അസദ് ഗോത്രക്കാരന്‍ ഉകാശബീന്‍ മിഹ്സ്വന്റെ വാള് മുറിഞ്ഞപ്പോള്‍, റസൂല്‍(സ) കയ്യിലൊരു വടികൊടുത്തു പോരാടാന്‍ നിര്‍ദേശിച്ചു. അതുമായി പോരാടുമ്പോള്‍ അത് നീണ്ട പിടിയുള്ള വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ ഒരു ഖഡ്ഗമായി പരിണമിച്ചു. അല്‍ഔന്‍ എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ആ വാള്‍ പല യുദ്ധങ്ങളിലും ഉപയോഗിച്ചു. അവസാനം മതപരിത്യാഗികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിക്കുമ്പോഴും അത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.(7)
യുദ്ധാനന്തരം മുസ്അബ് ബിന്‍ ഉമൈറിന്റെ സഹോദരന്‍ അബുല്‍അസീസ് ബിന്‍ ഉമൈറിനെ ഒരു അന്‍സ്വാരി ബന്ധിക്കുന്നത് കണ്ടപ്പോള്‍ മുസ്അബ് ഉപദേശിച്ചു. 'അവന്റെ മാതാവ് സമ്പന്നയാണ്. നിന്നില്‍നിന്ന് അവനെ അവര്‍ മോചനദ്രവ്യം നല്കി മോചിപ്പിച്ചേക്കാം.' അതുകൊണ്ട് നിന്റെ കൈകളും അവനുമായി ചേര്‍ത്തുകെട്ടുക. ഇതുകേട്ട അബൂഅസീസ് ചോദിച്ചു: 'സഹോദരാ ഇതാണോ നിന്റെ ഉപദേശം! മുസ്അബ് പ്രതികരിച്ചു. ഈ അന്‍സ്വാരിയാണ് എന്റെ സഹോദരന്‍!
ബഹുദൈവാരാധകരുടെ ജഡം 'ഖലീബ്' കിണറ്റില്‍ നിക്ഷേപിക്കുമ്പോള്‍ കൂട്ടത്തില്‍ ഉത്ബയേയും വലിച്ചുകൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബൂഹുദൈഫയുടെ മുഖം മങ്ങുന്നത് റസൂല്‍(സ) കണ്ടു. അവിടുന്നു ചോദിച്ചു: 'നിനക്ക് പിതാവിന്റെ അവസ്ഥയില്‍ ദുഃഖമുണ്ടോ?'. 'ഇല്ല ഒരിക്കലുമില്ല ദൈവദൂതരേ!' അദ്ദേഹം പറഞ്ഞു. പക്ഷെ എന്റെ പിതാവ് ബുദ്ധിയും വിവേകവും അഭിപ്രായവുമുള്ള ആളായിട്ടായിരുന്നു ഞാന്‍ കരുതിയിരുന്നത്. അതിനാല്‍ അദ്ദേഹം ഇസ്ലാം ആശ്ളേഷിക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ, അദ്ദേഹത്തിന് ഈ അവസ്ഥ വന്നു കണ്ടപ്പോള്‍ എനിക്ക് പ്രയാസം തോന്നിയെന്ന് മാത്രം. ഇതുകേട്ടപ്പോള്‍ നബി(സ) അദ്ദേഹത്തിന് നന്മയ്ക്കായി പ്രാര്‍ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
അങ്ങനെ യുദ്ധം മുസ്ലിംകളുടെ പൂര്‍ണവിജയത്തിലും മുശ്രിക്കുകളുടെ ദയനീയ പരാജയത്തിലും കലാശിച്ചു. മുസ്ലിംകളുടെ പക്ഷത്തുനിന് പതിനാലു പേര്‍ ഇതില്‍ രക്തസാക്ഷിത്വം വരിച്ചു. ആറ് മുഹാജിറുകളും എട്ട് അന്‍സ്വാറുകളും. മുശ്രിക്കുകളുടെ പക്ഷത്ത് എഴുപത് പേര്‍ വധിക്കപ്പെടുകയും എഴുപതുപേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തു. ഇവരിലധികവും നേതാക്കളും പ്രമുഖരുമായിരുന്നു. യുദ്ധാനന്തരം വധിക്കപ്പെട്ടവരെ നോക്കി റസൂല്‍(സ) പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പ്രവാചകന് എത്രമോശം ബന്ധുക്കളായിരുന്നു! ജനങ്ങള്‍ എന്നെ വിശ്വസിച്ചപ്പോള്‍ നിങ്ങള്‍ എന്നെ അവിശ്വസിച്ചു. അവരെന്നെ സഹായിച്ചപ്പോള്‍ നിങ്ങളെന്നെ കയ്യൊഴിച്ചു. അവരെനിക്ക് അഭയം നല്കിയപ്പോള്‍ നിങ്ങളെന്നെ പുറത്താക്കി! പിന്നീടവരെ 'ഖലീബ്' കിണറിലേക്ക് വലിച്ചെറിയാന്‍ നിര്‍ദേശിച്ചു. കിണറ്റിലെറിയപ്പെട്ട ഇരുപത്തിനാല് പ്രമുഖരുടെ ജഡത്തിന് സമീപം നിന്ന് അവരോരോരുത്തരേയും പിതാവിന്റെ പേരുചേര്‍ത്ത് വിളിച്ച് പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിനേയും അവന്റെ ദൂതനേയും അനുസരിച്ചിരുന്നുവെങ്കില്‍ അതായിരുന്നു നന്നായിരുന്നതെന്ന് തോന്നുന്നില്ലേ? ഞങ്ങള്‍ക്ക് ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് പുലര്‍ന്നിരിക്കുന്നു. നിങ്ങളോട് നിങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി പുലര്‍ന്നുവോ? ഇതുകേട്ട ഉമര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ! മരണപ്പെട്ട ജഡങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്? അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: 'മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതിനേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല നിങ്ങള്‍. പക്ഷെ, അവര്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്ന് മാത്രം.
(തുടരും)

No comments:
Post a Comment