ മാത്രം പ്രായമായിരുന്നെങ്കിൽ എങ്കിൽ എന്തെല്ലാം നേട്ടങ്ങൾ കൈവരിക്കാമായിരുന്നു ഇനി അവന്റെ ജോലികൾ ആര് ചെയ്യും?
അങ്ങിനെ ചിന്തിച്ചപ്പോൾ കോപം വന്നു 
അവന്റെ മകനുണ്ടല്ലോ ബിലാൽ വളർന്നു വരട്ടെ, നഷ്ടം നികത്താം

നാളുകൾ ഒഴുകിക്കൊണ്ടിരുന്നു ബിലാൽ വളരുകയാണ് നല്ല പ്രസരിപ്പുള്ള കുട്ടി മുറ്റത്തൊക്കെ ഓടി നടക്കും സമപ്രായക്കാരോടൊപ്പം കളിക്കും

ഉമയ്യത്തിന്റെ മനസ്സിൽ ചിന്തകൾ ചിറകടിച്ചു അയാൾ ഉച്ചത്തിൽ വിളിച്ചു
ബിലാൽ...

ഓ....

ഇവിടെ വാടാ....

ഓടിവന്നു യജമാനന്റെ മുന്നിൽ വിനയത്തോടെ നിന്നു 

ഈത്തപ്പഴത്തിന്റെ കെട്ടാണത് നീ കണ്ടോ?

ബിലാൽ യജമാനൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് നോക്കി ഈത്തപ്പഴത്തിന്റെ കുറെ കെട്ടുകൾ

'അതിൽ നിന്ന് ഒരു കെട്ടെടുത്ത് അകത്ത് കൊണ്ട് വെക്കൂ...വേഗമാവട്ടെ'

കൊച്ചു ബിലാൽ ഞെട്ടി
തന്നെകൊണ്ടാവാത്ത പണിയാണത്
യജമാനന്റെ കൽപനയാണ് അനുസരിച്ചേ പറ്റൂ പോയി കെട്ടു പിടിച്ചു നോക്കി അനങ്ങുന്നില്ല

അടിമകളെ നോക്കി യജമാനൻ കൽപിച്ചു 

'പിടിച്ചു തലയിൽ വെച്ചു കൊടുക്ക് '

ഒരടിമ വന്നു  ഈത്തപ്പഴത്തിന്റെ കെട്ട് പൊക്കി കെട്ട് ബിലാലിന്റെ തലയിൽ വെച്ചു നടക്കാനാവുന്നില്ല 

'നടക്കെടാ.... എന്താ പ്രയാസം? യജമാനൻ ശബ്ദമുയർത്തി പേടിച്ചു പോയി 
വേവിച്ചു വേവിച്ചു നടന്നു അകത്തെത്തി എങ്ങനെയോ കെട്ട് താഴെയിട്ടു 

അതൊരു പരീക്ഷണം 
ഭാരം ചുമക്കാനാവുമോ എന്ന് നോക്കിയതാണ് അന്ന് മുതൽ കൊച്ചു ബിലാൽ യജമാനന്റെ ചുമട്ടുകാരനായി കൊച്ചു ബിലാൽ വലിയ ചുമടുമായി വിഷമിച്ചു നടക്കുന്നത് കാണുമ്പോൾ ഹമാമത്തിന്റെ മനസ്സിടറും കണ്ണുകൾ നിറയും ദുഃഖം പ്രകടപ്പിക്കാൻ അവകാശമില്ല എല്ലാം മനസ്സിലൊതുക്കും 

ഒരുദിവസം ഉമയ്യത്തു ബ്നു ഖലഫ് ചാട്ടവാർ ചുഴറ്റിക്കൊണ്ട് വന്നു എല്ലാ അടിമകളും ഇതിന്റെ ചൂടറിയണം അടിമകൾക്ക് ചാട്ടവാറടി നിർബന്ധമാണ് കുറ്റം ചെയ്തില്ലെങ്കിലും അടിക്കണം അടിക്കുകയെന്നത് യജമാനന്റെ അവകാശമാണ്
ആ അവകാശം ഇടക്കെങ്കിലും വിനിയോഗിക്കണം അല്ലെങ്കിൽ പിന്നെ അവകാശം കൊണ്ടെന്ത് കാര്യം ?

ബിലാൽ വളർന്നു വരികയാണ് അവന്ന് ഇന്നുവരെ ചാട്ടവാറടി കൊടുത്തിട്ടില്ല വൈകിപ്പോയി ഇനിയും വൈകിച്ചുകൂടാ ഇന്നുതന്നെ ചുട്ട അടി കൊടുക്കണം  ചാട്ടവാറടി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് അവൻ മനസ്സിലാക്കണമല്ലോ

ചുമടും താങ്ങി വരികയാണ് കൊച്ചു ബിലാൽ

ഉമയ്യത്തിന്റെ ശബ്ദമുയർന്നു

'എന്താടാ ഇത്ര പതുക്കെ നടക്കുന്നത് ഒന്നു വേഗത്തിൽ നടക്കെടാ....'

ചാട്ടവാർ ആഞ്ഞു പതിച്ചു
കൊച്ചു ബിലാൽ വേദനകൊണ്ട് പുളഞ്ഞു കരഞ്ഞുപോയി കരഞ്ഞുകൊണ്ട് ഭാരം ചുമന്നു  വേദനയോടെ നടന്നു ചുമട് താഴെയിട്ടു 

എന്തെടാ കരയുന്നോ?
വീണ്ടും അടി പിന്നെ തെറി വിളിച്ചു വൃത്തികെട്ട പദങ്ങൾ വിളിച്ചു പറഞ്ഞു

ഹമാമത്ത് ഓമന മകന്റെ മുഖത്തേക്ക് നോക്കി അവളുടെ ഖൽബ് പിടഞ്ഞു നിഷ്കളങ്കനായ കുട്ടി ഒരു തെറ്റും ചെയ്തില്ല എന്നിട്ടും ഇത്ര നിഷ്ഠൂരമായി ശിക്ഷിച്ചല്ലോ എന്തൊരു തെറിവിളി
എന്തും ചെയ്യും? ഒന്നും ചെയ്യാനില്ല സഹിക്കുക തന്നെ എല്ലാം സഹിക്കേണ്ടവരാണല്ലോ അടിമകൾ

ആരും സമീപത്തില്ലാത്ത നിമിഷത്തിൽ ഹമാമത്ത് മകന്റെ സമീപം ഓടിയെത്തി കണ്ണീർ തുടച്ചു കൊടുത്തു അടികൊണ്ട പാടുകളിൽ വെള്ളം കൊണ്ട് തടവിക്കൊടുത്തു ആശ്വസിപ്പിച്ചു  അവന്റെ വാടിയ മുഖം കാണാൻ കഴിയുന്നില്ല എപ്പോഴും പ്രസരിപ്പോടെ നിൽക്കണം അതാണാഗ്രഹം അടിമപ്പെണ്ണിന്റെ ആഗ്രഹം എങ്ങനെ നടക്കാൻ 

യജമാനനും വീട്ടുകാർക്കും പ്രത്യേകതരം ഭക്ഷണമാണ് മികച്ച രീതിയിൽ പാകം ചെയ്തത് അടിമകൾക്കും ജോലിക്കാർക്കും താഴ്ന്നതരം ഭക്ഷണമാണ് നൽകുക

വിശന്നൊട്ടിയ വയറുള്ള മനുഷ്യർക്ക് ഏത് ഭക്ഷണവും രുചിയേറിയതാണ് അവരത് ആർത്തിയോടെ കഴിക്കും വിശപ്പടങ്ങുക അതാണ് പ്രശ്നം നിലവാരം നോക്കാറേയില്ല 

ബിലാൽ വളരുകയാണ് നീളം കൂടിവരുന്നു മെലിഞ്ഞ ശരീര പ്രകൃതി ഇടതൂർന്ന തലമുടി  നിബിഡമായ ചുരുണ്ട മുടി എപ്പോഴും നല്ല പ്രസരിപ്പ് ചിലപ്പോൾ ബിലാലിനെ ആട്ടിൻപറ്റത്തിന്റെ കൂടെ മലഞ്ചരുവിലേക്ക് വിടും 

സ്വതന്ത്രമായ ലോകം അതിരുകളില്ലാത്ത ആകാശം മേഞ്ഞു നടക്കുന്ന മേഘങ്ങൾ  അവ നോക്കിയിരുന്നു ബിലാൽ പാട്ടുപാടി ഇളം കാറ്റ് ഒഴുകിവന്നു ബാലനായ ബിലാലിനെ തഴുകി മറ്റ് ഇയന്മാർ ആശ്ചര്യപ്പെട്ടുനിന്നു
ബിലാൽ നീ എത്ര നന്നായി പാട്ട് പാടുന്നു  എത്ര മധുരമായ ശബ്ദം

നീ... ദാവൂദ് നബി (അ) യുടെ മധുര ശബ്ദത്തെ ഓർമിപ്പിക്കുന്നവനല്ലോ ദാവൂദ് (അ) സബൂർ പാരായണം തുടങ്ങിയാൽ മൃഗങ്ങളും പക്ഷികളും നിശ്ചലരായി നിന്നു ശ്രദ്ധിക്കും പർവ്വതങ്ങളും സസ്യങ്ങളും വൃക്ഷങ്ങളും ശ്രദ്ധിച്ചു കേൾക്കും 

ഓ... ബിലാൽ.... എത്ര മനോഹരമായ ശബ്ദം
പാടിക്കോളൂ പ്രകൃതി കുളിരണിയട്ടെ

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment