➖➖➖➖➖➖➖➖➖➖
രണ്ടാം ഖലീഫ
➖➖➖➖➖➖➖➖➖➖
ഒന്നാം ഖലീഫ രോഗബാധിതനായി കിടപ്പിലായി തന്റെ അന്ത്യം അടുത്തുവെന്ന് ബോധ്യമായി ഇസ്ലാം വളരെ വേഗത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു ലോക ശക്തിയായി വളർന്നു കൊണ്ടിരിക്കുന്നു ലോകം ആകാംക്ഷയോടെ അത് വീക്ഷിക്കുന്നു
ഈ വളർച്ച റോം എന്ന ലോകശക്തിയെ ഞെട്ടിച്ചു പേർഷ്യ എന്ന ലോകശക്തിയെ ഭഭയപ്പെടുത്തി ഇസ്ലാമിന്റെ വളർച്ച തടയാൻ റോമ സാമ്രാജ്യം പടനീക്കം നടത്തി അതിനെ ചെറുക്കൻ മുസ്ലിം സൈന്യം സിറിയയിലെത്തി അവിടെ യുദ്ധം നടക്കുകയാണ് ഇറാഖിലും യുദ്ധം നടന്നു കൊണ്ടിരിക്കുന്നു പേർഷ്യൻ ശക്തിയുമായിട്ടാണ് മുസ്ലിംകൾ അവിടെ പോരാട്ടം നടത്തുന്നത്
ഈ യുദ്ധങ്ങൾ ജയിക്കണം സേനയുടെ മനോവീര്യം കുറയാൻ പാടില്ല ഖലീഫയുടെ കരുത്താണ് സൈന്യത്തിന്റെ കരുത്ത് ഖലീഫയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിച്ചു താൻ മരണപ്പെട്ടു എന്ന് കേട്ടാൽ സിറിയയിലും ഇറാഖിലും നടക്കുന്ന യുദ്ധങ്ങളുടെ ഗതിയെന്താകും ?
എന്തുമാത്രം ആളുകൾ ഇസ്ലാമിൽ വന്നു കഴിഞ്ഞു അവർക്കു വേണ്ടത്ര ശിക്ഷണം ലഭിച്ചിട്ടില്ല അവരുടെ ഈമാൻ ശക്തമായിട്ടില്ല കാലങ്ങളായി മർദ്ദിതരും ദുഃഖിതരുമായി കഴിഞ്ഞു കൂടിയിരുന്ന ജന വിഭാഗങ്ങൾക്കു മുമ്പിൽ ഇസ്ലാം വിമോചനത്തിന്റെ കവാടങ്ങൾ തുറന്നിട്ടു
കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും മനസ്സ് തുറന്നു സ്നേഹിക്കുന്ന മുസ്ലിം ഭരണാധികാരികളെയാണവർ കണ്ടത് മനുഷ്യവർഗ്ഗം കൂട്ടത്തോടെ ഒഴുകിവരികയാണ് ഇസ്ലാമിന്റെ തീരത്തേക്ക് ഈ ഘട്ടത്തിൽ ഖലീഫ മരണപ്പെട്ടാൽ? തന്റെ ശേഷം ജനങ്ങൾ പുതിയ ഖലീഫയെ തിരഞ്ഞെടുക്കട്ടെയെന്ന് വെച്ചാലോ
അത് ഉചിതമായി തോന്നുന്നില്ല ഖലീഫയെ തിരഞ്ഞെടുക്കാൻ സമയമെടുക്കും ആ ഇടവേളയിൽ പല പ്രശ്നങ്ങൾ ഉയർന്നു വരാം ശത്രുക്കൾ വെറുതെയിരിക്കില്ല മുനാഫിഖുകൾ സന്ദർഭം കാത്തുകിടക്കുകയാണ്
ഏറ്റവും യോഗ്യനായ ആളെ ഖലീഫയായി നിശ്ചയിക്കുക അതിന്നുശേഷം താൻ മരണപ്പെടുക ഇന്നത്തെ സാഹചര്യത്തിൽ അതാണ് അഭികാമ്യം ആരാണ് ഖലീഫയാവാൻ ഏറ്റവും അനുയോജ്യനായ വ്യക്തി പലരെപ്പറ്റിയും ചിന്തിച്ചു ഒടുവിൽ ഒരാളിൽ ചിന്തകൾ വന്നു നിന്നും ഉമറുൽ ഫാറൂഖ്
ഉമറുൽ ഫാറൂഖ് (റ) വിനെ ആളയച്ചുവരുത്തി രോഗിയും ക്ഷീണിതനുമായ ഖലീഫ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾ വിവരിച്ചു പിൻഗാമിയെ നിയോഗിക്കാതെ താൻ മരണപ്പെട്ടുപോയാലത്തെ അവസ്ഥ പറഞ്ഞു കൊടുത്തു ഒടുവിൽ ഖലീഫ ഇങ്ങനെ പറഞ്ഞു:
' എന്റെ പിൻഗാമിയെ ഞാൻ നിങ്ങളെയാണ് നിശ്ചയിക്കാൻ തീരുമാനിച്ചത്
ഉമർ (റ) ഞെട്ടിപ്പോയി അദ്ദേഹം അപേക്ഷിച്ചതിങ്ങനെയായിരുന്നു 'എന്നെ അതിൽനിന്നൊഴിവാക്കി തരണം മറ്റാരെയെങ്കിലും ആ സ്ഥാനത്തേക്ക് പരിഗണിക്കണം '
ഖലീഫ വീണ്ടും ഉപദേശിച്ചു കൊണ്ടിരുന്നു മുസ്ലിം സമൂഹത്തിന്റെ ക്ഷേമത്തിന്നും സുരക്ഷക്കും വേണ്ടി ജീവിതം സമർപ്പിക്കാനുള്ള അവസരമാണിത്
ഉമർ (റ) നിശ്ശബ്ദനായി ചിന്താഭാരത്തോടെ യാത്ര പറഞ്ഞു
ഖലീഫ പ്രമുഖ സ്വഹാബിമാരെ ഓരോരുത്തരെയായി വിളിപ്പിച്ചു ഉസ്മാൻ (റ), അലി(റ) തുടങ്ങിയവരെല്ലാം വന്നു ഉമറിനെ ഖലീഫയാക്കുന്നതിനെക്കുറിച്ച് ചോദിച്ചു
ഉമറിനെക്കാൾ അനുയോജ്യനായ മറ്റൊരാളാല്ല എല്ലാവരും ആ രീതിയിലാണ് സംസാരിച്ചത്
പൊതുജനങ്ങളുടെ അഭിപ്രായം കൂടി അറിയണം ജനങ്ങളോട് മസ്ജിദിൽ ഒരുമിച്ചു കൂടാൻ ആവശ്യപ്പെട്ടു എല്ലാവരും വന്നു ചേർന്നു അവശതകൾ പരിഗണിക്കാതെ ഖലീഫ മസ്ജിദിലെത്തി ജനങ്ങളോട് സംസാരിച്ചു
'നിങ്ങളുടെ നേതാവിനെ ഞാൻ നിശ്ചയിക്കുന്നത് നിങ്ങൾക്ക് സമ്മതമാണോ?'
സമ്മതമാണ്
ഖലീഫയെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ജനങ്ങളാണ് തങ്ങളുടെ നേതാവിന്ന് രോഗമാണെന്നറിഞ്ഞ് കടുത്ത ദുഃഖം അനുഭവിക്കുകയാണവർ പുതിയ നേതാവിനെ നിയോഗിക്കുന്നതിനെക്കുറിച്ചാണ് ചോദിച്ചത് ഖലീഫ സംസാരിക്കുന്നു
'ഞാൻ നിങ്ങളിൽനിന്ന് ഒന്നും രഹസ്യമാക്കി വെക്കുന്നില്ല എന്റെ ബന്ധുക്കളിൽ നിന്നാരെയും പിൻഗാമിയാക്കുന്നില്ല നിങ്ങൾക്കു സുപരിചിതനായ ഉമറുൽ ഫാറൂഖ് (റ) വിനെയാണ് ഞാൻ അടുത്ത ഖലീഫയായി നിശ്ചയിക്കുന്നത് നിങ്ങൾ അംഗീകരിക്കുമോ?
ഏകസ്വരത്തിലുള്ള മറുപടി ഉയർന്നു
'ഞങ്ങൾ അംഗീകരിക്കുന്നു '
ജനങ്ങൾ തന്നോട് കാണിക്കുന്ന സ്നേഹം ഖലീഫയെ വികാരഭരിതനാക്കിത്തീർത്തു ഖലീഫ കൈകൾ ഉയർത്തി പ്രാർത്ഥന നടത്തി
എന്റെ റബ്ബേ.... ജനങ്ങളുടെ നന്മ മാത്രമാണ് ഞാൻ പരിഗണിച്ചത് പിൻഗാമിയെ നിയോഗിച്ചില്ലെങ്കിൽ കുഴപ്പങ്ങൾ വന്നുചേരുമെന്ന് ഞാൻ ഭയപ്പെട്ടു ജനങ്ങൾക്കു നന്മ വരുന്നതിൽ അതീവ തല്പരനായ, ശക്തനായ വ്യക്തിയെയാണ് ഞാൻ ഖലീഫയാക്കിയത് .....
ഖലീഫയുടെ ആത്മാർത്ഥത നിറഞ്ഞ പ്രാർത്ഥന കേട്ട് ജനങ്ങൾ കരഞ്ഞു കരഞ്ഞുകൊണ്ട് തന്നെ അവർ പിരിഞ്ഞു പോയി
ഇനി കാര്യങ്ങൾ രേഖപ്പെടുത്തണം കരാർ എഴുതാൻ തുടങ്ങുകയാണ് ഖലീഫ പറയുംപോലെ എഴുതാൻ ഉസ്മാൻ (റ) വിനോടാവശ്യപ്പെട്ടു
ഖലീഫ പറയുന്ന ഓരോ വാക്കും ഉസ്മാൻ (റ) എഴുതുന്നു ബിസ്മി എഴുതി ജീവിതത്തിന്റെ അവസാനഘട്ടമെത്തിയിരിക്കുന്നു പരലോക യാത്ര തുടങ്ങാറായി മരണം തൊട്ടടുത്തെത്തിയിരിക്കുന്നു ഈ സംഭവത്തിൽ മുഹമ്മദ് നബി (സ) തങ്ങളുടെ ഖലീഫ അബൂബക്കർ എഴുതുന്ന വസ്വിയ്യത്ത്.....
വസ്വിയ്യത്ത് പത്രം എഴുതിത്തീർക്കാൻ കുറച്ചു സമയമെടുത്തു വായിച്ചു തൃപ്തനായി ഇനി മരിക്കാം ആശ്വാസത്തോടെ
ഹിജ്റഃ പതിമൂന്നാം വർഷം ജമാദുൽ ആഖിർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച ഖലീഫ അന്ത്യശ്വാസം വലിച്ചു വഫാത്താകുമ്പോൾ സൂര്യൻ അസ്തമിച്ചിരുന്നു മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി റൗളാശരീഫിൽ ഖബർ ഒരുങ്ങി ആ രാത്രിയിൽ തന്നെ ഖബറടക്കൽ കർമ്മം നിർവ്വഹിക്കപ്പെട്ടു
റൗളാ ശരീഫിന്റെ പരിസര പ്രദേശങ്ങളെല്ലാം ദുഃഖമൂകമാണ് ആരും ഉറങ്ങിയില്ല വേദനയുടെ രാവിന്റെ അന്ത്യമെത്തി മസ്ജിദിൽ സുബ്ഹിയുടെ ബാങ്ക് മുഴങ്ങി പള്ളി നിറഞ്ഞു
പള്ളിയിൽ തടിച്ചുകൂടിയ ജനങ്ങളോട് ഉമർ (റ) പ്രസംഗിച്ചു ഉമർ (റ)വിന്റെ ഓരോ വാക്കും ശ്രോതാക്കളുടെ മനസ്സിന്നടിത്തട്ടിലേക്കിറങ്ങിപ്പോയി ചില വചനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു അറബികൾ ഇണക്കമുള്ള ഒട്ടകത്തെപ്പോലെയാകുന്നു നായകൻ തെളിക്കുന്നേടത്തേക്ക് പോകും അത്കൊണ്ട് നായകൻ എങ്ങോട്ടാണ് നയിക്കുന്നതെന്ന് നോക്കണം തീർച്ചയായും ഞാനവരെ നേർവഴിയിലൂടെ നയിക്കും
പുതിയ ഖലീഫ ആ പ്രഭാതത്തിൽ അധികാരമേറ്റു കര്യങ്ങളെല്ലാം ചിട്ടയോടെ നടന്നു എവിടെയും സംശയത്തിന്റെ നൂലാമാലകളില്ല ആശയക്കുഴപ്പങ്ങൾ യാതൊന്നുമില്ല ഇസ്ലാംമിന്റെ ശത്രുക്കൾക്ക് ഭീതിയായി ഇനിയവരുടെ നാളുകൾ ഭീതിയുടേയും തളർച്ചയുടേതുമായിരിക്കും
'അമീറുൽ മുഅ്മിനീൻ ' എന്ന് ഉമർ (റ) അഭിസംബോധന ചെയ്യപ്പെട്ടു അങ്ങനെ വിളിക്കപ്പെട്ട ആദ്യവ്യക്തിയാണദ്ദേഹം
പ്രശസ്തിയുടെ ഗോപുരത്തിലിരിക്കുമ്പോഴും ഉമർ (റ)വിനയാന്വിതനായിരുന്നു 'അല്ലാഹു ' എന്ന് കേട്ടാൽ മതി വിറച്ചു പോകും മനസ്സ് ഉരുകിപ്പോകും
നിസ്കാരത്തിന് ഇമാമത്ത് നിൽക്കുമ്പോൾ വിതുമ്പും കരച്ചിലിന്റെ ശബ്ദം പിൻഭാഗത്തെ അണിയിലുള്ളവർ വരെ കേൾക്കും നിസ്കരിക്കുമ്പോൾ ഓതുന്ന ഓരോ ആയത്തും മനസ്സിലേക്കിറങ്ങിച്ചെല്ലും അതിന്റെ ആശയങ്ങൾ ഇമാമിനെ ഭയപ്പെടുത്തും അല്ലാഹുവിന്റെ മുമ്പിലാണ് നിൽക്കുന്നതെന്ന് ചിന്തിച്ചു നടുങ്ങിപ്പോവും
സർവ്വശക്തനായ റബ്ബിന്റെ മുമ്പിൽ നിസ്സാരനായ അടിമയാണ് ഞാൻ ഈ അടിമയോട് പൊറുക്കേണമേ
തന്റെ ഭരണം നിലനിൽക്കുന്ന കാലത്ത് ഏതെങ്കിലും പാവപ്പെട്ടവന്ന് വിശക്കുന്നുണ്ടോ? വസ്ത്രമില്ലാതെ കഷ്ടപ്പെടുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കും രാത്രിയിൽ വേഷം മാറി സഞ്ചരിക്കും തന്നെ ആരും തിരിച്ചറിയരുത് വെറും സാധാരണക്കാരനായി കുടിലുകളിൽ കടന്നുചെല്ലും കഷ്ടപ്പാടുകൾ മനസ്സിലാക്കും സഹായിക്കും ഇത്തരം സംഭവങ്ങൾ ചരിത്രം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തിട്ടുണ്ട് ചില സംഭവങ്ങൾ പറയാം
ഉമർ (റ)വിന്റെ സേവകനാണ് അസ്ലം(റ) രണ്ടു പേരും കൂടി രാത്രി നടക്കാനിറങ്ങി അർദ്ധരാത്രിയായിട്ടുണ്ട് എല്ലാ വീട്ടുകാരും ഉറങ്ങിക്കഴിഞ്ഞു കനത്ത നിശ്ശബ്ദത കുറെ ദൂരമെത്തിയപ്പോൾ കൊച്ചു കുടിൽ കണ്ടു കുടിലിന്നകത്ത് നേർത്ത വെളിച്ചം ഇവരെന്താ ഉറങ്ങാത്തത്?
ഉമർ (റ) കുടിലിന്നടുത്ത് ചെന്ന് വാതിലിൽ മുട്ടി
വാതിൽ തുറക്കപ്പെട്ടും
സലാം ചൊല്ലി അനുവാദം ചോദിച്ചു അകത്ത് കടന്നു അടുപ്പിൽ തീ കത്തുന്നു അതിന്റെ പ്രകാശം പുറത്തോട്ടൊഴുകുന്നു ഒരു ഉമ്മയും കുട്ടികളും മാത്രം
ഉമർ (റ) ചോദിച്ചു: കുട്ടികൾ കരയുന്നതെന്തിനാണ് ?
വിശന്ന് കരയുകയാണ്
അവർക്ക് ആഹാരമൊന്നും കൊടുത്തില്ലേ?
വേവിച്ചുകൊടുക്കാൻ ഇവിടെ യാതൊന്നുമില്ല
കലത്തിലെന്താണ് പാകം ചെയ്യുന്നത്?
കലത്തിൽ വെള്ളം മാത്രമേയുള്ളൂ ഭക്ഷണം ഉണ്ടാക്കുകയാണെന്ന് കരുതി കുട്ടികള് കാത്തിരിക്കുന്നു കുറെക്കഴിയുമ്പോൾ അവർ ക്ഷീണം ബാധിച്ചു ഉറങ്ങിക്കോളും ഉമറിനെ അല്ലാഹു കാക്കട്ടെ ജനങ്ങളുടെ കാര്യം ഏറ്റെടുത്ത ആളാണ് എന്നിട്ട് ഇതാണവസ്ഥ
ഞങ്ങൾ ഉടനെ വരാം
ഉമർ (റ) സേവകനോടൊപ്പം സ്ഥലംവിട്ടു
ബൈത്തുൽ മാൽ
പൊതുഖജനാവ്
അവിടെ ഭക്ഷ്യവസ്തുക്കളുണ്ട് സാധാരണക്കാർക്ക് അവകാശപ്പെട്ടതാണ് വേണ്ടത്ര ഗോതമ്പ് മാവും നെയ്യും എടുത്തു ഇത് എന്റെ ചുമലിൽ വെച്ചു തരൂ ഉമർ (റ) ആവശ്യപ്പെട്ടു
'ഇത് ഞാൻ ചുമന്നുകൊള്ളാം ' അസ്ലം (റ) പറഞ്ഞു
ഉമർ (റ) സമ്മതിച്ചില്ല 'ഇത് ചുമക്കേണ്ടത് ഞാനാണ് അന്ത്യനാളിൽ എന്റെ ഭാരം നിനക്ക് ചുമക്കാനാവുമോ?'
ഉമർ (റ) ഭാരം ചുമന്നുകൊണ്ട് നടന്നു കുറെ ദൂരം നടക്കണം ധൃതിയിൽ നടന്നു കുട്ടികൾ ഉറങ്ങുംമുമ്പെ അങ്ങെത്തണം കുടിലിലെത്തി കുട്ടികൾ ഉറങ്ങിയിട്ടില്ല വിശന്ന് കരയുന്നു ഉമർ (റ) വേഗത്തിൽ ആഹാരമുണ്ടാക്കി നല്ല സ്വാദുള്ള ഭക്ഷണം
വിളമ്പി കൊടുക്കൂ
ഉമ്മ പാത്രത്തിൽ ആഹാരം വിളമ്പി കുട്ടികൾ സന്തോഷത്തോടെ ആഹാരം കഴിച്ചു
കുട്ടികളുടെ ചിരിയും കളിയും കാണാൻ ഉമർ (റ) കുറെനേരം കൂടി കാത്തുനിന്നു
സ്ത്രീ പറഞ്ഞു: ഈ ഉപകാരം മറക്കില്ല അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ'
പോകുമ്പോൾ ഉമർ (റ)പറഞ്ഞു: നിങ്ങൾ നാളെ അമീറുൽ മുഅ്മിനീനെ കാണാൻ വരണം ആ കുടുംബത്തിന്റെ പ്രയാസങ്ങൾ പരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ഉമർ (റ)വരാൻ പറഞ്ഞത്
മറ്റൊരു രാത്രി ഉമർ (റ) നിശാസഞ്ചാരത്തിനിറങ്ങിയതാണ് ഒരു സ്ത്രീ നടന്നു പോകുന്നു , കൈയിൽ വെള്ളമെടുക്കാനുള്ള കുടം
ഈ രാത്രിയിൽ നീ എവിടെപ്പോവുന്നു? ഉമർ (റ) ചോദിച്ചു
എന്റെ വീട്ടിൽ എന്നെ സഹായിക്കാനാരുമില്ല പകൽസമയത്ത് വെള്ളമെടുക്കാൻ പോയാൽ ആളുകൾ കാണും അതുകൊണ്ട് ആളുകൾ വീട്ടിൽ അടങ്ങിക്കഴിഞ്ഞശേഷം ഞാൻ വെള്ളമെടുക്കാൻ പോവും ഇതാണ് പതിവ്
ഉമർ (റ) പാത്രം വാങ്ങി കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തു പാത്രം നിറച്ചു അത് ചുമന്നുകൊണ്ടുപോയി വീട്ടിലെത്തിച്ചുകൊടുത്തു
'നീ നാളെ അമീറുൽ മുഅ്മിനീനെ കാണാൻ വരണം' ഉമർ (റ) പറഞ്ഞു സ്ത്രീ അതിശയത്തോടെ പറഞ്ഞു എന്നെപ്പോലുള്ള പാവങ്ങൾക്ക് അമീറുൽ മുഅ്മിനീനെ കാണാൻ എങ്ങനെ കഴിയും?
നീ വന്നോളൂ..... കാണാൻ പ്രയാസമുണ്ടാവില്ല
പിറ്റേദിവസം മടിച്ചുമടിച്ചാണ് പോയത്
അമീറുൽ മുഅ്മിനീന്റെ സീറ്റിൽ ഇന്നലെ രാത്രി തനിക്ക് വെള്ളം കോരിത്തന്ന ആളാണ് ഇരിക്കുന്നത്
ഇതാണോ അമീറുൽ മുഅ്മിനീൻ അദ്ദേഹത്തിന്റെ മുമ്പിലേക്കെങ്ങനെ ചൊല്ലും ലജ്ജ അനുവദിക്കുന്നില്ല അവൾ തിരിഞ്ഞു നടന്നു സംഭവം ഉമർ (റ) അറിഞ്ഞു അവരെ തിരികെ വിളിപ്പിച്ചു ജോലിക്ക് ഒരാളെ നിയമിച്ചു ജീവിക്കാനുള്ള വകയും അനുവദിച്ചു
മറ്റൊരു രാത്രിയിൽ ഉമർ (റ) നടക്കുകയാണ് ഒരു കൊച്ചു വീട്ടിൽ നിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു അവിടേക്ക് കയറിച്ചെന്നു കരയാൻ കാരണമെന്താണ്?
കരയുന്ന സ്ത്രീ പറഞ്ഞു: എന്നെ സഹായിക്കാൻ ഒരു സ്ത്രീയും ഇവിടെയില്ല പ്രസവ വേദന തുടങ്ങിയിരിക്കുന്നു
'ഞാനിപ്പോൾ തന്നെ സ്ത്രീയെ കൊണ്ടുവരാം ' അതുംപറഞ്ഞ് ഉമർ (റ) ധൃതിയിൽ ഇറങ്ങി നടന്നു
വീട്ടിലെത്തി തന്റെ ഭാര്യയെ വിളിച്ചുണർത്തി ഉമ്മുകുൽസൂം(റ) എണീറ്റ് വന്നോളൂ വമ്പിച്ച പുണ്യം ലഭിക്കുന്ന ഒരു സൽക്കർമ്മം നിനക്കിപ്പോൾ ചെയ്യാം പ്രസവവേദനകൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീയെ സഹായിക്കണം
ഉമർ (റ) ഗോതമ്പ് മാവും, നെയ്യും ചുമന്നുകൊണ്ട് നടന്നു ഭാര്യ പിന്നാലെ നടന്നു കൊച്ചു വീട്ടിലെത്തി ഭാര്യ അകത്തേക്കു പോയി ശുശ്രൂഷകൾ തുടങ്ങി
സ്ത്രീയുടെ ഭർത്താവ് പുറത്ത്നിൽക്കുന്നു 'കാര്യമായ തൊഴിലില്ല വരുമാനമില്ല കഷ്ടിച്ചു ജീവിച്ചു പോവുന്നു ഉമർ (റ) അതെല്ലാം ചോദിച്ചു മനസ്സിലാക്കി
ആ പാവപ്പെട്ട മനുഷ്യന് ഉമർ (റ)വിനെ മനസ്സിലായില്ല
ഖലീഫയുടെ ഭാര്യ പുറത്ത് വന്നു ആഹ്ലദത്തോടെ വിളിച്ചു പറഞ്ഞു 'അമീറുൽ മുഅ്മിനീൻ പ്രസവം നടന്നു ആൺകുഞ്ഞാണ് '
അൽഹംദുലില്ലാഹ്
പാവപ്പെട്ടവൻ ഞെട്ടിപ്പോയി ഇതെന്ത് കഥ എന്റെ മുമ്പിൽ നിൽക്കുന്നത് അമീറുൽ മുഅ്മിനീൻ ആണോ? ഇങ്ങനെയും ഭരണാധികാരികളുണ്ടോ?
ഇത്തരം നിരവധി സംഭവങ്ങൾ നടന്നു മദീനക്കാർ അമ്പരപ്പോടെയാണ് സംഭവം കേട്ടത് മദീനയിൽ നിന്ന് മറ്റ് നാടുകളിലേക്ക് വിവരങ്ങൾ ഒഴുകിപ്പോയി അവ ചരിത്രത്തിൽ ഇടം പിടിച്ചു തലമുറകളിലൂടെ അവ നമ്മിലേക്കൊഴുകിയെത്തി
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

 
No comments:
Post a Comment