ബിലാലുബ്നു റബാഹ്(റ) ചരിത്രം ഭാഗം-10


➖➖➖➖➖➖➖➖➖➖
അഹദ് അഹദ്
➖➖➖➖➖➖➖➖➖➖
മസ്ജിദുന്നബവി അവിടെ ധാരാളമാളുകൾ നിസ്കാരത്തിനെത്തുന്നു അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കപ്പെട്ടിട്ടുണ്ട് അഞ്ചു ഐവണ നിസ്കരിക്കണം നിസ്കാര സമയമായി എന്നെങ്ങിനെ അറിയും? ജനങ്ങളെ അതറിയിക്കണം  അതിന്നൊരു സംവിധാനം വേണം അതിനെക്കുറിച്ചു ചർച്ചകൾ പലതു നടന്നു 

കുഴൽ വിളിക്കാം
ചെണ്ട കൊട്ടാം
വിളിച്ചു പറയാം തീയിടാം
കൊടി ഉയർത്താം
പല അഭിപ്രായങ്ങൾ 

ഇതൊന്നും നടപ്പിലായില്ല പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്  ഒരു രാത്രിയിൽ അബ്ദുല്ലാഹിബ്നു സഅലബത്ത് (റ) ഒരു സ്വപ്നം കണ്ടു ഉമർ (റ)വും സ്വപ്നം കണ്ടു അബ്ദുല്ലാഹിബ്നു സൈദിൽ അൻസ്വാരി(റ) സ്വപ്നം കണ്ടതായും റിപ്പോർട്ടുണ്ട്

അബ്ദുല്ലാഹിബ്നു സഅലബത്ത് (റ) രാവിലെ നബി (സ) തങ്ങളെ കാണാൻ വന്നു ബാങ്കിന്റെ വചനങ്ങൾ സ്വപ്നം കണ്ടതായി അറിയിച്ചു വചനങ്ങൾ കേൾപ്പിച്ചു

'ഈ വചനങ്ങൾ ബിലാലിനെ പഠിപ്പിക്കൂ നല്ല ശബ്ദമുളള ആളാണ് ബിലാൽ ബിലാൽ ബാങ്ക് വിളിക്കട്ടെ'
നബി(സ) നിർദ്ദേശിച്ചു

ബിലാൽ (റ) ബാങ്കിന്റെ വചനങ്ങൾ പഠിച്ചു നിസ്കാര സമയമായി ഉയർന്ന സ്ഥലത്ത് കയറിനിന്ന് ബിലാൽ (റ) ഉച്ചത്തിൽ ബാങ്ക് വിളിച്ചു  മദീനാ പട്ടണം കോരിത്തരിച്ചു നിന്നുപോയി 

അല്ലാഹു അക്ബർ....അല്ലാഹു അക്ബർ .....
അല്ലാഹു അക്ബർ.....അല്ലാഹു അക്ബർ.......

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്
അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്

അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്
അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്

ഹയ്യ അലാസ്വലാത്ത് ഹയ്യ അലസ്വലാത്ത്

ഹയ്യ അലൽഫലാഹ് ഹയ്യ അലൽഫലാഹ് 

അല്ലാഹു അക്ബർ അല്ലാഹു അക്ബർ

ലാഇലാഹ ഇല്ലല്ലാഹ്

മുസ്ലിംകൾ ഈ വചനങ്ങൾ കേട്ട് പുളകമണിഞ്ഞു അതിലെ ഓരോ വാക്കും മനസ്സിലേക്കിറങ്ങിച്ചെന്നു വീണ്ടും വീണ്ടും കേൾക്കാൻ മോഹം 

ബിലാൽ (റ) അങ്ങനെ ആദ്യത്തെ മുഅദ്ദിനായിത്തീർന്നു ഇസ്ലാമിക ചരിത്രത്തിന് മറക്കാനാവാത്ത മഹാപുരുഷൻ  നബി (സ) തങ്ങളുടെ പ്രിയപ്പെട്ട മുഅദ്ദിൻ സുന്ദരമായ ശബ്ദത്തിലുള്ള ബാങ്ക് വിളി ദിവസേന അഞ്ച് നേരം മുഴങ്ങാൻ തുടങ്ങി  ആയിരങ്ങൾ അത് കേൾക്കാൻ കാത്തിരുന്നു അവർ ബിലാലിന്റെ ശബ്ദത്തിന് കാതോർത്തു ആ ശബ്ദം അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു  കാലം നീങ്ങുകയാണ് ഇസ്ലാം കരുത്തു നേടി വരികയാണ് അപ്പോഴാണ് യുദ്ധത്തിന്റെ കാഹളം കേട്ടത് ബദർയുദ്ധം

റമളാൻ നോമ്പ് ഫർളാക്കപ്പെട്ട കൊല്ലം ഒരു മാസത്തെ നോമ്പെടുക്കണം സ്വഹാബികൾക്ക് പരിശീലനകാലം ബിലാൽ (റ) നോമ്പെടുത്തുകൊണ്ടിരിക്കുന്നു വേണ്ടത്ര ഭക്ഷണ പാനീയങ്ങളില്ല

ദാരിദ്ര്യം പല്ലിളിച്ചു കാണിക്കുന്നു അതിന്നിടയിലാണ് റമളാൻ വന്നത് അത്താഴത്തിന്റെ കാര്യം കമ്മി നോമ്പു തുറക്കാനും കാര്യമായിട്ടൊന്നുമില്ല കിട്ടുന്നത് കഴിക്കും അതുകൊണ്ട് തൃപ്തിപ്പെടും അതിന്നിടയിലാണ് ബദറിന്റെ ശബ്ദം


റമളാൻ പതിനാറ് മുസ്ലികൾ ബദറിലെത്തി ആവേശപൂർവ്വം ബിലാൽ (റ)വും എത്തി നാളെ യുദ്ധം നബി (സ) സ്വഹാബികൾക്ക് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി   യുദ്ധം തുടങ്ങിയാൽ പെട്ടെന്ന് പിരിമുറുകും പരസ്പരം തിരിച്ചറിയാൻ കഴിയാതെവരും അപ്പോൾ മുസ്ലിംകളെല്ലാം 'അഹദ്.....അഹദ്..... എന്ന് പറഞ്ഞു കൊണ്ടിരിക്കും 

അഹദ്....അഹദ്....
ഏറ്റവും അനുയോജ്യമായ പദം സകലർക്കും സുപരിചിതം മർദ്ദനം മുറുകിയ ദിവസങ്ങളിൽ ബിലാൽ (റ) പറഞ്ഞു കൊണ്ടിരുന്ന വചനം 

പലരും പറഞ്ഞു പരിശീലിക്കുകയാണ്
അഹദ്....അഹദ്....അഹദ്....

ബിലാലിന്റെ സ്മരണകൾ തുടിച്ചു നിൽക്കുന്ന വാക്കുകൾ 

നേരം പുലർന്നു നബി (സ) തങ്ങൾ സൈന്യത്തെ അണിയൊപ്പിച്ചു നിർത്തി ആയുധങ്ങൾ നൽകി  യുദ്ധം തുടങ്ങി ആഞ്ഞു വീശീ മുന്നേറി
ബിലാൽ (റ) ശത്രു നിരയിലേക്ക് നോക്കി മക്കായുടെ കരൾത്തുടിപ്പുകളായ നേതാക്കൾ എല്ലാവരും എത്തിയിട്ടുണ്ട് 
അബൂജഹൽ, ഉത്ത്ബത്ത്, ശൈബത്ത്, വലീദ് പിന്നെ നിരവധി പേർ

അതാ പടവാൾ വീശിവരുന്ന ഉറ്റ സുഹൃത്തുക്കൾ
ഉമയ്യത്ത് ബ്നു ഖലഫ്
ഉഖ്ബത്ത് ബ്നു അബീ മുഈത്വ് 

ബിലാലിനെ പീഡിപ്പിച്ചു വശം കെടുത്താൻ ഉമയ്യത്തിനെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നത് ഉഖ്ബത്ത് ആയിരുന്നു ബദ്റിലേക്ക് ഉമയ്യത്തിനെ നിർബന്ധിച്ചു കൊണ്ട് വന്നതും ഉഖ്ബത്ത് തന്നെ

ഉമയ്യത്ത് യുദ്ധഫണ്ടിലേക്ക് സംഭാവന നൽകി യുദ്ധത്തിനു പോരാതെ വീട്ടിൽ നിൽക്കുകയായിരുന്നു ഇതറിഞ്ഞ് ഉഖ്ബത്ത് വീട്ടിലെത്തി സുഗന്ധം പുകയ്ക്കുന്ന ഒരു പാത്രവും കൂടെയുണ്ടായിരുന്നു ഉഖ്ബത്ത് പരിഹാസപൂർവ്വം ഇങ്ങനെ പറഞ്ഞു: 'ഉമയ്യത്ത് ഇതാ സ്ത്രീകൾ സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്ന പാത്രം ഇതിൽ സുഗന്ധം പുകച്ച് ചൂടുംകൊണ്ട് നിങ്ങളിവിടെ ഇരിന്നോളൂ നിങ്ങളൊരു സ്ത്രീയാണ് '

പരിഹാസം കുറിക്കുകൊണ്ടു സ്ത്രീകളാണ് യുദ്ധത്തിൽ പങ്കെടുക്കാതെ വീട്ടിലിരിക്കുക  അക്കൂട്ടത്തിലാണ് ഉമയ്യത്ത് 

സഹിക്കാൻ വയ്യാത്ത പരിഹാസം

ഉമയ്യത്ത് ചാടിയെണീറ്റു യുദ്ധ വസ്ത്രങ്ങൾ ധരിച്ചു ആയുധമേന്തി പുറപ്പെട്ടു

ഉമയ്യത്തും ഉഖ്ബത്തും രണ്ടുപേരും പോർക്കളത്തിലുണ്ട് നബി (സ) തങ്ങളെ വധിക്കുക ഇസ്ലാം മതത്തെ തുടച്ചു നീക്കുക  ഇതാണ് ശത്രുക്കളുടെ പരിപാടി എത്രയും വേഗം അത് നിർവ്വഹിച്ചു മടങ്ങിപ്പോകാം

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment