തേനു മുസ്ലിയാരുടെ കറാമത്തും കുഞ്ഞുണ്ണി നായരുടെ യഖീനൊർപ്പും

ദുൽഹിജ്ജ്‌ 4, കൂരിയാട് തേനു മുസ്ലിയാരുടെ ആണ്ടു ദിനം
                                               .   യൂണിവേഴ്സിറ്റിയിൽനിന്ന് രണ്ടത്താണി യിലേക്ക് ബസ്സിൽ യാത്ര ചെയ്യുകയാണ്. അറുപതിലേറെ പ്രായം തോന്നിക്കുന്ന ഒരാൾ എന്റെ തൊട്ടടുത്തിരിക്കുന്നു. എന്നോട് 'നിങ്ങൾ ദർസ് ചൊല്ലി കൊടുക്കുന്ന ആളാണോ ?'എന്ന് ചോദിച്ചു. 'അതെ' എന്ന് ഞാൻ പ്രതികരിച്ചു. 'ഹജ്ജ് ചെയ്തിട്ടുണ്ടോ?' എന്നായി അടുത്ത ചോദ്യം. ഞാൻ തലയാട്ടി. അയാൾ ഭവ്യതയോടെ എന്നെ നോക്കി. 'ഹജ്ജിൽ കല്ലെറിയുന്ന ദിവസം എന്നാണ്?' എന്നായി പിന്നെ അദ്ദേഹത്തിൻറെ ചോദ്യം. അതും പറഞ്ഞു കൊടുത്തപ്പോൾ അതിനിനി എത്ര കാലമുണ്ട് എന്നായി അദ്ദേഹം. അതിനിനിയും ആറേഴ് മാസം എടുക്കും എന്ന് ഞാൻ പറഞ്ഞു.
" ഞാൻ ആ ദിവസവും കാത്തിരിക്കുകയാണ്. എന്നെ അനുഗ്രഹിച്ച ഒരു മഹാനായ മനുഷ്യനുണ്ട്. അദ്ദേഹത്തിന്റെ മഖ്ബറയിൽ അന്നാണ് ഞാൻ പോകാറുള്ളത്. എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു അദ്ദേഹം" ആരാണ് എന്നെ അനുഗ്രഹിച്ച ആളെന്ന് താങ്കൾക്കറിയുമോ എന്നുകൂടി ചോദിച്ചപ്പോൾ ഞാൻ വല്ലാണ്ടായി. അവസാനം അദ്ദേഹം തന്നെ അതിനു ഉത്തരം പറഞ്ഞു:

*അതാണ് തേനു മുസ്ലിയാർ* തേനു മുസ്ലിയാരെ കുറിച്ച് അദ്ദേഹത്തിന് ഒട്ടേറെ പറയാനുണ്ട് കിതാബു കെട്ട് തലയിൽ വച്ച് അദ്ദേഹം ദറസ് ചൊല്ലിക്കൊടുക്കാൻ പോകും ആളുകൾക്കൊക്കെ വലിയ ഭയമായിരുന്നു. ആദരവും ബഹുമാനവും ആയിരുന്നു. തുണി മടക്കി കുത്തിയവരെ കണ്ടാൽ ശകാരിക്കും. ചിലപ്പോൾ കയ്യിലുള്ള വടികൊണ്ട് അടിക്കും. ഒരിക്കൽ അദ്ദേഹത്തെ ഇത്തരം എന്തോ പ്രശ്നത്തിന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. അപ്പോൾ അവിടെയുള്ള മുട്ട് മറക്കാത്ത പോലീസുകാരോട് അങ്ങനെ ചെയ്യാൻ പാടില്ല അദ്ദേഹം പറഞ്ഞു. ഇത് ഞങ്ങളുടെ നിയമമാണ് എന്നായി അവർ. എന്നാൽ ഈ നിയമം പറ്റില്ല. മുട്ടുമറക്കുന്ന നിയമം വരണം; അദ്ദേഹം പ്രതികരിച്ചു.  പിന്നീടാണ് പോലീസുകാർ പാന്റസ് ധരിക്കാൻ അനുവദിക്കുന്ന നിയമം വന്നത് എന്നും അദ്ദേഹം കൂട്ടത്തിൽ പറഞ്ഞു. 

അദ്ദേഹത്തെ പരിഹസിച്ചവർക്ക് കണക്കിന് കിട്ടിയ അനുഭവവും അദ്ദേഹം പങ്കുവച്ചു. ഒരാളെ മുസ്ലിയാർ എന്തോ ഗുണദോഷിച്ചപ്പോൾ അദ്ദേഹം അയാൾക്ക് ചൊറിയാണ് എന്ന് പറഞ്ഞത്രേ. ചൊറി നിനക്ക് തന്നെയായിരിക്കുമെന്ന് മുസ്ലിയാരും പ്രതികരിച്ചു! വൈകിയില്ല അദ്ദേഹത്തിനു ചൊറി തുടങ്ങി. ഇപ്പോഴും അദ്ദേഹം ചൊറിഞ്ഞ് മാന്തി കഴിയുകയാണത്രെ! 

തുടർന്ന് തന്റെ സ്വന്തം അനുഭവത്തിലേക്ക് അദ്ദേഹം കടന്നു. ഇത്രയുമായപ്പോൾ എനിക്ക് കൗതുകം തോന്നി. ഞാനദ്ദേഹത്തോട് പേരു ചോദിച്ചു. അദ്ദേഹം പറഞ്ഞു: കുഞ്ഞുണ്ണി നായർ! അപ്പോൾ വിസ്മയം വീണ്ടും വർധിച്ചു. "എനിക്കന്ന് 16 വയസ്സായിരുന്നു. ഞാൻ ജോലിയൊന്നുമില്ലാതെ നട്ടം തിരിഞ്ഞു നടക്കുകയാണ്. തേനു മുസ്ലിയാരോട് നിന്റെ കാര്യം ഒന്നു പറഞ്ഞു നോക്കൂ എന്ന് എന്നെ ആരോ ഉപദേശിച്ചു. ഒരുദിവസം കിത്താബും കെട്ടും തലയിലേറ്റി നടക്കുന്ന ഉസ്താദിൻറെ പിന്നാലെ ഞാനും കൂടി. എനിക്ക് വലിയ പേടിയുണ്ടായിരുന്നു. ഞാൻ പമ്മിപ്പമ്മി പിറകെ നടന്നു. 
ഒരു കടവിനടുത്തെത്തിയപ്പോൾ ഉസ്താദ് ഒന്ന് തിരിഞ്ഞു നോക്കി. നോക്കിയത് എൻറെ മുഖത്തേക്കായിരുന്നു. എനിക്കൊന്നും പറയാൻ കിട്ടിയില്ല; ഞാൻ പൊട്ടിക്കരഞ്ഞു. "എന്തേ?"
"എനിക്ക് ജോലിയൊന്നുമില്ല". 
"നീ പ്രായസപ്പെടൂല. രണ്ട് ദിവസത്തിനുള്ളിൽ നിനക്ക് ജോലിയാകും."
എനിക്ക് സമാധാനമയി.രണ്ടാമത്തെ ദിവസം ഞാൻ ഞാൻ വീടിനു തൊട്ടടുത്തുള്ള കുളത്തിൽ കുളിക്കുകയായിരുന്നു അപ്പോൾ അയൽവാസിയായ ഒരാൾ അവിടെ കുളിക്കാൻ വന്നു. അദ്ദേഹത്തിന് പട്ടാളത്തിലായിരുന്നു ജോലി. എന്നെ കണ്ടപ്പോൾ ജോലി ഒന്നും ആയില്ലേ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു. "എന്നാൽ ഞാൻ ഒരു എഴുത്ത് തരാം. ഇത് തിരുവനന്തപുരത്ത് ഓഫീസിൽ കൊടുത്താൽ മതി. ജോലി കിട്ടിക്കോളും!"

തേനു മുസ്ലിയാർ പറഞ്ഞ ആ രണ്ടാം ദിവസം തന്നെ എനിക്ക് വഴി തുറന്നിരിക്കുന്നു! ഞാൻ അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു. എഴുത്തു കിട്ടിയതും എനിക്ക് ജോലി ഉറപ്പായി.ടെസ്റ്റില്ല, ഇന്റർവ്യൂ ഇല്ല, കൈക്കൂലിയില്ല.അത്രയും വലിയ ഫലമായിരുന്നു ആ വാക്കിന്. തുടർന്ന് സർവീസിൽ നിന്ന് വിരമിക്കുന്നതുവരെ ഞാൻ പട്ടാളത്തിൽ ഡ്രൈവറായി ജോലി ചെയ്തു. ഇപ്പോൾ പെൻഷനും ലഭിക്കുന്നു. ഇത് വരെ ഞാൻ കഴിച്ച ഭക്ഷണത്തിനും ആസ്വദിച്ച സുഖ സൗകര്യക്കൾക്കും ഞാനാ ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു. പിന്നെ എങ്ങനെ ഞാനവിടെ പോവാതിരിക്കും?

ഇന്നും എന്നും എനിക്ക് ഇസ്ലാമിനോട് വലിയ താൽപര്യമായിരുന്നു. മമ്പുറത്തൊക്കെ ഞാൻ ഭാര്യയെയും കൂട്ടി പോയിട്ടുണ്ട്. അഹ്മദ് നഗറിലായിരുന്നു എനിക്ക് ജോലി. അവിടെയും ഒരു മഖ്ബറയുണ്ടായിരുന്നു. എല്ലാ പട്ടാളക്കാരും അവിടെ സന്ദർശിക്കും. അതിനുശേഷമാണ് ഓരോ ദിവസവും ഞങ്ങളെല്ലാം ജോലി തുടങ്ങാറുള്ളത്. എനിക്ക് ഏറെ സന്തോഷമായി. 

''എനിക്ക് വാങ്ക് ഇഷ്ടമാണ്. അത് കേട്ടാൽ ഭവ്യതയോടെ ഞാൻ എവിടെയാണെങ്കിലും അവിടെ നിൽക്കും. എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമേ ഒന്നനങ്ങുകയുള്ളൂ. പള്ളി വളരെ ഇഷ്ടമാണ്. കാണാൻ വളരെ കൊതിയാണ്. വീടിനടുത്ത് ഒരു പള്ളിയുണ്ട്. എനിക്കതിന്റെ മിനാരം എപ്പോഴും കാണണം. രാത്രിസമയങ്ങളിൽ കാണാതായപ്പോൾ ഞാൻ പള്ളി കമ്മിറ്റിക്കാരെ കണ്ടു എന്റെ ആവശ്യമുന്നയിച്ചു. പള്ളിയിലേക്ക് എനിക്ക് ഒരു ലൈറ്റ് ഫിറ്റ് ചെയ്യാൻ പറ്റുമോ?എനിക്ക് മിനാരം കാണാനാണ്. അതിന് മുഴുവൻ ചെലവും ഞാൻ എടുത്തോളാം. അവർക്ക് വലിയ സന്തോഷമായി. അങ്ങനെ വലിയ ഒരു ലൈറ്റ് മിനാരത്തിൽ സ്ഥാപിച്ചു. അതിന്റെ വൈദ്യുതീകരണം അടക്കമുള്ള മുഴുവൻ ചെലവും ഞാനാണ് വഹിച്ചത്. 24 മണിക്കൂറും അത് നിറഞ്ഞ് കത്തും. അതിന്റെ കരണ്ട് ബില്ലും ഞാൻ കൊടുത്തിരുന്നു. എനിക്ക് വലിയ സന്തോഷമായി. എപ്പോഴും പള്ളി കാണാമല്ലോ."

"നാമജപം എനിക്ക് വളരെ ഇഷ്ടമാണ്. അതിങ്ങനെ ചെയ്തു കൊണ്ടിരുന്നാൽ പിന്നെ എനിക്കൊന്നും വേണ്ട". ഞാൻ ചോദിച്ചു:" എന്താണ് നാമജപം?" അദ്ദേഹം പറഞ്ഞു "അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദു റസൂലുല്ലാഹ്! അതിനർത്ഥം നിങ്ങൾക്കറിയുമോ എന്ന് ഞാൻ തിരക്കി. അദ്ദേഹം പറഞ്ഞു: എനിക്കൊന്നിന്റെയും അർത്ഥം അറിയില്ല. ഞാൻ അർത്ഥം വിശദീകരിച്ചുകൊടുത്തു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി ആരുമില്ല; മുഹമ്മദ് നബി അല്ലാഹുവിൻറെ റസൂൽ ആകുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: അക്കാര്യം എനിക്കറിയാം. നമ്മുടെ എല്ലാം അല്ലാഹുവാണ്. അവനെ കൊണ്ടാണ് എല്ലാം നടക്കുന്നത്. എനിക്ക് ഐതിഹ്യങ്ങളിൽ പറയുന്ന ദൈവങ്ങളിൽ ഒന്നും വിശ്വാസമില്ല. ഞാൻ എന്ത് പ്രശ്നമുണ്ടായാലും റബ്ബേ, തമ്പുരാനേ, എന്നാണ് പറയാറുള്ളത്.. എന്നെ 'മാപ്പിള നായർ' എന്നാ ആൾക്കാര് വിളിക്കുക.

വേറെയും ജപങ്ങൾ എനിക്കറിയാ. സുബ്ഹാനല്ലാഹ്! അൽഹംദുലില്ലാഹ്! സ്വലാത്തുല്ലാഹ് സലാമുല്ലാഹ് അലാ ത്വാഹ റസൂലില്ലാഹ്!.. അദ്ദേഹം പാടാൻ തുടങ്ങി. റസൂലുല്ലാഹ് എന്ന് പറയുമ്പോ ചിലപ്പോ എനിക്ക് കണ്ഠമിടറും, കണ്ണ് നിറയും. ഞാൻ തേനു മുസ്ലിയാരെ മഖബറിയിലേക്ക് പോകുമ്പോ ഇതൊക്കെ ചൊല്ലിയങ്ങനെ നടക്കാറാണ്. ഏഴ് കിലോമീറ്റർ നടക്കണം.. എനിക്ക് നല്ല ഹരമാണ്. അത് ചൊല്ലാൻ പറ്റിയാ എനിക്ക് പിന്നെ ഒന്നും വേണ്ട. നല്ല സുഖാ."
"ഇനി മരിച്ചാലും നമുക്ക് സുഖം വേണം. സ്വർഗത്തിൽ പോവണം.." ഞാൻ പൂരിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. "പടച്ചവൻ എന്നെ നരകത്തിൽ ഇട്ടാലും മറ്റെവിടെ ഇട്ടാലും എനിക്ക് പ്രശ്നമല്ല; എനിക്ക് അവന്റ നാമം ചൊല്ലണം. അത് തടയാൻ പാടില്ല. അതിലാണ് എൻറെ സുഖം. അത് നല്ലവണ്ണം ചെല്ലിയാൽ എനിക്ക് പിന്നെ ഭക്ഷണവും വേണ്ട. ഒന്നും വേണ്ട. എന്റെ എപ്പോഴുമുള്ള തേട്ടം അതാണ്. എനിക്കിപ്പോഴും അവന്റെ നാമം ചൊല്ലാൻ കഴിയണം. മരിച്ചാലും കഴിയണം."

അദ്ദേഹത്തിന് ഇറങ്ങാനുള്ള സ്ഥലം ആയതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. ഞാൻ തട്ടിവിളിച്ചു. ആളുകൾ അപ്പോഴേക്കും കയറാൻ തുടങ്ങിയിരുന്നു. മെല്ലെ ഡോറിനടുത്തേക്ക് കൈ പിടിച്ചു കൊണ്ടുപോയി ഇറക്കി. അപ്പോഴും അദ്ദേഹം എന്നെ ഭവ്യതയോടെ നോക്കുന്നുണ്ടായിരുന്നു.

കുഞ്ഞുണ്ണിനായരുടെ യഖീനൊർപ്പും എന്റെ ദുർബലതയും ഓർത്തു ഞാൻ കുറെനേരം കണ്ണുമിഴിച്ചിരുന്നു.
ഡോ. ഫൈസൽ അഹ്സനി സിദ്ദീഖി രണ്ടത്താണി

No comments:

Post a Comment