നദിയിൽ നിന്നും കൊട്ടാരത്തിലേക്ക്
കുഞ്ഞിനെ കണ്ട രാജ്ഞിക്ക് അതിനോട് മനസ്സിൽ എന്തെന്നില്ലാത്ത സ്നേഹം ഉറവെടുത്തു. അവർ ആ ഓമനപ്പൈതലിനെ നെഞ്ചോട് ചേർത്തുപിടിച്ച് ചുടുചുംബനങ്ങളർപ്പിച്ചു. രാജ്ഞി രാജാവിനോട് കേണു പറഞ്ഞു : ഈ കുഞ്ഞുമോൻ എനിക്കും അങ്ങയ്ക്കും കൺകുളിർമയാണ് ഇവനെ കൊല്ലാതിരുന്നാലും ഇവൻ നമുക്ക് ഉപകരിച്ചേക്കും നമ്മുടെ മകനായി നമുക്കിവനെ വളർത്താം ഫറോവയെയും ഭടന്മാരെയും തൃണവൽഗണിച്ച് ഇമ്രാന്റെ പുത്രൻ മൂസ ഫറോവയുടെ രാജകൊട്ടാരത്തിൽ വളർന്നതങ്ങനെയാണ് ഭടന്മാർക്ക് ഈ ഇസ്രയേൽ സന്താനത്തെ പിടികിട്ടിയില്ല.
കാക്കയുടെ കണ്ണും ഉറുമ്പിൻ നാസികുമുള്ള പോലീസുകാർക്ക് ഏതൊരു കുഞ്ഞുമോന്റെ തൃക്കരങ്ങളിലൂടെയാണോ ഫറോവയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ലോകനാഥൻ തീരുമാനിച്ചത് ആ കുഞ്ഞുമോനെ കുഞ്ഞുങ്ങളുടെ ശത്രുതന്നെ വളർത്തട്ടെയെന്ന് അല്ലാഹു തീരുമാനിച്ചു. ഹോ വല്ലാത്ത ഒരു നിർണ്ണയം തന്നെ പാവം ഫറോവ!
മൂസയുടെ കാര്യത്തിൽ അവന് പിഴവ് സംഭവിച്ചു തന്റെ മന്ത്രി ഹാമനും തെറ്റുപറ്റി ഫറോവയുടെ സൈന്യത്തിനും മൂസയുടെ കാര്യത്തിൽ അമളി പിണഞ്ഞു. അതുതന്നെയല്ലേ പരിശുദ്ധ ഖുർആൻ സൂചിപ്പിച്ചത് ഫറോവയുടെ ജനത മൂസയെ പൊക്കിയെടുത്തു. മൂസ അവരുടെ ശത്രുവാകാനും അവർക്ക് മൂസ ദുഃഖം സമ്മാനിക്കാനും മൂസയെ അവർ തന്നെ വളർത്തി ഫറോവയ്ക്കും ഹാമനും അവരുടെ സേനാനികൾക്കും അബദ്ധം പിണഞ്ഞെന്ന കാര്യത്തിൽ സന്ദേഹമേതുമില്ല.
രാജകൊട്ടാരത്തിലെത്തിയ ഈ പുതിയ കുഞ്ഞ്- സുന്ദനായ കുഞ്ഞ് - എല്ലാവർക്കും ഒരു വിനോദമായി കൊട്ടാരവാസികൾക്ക് ഈ കുഞ്ഞ് ഒരു നേരമ്പോക്കായി. എല്ലാവരും കുഞ്ഞിനെയെടുത്ത് ചുംബിക്കുന്നു. എല്ലാവരും കുഞ്ഞിനെ സ്നേഹംകൊണ്ട് വീർപ്പ് മുട്ടിക്കുന്നു. കാരണം രാജ്ഞിയുടെ സ്നേഹഭാജനമാണല്ലോ അവൻ അതുകൊണ്ട് രാജകൊട്ടാരത്തിലെ തമ്പുരാട്ടികൾക്ക് എങ്ങനെ കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ കഴിയും?
കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് എങ്ങനെ കുഞ്ഞിനെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയും എല്ലാവരും കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വയ്ക്കുന്നു കാരണം കുഞ്ഞ് സുന്ദരനുമാണല്ലോ.

 
No comments:
Post a Comment