ബിലാലുബ്നു റബാഹ് (റ) ചരിത്രം ഭാഗം-2


➖➖➖➖➖➖➖➖
ഹമാമത്ത് 
➖➖➖➖➖➖➖➖
ഹമാമത്ത് 
നല്ല പേര്, പേര് പോലെത്തന്നെ ആളും അഴകുള്ള മാടപ്രാവ് യജമാനന്റെ ഭവനത്തിൽ എത്രയോ അടിമപ്പെൺക്കൊടിമാരുണ്ട് അവരുടെ കൂട്ടത്തിലെ മാടപ്രാവാണ് ഹമാമത്ത്  നീഗ്രോ വർഗക്കാരി തന്നെ നല്ല കറുപ്പുനിറം കറുപ്പിനുമുണ്ടല്ലോ ഒരഴക് 
നന്നായി ജോലി ചെയ്യും  അവളുടെ കരങ്ങളുടെ ചലന വേഗതക്കു തന്നെ എന്തൊരഴകാണ് ഭംഗിയുള്ള ചലനങ്ങൾ   

ഹമാമത്ത് എപ്പോഴാണ് തന്റെ മനസിലേക്ക് കയറിവന്നത്? റബാഹ് ചിന്തിച്ചുനോക്കി  

യജമാനൻ അവളുടെ പേര് പറഞ്ഞപ്പോഴായിരിക്കും അതോ അതിന് മുമ്പോ? 
അതിന് മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ട് അത്രതന്നെ ഈ വലിയ വീട്ടിൽ ഒന്നു കാണുന്നത് തന്നെ ബുദ്ധിമുട്ടാണ്  എപ്പോഴും ആൾക്കൂട്ടം തിരക്ക് 

യജമാനന് തന്നോട് പ്രത്യേകിച്ചു വിരോധമൊന്നുമില്ല നന്നായി പണിയടുക്കുകയല്ലേ 

ഒരു ദിവസം യജമാനൻ വിളിച്ചു  
റബാഹ്....ഇവിടെ വാ.....
 
ജോലി നിർത്തി റബാഹ് ഓടിയെത്തി ആദരവോടെ നിന്നു 

'റബാഹ് നിനക്കൊരു വിവാഹം കഴിക്കണ്ടേ?' 

ചോദ്യം കേട്ട് ഞെട്ടിപ്പോയി സംസാരത്തിലെ മാർദ്ദവമാണ് ഞെട്ടിച്ചത് മിനുസമുള്ള വാക്കുകൾ  

യജമാനന് ഇങ്ങനെയും സംസാരിക്കാനറിയാമോ? 
വിവാഹം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യജമാനനാണ് തനിക്ക് പറയാനെന്തവാകശം 

വിവാഹം കഴിച്ചാൽ കുട്ടികളുണ്ടാവും യജമാനന് അടിമകളുടെ എണ്ണം കൂടും ആടുമാടുകൾ പെറ്റ് പെരുകുന്നത് യജമാനന്മാർക്ക് വളരെ ഇഷ്ടമാണ് അതുപോലെ അടിമകൾ പെറ്റ് പെരുകുന്നതും ഇഷ്ടമാണ് തന്നെ കൊണ്ട് വിവാഹം ചെയ്യിക്കാനൊരുങ്ങുന്നതും ആ ലക്ഷ്യത്തോടെയാണ് 

ആരാണാവോ യജമാനൻ കണ്ടുവെച്ച വധു 
റബാഹ് ഒന്നും ഉരിയാടിയില്ല അനുസരണയുള്ള അടിമകൾ അങ്ങനെയാണ് 

'എടാ... റബാഹ് ' 

ഓ.... 

നിനക്ക് ഞാൻ കണ്ടു വെച്ച പെണ്ണ് ഏതാണെന്നറിയുമോ? 

ഇല്ല  

എന്നാൽ കേട്ടോളൂ ....ഹമാമത്ത് 

റബാഹിന്റെ മനസ്സിൽ കൊള്ളിയാൻ വീശി എന്താണ് താൻ കേട്ടത് ? വിശ്വാസം വരുന്നില്ല താൻ വിവാഹിതനാവുക 
ഹമാമത്ത് തന്റെ ഭാര്യയാവുക മനസ് പെരുമ്പറ കൊട്ടുന്നു 

'ങാ.... പോയ്ക്കോ... അതും ഓർത്തോണ്ട് നടക്കേണ്ട പണിയെടുത്തോ നന്നായിട്ട് 

യജമാനന്റെ കല്പന റബാഹ് പിന്നോട്ട് നടന്നു പിൻവാങ്ങി മേലാകെ കോരിത്തരിക്കുന്നു പുതിയ ഉണർവോടെ ജോലി തുടർന്നു  

ദിവസങ്ങൾ കടന്നു പോയി 
യജമാനൻ തന്നെ വിവാഹക്കാര്യം പ്രഖ്യാപിച്ചു
ചൂടുള്ള വാർത്ത പരന്നു തീയ്യതി നിശ്ചയിച്ചത് യജമാനൻ തന്നെ 

റബാഹിന്റെ ബന്ധുക്കൾ പല വീടുകളിൽ ജോലി ചെയ്യുന്നു ഹമാമത്തിന്റെ കുറെ ബന്ധുക്കളുമുണ്ട് അവരോക്കെ വന്നു ചേർന്നു ചെറിയൊരു സദസ്സ് ആചാര പ്രകാരം വിവാഹം വിവാഹം നടന്നു ഉമയ്യത്ത് ബ്നു ഖലഫ് സദ്യ നൽകി  അടിമകൾ പിരിച്ചു പോയി 

ഹമാമത്ത് എന്ന കറുത്ത പെൺകുട്ടി റബാഹിന്റെ ജീവിതപങ്കാളിയായിത്തീർന്നു യുവഹൃദയങ്ങൾ കുളിരണിഞ്ഞു  യജമാനൻ അവർക്ക് പാർക്കാൻ ഒരു കുടിൽ നൽകി ദമ്പതികൾക്ക് അന്തിയുറങ്ങാനൊരു ചെറ്റക്കുടിൽ  

ഹമാമത്ത് കുടിലും പരിസരവും അടിച്ചുവാരി വൃത്തിയാക്കി റബാഹ് ചുമരും മേൽപ്പുരയും മോഡി പിടിപ്പിച്ചു ചെറുതെങ്കിലും ഭംഗിയുള്ള കൂര 

എല്ലാം യജമാനന്റെ കരുണ അദ്ദേഹം കൂര തരാനും പൊളിച്ചെറിയാനും അധികാരമുള്ള ആളാണ് 

പകലന്തിയോളം യജമാനന്റെ ഭവനത്തിൽ തന്നെയാണ് ജോലി അടുക്കളപ്പണികൾ ചെയ്യുന്നതിന്നിടയിൽ അടിമപ്പെണ്ണുങ്ങൾ ഹമാമത്തിനെ പലതും പറഞ്ഞു കളിയാക്കി 

പുതിയ പെണ്ണല്ലേ നാണിച്ചു തല താഴ്ത്തും കറുത്ത ചുണ്ടുകളിൽ പുഞ്ചിരി വിടരും നേർത്ത മനോഹരമായ ദന്തനിരകൾ ചിരിക്കുമ്പോൾ അത് കാണാൻ നല്ല ചന്തം അടിമപ്പെണ്ണുങ്ങൾക്ക് ലഭിക്കുന്ന അമൂല്യ നിമിഷങ്ങൾ ഇത്തരം സന്തോഷവേളകൾ അപ്പോൾ കണ്ണുകൾ തിളങ്ങും മുഖം വികസിക്കും മനസ് നിറയെ സന്തോഷത്തിന്റെ അലകൾ  അപ്പോഴും കൈകൾ നിർത്താതെ പണിയെടുക്കുന്നുണ്ടാവും എങ്ങനെയുണ്ടെടീ നിന്റെ ഭർത്താവ്  
ഹമാമത്തിന്റെ അഴകുള്ള ശബ്ദം ഒഴുകിവരുന്നു 

'നല്ല ആളാണ് വല്ലാത്ത സ്നേഹം മനസിലെപ്പോഴും എന്നെക്കുറിച്ചുള്ള ചിന്തയാണത്രെ എന്നെ ഭാര്യയായി കിട്ടിയത് വലിയ ഭാഗ്യമാണെന്ന് പറയും ' 

അപ്പോൾ നീയെന്ത് പറയും ? 

നിങ്ങളെ ഭർത്താവായി കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് ഞാൻ പറയും 

അതെ അതായിരുന്നു അവരുടെ ദാമ്പത്യം പരസ്പരം സ്നേഹം വിശ്വാസം മതിപ്പ് സ്നേഹത്തിന്റെ സാഗരം അലയടിക്കുകയായിരുന്നു ആ കുടിലിൽ കഠിനമായ ജോലികൾ ചെയ്തു തളരുമ്പോഴും മനസിലെ സ്നേഹം അവർക്ക് കരുത്ത് നൽകി  
കാലം ഏറെ കഴിഞ്ഞില്ല ആ സന്തോഷവാർത്ത എല്ലാവരുമറിഞ്ഞു  

ഹമാമത്ത് ഗർഭിണിയായി  
പ്രസവം നടക്കട്ടെ യജമാനന് ഒരടിമയെ സൗജന്യമായി ലഭിക്കുകയല്ലേ ഗർഭിണിയായ വിവരം യജമാനനെ അറിയിക്കണം അതാണ് നടപ്പ് അറിയിച്ചു ഉമയ്യത്തിന് സന്തോഷമായി   

മാസം തികഞ്ഞു ഹമാമത്ത് പ്രസവിച്ചു ആൺകുഞ്ഞ് സന്തോഷത്തിന്റെ അലയലികളുയർന്നു കുഞ്ഞിന് പേരിട്ടു ബിലാൽ അതെ, ബിലാലുബ്നു റബാഹ്- റബാഹിന്റെ മകൻ ബിലാൽ 

✍🏻 അലി അഷ്ക്കർ 
(തുടരും)  

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment