ഖലീഫ ഉമർ (റ) ചരിത്രം. ഭാഗം-4


➖➖➖➖➖➖➖➖➖➖
ഉമർ (റ)വിന്റെ വചനങ്ങൾക്ക് വിശുദ്ധ ഖുർആന്റെ അംഗീകാരം 
➖➖➖➖➖➖➖➖➖➖
ബദർ യുദ്ധത്തിന് ശേഷം മദീനയിൽ നടന്ന ചില സംഭവങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് 

ബദർ യുദ്ധത്തിൽ ഖുറൈശികളുടെ എഴുപത് നേതാക്കൾ വധിക്കപ്പെട്ടു എഴുപത് പേർ ബന്ധികളാക്കപ്പെട്ടു ബന്ദികളെ മദീനത്തേക്ക് കോണ്ടുപോയി 

'ബന്ദികളെ എന്ത്ചെയ്യണം? അതാണ് ചർച്ച  

അബൂബക്കർ (റ) വളരെയധികം മനസ്സിലാവുന്ന ആളാണ് ബന്ദികളാക്കപ്പെട്ടവർ മുസ്ലിംകളുമായി രക്തബന്ധമുള്ളവരാണ് അവരെ മോചന ദ്രവ്യം വാങ്ങി വിട്ടയക്കാം അപ്പോൾ അവരുടെ മനസ്സിന്ന് മാറ്റമുണ്ടാകും അവർ ഇസ്ലാം മതം സ്വീകരിച്ചേക്കാം ഈ വിധത്തിലാണ് സിദ്ദീഖ് (റ)വിന്റെ ചിന്ത പോയത് 

കുറെയാളുകൾ ഈ അഭിപ്രായത്തെ പിന്താങ്ങി എന്നാൽ ഉമർ (റ) ശക്തിയായി എതിർത്തു 

'ബന്ദികളാക്കപ്പെട്ടവർ സാധാരണക്കാരല്ല രണശൂരന്മാരാണ് അവരെ വിട്ടയച്ചാൽ കുഴപ്പമാകും എല്ലാവരേയും കൊന്നുകളയണം അവരോട് ഒരു ദാക്ഷിണ്യവും പാടില്ല ഇവരെല്ലാം അല്ലാഹുവിന്റെ ശ്രത്രുക്കളാണ് മുസ്ലിംകളെ ക്രൂരമായി മർദ്ദിച്ചവരാണ് എത്ര പീഡനങ്ങളാണിവർ നടത്തിയത് ഇവരുടെ മനസ്സിൽ ഇപ്പോഴും പ്രതികാരചിന്തയാണുള്ളത് അവരെ വിട്ടയച്ചാൽ കൂടുതൽ അപകടമാവും ഇവരെ വധിച്ചാൽ മറ്റ് ശത്രുക്കൾക്ക് അതൊരു പാഠമായിരിക്കും' 

കുറെയാളുകൾ ഈ അഭിപ്രായത്തെ പിന്താങ്ങി അബൂബക്കർ (റ) വീണ്ടും ബന്ദികൾക്കുവേണ്ടി സംസാരിച്ചു കൊണ്ടിരുന്നു ഉമർ (റ) ബന്ദികൾക്കെതിരെയും സംസാരിച്ചു ഒടുവിൽ അബൂബക്കർ (റ) വിന്റെ അഭിപ്രായമാണ് നടപ്പിലായത് മോചന ദ്രവ്യം വാങ്ങി ബന്ദികളെ വിട്ടയച്ചു 

അതികം വൈകിയില്ല വിശുദ്ധ ഖുർആൻ വചനം അവതരിച്ചു ഉമർ (റ)വിന്റെ വാദത്തെ അനുകൂലിക്കുന്ന വചനം സൂറത്ത് അൻഫാലിലെ അറുപത്തി ഏഴാം വചനം ഇറങ്ങി 

മാകാന ലിനബിയ്യിൻ..... എന്ന് തുടങ്ങുന്ന വചനം അതിന്റെ ആശയം ഇങ്ങനെയാകുന്നു 

'ഭൂമിയിൽ വിജയം വരിക്കുന്നത് വരെ അവരെ ബന്ധനസ്ഥരാക്കി വെക്കുവാൻ ഒരു നബിക്കും അവകാശമില്ല നിങ്ങൾ ഭൗതിക ജീവിത വിഭവങ്ങൾ കൊതിക്കുന്നു എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോക ജീവിതമാണ് അല്ലാഹു പ്രതാപശാലിയും തന്ത്രജ്ഞനുമാകുന്നു (8:67)' 

ഉമർ (റ) പുറത്തെവിടെയോ പോയതായിരുന്നു മടങ്ങിവന്നപ്പോൾ വല്ലാത്തൊരു കാഴ്ചയാണ് കണ്ടത് 

നബി(സ) തങ്ങളും അബൂബക്കർ (റ) വും ദുഃഖിച്ചിരിക്കുന്നു കരയുന്നു ഉമർ (റ) കാരണമന്വേഷിച്ചു അപ്പോൾ നബി (സ) മീതെ കൊടുത്ത വിശുദ്ധ ഖുർആൻ വചനം ഓതിക്കൊടുത്തു 

ഇസ്ലാമിന്റെ ശത്രുക്കളോട് കരുണ കാണിക്കരുത് അവരോട് മുസ്ലിം മനസ്സുകളിൽ ഒരു കരുണയുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം നിഷ്കരുണം വധിക്കുകയാണ് വേണ്ടത് 

നിങ്ങൾ ഇഹലോകവിഭവത്തെ ഉദ്ദേശിക്കുന്നു (തുരീദൂന അറളദ്ദുൻയാ) എന്നാണ് അല്ലാഹു പറഞ്ഞത് ഇതുകൊണ്ടുദ്ദേശിച്ചത് മോചനദ്രവ്യമാണ് 

ഉമർ (റ) എന്താണോ പറഞ്ഞത് അതിനെ ന്യായീകരിച്ചുകൊണ്ട് വിശുദ്ധ വചനം ഇറങ്ങി 

മോചനദ്രവ്യം വാങ്ങിക്കഴിഞ്ഞു ഇനി അതെന്ത് ചെയ്യും? തൊട്ടടുത്ത വചനത്തിൽ തന്നെ അത് പറയുന്നുണ്ട് 

ബദറിൽ പങ്കെടുത്തവരുടെ പാപങ്ങളെല്ലാം പൊറുക്കുപ്പെട്ടിരിക്കുന്നു അത്കൊണ്ട് മോചനദ്രവ്യം വാങ്ങിയത് കുറ്റമായി കണക്കാക്കുകയില്ല ശിക്ഷയുമില്ല 

മോചനദ്രവ്യം യുദ്ധമുതലുപോലെ കണക്കാക്കാം അത് ഭക്ഷിക്കാം അനുവദനീയമായതും നല്ലതും ഭക്ഷിച്ചു കൊള്ളാൻ അല്ലാഹു കൽപിച്ചു വിശുദ്ധ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു 

'നിങ്ങൾ ഗനീമത്തായി (യുദ്ധമുതലായി ) എടുത്തതിൽനിന്ന് അനുവദനീയമായതും, വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (8:69) 

ഏത് കാര്യത്തിലും അല്ലാഹുവിന്റെ വിധി വിലക്കുകൾ സൂക്ഷിക്കണം  

ഇനി മോചനദ്രവ്യം നൽകിയവരുടെ അവസ്ഥയെന്താണ് ? ചിലരുടെ പരാതി സംഖ്യ കൂടിപ്പോയി എന്നാണ് ചിലർ പറഞ്ഞതിങ്ങനെ: ഞങ്ങൾ യുദ്ധം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നില്ല ശക്തമായ നിർബന്ധത്താൽ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങളോട് സംഖ്യ വാങ്ങിയതിൽ വിഷമമുണ്ട് 

ഇത്തരക്കാരോട് അല്ലാഹു വ്യക്തമായ മറുപടി നൽകി 

നിങ്ങളുടെ മനസ്സിൽ നന്മയുണ്ടോ എങ്കിൽ അല്ലാഹു നിങ്ങളെ സന്മാർഗ്ഗത്തിലെത്തിക്കും മോചനദ്രവ്യം നൽകിയതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട അതിനെക്കാൾ എത്രയോ ഇരട്ടി നിങ്ങൾക്ക് നൽകാൻ അല്ലാഹുവിന്ന് കഴിയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരും ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരികയും ചെയ്യും 

വിശുദ്ധ ഖുർആൻ വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു 

'ഓ.... നബിയേ..... നിങ്ങളുടെ കൈവശമുള്ള ബന്ദികളോട് പറയുക നിങ്ങളുടെ ഹൃദയങ്ങളിൽ വല്ല നന്മയും ഉള്ളതായി അറിയുന്ന പക്ഷം നിങ്ങളിൽ നിന്ന് വാങ്ങിയതിനെക്കാൾ ഉത്തമമായത് അവൻ നിങ്ങൾക്ക് നൽകുകയും നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ് അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (8:70)

ബദർയുദ്ധവും അതിനോടനുബന്ധിച്ചു നടന്ന കാര്യങ്ങളും ഇസ്ലാമിക ചരിത്രത്തിലെ മഹാസംഭവങ്ങളാണ് ഇവിടെ ഉമർ (റ)വിന്റെ തിളക്കമാർന്ന വ്യക്തിത്വം നമുക്ക് കാണാൻ കഴിയുന്നു   

ബന്ദികളുടെ കാര്യത്തിൽ ഉമർ (റ) വിന്റെ അഭിപ്രായം വിശുദ്ധ ഖുർആൻ അംഗീകരിച്ചു 

 മോചനദ്രവ്യം സത്യവിശ്വാസികൾക്ക് അനുവദനീയമാക്കിക്കൊടുത്തു മോചനദ്രവ്യം നൽകിയവർക്ക് അതിനെക്കാൾ മെച്ചമായത് അല്ലാഹു നൽകും അവർ നന്മയുടെ പക്ഷത്തേക്കുവന്നാൽ  എല്ലാവരോടും അല്ലാഹു തഖ് വയുള്ളവരായിരിക്കാൻ ഉപദേശിക്കുകയും ചെയ്തു അന്ത്യനാൾ വരെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ബദർ യുദ്ധവും അനന്തര നടപടികളും ആ ചർച്ചകളിലെല്ലാം ഉമർ (റ) ഓർമ്മിക്കപ്പെടും 

മുനാഫിഖുകളുടെ കാര്യവും കാലകാലങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് 

നബി(സ) തങ്ങൾ അവരുടെ ജനാസ നിസ്കരിക്കരുത് ഖബറിന്നരികിൽ പോവരുത് ഇക്കാര്യം നബി (സ) തങ്ങളോടും വെട്ടിത്തുറന്നു പറയാൻ ഉമർ (റ) ധൈര്യം കാണിച്ചു  

മനുഷ്യരോട് കരുണയുള്ള പ്രവാചകൻ ജനാസ നിസ്കാരത്തിൽ പങ്കെടുത്തു ഖബറിന്നരികിൽ പോവുകയും ചെയ്തു 

അല്ലാഹു ഉമർ (റ)വിന്റെ വാക്കുകൾ അംഗീകരിച്ചു വിധി ഇറക്കുകയും ചെയ്തു   

ഇത് പോലെ പല സംഭവങ്ങളുമുണ്ട് ഉമർ (റ) പറയുന്നത് പോലെ വിശുദ്ധ ഖുർആനിൽ വിധി വരുന്നു ഇക്കാരണത്താൽ സ്വഹാബികൾ മഹാനവർകളെ വളരെയധികം ആദരിച്ചിരുന്നു കാലം ചെല്ലുംതോറും ആദരവ് കൂടിക്കൂടി വരുന്നതേയുള്ളൂ പടച്ചവൻ ആദരിച്ചവരെ പടപ്പുകളും ആദരിക്കുന്നു 

സാമൂഹിക ജീവിതത്തിൽ ഒരുപാട് ജീർണതകൾ നിലനിൽക്കുന്നുണ്ട് മദ്യം, ചൂതാട്ടം, പ്രശ്നംവെക്കൽ തുടങ്ങി നിരവധി ദൂഷ്യങ്ങൾ കണ്ടുവരുന്നു ഇവയെല്ലാം  പൂർണമായി നിരോധിക്കണം ഇതാണ് ഉമർ (റ) ആവശ്യപ്പെടുന്നത് 

മദ്യം മനുഷ്യനെ പിശാചാക്കി മാറ്റുന്നു മദ്യപിച്ച് ബോധം നശിച്ചവർ എന്തെല്ലാമാണ് ചെയ്തു കൂട്ടുന്നത് എല്ലാ തിന്മകളും അതിൽ നിന്നാണുണ്ടാവുന്നത് ഇത് നിരോധിക്കുന്നതിനെക്കുറിച്ച് ഉമർ (റ) നബി (സ) തങ്ങളോട് സംസാരിക്കുന്നു സംസാരത്തിനിടയിൽ ഇങ്ങനെ പറഞ്ഞു 

'അല്ലാഹുവേ ഞങ്ങൾക്ക് കള്ളിനെപ്പറ്റി മനസ്സമാധാനം നൽകുന്ന ഒരു വിവരണം നൽകേണമേ കാരണം അത് ധനത്തെയും ബുദ്ധിയെയും നശിപ്പിക്കുന്നു' 

ഈ പശ്ചാത്തലത്തിലാണ് സൂറത്തുൽ ബഖറയിലെ ഇരുന്നൂറ്റിപ്പത്തൊമ്പതാം ആയത്ത് അവതരിക്കുന്നത് 

യസ്അലൂനക അനിൽ ഖംരി..... എന്നു തുടങ്ങുന്ന ആയത്ത് അതിന്റെ ആശയം ഇങ്ങനെ 

'മദ്യത്തെയും ചൂതാട്ടത്തെയും കുറിച്ച് താങ്കളോട് ചോദിക്കും' 

പറയുക: അവ രണ്ടിലും മനുഷ്യർക്ക് വലിയ ദോഷവും ചിലപ്രയോജനങ്ങളുമുണ്ട് അവയുടെ ദോഷം അവയുടെ പ്രയോജനത്തെക്കാൾ വലുതാകുന്നു (2:219) 

വിശുദ്ധ ഖുർആൻ ഈ വിധത്തിൽ പറയുമ്പോൾ തന്നെ ബുദ്ധിയുള്ളവർ മദ്യത്തെ കൈവെടിയും കൈവെടിയാത്തവർ വളരെപ്പേരുണ്ടായിരുന്നു  

ഉമർ (റ)വിന്ന് സമാധാനം വന്നില്ല അപ്പോൾ പിന്നെയും ചോദ്യങ്ങൾ തുടർന്നു   

ചിലർ മദ്യപിച്ചശേഷം നിസ്കാരത്തിൽ പ്രവേശിച്ചു ചൊല്ലിയത് തെറ്റി ഈ സാഹചര്യത്തിൽ നിങ്ങൾ ലഹിരി ബാധിച്ച അവസ്ഥയിൽ നിസ്കാരത്തിൽ പ്രവേശിക്കരുത് എന്ന കൽപന വന്നു സൂറത്തുന്നിസാഇൽ ഇങ്ങനെ കാണാം 

'ഓ.... വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായി നിങ്ങൾ നിസ്കാരത്തെ സമീപിക്കരുത് '  

ലാ തഖ്റബു സ്വലാത്ത വ അൻത്തും സുകാറാ 

ഇത്കൊണ്ടും ഉമർ (റ)വിന്റെ മനസ്സിന്ന് തൃപ്തി വന്നില്ല സമ്പൂർണ്ണ നിരോധനത്തിനുവേണ്ടി വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു 

സൂറത്തുൽ മാഇദയിലെ വചനം അവതരിച്ചു 

'സത്യവിശ്വാസികളേ മദ്യവും, ചൂതാട്ടവും പ്രശ്നം വെക്കുന്ന അമ്പുകളും പ്രതിഷ്ഠകളും പൈശാചികമായ മാലിന്യങ്ങളിൽ പെട്ടതാകുന്നു അതിനാൽ നിങ്ങളവയെ ഉപേക്ഷിക്കുക നിങ്ങൾ വിജയം വരിച്ചേക്കാം ' 

മദ്യവും ചൂതാട്ടവും വഴി നിങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനും വിദ്വേഷം വളർത്താനും നിസ്കാരത്തിൽ നിന്നും അല്ലാഹുവിന്റെ ദിക്റിൽ നിന്നും നിങ്ങളെ തടയുവാനുമാണ് പിശാച് ഉദ്ദേശിക്കുന്നത് അതിനാൽ നിങ്ങളിവയിൽ നിന്ന് വിരമിക്കാൻ തയ്യാറാണോ?(5:93) 

ഈ വിശുദ്ധ വചനം ഓതി നിങ്ങൾ വിരമിക്കാൻ തയ്യാറാണോ? എന്നിടത്തെത്തിയപ്പോൾ ഉമർ (റ) സന്തോഷത്തോടെ പറഞ്ഞു 
'ഞങ്ങൾ വിരമിച്ചു വിരമിച്ചു '  

സമ്പൂർണ്ണ നിരോധനം വന്നപ്പോൾ ഉമർ (റ)വിന്ന് സമാധാനമായി സ്വഹാബികൾക്കെല്ലാം സമാധാനമായി 

ഉമർ (റ) വിനെപ്പോലെ സമൂഹത്തിലെ ജീർണ്ണതകളെക്കുറിച്ചോർത്ത് വേദനിക്കുന്ന ധാരാളം സ്വഹാബികളുണ്ടായിരുന്നു  

വലിയൊരു സാമൂഹിക പരിവർത്തനമാണ് അറേബ്യയിൽ നടന്നത് മദ്യമില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനവർക്കു കഴിഞ്ഞിരുന്നില്ല അവിടെയാണ് സമ്പൂണ മദ്യനിരോധനം നടപ്പായത് വിശുദ്ധ വചനമിറങ്ങി നിമിഷങ്ങൾക്കകം മദ്യം ഒഴുക്കിക്കളഞ്ഞു 

മഹാനായ അനസ്(റ) ഒരു സംഭവം നമുക്കു ശ്രദ്ധിക്കാം അദ്ദേഹം പറയുന്നു  

'ഞാൻ അബൂത്വൽഹയുടെ വീട്ടിൽ മദ്യം നൽകിക്കൊണ്ടിരിക്കുകയായിരുന്നു അബൂഉബൈദ, ഉബയ്യുബ്നു കഅ്ബ്, സുഹൈലുബ്നു ബൈളാഅ് തുടങ്ങി പല പ്രമുഖന്മാരും അവിടെ ഉണ്ടായിരുന്നു മദ്യപിച്ചു ലഹരി വന്നുകൊണ്ടിരിക്കുന്ന സമയം ' 

അപ്പോൾ ഒരു മുസ്ലിം ഓടിക്കയറിവന്നിട്ട് ഉറക്കെപ്പറഞ്ഞു മദ്യം ഹറാമാക്കപ്പെട്ടത് നിങ്ങൾ അറിഞ്ഞില്ലേ? മദീനയിലെ തെരുവുകളിൽ മദ്യം ഒഴുക്കിക്കളഞ്ഞു 

ഇത് കേൾക്കേണ്ട താമസം അബുത്വൽഹ വിളിച്ചു പറഞ്ഞു: അനസേ.... പാത്രത്തിലുള്ള മദ്യമെല്ലാം ഒഴുക്കിക്കളയുക എല്ലാ പാത്രങ്ങളിലുള്ളതും ഒഴുക്കിക്കളഞ്ഞു എത്ര പെട്ടെന്നാണ് ഒരു സമൂഹം മാറിയത്  കുടിച്ചു കൊണ്ടിരുന്നവർ വായിലുള്ളത് തുപ്പിക്കളഞ്ഞു പിൽക്കാലത്ത് ഉമർ (റ) മിമ്പറിൽ നിന്ന് കൊണ്ട് മദ്യം നിരോധിച്ച രംഗം വിവരിക്കുകയുണ്ടായി  

മഹാന്റെ പുത്രൻ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു 

'മദ്യം കുടിക്കുന്നവനെയും, കുടിപ്പിക്കുന്നവനെയും, വിൽക്കുന്നവനെയും , വാങ്ങുന്നവനെയും , വാറ്റുന്നവനെയും , വാറ്റിക്കുന്നവനെയും, ചുമന്ന്കൊണ്ട് പോകുന്നവനേയും, ആർക്കുവേണ്ടി കൊണ്ടുപോകുന്നുവോ അവരെയും അതിന്റെ വില ഉപയോഗിക്കുന്നവരെയും റസൂൽ(സ) തങ്ങൾ ശപിച്ചിരിക്കുന്നു '  

ഇതാണ് മദ്യത്തിന്റെ അവസ്ഥ മദ്യവുമായി ബന്ധപ്പെടുന്നവർ നന്നായി മനസ്സിലാക്കിക്കൊള്ളട്ടെ 

നബി(സ) തങ്ങളുടെ കാലത്ത് മദ്യപാൻമാർക്ക് നാൽപത് അടിയായിരുന്നു ശിക്ഷ ഒന്നാം ഖലീഫയുടെ കാലത്തും ഉമർ (റ)വിന്റെ ഖിലാഫത്തിന്റെ ആദ്യകാലത്തും ആ ശിക്ഷ തുടർന്നു ഉമർ (റ)വിന്റെ ഭരണകാലത്ത് ശിക്ഷ എൺപത് അടിയായി ഉയർത്തി 

✍🏻അലി അഷ്ക്കർ 
(തുടരും) 

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment