💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
✍🏻 *പച്ച എഴുത്ത് 🔟*
➖➖➖➖➖➖➖➖
പരിശുദ്ധ റജബിലെ 27-ാം രാവ്!!
വിശ്വാസി ഹൃത്തിൽ ആനന്ദ നൃത്തം ചവിട്ടും അവിസ്മരണീയ രാവ്!!
കാരണം വിശ്വാസി സമൂഹത്തിന്റെ അനുഗ്രഹീത നേതാവായ
മുത്ത് റസൂലുല്ലാഹിصلى الله عليه وسلم തങ്ങൾ ഏറ്റവും കൂടുതൽ സന്തോഷിച്ച രാവാണല്ലോ മിഅ്റാജ് രാവ്!! തൻ്റെ ഹബീബിന്صلى الله عليه وسلم സന്തോഷവും ആശ്വാസവും നൽകാൻ വേണ്ടി പ്രപഞ്ചനാഥൻﷻ തിരഞ്ഞെടുത്ത പവിത്ര ദിനം !!
നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ആ അസുലഭ മുഹൂർത്തത്തിൽ നമ്മുടെ മുത്ത് നബിﷺ യോടൊപ്പം ഈ പുണ്യ റജബിൽ നമുക്കുമൊന്ന് പങ്ക് ചേർന്നാലോ...!
എങ്കിൽ വരൂ..., അബൂത്വാലിബിന്റെ
പുത്രിയായ ഉമ്മുഹാനിഇന്റെ വീട്ടിലേക്ക്. 8 വയസ്സ് മുതൽ പിതൃ സഹോദരനായ അബൂ ത്വാലിബിന്റെ കൂടെ ആരംഭ റസൂൽﷺ തങ്ങൾ താമസിച്ച വീടാണത്. അവിടെ നിന്നാണ് ചരിത്ര പ്രയാണത്തിന്റെ ആരംഭം.
കാരുണ്യക്കടലായ അല്ലാഹുﷻ റഹ്മത്തുൻ ലിൽ ആലമീൻ ആയ ത്വാഹ റസൂലുല്ലാഹിﷺ തങ്ങൾക്ക് നൽകിയ വിലമതിക്കാനാവാത്തൊരു ഗിഫ്റ്റാണല്ലോ "ഇസ്റാഅ് - മിഅ്റാജ്" യാത്ര!!
ആ യാത്രയോടൊപ്പം ചേരും മുമ്പ്, എന്തിനാണ് രാജാധിരാജനായ റബ്ബ്ﷻ അവന്റെ അടിമയായ ഹബീബായ മുത്ത് റസൂൽﷺ തങ്ങൾക്ക് ഇത്രയും ഗംഭീരമായൊരു സമ്മാനം നൽകിയതെന്നും നമുക്കറിയണ്ടേ... അപ്പോഴല്ലേ ഈ യാത്രയും നമുക്ക് ശരിക്കും ആസ്വദിക്കാനാവൂ...
അതിനാൽ അൽപം കൂടി പിറകോട്ട് വരൂ...
നുബുവ്വത്തിൻ്റെ പത്താം വർഷത്തിലേക്ക്!
"ദു:ഖ വർഷം" എന്ന് ചരിത്രം രേഖപ്പെടുത്തിയ കണ്ണീരുണങ്ങാത്ത ഇന്നലെകളിലേക്ക്!!.
യതീമായി ജനിച്ച മുത്ത് നബി صلى الله عليه وسلم തങ്ങൾക്ക് വെറും 6 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താങ്ങും തണലുമായ പൊന്നുമ്മയും അബവാഇൻ മണ്ണിൽ വെച്ച് എന്നെന്നേക്കുമായി യാത്ര പറയുകയാണല്ലോ...
ശേഷം അവിടുത്തെ പരിചരണം ഏറ്റെടുത്ത് പൊന്നുപോലെ വളർത്തിയ ഉപ്പാപ്പ അബ്ദുൽ മുത്വലിബും അൽഅമീനിന്റെﷺ എട്ടാം വയസ്സിൽ വഫാത്താകുന്നു..
ആ സമയത്താണ് ഉപ്പാപ്പ വഫാത്ത് നേരത്ത് നൽകിയ വസ്വിയ്യത്ത് പ്രകാരം മൂത്താപ്പ അബൂത്വാലിബ് പൊന്നു മോന്റെﷺ സംരക്ഷണം ഏറ്റെടുക്കുന്നത്. സ്വന്തം മക്കൾക്ക് നൽകുന്നതിനേക്കാളേറെ സ്നേഹവും പരിഗണനയും നൽകി പോറലൊന്നും ഏൽക്കാതെ ആറ്റൽ റസൂലിനെﷺ വളർത്തുകയാണ് അബൂ ത്വാലിബ്. ഊണും ഉറക്കവും ഉൾപ്പെടെ ഓരോ സഞ്ചാരങ്ങളും ഒന്നിച്ചു തന്നെ. ഒരിടത്തും അബൂത്വാലിബ് മുത്ത് നബിയെﷺ ഒറ്റക്കാക്കിയില്ല. ശരിക്കും ശത്രുക്കളിൽ നിന്നും മുത്ത് റസൂൽﷺ തങ്ങൾക്കുള്ള ഒരു രക്ഷാകവചമായിരുന്നു അബൂത്വാലിബ്. സ്നേഹം പകർന്നും പങ്ക് വെച്ചും കരുതലോടെയുള്ള ആ ജീവിതം അല്ലലില്ലാതെ മുന്നോട്ട് നീങ്ങുമ്പോഴാണ് നമ്മളെത്തി നിൽക്കുന്ന ആ നുബുവ്വത്തിന്റെ 10-ാം വർഷം പ്രിയപ്പെട്ട മൂത്താപ്പ വഫാത്താവുന്നത്. മുത്താറ്റലോർക്കത്ﷺ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.. കാരണം പൊന്നുമ്മയും ഉപ്പയും ഉപ്പാപ്പയും വിട പറഞ്ഞ മുത്ത് റസൂലിന്റെﷺ ഏക കൂട്ട് അബൂത്വാലിബായിരുന്നുവല്ലോ.. ഏകാന്തതയുടെ വേദന അറിയിക്കാതെ അത്രയും ഇഷ്ടത്തോടെയായിരുന്നു അബൂത്വാലിബിന്റെ കൂടെ മുത്ത് റസൂൽﷺ തങ്ങൾ വളർന്നത്. പെട്ടെന്നൊരു നാൾ ആ അനുഗ്രഹീത കൂട്ടും നഷ്ടമാവുകയാണ്. മുത്തു റസൂൽﷺ തങ്ങൾക്ക് വല്ലാതെ വേദനിക്കുകയാണ്. സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാനോ പ്രയാസങ്ങളിൽ സാന്ത്വനം പകരാനോ ശത്രുക്കൾക്ക് കിട്ടാത്ത വിതം സംരക്ഷിക്കാനോ ഇനി ആരുമില്ല.. ഒറ്റപ്പെടലിന്റെ വേദന താങ്ങാനാവാതെ അബൂത്വാലിബിന്റെ ചലനമറ്റശരീരം കിടത്തിയ കട്ടിലിനരികിൽ നിന്ന് ആരംഭ റസൂൽﷺ തങ്ങൾ വിതുമ്പിക്കരഞ്ഞ രംഗം വേദനയോടെ ചരിത്ര താളുകളിൽ ഇന്നും രേഖപ്പെട്ട് കിടക്കുന്നു..
ഉമ്മു ഹാനിഇന്റെ വീടിനുള്ളിലെ രംഗം കണ്ട് ആ മൺതറയിലേക്കുറ്റി വീഴാൻ നമ്മുടെ കണ്ണീരും വെമ്പൽ കൊള്ളുന്നില്ലെയോ..?!
അവിടെ തീരുന്നില്ല ഒറ്റപ്പെടലിന്റെ വേദന!
അതെ, അബൂത്വാലിബിന്റെ വിരഹത്തിൻ്റെ മുറിവുണങ്ങും മുമ്പേ അവിടുത്തേക്ക്ﷺ താങ്ങും തണലുമായിരുന്ന പ്രിയപത്നി ഖദീജ ബീവി
رضي الله عنها
യും ലോകത്തോട് വിട പറയുകയാണ്.
ആരാണ് ഖദീജുമ്മ رضي الله عنها ?!
ബീവിയുടെرضي الله عنها വഫാത്തിന് ശേഷം അവരെ സ്മരിച്ച് കൊണ്ടേയിരിക്കുന്ന ആരംഭ റസൂലിനോട് ﷺ ഒരു ദിവസം ഇത്തിരി കുശുമ്പോടെ ആയിശ ബീവിرضي الله عنها ചോദിക്കുന്നുണ്ട് : "എന്തിനാണ് നബിയേ..ﷺ, കിഴവിയായ അവരെ ഇപ്പോഴും ഓർത്ത് കൊണ്ടിരിക്കുന്നത്. അല്ലാഹു അവരെക്കാൾ ഖൈറായതിനെ നിങ്ങൾക്ക് പകരം തന്നില്ലെയോ?!"
ഉടനെ മുത്ത് റസൂൽﷺ തങ്ങളത് തിരുത്തുകയാണ് : "ഇല്ല, ആഇശാرضي الله عنها ...., എന്റെ ഖദീജക്ക്رضي الله عنها പകരം ഒരാളെയും എനിക്ക് തന്നിട്ടില്ല" ഖദീജക്ക്رضي الله عنها പകരം ഖദീജرضي الله عنها മാത്രം!!
മുത്ത് റസൂൽﷺ മക്ക നാട്ടിൽ ഖുറൈശികൾക്കിടയിൽ ഒറ്റപ്പെട്ട സമയത്ത് തനിക്കുള്ളതെല്ലാം ഒന്നും ബാക്കി വെക്കാതെ പൂർണ്ണമായും അവിടുത്തേക്ക് ﷺ നൽകിയ സമർപ്പണത്തിന്റെ പേരാണ് "ബീവി ഖദീജ!"
അതു വഴി നമുക്ക് പിന്നീടൊരിക്കൽ പോകാം..
അബൂത്വാലിബോരുടെ വഫാത്തിന് ശേഷം അൽപം കഴിഞ്ഞപ്പോഴേക്ക് സന്തത സഹചാരിയായി കൂടെയുണ്ടായിരുന്ന ഖദീജുമ്മയും رضي الله عنها വഫാത്താവുകയാണ്.
മുത്തായ തങ്ങൾക്ക് صلى الله عليه وسلم താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ രണ്ട് വിയോഗങ്ങൾ. ആകെ ഒറ്റപ്പെട്ടത് പോലെ.സംരക്ഷിക്കാൻ അബൂത്വാലിബില്ലാത്തത് കൊണ്ട് ശത്രുക്കൾക്ക് എന്തും ചെയ്യാം. അവരത് ശരിക്കും മുതലെടുത്തു. പീഢനങ്ങളും പരിഹാസങ്ങളും ഇരട്ടി ഇരട്ടിയായി വർദ്ധിച്ചു.. ജീവിത വഴിയിൽ ഇളം പ്രായത്തിലേ ഒറ്റപ്പെട്ട് പോയ പാവം റസൂലിനോട്ﷺ കുഫ്റിൻ കിങ്കരന്മാർ ഇത്തിരി പോലും കരുണ കാട്ടിയില്ല. വല്ലാതെ പ്രയാസത്തിലാവുകയാണ് മുത്ത് റസൂൽﷺ. കൂട്ടിപ്പിടിച്ചൊന്ന് ആശ്വസിപ്പിക്കാൻ ബീവി ഖദീജയുംرضي الله عنها അരികത്തില്ലല്ലോ...
മർദ്ദനം അസഹ്യമായപ്പോൾ ത്വാഇഫിലുള്ള കുടുംബക്കാരായ സഖീഫ് ഗോത്രത്തിലേക്ക് അഭയം തേടി മുത്ത് റസൂൽﷺ തങ്ങൾ പുറപ്പെടുകയാണ്.
ആരാരും അറിയാതെ കാൽ നടയായാണ് യാത്ര. വളർത്തു പുത്രനായ സൈദ് ബ്നു ഹാരിസ رضي الله عنه വുമുണ്ട് കൂടെ. ഒറ്റപ്പെട്ട് പോയ ജീവിതത്തോട് സ്വന്തം കുടുംബമെങ്കിലും മനുഷ്യത്വം കാണിക്കുമെന്ന പ്രതീക്ഷ നൽകിയ ഊർജ്ജത്തിൽ കിലോമീറ്ററുകൾ താണ്ടി അവർ ത്വാഇഫിലെത്തുന്നു.
അവിടെ എത്തിയ ഉടനെ ഗോത്രനേതാക്കളെ കണ്ട് ഇഷ്ടത്തോടെ വിശുദ്ധ മതത്തെ പരിചയപ്പെടുത്തുകയാണ് മുത്ത് നബിﷺ.
എന്നാൽ തീർത്തും അപ്രതീക്ഷിത അനുഭവങ്ങളാണ് ത്വാഇഫിന്റെ മണ്ണിൽ അരങ്ങേറുന്നത്. അവർ മുത്ത് റസൂൽﷺ തങ്ങളെ
സ്വീകരിച്ചില്ലെന്ന് മാത്രമല്ല , തങ്ങളെ صلى الله عليه وسلم വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് വല്ലാതെ പരിഹസിക്കുകയാണ്.
കുട്ടികളെയും ഭ്രാന്തൻമാരെയും ഇളക്കിവിട്ട് ആരമ്പപ്പൂവായ തങ്ങളെصلى الله عليه وسلم അവർ മർദ്ദിക്കുന്നു.. കല്ലേറ് കൊണ്ട് ശറഫാക്കപ്പെട്ട മുൻ പല്ല് പൊട്ടുന്നു. പൂമേനിയിൽ നിന്നും രക്തം ചിന്തുകയാണ്. ത്വാഇഫിൻ്റെ തെരുവീഥികളിലൂടെ കിലോമീറ്ററുകളോളം മുത്ത് റസൂലുല്ലാഹിصلى الله عليه وسلم തങ്ങളെ ആ ക്രൂരന്മാർ ഓടിക്കുന്നു..
എല്ലാം സഹിച്ചു മുത്ത് റസൂൽﷺ !
ത്വാഇഫുകാരോട് മുത്ത് റസൂൽ صلى الله عليه وسلم തങ്ങൾ ഒട്ടും ദേശ്യപ്പെട്ടില്ല. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും പ്രതികരിച്ചില്ല..
വിനയത്തോടെ ഒരൊറ്റ കാര്യമേ ആറ്റൽ റസൂൽﷺ പറഞ്ഞൊള്ളൂ :
"ഞാൻ ഇവിടെ വന്നത് നിങ്ങൾ ആരോടും പറയരുത്, മക്കക്കാരറിഞ്ഞാൽ അവർ എനിക്ക് നേരെയുള്ള ആക്രമത്തിൻ്റെ ശക്തി കൂട്ടും, എന്നെ പരിഹസിക്കും."
എന്നാൽ മനുഷ്യത്വം മരവിച്ച ത്വാഇഫിലെ ജനത ആരംഭ റസൂലിന്റെﷺ ആ വാക്ക് പോലും കേട്ടില്ല.. മുത്ത് റസൂൽ ﷺ തങ്ങളുടെ ആഗമനത്തെ പറ്റി
നാടാകെ പാടി നടന്നു.
ശാരീരിക മാനസിക വേദനയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സമയത്താണ്, രംഗം കണ്ട് സഹിക്കാനാവാതെ വാന ലോകത്തെ മാലാഖമാർക്കിടയിൽ നിന്നും ജിബ്‌രീൽ
عليه السلام
ഇറങ്ങി വരുന്നത്. വേദനയോടെ മലക്ക് عليه السلام ചോദിക്കുകയണ് : "ആ രണ്ട് മലകളെ തമ്മിൽ ഇടുക്കി ഞാനവരെ നശിപ്പിച്ചോട്ടെ നബിയേﷺ..?"
അന്നേരം കാരുണ്യക്കടലായ നമ്മുടെ മുത്ത് നബി ﷺ, ഇത്രയധികം അവിടുത്തോട്ﷺ ക്രൂരത കാട്ടിയ ജനങ്ങളെ പറ്റി പറഞ്ഞതെന്തെന്നറിയോ?!
"വേണ്ട ജിബ്‌രീലേ.. عليه السلام, അവർ പാവമാണ്. വിവരക്കേട് കൊണ്ട് ചെയ്യുന്നതാണ് "
അവസാനം നിരാശയോടെ ഒരുതോട്ടത്തിൽ അഭയം തേടുകയാണ് മുത്ത് റസൂൽﷺ!
എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ദുഃഖഭാരത്തോടെ ഇനി എങ്ങോട്ട് എന്ന ചിന്തയിൽ മുത്ത് റസൂലുല്ലാഹിصلى الله عليه وسلم തങ്ങൾ കാരുണ്യവാനായ അല്ലാഹുവിലേക്ക് ﷻ കരമുയർത്തുകയാണ്:
" യാ, അല്ലാഹ്,ﷻ എൻ്റെ ദൗർബല്യത്തെ കുറിച്ചും ബലഹീനതയെകുറിച്ചും നന്നായറിയുന്ന കാരുണ്യവാനാണല്ലോ നീ....
നീ ദുർബലരുടെ നാഥനാണ്, എൻ്റെ നാഥനാണ്, നിന്നോട് ഞാൻ ആവലാതി ബോധിപ്പിക്കുന്നു.. ആരുമില്ലാത്തവരുടെ രക്ഷിതാവായ അല്ലാഹ്ﷻ, ആരിലേക്കാണ് നീ എന്നെ ഏൽപ്പിച്ച് കൊടുക്കുന്നത്.. എന്നെ അപമാനിക്കുന്നവരിലേക്കാണോ...? നിനക്കെന്നോട് കോപമില്ലെങ്കിൽ എനിക്കിതൊന്നും ഒരു പ്രശ്നമല്ല അല്ലാ..ഹ്ﷻ, എത്ര വേണമെങ്കിലും അവരെന്നെ ആക്ഷേപിച്ചോട്ടെ.. നിനക്ക് തൃപ്തിയാകുവോളം നിനക്ക് വേണ്ടി കഷ്ടപ്പെടാൻ ഞാൻ തയ്യാറാണ്. നീ നൽകുന്ന സഹായം അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലുത്.. നിൻ്റെ കോപം എൻ്റെ മേൽ വന്ന് ഭവിക്കുന്നതിൽ നിന്നും നിന്നോട് തന്നെ ഞാൻ അഭയം ചോദിക്കുന്നു. എല്ലാ കഴിവും നിനക്ക് മാത്രമാണല്ലോ അല്ലാഹ്ﷻ".
വികാരനിർഭരമായൊരു പ്രാർത്ഥന! അവിടുത്തെ صلى ا الله عليه وسلم അങ്ങേയറ്റത്തെ ക്ഷമയും തവക്കുലും വിളിച്ചറിക്കുന്ന പ്രാർത്ഥന!!
അല്ലാഹുവിൻ്റെﷻ കോപത്തിന് കാരണമായ എന്തെങ്കിലും വന്നു പോയോ എന്നാണ് അപ്പോഴും മുത്ത് റസൂലുല്ലാഹിصلى الله عليه وسلم
തങ്ങൾ ചിന്തിക്കുന്നത്.
പ്രാർത്ഥനയ്ക്കുത്തരമെന്നോണം ആദ്യം അല്ലാഹുﷻ ക്ഷീണം മാറ്റാനും വിഷപ്പകറ്റാനുമുള്ള മാർഗം ഉണ്ടാക്കിക്കൊടുക്കുന്നു... അതും ശത്രു കരങ്ങളാൽ തന്നെ! മക്കയിലെ നേതാക്കളായ ഉത്ബയുടെയും ശൈബയുടെയും തോട്ടമായിരുന്നു അത്. അവർക്ക് മനസിൽ കരുണ തോന്നുകയും ഒരു പാത്രം നിറയെ മുന്തിരി ഭൃത്യനായ അദ്ദാസിൻ്റെ കയ്യിൽ കൊടുത്തയക്കുകയും ചെയ്യുന്നു..
ഇന്നത്തെ നമ്മുടെ യാത്ര ഇസ്റാഅ്- മിഅ്റാജ് അല്ലേ..?!
അതിനാൽ തൽകാലം ത്വാഇഫിൽ നിന്നും നമുക്ക് ഉമ്മു ഹാനിഇന്റെ വീട്ടിലേക്ക് തന്നെ മടങ്ങാം..
നമ്മുടെ മുത്താറ്റൽ തങ്ങൾ صلى الله عليه وسلم ഈ ദീൻ നമ്മിലേക്കെത്തിച്ച് തരാൻ എത്രയാ കഷ്ടപ്പെട്ടത്?! ജീവിതത്തിലെ ഓരോ സെക്കൻ്റും അവിടുത്തേക്ക്صلى الله عليه وسلم സ്വലാത്തും സലാമും സമർപ്പിച്ചാലും തീരുമോ അവിടുത്തോടുള്ളﷺ നമ്മുടെ കടപ്പാട്?!
ഒരു ചിന്ത കൊണ്ട് പോലും വേദനിപ്പിക്കാൻ പാടുണ്ടോ നാം നമ്മുടെ നേതാവിനെ صلى الله عليه وسلم ?!
ത്വാഇഫിൽ പൊഴിഞ്ഞ കണ്ണീരോടെ ചൊല്ലാം നമുക്ക് മദീനയിലേക്കൊരു സ്വലാത്ത് സലാമുകൾ.....
الصلاة والسلام عليك يا سيدي يارسول الله خذ بيدى قلت حيلتي ادركني
💚💚💚💚💚💚💚
ഇത്രയും കഠിനമായ മാനസിക ശാരീരികമായ സങ്കടങ്ങളാൽ, ഏകാന്തത അനുഭവപ്പെട്ട മുത്ത് റസൂലുല്ലാഹി صلى الله عليه وسلم തങ്ങളെയൊന്ന് ചേർത്ത് പിടിക്കാൻ, ആരില്ലെങ്കിലും അങ്ങേയ്ക്ക്ﷺ ഞാനുണ്ടെന്ന് ബോധ്യപ്പെടുത്താൻ അല്ലാഹുﷻ തന്നെ തീരുമാനിക്കുകയാണ്. പ്രിയ ഹബീബിന്റെﷺ ക്ഷമയും തവക്കുലും കണ്ട് അല്ലാഹുﷻ അത്രയും സന്തോഷിച്ചിരിക്കണം. തൻ്റെ ഒരു സൃഷ്ടിക്കും കൊടുക്കാത്ത ഓഫർ! ലോക സൃഷ്ടാവിനെ നേരിൽ കാണാനുള്ള ആകാശ യാത്ര!!
എല്ലാ വേദനകളെയും മായിച്ചു കളയാൻ അനുയോജ്യമായ അത്യുന്നതമായ അനുഗ്രഹവർഷം !!
💚💚💚💚💚💚💚
നുബുവ്വത്തിന്റെ 11-ാം വർഷം ഒരു രാത്രി!. ഉമ്മു ഹാനിഇന്റെ വീട്ടുപടിക്കൽ ബുറാഖെന്ന അദ്ഭുത വാഹനത്തിൽ എത്തിയിരിക്കുകയാണ് മലക്കുൽ അമീൻ ജിബ്‌രീൽعليه السلام !
വിവരമറിഞ്ഞ ആരംഭ റസൂൽﷺ തങ്ങൾ വഹ്‌യ് കൂട്ടുകാരൻعليه السلام എത്തിയ സന്തോഷത്തിൽ ആ കുഞ്ഞു വീട്ടിൽ നിന്നും പതിയെ പുറത്തിറങ്ങുകയാണ്.
പരസ്പരം സലാം ചൊല്ലിയ ശേഷം കൂടെയുള്ള വാഹനപുറത്തേക്ക് മുത്ത് റസൂലിനെﷺ ഇരുത്താനൊരുങ്ങുകയാണ് ജിബ്‌രീൽ عليه السلام.
അന്നേരമെന്തോ വെഷമം കാട്ടിയ ബുറാഖിന്റെ ശരീരത്തിൽ തടവിക്കൊണ്ട് ജിബ്‌രീൽعليه السلام
പറയുകയാണ്:
"അല്ലെയോ ബുറാഖ് , ഇത് മുഹമ്മദ്ﷺ നബിയാണ്, നീ വെറുപ്പ് പ്രകടിപ്പിക്കാൻ പാടില്ല. അല്ലാഹുവാണ്ﷻ സത്യം! മുഹമ്മദ്ﷺ നബിയെക്കാൾ ശ്രേഷ്ഠരായ മഹത്വമുള്ള ഒരു മുഖർറബായ മലക്കോ(عَلَيْهِ السَّلَام), ഒരു മുർസലായ പ്രവാചകരോ(عَلَيْهِ السَّلَام) നിൻ്റെ പുറത്ത് കയറിയിട്ടില്ല".
ജിബ്‌രീലിന്റെ عليه السلام
സംസാരത്തിൽ നിന്നും
ബുറാഖിന് കാര്യം മനസ്സിലാവുകയാണ്.
പേടിച്ചു വിറച്ചു കൊണ്ടാ ജീവി പറയുന്നു: "الشَّافِعُ ആയ മുഹമ്മദ് നബിﷺ തങ്ങൾ ശഫാഅത്തിന്റെ ഉടമസ്ഥരാണെന്ന് എനിക്കറിയാം. ആ നബിയുടെﷺ ശഫാഅത്ത് എനിക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു".
ശേഷം ബുറാഖ് പറയുകയാണ്: "എൻ്റെ പുറത്ത് ഇബ്രാഹിം നബിعَلَيْهِ السَّلَام കയറിയിട്ടുണ്ട്. മുഹമ്മദ്ﷺ തങ്ങൾ ഒരു നാൾ കയറുമെന്ന് മഹാനവർകൾعَلَيْهِ السَّلَام എന്നോട് നൂറ്റാണ്ടുകൾക്കു മുമ്പ് പറഞ്ഞിട്ടുണ്ട് "
ആ സമയത്ത് ജിബ്'രീൽعَلَيْهِ السَّلَام മുത്ത് നബിയുടെﷺ മഹത്വങ്ങൾ പറഞ്ഞു കൊടുക്കുകയാണ്: "ഇതാണ് الوَسِيلة യുടെയും الفَضِيلَة യുടേയും, الدّرَجَةِ الرَّفِيعَة യുടെയും ഉടമസ്ഥർﷺ !".
വല്ലാത്തൊരു മൊഞ്ചില്ലെയോ ബുറാഖിന്റെ സംസാരത്തിന്?!സ്വർഗ്ഗത്തിൽ നിന്നുള്ള അദ്ഭുത ജീവിയല്ലെയോ ബുറാഖ്! ആ ഒരു സൗന്ദര്യം എന്തായാലും ആ രൂപ ഭാവ സംസാരങ്ങളിൽ ഉണ്ടാകുമല്ലോ..
അർദ്ധരാത്രിയുടെ കൂരിരുട്ടിൽ ആറ്റൽ റസൂലിനെﷺ കൊണ്ട് പോകാൻ വന്ന ബുറാഖിനെ ഉമ്മു ഹാനിഇന്റെ മുറ്റത്ത് വെച്ച് നമുക്ക് ശരിക്കൊന്ന് കാണാം..
"കഴുതയേക്കാൾ വലുതും, കോവർ കഴുതയെക്കാൾ ചെറുതുമായ ഒരു മൃഗം!!
മനുഷ്യൻ്റെ മുഖമാണതിന്. കാളയുടെ വാലും ഒട്ടകത്തിന്റെ കാൽപ്പാദങ്ങളും.. തൂവെള്ള രോമങ്ങൾക്കിടയിലെ കറുത്ത രോമങ്ങൾ ശരിക്കും ബുറാഖിനെ സൗന്ദര്യ സമ്പൂർണ്ണമാക്കുന്നുണ്ട്. പ്രകാശത്തെ പോലും തോൽപിക്കുന്ന വേഗതയാണതിന്. ഓരോ ചുവടിലും ആദ്യത്തേതിനേക്കാൾ കണ്ണെത്താ ദൂരത്തേക്ക് കാലെടുത്തു വെക്കും. ഇറക്കത്തിൽ കൈ നീളുകയും കാൽ ചുരുങ്ങുകയും, കയറ്റത്തിൽ കാൽ നീളുകയും കൈ ചുരുങ്ങുകയും ചെയ്യും. ചിറകുകൊണ്ട് തന്റെ കാലിൽ അടിച്ചു കൊണ്ടേയിരിക്കും".
ما شاء الله......
എന്തോരു ചന്തമുള്ള വാഹനമാണ് ലേ ആകാശ യാത്രക്കായി മുത്ത് റസൂലിന് ﷺ വേണ്ടി അല്ലാഹുﷻ ഒരുക്കിക്കൊടുത്തത്.
ഇനി നമുക്ക് യാത്ര തുടങ്ങാം...! മുത്ത് നബിക്കുംﷺ ജിബ്‌രീൽ
عليه السلام
നുമൊപ്പം ബുറാഖെന്ന വാഹനത്തിൽ!!
അദബോടെ കുനിഞ്ഞ് കൊടുത്ത ബുറാഖിന്റെ പുറത്തേക്ക് മുത്ത് റസൂൽﷺ തങ്ങൾ കയറുകയാണ്, കൂടെ ജിബ്‌രീലുംعليه السلام. ഇരുൾ പടർന്ന് പന്തലിച്ച അറേബ്യൻ മണലാരണ്യത്തിലൂടെ അനുഗ്രഹീത വ്യക്തിത്വത്തെﷺ ലഭിച്ച സന്തോഷത്തിൽ കുതിച്ചോടുകയാണ് ബുറാഖ്! ലക്ഷ്യം അങ്ങേയറ്റത്തുള്ള മസ്ജിദുൽ അഖ്സ, അഥവാ ബൈത്തുൽ മുഖദ്ദിസ്!!
യാത്രക്കിടയിൽ ഒട്ടേറെ ചരിത്ര സ്ഥലങ്ങൾ ജിബ്‌രീൽ عليه السلام മുത്ത് റസൂൽﷺ തങ്ങൾക്ക് കാണിച്ച് കൊടുക്കുകയാണ്. മഹാന്മാരിലൂടെ സിയാറകളും ആ യാത്രയെ കൂടുതൽ സമ്പന്നമാക്കുന്നു..
നിമിഷ നേരങ്ങളെ കൊണ്ട് മൈലുകൾ നീണ്ട വൈദൂരം താണ്ടി ആ മൂവർ സംഘം ബൈത്തുൽ മുഖദ്ദസിലെത്തുന്നു..
പള്ളിയുടെ കുറച്ചപ്പുറത്തായി ഒരു കൊളുത്തിൽ ജിബ്‌രീൽ عليه السلام
ബുറാഖിനെ കെട്ടിയിടുകയാണ്.
(ആ ഒരു സ്മരണക്കായി ഇന്നും ഒരു കൊളുത്ത് നമുക്ക് അവിടെ കാണാം..)
ശേഷം ജിബ്‌രീൽ عليه السلام ഉം മുത്ത് നബിﷺ തങ്ങളും പള്ളിക്കകത്തേക്ക് കടക്കുകയാണ്.
ما شاء الله....
മുൻ കഴിഞ്ഞുപോയ പൂർവികരായ മുഴുവൻ അമ്പിയാ മുർസലീങ്ങളെയും
عليهم السلام
അല്ലാഹുﷻ അവിടെ ഹാജരാക്കുകയാണ്. അമ്പിയാക്കളാൽ തിളങ്ങുകയാണ് മസ്ജിദുൽ അഖ്സ!
പരസ്പര സ്നേഹ - സൗഹൃദങ്ങൾക്ക് ശേഷം സന്തോഷ സൂചകമായി രണ്ട് റക്അത്ത് നിസ്ക്കരിക്കാൻ തീരുമാനിക്കുന്നു.. ഉപ്പാപ്പമാരോടും മുതിരന്നവരോടുമുള്ള ആദരവ് മൂലം ഇമാമ് നിൽക്കാൻ വിസമ്മതിക്കുന്ന മുത്ത് നബിയോട്ﷺ ജിബ്‌രീൽ
عليه السلام
പറയുകയാണ് : "വേണ്ട നബിയേ...ﷺ, മാറി നിൽക്കണ്ട . അങ്ങാണ്ﷺ ഇമാം നിൽക്കേണ്ടത്.
അങ്ങിനെ അമ്പിയാക്കൾക്ക് ഇമാമായി മുത്ത് നബിﷺ തങ്ങൾ നിസ്കരിക്കുന്നു.
ഈ യാത്രയാണ് ഇസ്റാഅ്!
ശേഷം വലത്തും ഇടത്തും മലക്കുകൾ അകമ്പടി സേവിക്കുന്ന പവിഴങ്ങളാലുള്ള പടവുകൾ ഹാജറാക്കപ്പെടുന്നു.. ആത്മാക്കൾ ഉന്നതങ്ങളിലേക്ക് കയറുന്ന പടവുകൾ!!
അതെ, ആരംഭ റസൂൽﷺതങ്ങൾ പോവുകയാണ്, ബൈത്തുൽ മുഖദ്ദിസിലെ പാറക്കെട്ടിന് മുകളിൽ നിന്നും വാനലോകത്തേക്കൊരു യാത്ര!
ജിബ്‌രീൽ عليه السلام കൂടെ തന്നെയുണ്ട്.
ശരിക്കും വിസ്മയമാണാ യാത്ര! നിശ്ചിത ദൂരം പിന്നിട്ടാൽ പിന്നെ ശ്വാസവായു ഇല്ലാത്ത ഇടങ്ങളിലൂടെ ഇന്നത്തെ ബഹിരാകാശ യാത്രികർ ഉപയോഗിക്കുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് മുത്ത് റസൂൽﷺ തങ്ങളുടെ ആ ആകാശ യാത്ര!!
നേരത്തെ നാം കണ്ട പോലെ അളക്കാൻ പറ്റാത്ത ദൂരം സെകന്റുകളുടെ കൊണ്ട് താണ്ടി ഹബീബുംﷺ സ്വാഹിബും عليه السلام ഒന്നാനാകാശത്തെത്തുകയാണ്.
മുത്ത് റസൂൽ صلى الله عليه وسلم തങ്ങളാണ് വന്നതെന്നറിഞ്ഞപ്പോൾ സ്വാഗതം ചെയ്ത് കൊണ്ട് ഇസ്മാഈൽ عليه السلام എന്ന മലക്ക് കവാടം തുറന്ന് കൊടുക്കുന്നു..
അങ്ങിനെ ഒന്നാം ആകാശത്തേക്ക് പ്രവേശിക്കുന്നു.. അവിടെ മനുഷ്യ കുലത്തിന്റെ പിതാവായ ആദ്യ പ്രവാചകർ ആദം നബി عليه السلام നെ കാണുന്നു. മുത്ത് നബിﷺ തങ്ങൾക്ക് വല്ലാത്ത സന്തോഷമാവുന്നു..
യാത്ര റാഹത്തോടെ തുടരുകയാണ്.. ഓരോ ആകാശങ്ങളും പിന്നിട്ട് ഏഴാനാകാശം വരെ!
രണ്ടാനാകാശത്ത് ഈ സാനബിعليه السلام യും യഹ്‌യാ നബിعليه السلام യും മൂന്നാനാകാശത്ത് യൂസുഫ് നബിعليه السلام യും
നാലാനാകാശത്ത് ഇദ്‌രീസ് നബി عليه السلام യും അഞ്ചാനാകാശത്ത് ഹാറൂൻ നബിعليه السلام യും ആറാനാകാശത്ത് മൂസാനബിعليه السلام യും ഏഴാനാകാശത്ത് ഇബ്രാഹീം നബിعليه السلام യും മുത്ത്റസൂലുല്ലാഹിصلى الله عليه وسلم തങ്ങളെ കാത്ത് നിൽക്കുകയാണ്.
എല്ലാ അമ്പിയാക്കളും
عليهم السلام
അശ്റഫുൽ ഖൽഖായ മുത്ത് റസൂൽﷺ തങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകുന്നു..
ആറ്റൽ റസൂൽ ﷺ തങ്ങളുടെ ഖൽബകം പൂർവ്വികരുടെ സ്നേഹം നിറഞ്ഞ ഇടപെടലിൽ ശരിക്കും കുളിരണിയുകയാണ്.. സൃഷ്ടാവായ അല്ലാഹുവിലേക്കുള്ളﷻ യാത്രയുടെ ഓരോ ഘട്ടങ്ങളും ശരിക്കും ആസ്വദിക്കുകയാണ് മുത്ത് നബി ﷺ.
വാനലോകത്തിലൂടെയുള്ള ആ മധുര മനോഹര യാത്ര തുടരുകയാണ്. അവിടെ പകലോ രാത്രിയോ എന്നറിയില്ല.. കാരണം ഭൗമാന്തരീക്ഷം വിട്ടാൽ പിന്നെ പകലന്തികൾ ഇല്ലല്ലോ..
ജിബ്‌രീലും عليه السلام മുത്ത് റസൂൽﷺ തങ്ങളുമതാ
സിദ്റത്തുൽ മുൻതഹാ എന്ന വൃക്ഷത്തിനടുത്തെത്തുന്നു.
പിന്നെ സ്വർഗീയ അനുഭൂതികളും ഭീതി നിറഞ്ഞ നരകവും കാണുന്നു.. ഉന്നതമായ അനുഗ്രഹങ്ങൾ ലഭിച്ച മനുഷ്യരെ കാണും നേരം സന്തോഷത്തോടെയും വ്യത്യസ്ത രീതിയിൽ ഗൗരവമേറിയ ശിക്ഷ ഏറ്റുവാങ്ങുന്ന ഹതഭാഗ്യരെ കാണുമ്പോൾ ബേജാറോടെയും ജിബ്‌രീലിനോട്عليه السلام മുത്ത് നബിﷺ അവരെ കുറിച്ച് അന്വേഷിക്കുകയാണ്. എല്ലാ സംശയങ്ങളും ജിബ്‌രീൽعليه السلام ക്ലിയറാക്കി കൊടുക്കുന്നു..
ശേഷം പ്രത്യേകമായ ഒരു സ്ഥലത്തെത്തുകയാണവർ.
അതോടെ ജിബ്‌രീൽ عليه السلام മുത്ത് നബിﷺ യോട് പറയുകയാണ്:
"ഇനി അങ്ങോട്ടെനിക്ക് അനുമതിയില്ല നബിയേﷺ...., ഞാൻ കരിഞ്ഞ് പോകും. അതിനാൽ അങ്ങ്ﷺ പോയി വരൂ..."
"യാ അല്ലാ...ഹ്ﷻ, ഒറ്റക്ക് പോകാനോ? അതും ഒട്ടും പരിചയമില്ലാത്ത ഇടങ്ങളിലൂടെ...."
ആ സമയത്തതാ ആരംഭ റസൂൽصلى الله عليه وسلم തങ്ങൾക്ക് പ്രിയ കൂട്ടുകാരനെ ഓർമ വരികയാണ്.
"എൻ്റെ അബൂബക്കറുണ്ടായിരുന്നെങ്കിൽ
رضي الله عنه
എന്നെ ഒറ്റക്ക് വിടൂലായിരുന്നു.."
അബൂബക്കർ رضي الله عنه വിന്റെ സാന്നിധ്യത്തിനായ് ആകാശ ഉച്ചിയിൽ നിന്നും ആറ്റൽ റസൂൽﷺ വല്ലാതെ കൊതിച്ച് പോവുകയാണ്.
അല്ലെങ്കിലും യാത്ര സ്വിദ്ദീഖ് رضي الله عنه തങ്ങൾ അറിയാത്തത് കൊണ്ടല്ലേ...? യാത്ര വിവരം പങ്ക് വെക്കാനുള്ളൊരു സാവകാശം മുത്ത് റസൂൽﷺ തങ്ങൾക്കും കിട്ടിയില്ലല്ലോ..
അതെങ്ങാനും സ്വിദ്ദീഖ് തങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ ബുറാഖിന്റെ കടിഞ്ഞാണിൽ തൂങ്ങി ജിബ്‌രീലിന്റെ കാലു പിടിച്ച് പ്രിയ ഹബീബിനെﷺ ഒറ്റക്ക് കൊണ്ട് പോകരുതെന്ന് മഹാനവർകൾ رضي الله عنه വാശി പിടിക്കില്ലെയോ...?! "എന്നെയും കൂട്ടാമോ കൂടെ" എന്നെങ്ങാനും സ്വിദ്ദീഖോര് ചോദിച്ചാൽ പിന്നെ കൂട്ടാതെ പോകാൻ മുത്ത് നബിക്ക് ﷺ കഴിയുമോ?!
മുത്ത് റസൂൽ തങ്ങളെ ﷺ തികച്ചും രഹസ്യമായിട്ട് ജിബ്‌രീലിന്റെ
عليه السلام
കൂടെ അല്ലാഹുﷻ വാനലോകത്തേക്കുയർത്തുകയായിരുന്നു..
അവിടെ വെച്ച് കൂടെയുണ്ടായിരുന്ന ജിബ്‌രീലും عليه السلام മാറി നിൽക്കുമ്പോൾ ഒരു വേള മുത്ത് നബിﷺ തങ്ങൾക്ക് ധൈര്യമായി മുന്നോട്ട് പോകാമായിരുന്നു.. കാരണം അരികിലേക്ക് അല്ലാഹുﷻ വിളിച്ച് വരുത്തിയതല്ലേ.. അപ്പോൾ വേണമെങ്കിൽ അന്തസ്സോടെ ഇലാഹിനരികിലേക്ക്ﷻ ഒറ്റക്ക് തന്നെ പോകാമായിരുന്നു മുത്ത് നബിക്ക്ﷺ!
എന്നാൽ അന്നേരവും പ്രിയ കൂട്ടുകാരന്റെ رضي الله عنه സാന്നിധ്യത്തിനായി കൊതിക്കുകയാണ് മുത്ത് റസൂൽﷺ!
ശരിക്കും നന്മ നിറഞ്ഞ സൗഹൃദത്തിന്റെ മൂല്യം കാണിച്ചു തരികയാണവിടെ! ജീവിതത്തിലെ ഏത് ഘട്ടങ്ങളിലും കൂടെ ഒരു നിഴൽ പോലെ ഖൈറായ സൗഹൃദമുണ്ടായാൽ, ആത്മീയ ചിന്തകളിലൂടെ ജീവിതത്തെ മധുരമാക്കാനാവും..
മിഅ്റാജ് യാത്രയിലേക്ക് തന്നെ വരൂ....
മുഹിബ്ബിനെ رضي الله عنه
കൊതിക്കുകയാണ് മഹ്ബൂബ്ﷺ!
മുത്ത് റസൂലുല്ലാഹി صلى الله عليه وسلم തങ്ങളുടെ മനസ്സറിഞ്ഞ അല്ലാഹുﷻ ഒരു മലക്കിനതാ സ്വിദ്ദിഖ് തങ്ങളുടെ
رضي الله عنه
അതേ ശബ്ദം നൽകുകയാണ്. എന്നിട്ടു മലക്ക് പറയുകയാണ്:
"ധൈര്യമായി പൊയ്ക്കോളൂ നബിയേ...ﷺ, പേടിക്കേണ്ട."
ചേർത്ത് പിടിക്കുന്ന കരങ്ങളാണല്ലോ പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ ഓരോരുത്തരേയും തുണക്കുന്നത്.
സ്വിദ്ദീഖോരുടെ
رضي الله عنه
ശബ്ദ സാന്നിധ്യത്തിൽ നിന്നും ലഭിച്ച ആത്മധൈര്യത്തെ കൂട്ടു പിടിച്ച് മുത്ത് റസൂൽﷺ തങ്ങൾ തനിയെ മുന്നോട്ട് നീങ്ങുകയാണ്.
അങ്ങിനെ കാലിലെ ചെരിപ്പ് പോലും അഴിക്കാതെയുള്ള മുത്ത് റസൂലുല്ലാഹിصلى الله عليه وسلم.... അല്ലാഹുവിൻ്റെ സന്നിധിയിലേക്ക്..
ഇവിടെ ഒരു കാര്യം നിങ്ങൾക്ക് ഓർമ വരുന്നുണ്ടോ?! അന്നൊരിക്കൽ മൂസാനബി عليه السلام അല്ലാഹുവിനെ കാണണമെന്ന് പറഞ്ഞപ്പോ "നിനക്ക് എന്നെ കാണാൻ കഴിയില്ല മൂസാ عليه السلام ...."
എന്ന് പറഞ്ഞ അല്ലാഹു തആലﷻ യോട് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ചെരുപ്പ് ഊരി തൂരിസീനാമലയിൽ കയറാൻ പറഞ്ഞു. അല്ലാഹുവിന്റെﷻ നൂറിൻ്റെ ഒരു അംശം കണ്ടപ്പോഴേക്കും മഹാനവർകൾعليه السلام ബോധം കെടുന്നു.
ഇതിലൂടെ നമുക്ക് മനസിലാക്കാമല്ലോ അല്ലാഹു തആലﷻ അവൻ്റെ പ്രിയപ്പെട്ട ഹബീബിന്صلى الله عليه وسلم കൊടുത്ത സ്ഥാന മെത്രയെന്ന്?!
പാദങ്ങളിൽ കെട്ടിപ്പുണർന്ന് കിടക്കുന്ന നഅലേ മുബാറക്ക് അഴിക്കാനാവശ്യപ്പെടാതെ ഇലാഹിനരികിലേക്ക് വിളിക്കുകയാണ് മുത്ത് റസൂലിനെﷺ !
അങ്ങിനെ അല്ലാഹുവുംﷻ അവൻ്റെ ഹബീബുംﷺ മാത്രമുള്ള നയന മനോഹരമായൊരു കൂടിക്കാഴ്ച്ച.. ലോകം കണ്ടതിൽ ഏറ്റവും ഹൃദ്യമായ ഒത്തുചേരൽ.. ഒരിക്കലും വർണ്ണിക്കാനാവില്ല ആ ഒരു സംഗമത്തെ! കാരണം ആര് തമ്മിലാ കണ്ട് മുട്ടിയിരിക്കുന്നത്?! പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവുംﷻ സൃഷ്ടിപ്പിന് ഹേതുവായ നൂറേ ഹുദാﷺ തങ്ങളും.
അഭിവാദ്യ പ്രത്യഭിവാദ്യങ്ങൾക്ക് ശേഷം അല്ലാഹു തആലﷻ വിലമതിക്കാനാവാത്ത ഒരു സമ്മാനം ഉമ്മത്തിന് നൽകാൻ മുത്തായ റസൂലുല്ലാഹിصلى الله عليه وسلم തങ്ങളെ ഏൽപ്പിക്കുകയാണ്. ഉമ്മത്തിനെ മറന്നൊരു സന്തോഷം ആരംഭ റസൂലിന്ﷺ ഇല്ലെന്ന് അല്ലാഹുവിന്ﷻ ശരിക്കും അറിയാമല്ലോ..
ഉമ്മത്തീങ്ങളായ നമുക്ക് നൽകാനായി റജബ് 27 ന്റെ സുന്ദര രാവിൽ വാനലോകത്ത് വെച്ച് യജമാനനായ അള്ളാഹുﷻ ആരംഭ റസൂലുല്ലാഹിﷺ തങ്ങളെ ഏൽപിച്ച വിലമതിക്കാനാവാത്ത സമ്മാനം എന്താണെന്നല്ലേ...?!
ഒരു അടിമക്ക് അവൻെറ യജമാനനുമായിﷻ സംവദിക്കാനുള്ള സുവർണ്ണാവസരം! സൃഷ്ടിക്ക് സൃഷ്ടാവിനു മുമ്പിൽ മനസ് തുറക്കാനുള്ള അവസരം!
ഒരു പ്രണയിനിക്ക് തൻ്റെ പ്രണയനാഥനുമായി സല്ലപിക്കാനുള്ള അവസരം!
പ്രിയ ഹബീബിന്ﷺ നേരിട്ട് സംസാരിക്കാൻ അവസരം കൊടുത്തപ്പോൾ അതിൻ്റെ ചെറിയ ഒരു അംശമെന്നോണം ഈ ഉമ്മത്തിനും തൻ്റെ സൃഷ്ടാവുമായിﷻ സംസാരിക്കാനുള്ള അവസരം ഒരുക്കിയതായിരിക്കാം വദൂദായ അല്ലാഹുﷻ!!
അപ്പോഴല്ലേ
മുത്തായ തങ്ങൾക്കുംصلى الله عليه وسلم സന്തോഷം പൂർണ്ണമാവുകയൊള്ളൂ..
ഉമ്മത്തിനെ അതിരറ്റ് സ്നേഹിക്കുന്ന തുല്യതയില്ലാത്ത നേതാവല്ലേ നമ്മുടെ എല്ലാമെല്ലാമായ പുണ്യ നബി صلى الله عليه وسلم.!
എന്തായിരിക്കാം ഏഴാകാശം താണ്ടി അല്ലാഹുവിൽﷻ നിന്ന് നേരിട്ട് മുത്ത് റസൂൽﷺ തങ്ങൾ കൊണ്ടുവന്ന ഗിഫ്റ്റെന്നല്ലേ...?!
അൽപ്പം കൂടി കൂടെ വന്നാൽ അതും കൂടി നമുക്കങ്ങ് മനസ്സിലാക്കാം...
അല്ലാഹുവുമായുള്ള ﷻ പവിത്രമേറിയ കൂടിക്കാഴ്ചക്ക് ശേഷം ഉമ്മത്തിന് വേണ്ടി
50 വഖ്ത് നിസ്ക്കാരം അല്ലാഹുﷻ ഓഷാരമായി നൽകുകയാണ്. അതുമായി സന്തോഷത്തോടെ തിരിച്ച് വരുന്ന മുത്ത് റസൂൽﷺ തങ്ങളോട് മൂസാ നബി
عليه السلام
വിശേഷങ്ങൾ ആരായുകയാണ്.
നാഥനോടൊന്നിച്ചുള്ള ﷻ സന്തോഷ മുഹൂർത്തങ്ങൾ പങ്ക് വെക്കുന്നതിനിടക്ക് ഉമ്മത്തിന് കൊടുക്കാൻ വേണ്ടി സമ്മാനമായി ലഭിച്ച 50 വഖ്ത് നിസ്കാരത്തെ കുറിച്ചും മുത്ത് നബിﷺ സന്തോഷം പറയുന്നു..
അന്നേരം മൂസാ നബിعليه السلام മുത്ത് നബി ﷺ തങ്ങളോട് പറയുകയാണ്:
"ഇല്ല നബിയേﷺ.., ഇത്രയും നിസ്ക്കാരം അങ്ങയുടെﷺ ഉമ്മത്തിനെ കൊണ്ട് കഴിയില്ല. അതിനാൽ അല്ലാഹുവിലേക്ക്ﷻ തിരിച്ച് പോയി എണ്ണം കുറച്ച് തരാൻ വേണ്ടി അങ്ങ്ﷺ പറയണം."
അങ്ങനെ മുത്ത് നബിﷺ അല്ലാഹുവിലേക്ക്ﷻ തന്നെ മടങ്ങി പോവുകയാണ്, മുത്ത് റസൂലിന്റെﷺ ആവശ്യം കേട്ട് അല്ലാഹുﷻ
45 ആക്കി കുറച്ചു കൊടുക്കുന്നു.
വീണ്ടും അരികിലെത്തുന്ന മുത്ത് റസൂലിനെﷺ എണ്ണം ഇനിയും കുറക്കാനായി അല്ലാഹുവിലേക്ക്ﷻ മടക്കി അയക്കുകയാണ് മൂസാ നബിعليه السلام!
മൂസാ നബിയുടെعليه السلام ഉമ്മത്തിന് അല്ലാഹുﷻ കൊടുത്ത രണ്ട് വഖ്ത് നിസ്കാരം പോലും അവർ കൃത്യമായി നിർവഹിക്കാത്ത വേദന മൂസാ നബിക്ക്عليه السلام അറിയാം. ആ ഒരു അനുഭവത്തിൽ നിന്നും ആരംഭ റസൂലിന്ﷺ സ്വന്തം ഉമ്മത്തിൽ നിന്നും അങ്ങനെ ഒരനുഭവം ഉണ്ടാകരുതെന്ന് ആഗ്രഹിച്ചതാവാം മൂസാ നബിعليه السلام.
കാരണം പ്രവാചകന്മാർക്കൊക്കെ
عليهم السلام
അത്രക്കും ഇഷ്ടമാണല്ലോ മുത്ത് നബിയെﷺ.
പിന്നെ ജീവിത കാലത്ത് അല്ലാഹുവിനെﷻ കാണാൻ വല്ലാതെ ആശ വെച്ച് നടന്നവരല്ലേ മൂസാ നബിعليه السلام. ജല്ലജലാലായ റബ്ബിന്റെ നൂറിന്റെ ഒരംശം കണ്ടപ്പോഴേക്ക് ബോധം നഷ്ടപ്പെട്ട് ആ ആഗ്രഹത്തിൽ നിന്നും തൽക്കാലം മാറി നിൽക്കേണ്ടി വന്ന മൂസാ നബിعليه السلام ഈ ഒരവസരം ശരിക്കും ഉപയോഗപ്പെടുത്തിയതുമാവാം.. കാരണം ഓരോ തവണവും മുത്ത് റസൂലിനെﷺ പറഞ്ഞയക്കുന്നത് അല്ലാഹുവിലേക്കാണ്ﷻ.
50 വഖ്തുമായി വന്നപ്പോൾ തന്നെ അതിനെ എതിർക്കാതിരുന്നുവെങ്കിൽ, അപ്പോൾ തന്നെ മൂസാ നബിയേയുംعليه السلام കടന്ന് തിരുദൂതർﷺ താഴേക്ക് സഞ്ചരിച്ചിട്ടുണ്ടാകുമായിരുന്നു.. എന്നാൽ ഓരോ തവണവും മടക്കി അയക്കുന്നതിലൂടെ കാരുണ്യവാനെﷻ കണ്ട് വരുന്ന മുത്ത് റസൂലിനെﷺ കാണാനുള്ള സൗഭാഗ്യമാണ് മൂസാ നബിعليه السلام അനുഭവിക്കുന്നത്.
ഒടുവിൽ 50 ൽ നിന്നും പല തവണകളായി 5 ലേക്കാക്കി കൊടുക്കും നേരം അല്ലാഹുﷻ പറയുകയാണ്:
"നബിയേ... ﷺ
50 ആണ് ഞാൻ ഉമ്മത്തിന് വേണ്ടി ഉദ്ദേശിച്ചിരുന്നത്. ആ 50 ന് ലഭിക്കുന്ന പുണ്യം ഈ 5 ൽ ഞാനവർക്ക് നൽകാം.."
അതോടെ ആരംഭ റസൂലിന്റെﷺ ഖൽബകം സന്തോഷം കൊണ്ട് നിറയുകയാണ്.
വീണ്ടും കുറയ്ക്കാനായി മടങ്ങിപ്പോവാൻ പറയുന്ന മൂസാ നബിയോട്عليه السلام മുത്ത് നബിﷺ പറയുകയാണ്:
"ഇത് കൊണ്ട് ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു ..."
ഇതാണ് മിഅ്റാജ് !!
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മുത്ത് റസൂൽﷺ തങ്ങൾ പോയ സന്തോഷങ്ങൾ നാട്ടുകാരോട് പങ്ക് വെച്ച നേരം അവർ വീണ്ടും പരിഹസിക്കുകയാണ്. അവരുടെ വികസന ത്വരയില്ലാത്ത ബുദ്ധികൊണ്ട് അവർക്കതൊന്നും ചിന്തിക്കാൻ പോലും പറ്റുന്നില്ല.
എന്നാൽ പ്രിയ കൂട്ടുകാരൻ അബൂബക്കർ
رضي الله عنه
അരികിലെത്തിയ നേരം, പ്രതീക്ഷയിലും ആവേശത്തിലും മുത്ത് റസൂൽﷺ തങ്ങൾ കഴിഞ്ഞ രാത്രിയിലെ അനുഭവങ്ങൾ വിവരിക്കുന്നു..
ഉടനെ അബൂബക്കർ رضي الله عنه മുത്ത് റസൂൽﷺ തങ്ങൾ പറഞ്ഞതെല്ലാം ഒട്ടും സംശയമില്ലാതെ പൂർണ്ണമായും വിശ്വസിക്കുകയാണ്.
കേട്ടവരെല്ലാം അവിശ്വസിച്ച ആ നേരം വിശ്വാസത്തോടെ കൂടെ നിന്ന പ്രിയ അബൂബക്കറിനെرضي الله عنه ആരംഭ റസൂൽﷺ തങ്ങൾ ഇഷ്ടത്തോടെ വിളിച്ച പേരാണ് "സ്വിദ്ദീഖ്"!
💚💚💚💚💚💚💚
എത്രയാണുലേ നിസ്ക്കാരത്തിന്റെ വില ?!
അല്ലാഹു തആല ﷻ അരികിലേക്ക് വിളിച്ച് വരുത്തി നമ്മുടെ മുത്ത് നബിന്റെ ﷺ അടുത്ത് നമുക്ക് വേണ്ടി കൊടുത്തയച്ച വിലമതിക്കാനാവാത്ത സമ്മാനം!!
ആത്മീയമായ ആനന്ദത്തോടെ
ആസ്വദിച്ച് പ്രപഞ്ചനാഥനായ റഹ്മാനായ വദൂദായ ഏകനായ സൃഷ്ടാവായ അല്ലാഹുവിൽﷻ ലയിച്ച് കൊണ്ട് നിസ്കരിക്കാൻ നമുക്ക് കഴിയണം. അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻
💚💚💚💚💚💚💚
_*[മുത്ത് നബിﷺ തങ്ങളിലേക്കും ജിബ്‌രീൽعليه السلام ലേക്കും മുഴുവൻ അമ്പിയാ മുർസലീങ്ങളിലേക്കുംعليهم السلام ആമിന ബിവിയിലേക്കും رضي الله عنها അബ്ദുല്ല رضي الله عنه വിലേക്കും ഉമ്മു ഹാനിഅ് رضي الله عنها യിലേക്കും സ്വിദ്ദീഖ് رضي الله عنه വിലേക്കും ഇതുവരെ പച്ചയിലൂടെ നാം സ്മരിച്ചതും അല്ലാത്തതുമായ മുഴുവൻ മഹത്തുക്കളിലേക്കും നമുക്ക് 3 ഫാത്തിഹ ഓതി ഹദ്‌യ ചെയ്യാമല്ലോ.. കൂടെ 11 സ്വലാത്തുൽ ഹുളൂറും ചൊല്ലണേ...]*_
_*( اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَارَسُولَ اللّٰه خُذْ بِأَيْدِينَا قَلَّتْ حِيلَتُنَا أَدْرِكْنَا )*_
🛑🛑
*പോസ്റ്റിൽ യാതൊരു വിധ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്നത് പൊരുത്തമില്ല. മാറ്റങ്ങളൊന്നും വരുത്താതെ ഫോർവേഡ് ചെയ്യാവുന്നതാണ്.*
🛑🛑
💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

No comments:
Post a Comment