ബിലാലുബ്നു റബാഹ്(റ) ചരിത്രം ഭാഗം-1


➖➖➖➖➖➖➖➖➖➖
റബാഹ്
➖➖➖➖➖➖➖➖➖➖
വിശാലമായ മരുഭൂമി നിശയുടെ ആലസ്യത്തിൽ നിന്ന് മെല്ലെ ഉണരുകയാണ് കിഴക്കൻ ചക്രവാളത്തിൽ നേർത്ത പ്രകാശം പരന്നു ഒട്ടകങ്ങൾ ഉറക്കം വിട്ടുണർന്നു കഴിഞ്ഞു കിഴക്കൻ മലകൾക്കിടയിലൂടെ നേർത്ത വെളിച്ചം മണൽപരപ്പിൽ ചിതറിവീണു 

ഒരുപകലിന്റെ പിറവി
റബാഹ് ഉണർന്നിട്ട് നേരം വളരെയായി വെട്ടം വീഴുംവരെ ഉറങ്ങാൻ അടിമക്ക് അവകാശമില്ല രാത്രി വളരെ വൈകുംവരെ കഠിനമായ ജോലിയാണ് എത്ര വൈകിക്കിടന്നാലും നേരത്തെ ഉണരണം 

ഈ ശരീരം യജമാനനുള്ളതാണ് പണിയെടുക്കുക അത് മാത്രമാണ് തന്റെ ജീവിതലക്ഷ്യം വിശ്രമം തനിക്കു പറഞ്ഞിട്ടില്ല  പാതിരാത്രികഴിയുമ്പോൾ ശരീരം ക്ഷിണിച്ചു തളർന്നു വീഴും ബോധമില്ലാത്ത ഉറക്കം അതിരാവിലെ ഞെട്ടിയുണരും പണി തുടങ്ങും കഠിനമായി ജോലി
അറിയാതെ ഒന്നുറങ്ങിപ്പോയാലോ?
ചാട്ടവാറിന്റെ അടി

യജമാനന്റെ കൈക്ക് എത്ര ശക്തിയുണ്ടെന്ന് അപ്പോളറിയാം കൈയുടെ ബലം പോലിരിക്കും അടിയുടെ ഊക്ക്

ഇത് റബാഹിന്റെ മാത്രം കഥയല്ല എല്ലാ അടിമകളുടെയും കഥയാണിത് ഈ മക്കാപട്ടണത്തിൽ എന്തുമാത്രം അടിമകളുണ്ട് പുറം നാടുകളിൽ നിന്ന് വിലക്ക് വാങ്ങിക്കൊണ്ട് വന്ന അടിമകൾ കാലികളെപ്പോലെ വിലക്കു വാങ്ങി നിർത്തുന്നു ജോലി ചെയ്യിക്കാൻ 


പേരിനൽപം വസ്ത്രം
ശരീരം മുഴുവൻ മറയില്ല
കൊടും തണുപ്പിൽ പുതക്കാനൊരു നല്ല പുതപ്പുപോലും കാണില്ല മുതലാളിമാർ ഉപേക്ഷിച്ച പഴകിക്കീറിയ പുതപ്പുകളാണ് കിട്ടുക

വല്ലപ്പോഴും കിട്ടുന്ന ആഹാരം
ആഹാരം അങ്ങോട്ടു ചോദിക്കാൻ അവകാശമില്ല
കിട്ടുമ്പോൾ കഴിക്കാം വസ്ത്രം കിട്ടിയാൽ ധരിക്കാം വിശ്രമം വളരെ പരിമിതം 

യജമാനന്മാരിൽ കരുണയുള്ളവർ കുറവാണ് ഏറെയും ക്രൂരന്മാരാണ് എത്ര അധ്വാനിച്ചാലും കണ്ട ഭാവമില്ല കുറ്റങ്ങൾ അടിച്ചേൽപിക്കും ചാട്ടവാർകൊണ്ടടിക്കും ശരീരത്തിൽ പാടുകളുണ്ടാവും തൊലി പൊട്ടും ചോര പൊടിയും നീര് കെട്ടും വേദനകൊണ്ട് പുളയും ഉറങ്ങാനാവില്ല ആരും അത് കാണാനില്ല സഹാതാപമില്ല അടിമ അതൊക്കെ അനുഭവിക്കേണ്ടവനാണ് എന്തൊക്കെ സംഭവിച്ചാലും പണി ചെയ്തോളണം 

റബാഹ് ഓർത്തുനോക്കി
ഇന്ന് എന്തെല്ലാം പണികൾ ചെയ്തു തീർക്കണം ഒട്ടകങ്ങളുടെ പരിചരണം ഒരുപാട് ഒട്ടകങ്ങൾ അവയുടെ പരിചരണം ദീർഘനേരത്തെ ജോലിയാണ് 
വീട്ടിലെന്തുമാത്രം പണികൾ വേറെ കിടക്കുന്നു യജമാനൻ ഏല്പിക്കുന്ന പ്രത്യേക ജോലികൾ

മക്കയിലെ ബനൂജുമഹ് ഗോത്രം പേരെടുത്ത നേതാക്കന്മാരുടെ ഗോത്രം ഗോത്ര നേതാക്കന്മാരിൽ ഒരാളുടെ പേര് പറയാം
ഉമയ്യത്ത് ബ്നു ഖലഫ്
മക്കയിലെ പ്രബലന്മാരിൽ ഒരുവൻ ധനികൻ ധിക്കാരികളിൽ വമ്പൻ  അവന്റെ കൂട്ടുകാർ ആരൊക്കെയാണെന്ന്  കേൾക്കണോ?
അബൂജഹൽ, ഉത്ബത്ത് ബ്ന് റബീഅഃ , ശൈബത്തുബ്നു റബീഅഃ , ഉഖ്ബതുബ്നു അബീ മുഈത്വ്, അബൂസുഫ് യാൻ.....

മക്കയിലെ ധീര കേസരികളെല്ലാം അവന്റെ കൂട്ടുകാർ മദ്യസദസ്സുകളിൽ അവരാണ് മുമ്പന്മാർ പെൺപിടുത്തത്തിലും മിടുക്കന്മാർ യുദ്ധരംഗത്തും വീരന്മാർ പൊതുവേദികളിലും അവർ തന്നെ നായകന്മാർ സമൂഹം എങ്ങോട്ട് സഞ്ചരിക്കണമെന്ന് അവർ തീരുമാനിക്കും ക്രൂരനായ ഉമയ്യത്ത് ബ്നു ഖലഫ്
അവന്റെ ഭവനത്തിലെ അടിമയാണ് റബാഹ്

ധിക്കാരികളായ നേതാക്കൾ ഉമയ്യത്തിന്റെ ഭവനത്തിൽ ഒത്തുകൂടാറുണ്ട് രാത്രിയിലാണ് ഒത്തുചേരൽ  മദ്യപാനമാണ് മുഖ്യ അജണ്ട ആരാണ് മദ്യം വിളമ്പേണ്ടത് ?

സുന്ദരികളായ അടിമപ്പെൺകുട്ടികൾ തീറ്റയും കുടിയും പാട്ടും നൃത്തവും
തമാശ പറച്ചിലും പൊട്ടിച്ചിരികളും അശ്ലിലച്ചുവയുള്ള കമന്റുകൾ

എല്ലാം റബാഹിന് പതിവു കാഴ്ചകൾ
സൽക്കാര ദിവസങ്ങളിൽ റബാഹിന് ജോലികൾ കാണും എല്ലാം ക്ഷമയോടെ ചെയ്യണം മദ്യസൽക്കാരവും , ആടലും , പാടലും തീരുമ്പോൾ പാതിരാത്രി കഴിയും എല്ലാം കഴിഞ്ഞിട്ടുവേണം റബാഹിന് തല ചായ്ക്കാൻ 

ഉമയ്യത്ത് ബ്നു ഖലഫിന് ധാരാളം അടിമകളുണ്ട് ആണുങ്ങളും, പെണ്ണുങ്ങളും കുട്ടികളുമുണ്ട് റബാഹ് അവരിൽ ഒരാൾ മാത്രം 

ആടുമാടുകൾ അന്തസിന്റെ ചിഹ്നമാണ്
ഒട്ടകങ്ങൾ പ്രതാപത്തിന്റെ പ്രതീകമാണ്
അടിമകളും അങ്ങനെ തന്നെ അടിമകളുടെ എണ്ണം പറച്ചിൽ ഒരന്തസാണ് നീഗ്രോ  വർഗക്കാരായ അടിമകൾ മക്കയിൽ അവരുടെ എണ്ണം വളരെയാണ് അവർക്കിടയിൽ  വിവാഹം നടക്കുന്നു മക്കളുണ്ടാവുന്നു വിവാഹം നിശ്ചയിക്കുന്നത് യജമാനൻ തന്നെ
മക്കളുണ്ടായാൽ അതും യജമാനന്റെ സ്വത്തായി കണക്കാക്കപ്പെടും

ആയിരക്കണക്കായ അടിമകൾ മരുഭൂമിയിൽ വിയർപ്പൊഴക്കി കഠിനാധ്വാനം ചെയ്തു ജീവിക്കുന്നു യൗവ്വനം പിന്നിടുന്നതോടെ ആരോഗ്യം നശിച്ചു രോഗികളാവുന്നു പിന്നെ കാലയവനികക്കുള്ളിൽ മറയുന്നു അങ്ങനെ കടന്നുപോയ അടിമകളെയൊന്നും കാലം ഓർക്കാറേയില്ല അങ്ങനെയൊരാൾ ജീവിച്ചതും മരിച്ചതും ആര് ശ്രദ്ധിക്കാൻ 

റബാഹ് നെടുവീർപ്പിട്ടു
താനെന്തിന് ഇങ്ങനെയൊക്കെ ചിന്തിക്കുന്നു അടിമയുടെ ബുദ്ധി യജമാനനന്റെ ക്ഷേമത്തെക്കുറിച്ചു മാത്രം ചിന്തിക്കാനുള്ളതാണ് സ്വന്തം കാര്യം ചിന്തിക്കാനുള്ളതല്ല സ്വന്തം എന്നൊന്നില്ല എല്ലാം യജമാനൻ തീരുമാനിക്കും 

സൂര്യൻ കിഴക്കൻ മലകൾക്കിടയിലൂടെ എത്തിനോക്കുന്നു വെയിൽ പടരുന്നു റബാഹ് ഒട്ടകങ്ങൾക്കൊപ്പം നിൽക്കുന്നു അവയുടെ പരിചരണം അതിൽ നിന്നാണ് തുടക്കം

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment