ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-3

 

➖➖➖➖➖➖➖➖➖➖

പദവികൾ 

➖➖➖➖➖➖➖➖➖➖

ഉമർ (റ) 

ഭാര്യസൈനബ്(റ) 

അവരുടെ മക്കൾ 

എല്ലാവരും ചേർന്ന് സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കുന്നു  ഇസ്ലാമിന് വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതം കുടുംബത്തിന്റെ വെളിച്ചമാണ് മകൾ ഹഫ്സ പിതാവ് എഴുത്തും വായനയും പഠിച്ചിട്ടുണ്ട് മകൾ ഹഫ്സയും എഴുത്തും വായനയും പഠിച്ചു അക്കാലത്ത് അതൊരു അപൂർവ്വ ബഹുമതിയായിരുന്നു ഹഫ്സ നന്നായി കവിത ചൊല്ലും , കവിത രചിക്കുകയും ചെയ്യും വിശുദ്ധ ഖുർആൻ മുഴുവൻ മനഃപ്പാഠമാക്കി പലരും സംശയ നിവാരണത്തിന് സമീപിച്ചു നുബുവ്വത്തിന് അഞ്ചുവർഷം മുമ്പ് ഹഫ്സ ജനിച്ചു ഇക്കാലത്ത് തന്നെയാണ് ഖദീജ (റ) ഫാത്വിമബീവിയെ പ്രസവിച്ചത് 


 സ്വഹാബികൾക്കിടയിലെ ഒരു പ്രമുഖനാണ് ഖുനൈസുബ്നു ഹുദാഫ(റ) സൽഗുണ സമ്പന്നനായ ചെറുപ്പക്കാരൻ  


ഉമർ (റ) വിന്ന് ഖുനൈസിനെ നന്നെ ഇഷ്ടപ്പെട്ടു മകൾ ഹഫ്സയെ ഖുനൈസിന് വിവാഹം ചെയ്തു കൊടുത്തു അവർ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു  


നവദമ്പതികൾ മദീനയിലെത്തി ഖുനൈസ് (റ) ബദറിൽ പങ്കെടുത്തു അക്കാര്യത്തിൽ ഹഫ്സക്ക് അഭിമാനമുണ്ട് ഉപ്പായെപ്പോലെ തന്റെ ഭർത്താവും ശത്രുക്കൾക്കെതി  ധീരമായി പടപൊരുതണം ഉഹ്ദ് യുദ്ധത്തിന്റെ ആരവം മുഴങ്ങി 

ഖുനൈസ്(റ) ആയുധമണിഞ്ഞു യാത്രപറഞ്ഞിറങ്ങി ഉഹ്ദ് യുദ്ധം ശക്തി പ്രാപിച്ചു 


മുസ്ലിം സേനയിൽ പലർക്കും ഗുരുതരമായി മുറിവേറ്റു ഖുനൈസ്(റ) മാരകമായ മുറിവേറ്റ് വീണു യുദ്ധം അവസാനിച്ചു ഖുനൈസ്(റ)വിനെ വീട്ടിൽ കൊണ്ട് വന്നു ചികിത്സിച്ചു ഹഫ്സ(റ) നന്നായി പരിചരിച്ചു സുഖം പ്രാപിച്ചില്ല ഖുനൈസ്(റ) ശഹീദായി ഭർത്താവിന്റെ വിയോഗം ഹഫ്സ(റ) യെ ദുഃഖത്തിലാഴ്ത്തി മനസ്സിൽ വേദന നിറഞ്ഞു 


ഉമർ (റ) വല്ലാത്ത വേദന സഹിച്ച ദിവസങ്ങളായിരുന്നു അത് മകളുടെ സങ്കടം കണ്ട് സഹിക്കാനാവുന്നില്ല 


നബി(സ) തങ്ങൾ ഉമർ (റ)വിന്റെയും മകളുടെയും ദുഃഖം നന്നായറിയുന്നു അവർക്കാശ്വാസം നൽകണം നബി(സ) ഹഫ്സ(റ)യെ വിവാഹം ചെയ്യാൻ സന്നദ്ധനായി  


ഉമർ (റ)വിന്റെ പദവി ഒന്നുകൂടി ഉയരുകയാണ് 


അബൂബക്ർ സിദ്ദീഖ് (റ) വിന്റെ പുത്രി ആഇശ(റ)യെ നേരത്തെ തന്നെ നബി (സ) വിവാഹം ചെയ്തിട്ടുണ്ട് അങ്ങനെ അബൂബകർ(റ) വിന്ന് ഒരു പ്രത്യേക പദവിയും ലഭിച്ചു  


ഇപ്പോൾ തനിക്കും അതേ പദവി ലഭിക്കാൻ പോവുന്നു ഉമർ (റ)വിന്റെ മനസ്സിൽ സന്തോഷവും സമാധാനവും നിറഞ്ഞു  


ഹഫ്സ (റ) തനിക്ക് ലഭിച്ച പ്രത്യേക പദവിയോർത്ത് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്തു ഉമ്മഹാത്തുൽ മുഅ്മിനീങ്ങളുടെ പദവിയിലേക്കാണവർ ഉയർന്നത് 


വിവാഹം നടന്നു നബി (സ) യുടെ വീട്ടിലെത്തി ബുദ്ധിമതിയായ ഹഫ്സ(റ) അന്ന് മുതൽ പ്രവാചക ജീവിതം പഠിക്കാൻ തുടങ്ങി വലിയൊരു പണ്ഡിത വനിതയായിത്തീർന്നു  


ഒന്നാം ഖലീഫയുടെ കാലത്താണ് വിശുദ്ധ ഖുർആൻ മുസ്ഹഫ് രൂപത്തിലാക്കിയത് ഉമർ (റ) വിന്റെ പ്രേരണ മൂലമാണ് ഖുർആൻ ക്രോഡീകരിക്കപ്പെട്ടതും മുസ്ഹഫ് രൂപത്തിലാക്കിയതും 


ഒന്നാം ഖലീഫയുടെ വഫാത്തിന്നു ശേഷം രണ്ടാം ഖലീഫ ഉമർ (റ) ഈ മുസ്ഹഫ് സൂക്ഷിച്ചു ഉമർ (റ)വിന്റെ വഫാത്തിന്നുശേഷം ഇത് സൂക്ഷിച്ചത് ഹഫ്സ(റ) ആയിരുന്നു വിശുദ്ധ ഖുർആൻ കൈകാര്യം ചെയ്യാൻ കഴിവുള്ള മികച്ച പണ്ഡിത വനിതയായിരുന്നു ഹഫ്സ(റ) ലോകത്ത് നിലനിന്ന ഒരേയൊരു മുസ്ഹഫായിരുന്നു അത്. അത് സൂക്ഷിക്കാൻ കഴിഞ്ഞുവെന്നത് വലിയ സൗഭാഗ്യം തന്നെ പുതിയ കോപ്പികൾ തയ്യാറാക്കാൻ വേണ്ടി ഉസ്മാൻ (റ) ഈ കോപ്പി വാങ്ങി പുതിയ കോപ്പികളെടുത്തു പരിശോധനകൾ പൂർത്തിയാക്കി പഴയ കോപ്പി തിരിച്ചു കൊടുത്തു ഹഫ്സ(റ) അത് സൂക്ഷിച്ചുവെച്ചു


 വിശുദ്ധ ഖുർആനെക്കുറിച്ച് വിവരിക്കുമ്പോൾ ഹഫ്സ (റ) യുടെ പേര് പറയേണ്ടി വരും 


വഖ്ഫിന്ന് ഇസ്ലാമിക ചരിത്രത്തോളം പഴക്കമുണ്ട് നബി (സ) തങ്ങളുടെ ജീവിതകാലത്ത് തന്നെ കുറച്ചു സ്ഥലം വഖ്ഫ് ചെയ്യപ്പെട്ടു വഖ്ഫ് ചെയ്തത് ഉമർ (റ) ആയിരുന്നു   


ഖൈബറിൽ ഉമർ (റ) വിന് കുറച്ചു സ്ഥലം കിട്ടി നബി (സ) തങ്ങളെ സമീപിച്ച് ഉമർ (റ) ചോദിച്ചു ഖൈബറിൽ എനിക്ക് കുറിച്ച് സ്ഥലം കിട്ടിയിട്ടുണ്ട് എന്റെ കൈവശമുള്ള വിലപ്പെട്ട സ്വത്താണ് അതിനെക്കാൾ വിലപിടിപ്പുള്ള സാധനങ്ങളൊന്നും എന്റെ കൈവശമില്ല ഞാനത് എന്തു ചെയ്യണം? 


താങ്കൾക്ക് വേണമെങ്കിൽ വഖ്ഫ് ചെയ്യാം 

നബി (സ) യുടെ നിർദ്ദേശം അതായിരുന്നു 


പിന്നെയൊന്നും ചിന്തിക്കാനില്ല സ്ഥലം വഖ്ഫ് ചെയ്തു പാവങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും ഉപയോഗപ്പെടണം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവഴിക്കണം ആ  നിശ്ചയത്തോടെ വഖ്ഫ് ചെയ്തു ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ വഖ്ഫായിരുന്നു ഇത് അങ്ങനെയത് ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു 


വിശുദ്ധ ഖുർആൻ വചനങ്ങൾ അവതരിച്ചാൽ ഉമർ (റ) അത് പഠിക്കും ചിന്തിക്കും ..... അതിന്റെ ആഴങ്ങളിലേക്കിറങ്ങിചെല്ലും ആശയങ്ങളുടെ പുതിയ ലോകങ്ങൾ കണ്ടെത്തും ചിന്താമണ്ഡലം വികസിക്കും  മനുഷ്യരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എന്തെല്ലാം വചനങ്ങൾ ചുറ്റുപാടും കാണുന്ന എല്ലാത്തിനെക്കുറിച്ചും ചിന്തിക്കണം ആകാശ ലോകത്തുള്ളതും ഭൂമിയിലുള്ളതുമായ സകല വസ്തുക്കളെക്കുറിച്ചും ചിന്തിക്കണം അല്ലാഹുവിന്റെ ശക്തി വിശേഷത്തെ കുറിച്ചു ബോധ്യപ്പെടും 


മസ്ജിദുന്നബവിയുടെ പണി പൂർത്തിയായപ്പോൾ പുതിയൊരു ചിന്ത ഉയർന്നു വന്നു നിസ്കാരസമയമായെന്നറിയിക്കാൻ എന്താണ് വഴി?  പലരും പല അഭിപ്രായങ്ങൾ പറഞ്ഞു: ജൂതന്മാർ കാഹളം വിളിക്കും ആ മാർഗ്ഗം സ്വീകരിച്ചാലോ? 


ജൂതന്മാരുടെ വഴി വേണ്ട 


ക്രിസ്ത്യാനികൾ മണിയടിക്കുകയാണ് പതിവ് അതായാലോ അപ്പോഴും പല അഭിപ്രായങ്ങൾ അന്ന് രാത്രി ഉമർ (റ) സ്വപ്നം കണ്ടു ബാങ്കിന്റെ വചനങ്ങൾ ഇന്ന് നാം കേൾക്കുന്ന ബാങ്കിന്റെ വചനങ്ങൾ അന്നത്തെ സ്വപ്നത്തിൽ കേട്ടതാണ് 


'മണിയടിക്കരുത് ബാങ്ക് കൊടുക്കുകയാണ് വേണ്ടത് ' സ്വപ്നത്തിൽ കിട്ടിയ നിർദ്ദേശം 


പ്രഭാതമായപ്പോൾ ഉമർ (റ) ഓടിയെത്തി നബി (സ) തങ്ങളോട് വിവരം പറഞ്ഞു അബ്ദുല്ലാഹിബ്നു സൈദ്(റ)വുംഇത് പോലെ സ്വപ്നം കണ്ടിരുന്നു  


നബി(സ) ബിലാൽ(റ) വിനെ വിളിച്ചു ബാങ്കിന്റെ വചനങ്ങൾ പഠിപ്പിച്ചു കൊടുത്തു  


ബിലാൽ (റ ) സുന്ദരമായ ശബ്ദത്തിൽ ഉറക്കെ ബാങ്ക് വിളിച്ചു മദീനാ പട്ടണം കോരിത്തരിച്ചു കേട്ടവരെല്ലാം ആവേശഭരിതരായി ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്കൊഴുകിയെത്തി  പിന്നീട് സുന്ദരമായ ബാങ്കൊലി കേൾക്കാൻ വേണ്ടി ആളുകൾ കാത്തിരിക്കുകയായിരുന്നു 


മദീനയിൽ നബി (സ) നേരിട്ട വലിയൊരു പ്രശ്നം മുനാഫിഖുകളെക്കൊണ്ടുള്ള ഉപദ്രവമായിരുന്നു പ്രത്യക്ഷത്തിൽ അവർ മുസ്ലിം മകൾ തന്നെ മുസ്ലിം സമൂഹത്തിൽ ജീവിക്കുന്നു ആരാധനകൾ നിർവ്വഹിക്കുന്നു വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നു മനസ്സിൽ ഈമാനില്ല  


നബി(സ) തങ്ങൾക്കും അനുയായികൾക്കും നാശം വന്നു കാണാനാണ് അവരാഗ്രഹിക്കുന്നത് ഇതിന് വേണ്ടി അവർ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്നു  


മുനാഫിഖുകളുടെ നേതാവാണ് അബ്ദുല്ലാഹിബ്നു ഉബയുബ്നു സുലുൽ നബി (സ) തങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന പല പ്രസ്താവനകളും അയാൾ നടത്തിയിട്ടുണ്ട് 


മുഹാജിറുകളെ അൻസാറുകൾ നന്നായി സഹായിക്കുന്നു ഇതിനെ അബ്ദുല്ലാഹിബ്നു ഉബയ്യ് ശക്തമായി വിമർശിച്ചു 


'നിങ്ങളവരെ സ്വീകരിച്ചു സഹായിച്ചു സ്വത്ത് ഭാഗിച്ചു കൊടുത്തു എന്തിനിങ്ങനെ ചെയ്തു? നിങ്ങളവരെ കൈയൊഴിഞ്ഞിരുന്നെങ്കിൽ അവർ മറ്റെവിടെയെങ്കിലും പോയ്ക്കൊള്ളുമായിരുന്നു' 


മറ്റൊരിക്കൽ അയാൾ പറഞ്ഞു: 


'കടിക്കുന്ന നായയെ പോറ്റുന്നത് പോലെയാണ് നമ്മുടെ പ്രവർത്തനങ്ങൾ നാം മുഹാജിറുകളെ സംരക്ഷിക്കുന്നു  അവർ നമ്മെ ഉപദ്രവിക്കുന്നു '  


ബനൂ മുസ്തലഖ് യുദ്ധത്തിന് വേണ്ടി മുസ്ലിംകൾ മദീന വിട്ട്പോയി അബ്ദുല്ലാഹിബ്നു ഉബയ്യ് കൂടെയുണ്ട് അയാൾ അവിടെ വെച്ചു പറഞ്ഞു 


'നാം മദീനയിൽ തിരിച്ചെത്തിയാൽ മാന്യന്മാർ നിന്ദ്യന്മാരെ അവിടെ നിന്ന് പുറത്താക്കും '  


മുഹാജിറുകളെ നിന്ദ്യന്മാർ എന്നു വിളിച്ചു പരിഹസിച്ചു അവരെ എങ്ങനെയെങ്കിലും മദീനയിൽ നിന്ന് ഓടിക്കണം ഒറ്റപ്പെട്ട ചെറിയ സംഭവങ്ങൾ നടന്നാൽ അത് ഊതിപ്പെരുപ്പിച്ച് വർണ്ണിക്കും സഹോദരങ്ങളെ തമ്മിൽ തെറ്റിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു 


ഒരിക്കൽ ഉമർ (റ) നബി (സ) തങ്ങളോട് പറഞ്ഞു: 


'അയാൾ അല്ലാഹുവിന്റെ ശത്രുവാണ് കൊന്ന് കളയണം നബി (സ) ആ അഭിപ്രായം സ്വീകരിച്ചില്ല' 


മുനാഫിഖുകളുടെ ഉപദ്രവങ്ങൾ  സഹിച്ചും ക്ഷമിച്ചും മുമ്പോട്ട് പോവാനായിരുന്നു തീരുമാനം 


അബ്ദുല്ല്ഹിബ്നു ഉബയ്യിന്റെ മകൻ നബി (സ) തങ്ങളുടെ സന്നിധിയിൽ വന്നു ഇങ്ങനെ ഉണർത്തി 


'അങ്ങ് എന്റെ പിതാവിനെ വധിക്കാൻ ഉദ്ദേശിക്കുന്നു എന്ന വാർത്ത കേട്ടു പിതാവിന്റെ ഉപദ്രവങ്ങൾ എനിക്കറിയാം എന്റെ പിതാവിനെ വധിക്കാനുള്ള ചുമതല എന്നെ ഏല്പിച്ചാലും പിതാവിനെ വധിച്ച് ശിരസ്സ് ഞാനിവിടെകൊണ്ട് വരാം ഇക്കാര്യം മറ്റാരെയും ഏല്പിക്കരുത് ' 


നബി(സ) മന്ദഹാസത്തോടെ മറുപടി പറഞ്ഞു: 'ഞാൻ നിങ്ങളുടെ പിതാവിനെ  വധിക്കാൻ ഉദ്ദേശിക്കുന്നില്ല നമ്മുടെ കൂട്ടത്തിലുള്ള കാലത്തോളം നാം അയാളെ സംരക്ഷിക്കണം കരുണ കാണിക്കുകയും വേണം' 


പുത്രനെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുന്ന പ്രവാചകനെയാണ് നാമിവിടെ കണ്ടത്  


അബ്ദുല്ലാഹിബ്നു ഉബയ്യ് മരണപ്പെട്ടപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി നാം അറിയേണ്ടതുണ്ട് 


അയാൾ മരണപ്പെട്ടു ആളുകളെല്ലാം കൂടി നബി (സ) തങ്ങളും വന്നു ജനാസ നിസ്കരിക്കണം  നബി(സ) ജനാസ നിസ്കരിക്കാൻ ഒരുങ്ങിയപ്പോൾ ഉമർ (റ) എതിർപ്പുമായി വന്നു  


അല്ലാഹുവിന്റെ റസൂലേ..... ഇത് കപടവിശ്വാസിയുടെ ജനാസയാണ് അങ്ങ് ഇയാളുടെ പേരിൽ നിസ്കരിക്കരുത് വിശുദ്ധ ഖുർആനിലെ സൂറത്തുതൗബയിലെ ഒരു ആയത്ത് ഓതികേൾപ്പിക്കുകയും ചെയ്തു  


ഇസ്ത്തഗ്ഫിർ ലഹും ഔലാ തസ്തഗ്ഫിർ ലഹും....എന്നു തുടങ്ങുന്ന ആയത്താണ് ഓതിക്കേൾപ്പിച്ചത്  


അതിന്റെ ആശയം ഇങ്ങനെയാകുന്നു 


'(നബിയേ) താങ്കൾ അവർക്കുവേണ്ടി പാപമോചനം തേടുകയോ തേടാതിരിക്കുകയോ ചെയ്തു കൊള്ളുക ' 


അവർക്കു വേണ്ടി താങ്കൾ എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കുകയില്ല( 9:80) 


നബി(സ) ഉമർ (റ) വിനെ  സമാശ്വസിപ്പിക്കിനാണ് ശ്രമിച്ചത് ജനാസ നിസ്കരിച്ചു ഖബറിന്നരികിൽ നിന്നു 


പിന്നീട് വിശുദ്ധ ഖുർആൻ വചനം അവതരിച്ചു ഉമർ (റ)വിന്റെ നിലപാട് അംഗീകരിക്കുന്ന വചനം 


'വലാ, തുസ്വല്ലി അലാ അഹദിൻ മിൻഹും' എന്നു തുടങ്ങുന്ന ആയത്ത് 


അതിന്റെ ആശയം ഇങ്ങനെയാകുന്നു 


'(നബിയേ) അവരിൽനിന്ന് മരണപ്പെട്ട ഒരാളുടെ പേരിലും താങ്കൾ നിസ്കരിക്കരുത് അവന്റെ ഖബറിന്നടുത്ത് നിൽക്കുകയും ചെയ്യരുത് '(9:84) 


ഉമർ (റ)വിന്റെ അഭിപ്രായത്തെ അല്ലാഹു അംഗീകരിക്കുന്നതാണ് നാമിവിടെ കാണുന്നത് ഇത്പോലെ പല സംഭവങ്ങളുണ്ട് ഉമർ (റ) അഭിപ്രായങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള വചനങ്ങൾ  ഇവയെല്ലാം ഉമർ (റ) വിന്റെ പദവികൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഓരോ പദവി വരുമ്പോഴും വിനയാന്വിതനായി മാറുകയാണദ്ദേഹം അതാണ് പിൽക്കാല തലമുറക്കാർ പഠിക്കേണ്ട പാഠം 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment