*♦️ഭാഗം : 12♦️*
*📌 ഭർത്താവിനെ രക്ഷിക്കാൻ ഒരു ശ്രമം ഫാത്വിമാടെ...*
അബൂബക്കർ ഹാജി രാവിലെ പുറത്തേക്കിറങ്ങി. വഴിയിൽ കണ്ട മുഖങ്ങളിലൊക്കെ വലിയ ഉൽക്കണ്ഠ. എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു.
എന്താ ഉണ്ടായത്..?
അബൂബക്കർ ഹാജി ഒരു പരിചയക്കാരനോട് മെല്ലെ ചോദിച്ചു...
പട്ടാളം ഇറങ്ങീട്ടുണ്ട്...
എന്റെ റബ്ബേ ...
അബൂബക്കർ ഹാജി റബ്ബിനെ വിളിച്ചുപോയി. നാട്ടിൽ പട്ടാളമിറങ്ങിയാലുള്ള അവസ്ഥ..!!
പന്താരങ്ങാടിയിൽ വെടി പൊട്ടി. ആ വാർത്ത നാടാകെ നടുങ്ങിപ്പോയി... പന്താരങ്ങാടിപ്പള്ളിയുടെ മുറ്റത്തു മനുഷ്യന്റെ ചോര. ഖിലാഫത്തു പ്രവർത്തകർക്കു നേരെയാണ് വെടി. നിരായുധരായ മാപ്പിളമാർ അവർ തിരൂരങ്ങാടിയിലേക്കു നീങ്ങുകയായിരുന്നു. താനൂരിൽ നിന്നുള്ള മാപ്പിളമാരുടെ സംഘം...
തിരൂരങ്ങാടിപ്പള്ളിയിലാണ് ആലിമുസ്ല്യാർ ദർസ് നടത്തുന്നത്. അദ്ദേഹം ഖിലാഫത്തിന്റെ നേതാവാണ്. ഖിലാഫത്ത് നേതാക്കൾ തിരൂരങ്ങാടിയിൽ സമ്മേളിക്കുന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കുഞ്ഞലവി, ലവക്കുട്ടി അവരുടെ നേതൃത്വത്തിൽ അനേകായിരങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ...
ആയിരമായിരം യോദ്ധാക്കളിറങ്ങി. ഗ്രാമങ്ങൾ ഖിലാഫത്ത് പ്രവർത്തന കേന്ദ്രങ്ങളായി മാറി.
ഖിലാഫത്ത് ഗവൺമെന്റ്
ഖിലാഫത്തു സേന
ഖിലാഫത്തു ട്രഷറി
ബ്രിട്ടീഷുകാരെ ആട്ടിപ്പായിക്കുക.
ദേശീയ സർക്കാർ രൂപീകരിക്കുക.
ഏറനാട്ടിന്റെ ധീരസന്തതികൾ ഇന്ത്യയൊട്ടാകെ മാതൃക കാണിക്കുന്നു...
വാരിയൻകുന്നത്തു കുഞ്ഞഹമ്മദു ഹാജിയുടെ നേതൃത്വത്തിൽ ഖിലാഫത്ത് ഗവൺമെന്റ് രൂപം കൊണ്ടതോടെ പട്ടാളം ഇറങ്ങി. കോഴിക്കോട്ടുനിന്നു പട്ടാളം തീവണ്ടിയിൽ പുറപ്പെട്ടു പരപ്പനങ്ങാടിയിൽ ഇറങ്ങി. അവിടെ നിന്നു തിരൂരങ്ങാടിയിലേക്കു മാർച്ച് ചെയ്തു.
പ്രകോപനപരമായിരുന്നു പോലീസിന്റെ പെരുമാറ്റം. നിരപരാധികളെ അറസ്റ്റുചെയ്തു. അവരെ വിട്ടയക്കണമെന്നു മുസ്ലിംകൾ ആവശ്യപ്പെട്ടു വാക്കുതർക്കമായി ബഹളമായി അനിഷ്ട സംഭവങ്ങളായി...
താനൂരിലെ ഖിലാഫത്തു പ്രവർത്തകർ തിരൂരങ്ങാടിയിലേക്കു മാർച്ച് ചെയ്തു.
അവർ പന്താരങ്ങാടിയിലൂടെ മുന്നേറി. പോലീസ് പന്താരങ്ങാടിയിൽ അവരെ തടഞ്ഞു.
ഒരടി മുമ്പോട്ടു വെക്കരുത് പോലീസ് കൽപ്പിച്ചു.
ഞങ്ങൾ മുന്നേറും ഞങ്ങൾക്കു തിരൂരങ്ങാടിയിലെത്തണം ഖിലാഫത്തു പ്രവർത്തകർ വിളിച്ചു പറഞ്ഞു...
നടപ്പില്ല. ഒരടി മുമ്പോട്ടുവെച്ചാൽ വെടിവെക്കും.
അല്ലാഹു അക്ബർ
അല്ലാഹു അക്ബർ
ജനങ്ങൾ പരിസരം മറന്നു. തോക്കു മറന്നു. വെടി മറന്നു. തക്ബീർ ധ്വനികളുമായി അവർ മുന്നേറി... ബലാബലം ഉന്തും തള്ളും...
അല്ലാഹു അക്ബർ
ഠേ.....ഠേ.....ഠേ.......
വെടി മുഴങ്ങി ആളുകൾക്കു വെടിയേറ്റു ചോര ചീറ്റി. പലരും മറിഞ്ഞു വീണു...
ജനം ചിതറിയോടി. പോലീസ് പിന്നാലെ ഓടി...
നിരവധിയാളുകൾ പള്ളിയിലേക്കു പാഞ്ഞുകയറി. പോലീസ് പിന്നാലെ കയറി.
തോക്കിന്റെ പാത്തികൊണ്ടു പലർക്കും അടി കിട്ടി...
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ധീരനായകനായ കുഞ്ഞിക്കാദർ സാഹിബിനെ പോലീസ് അറസ്റ്റു ചെയ്തത് ഇവിടെ വെച്ചാണ്. പള്ളിയും പരിസരവും യുദ്ധക്കളമായി മാറി. വെടിയേറ്റു വീണവർ മരണവെപ്രാളം കാണിക്കുന്നു. ഒരിറ്റു വെള്ളം കൊടുക്കാനാളില്ല. മരിച്ചുവീണവരെ സമീപിക്കാൻ ആരെയും അനുവദിച്ചില്ല. അതിഭീകരമായ അവസ്ഥ...
അബൂബക്കർ ഹാജി ഞെട്ടി വിറച്ചു.
അദ്ദേഹം തന്റെ മരുമകനെക്കുറിച്ചു ചിന്തിച്ചു...
എന്തായിരിക്കും ആലിക്കുട്ടിയുടെ അവസ്ഥ..?
പന്താരങ്ങാടിയിൽ പോയിക്കാണുമോ..? ബഹളത്തിൽ പെട്ടിരിക്കുമോ പടച്ചവനേ..!!
ഓർക്കാൻ കഴിയുന്നില്ല. തല കറങ്ങുംപോലെ തോന്നുന്നു. മെല്ലെ വിട്ടിലേക്കുതന്നെ നടന്നു. ആയിശുമ്മ മുറ്റത്തു നോക്കിയിരിക്കുന്നു.
ആ മുഖത്ത് ഭീതി തളംകെട്ടി നിൽക്കുന്നു.
വല്ല വിവരവുമുണ്ടോ..? ആയിശുമ്മയുടെ ചോദ്യം...
വിവരങ്ങളൊക്കെ... അബൂബക്കർ ഹാജി വാചകം പൂർത്തിയാക്കിയില്ല...
എന്തേയ്... നിർത്തിക്കളഞ്ഞത്..?
പറയാൻ വയ്യാഞ്ഞിട്ടാണ്...
ആയിശുമ്മയുടെ ഉൽക്കണ്ഠ വർദ്ധിച്ചു.
എന്തായാലും പറഞ്ഞോളീ ഭാര്യ നിർബന്ധിച്ചു വെടി പൊട്ടി
ങേ ന്റെ റബ്ബേ........ ആരെങ്കിലും മൗത്തായിട്ടുണ്ടോ..?
പലരും മരിച്ചിട്ടുണ്ട്.
നമ്മുടെ മരുമോൻ...
ഒരു വിവരവുമില്ല ഞാനൊന്നു പോയി നോക്കിയാലോ..?
വേണ്ടാ.. പോണ്ടാ...
പോവാഞ്ഞാലെങ്ങനെയാ..
നമ്മുടെ മോൾ...
പോയാൽ നിങ്ങളുടെ കാര്യം...
ഞാനീ പ്രായത്തിലെത്തിയില്ലേ..? ഇനി എന്തായാലെന്താ..?
ആ വൃദ്ധദമ്പതികൾക്കിടയിൽ നിശബ്ദത തളം കെട്ടിനിന്നു...
നിങ്ങളൊറ്റയ്ക്കു പോവണ്ട. ഞാൻ കൂടി വരാം...
അതെന്തിനാ..?
അവിടെ പോലീസും പട്ടാളവും വരും...
വരട്ടെ. വെടി വെക്കട്ടെ. എല്ലാറ്റിനെയും വെടിവെച്ചുകൊല്ലട്ടെ. ഒന്നിച്ചു മരിക്കാമല്ലോ..!!
ആയിശുമ്മ പിന്തിരിയുന്ന ലക്ഷണമില്ല.
രാവിലെ അടുക്കളയിൽ കയറാൻ തോന്നുന്നില്ല. ഭക്ഷണം പാകം ചെയ്യാൻ മനസ്സില്ല. ഒന്നും ചെയ്യാൻ തോന്നുന്നില്ല.
മകളുടെ സമീപത്തെത്താൻ മോഹം. പറന്നെത്താൻ ചിറകില്ലല്ലോ...
വീട് പൂട്ടി രാവിലെത്തന്നെ അവരിറങ്ങി... ദീർഘയാത്ര.. സൂര്യൻ ഉദിച്ചുയർന്നു.
ഭൂമി ചൂടു പിടിച്ചു വഴിയിൽ കണ്ടതൊക്കെ ഭീതി നിറഞ്ഞ മുഖങ്ങൾ...
യാത്രയുടെ അന്ത്യം ആയിശുമ്മ തളർന്നു പോയി...
വീട്ടിൽ ആളനക്കമില്ല. എല്ലാം നിശ്ചലം. മോളേ... ഫാത്തിമാ...
അബൂബക്കർ ഹാജി വാതിലിൽ മുട്ടി വിളിച്ചു...
ഏറെ നേരം കാത്തുനിന്നപ്പോൾ വാതിൽ തുറക്കപ്പെട്ടു. ആമിനത്താത്തയുടെ ഭീതി നിറഞ്ഞ മുഖം...
ആഹ്... നിങ്ങളെത്തിയോ..?
മോളെവിടെ..?
അകത്തുണ്ട് വന്നോളീ...
ആ സ്വരവും ഭാവവും അവരെ ഭയപ്പെടുത്തി. മാതാപിതാക്കൾ അകത്തേക്കു നടന്നു ചെന്നു കട്ടിലിൽ തളർന്നുറങ്ങുന്ന ഫാത്വിമ.
മോളേ.. ഉമ്മയുടെ വിളി... മകൾ വിളി കേട്ടില്ല. എന്തൊരു കിടപ്പാണിത് എന്താ മോളേ ഇങ്ങനെ..?
കിടന്നോട്ടെ വിളിക്കണ്ട.. ആമിനത്താത്ത വിലക്കി. അപ്പോൾ പുറത്തൊരു ചുമ.
എല്ലാവരും പുറത്തേക്കു നോക്കി മമ്മദ്കോയക്ക നടന്നു വരുന്നു...
അസ്സലാമു അലൈകും
കോലായിലേക്കു കയറുന്നതിനിടയിൽ സലാം പറഞ്ഞു...
എല്ലാവരും കൂടി സലാം മടക്കി.
നിങ്ങൾ വിവരങ്ങളൊക്കെ അറിഞ്ഞ് വന്നതാണോ..?
ഞങ്ങളൊന്നും അറിഞ്ഞില്ല.. എന്തേണ്ടായത്..?
ഓർക്കാൻ തന്നെ പേടിയാവുന്നു. അങ്ങനെത്തെ പണിയല്ലേ മോൾ കാണിച്ചത്..
എന്തേ ഓൾ കാണിച്ചത്..?
ആലിക്കുട്ടീന്റെ വേഷംകെട്ടി എന്നിട്ട് പോലീസിന്റെ ഇടയിലൂടെ ഓടി...
റബ്ബേ... എന്തിന്..?
ഓളെ പുതിയാപ്പിളയെ രക്ഷപ്പെടുത്താൻ...
എന്താ യീ കേൾക്കണത്..?
ഓള് മരിച്ചാലും വേണ്ടൂല പുതിയാപ്പിളയെ രക്ഷിക്കണമെന്ന വാശി...
എന്നിട്ട്..?
എന്നിട്ടെന്താ..? പോലീസ് പിടിച്ചു. കിട്ടേണ്ടതു കിട്ടി. കിടക്കുന്നതു കണ്ടില്ലേ..?!
ആലിക്കുട്ടി..?
ഫാത്വിമ പറഞ്ഞതുപോലേ അവൻ വീടുവിട്ടോടി. എന്തു സംഭവിച്ചെന്നു പടച്ചവനുതന്നെ അറിയാം...
ആയിശുമ്മ തളർന്നു പോയി കട്ടിലിൽ കിടന്നു...
*☝️അള്ളാഹു അഅ്ലം☝️*
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
💚🌻💚🌻💚🌻💚🌻💚🌻💚
No comments:
Post a Comment