ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-2


 

➖➖➖➖➖➖➖➖➖➖

മദീനയിൽ 

➖➖➖➖➖➖➖➖➖➖

ഉമർ ഓടിവരികയാണ് 

ദാറുൽ അർഖം കണ്ടതോടെ ആവേശഭരിതനായി മാറി മുൻവാതിൽ അടഞ്ഞുകിടക്കുന്നു അകത്ത് ആരോ സംസാരിക്കുന്നു നബി(സ) തങ്ങൾ തന്റെ അനുയായികളെ ദീൻ പഠിപ്പിക്കുകയാണ്   


ഉമർ വാതിലിൽ മുട്ടി അകത്ത് നിന്നൊരാൾ എത്തിനോക്കി പേടിച്ചു പോയി ഉമർ   


അല്ലാഹുവിന്റെ റസൂലേ..... ഉമർ ഇതാ എത്തിയിരിക്കുന്നു  


'കടത്തി വിടൂ.... എന്തിനാ വന്നതെന്ന് നോക്കാം'  


ഹംസ (റ)വിന്റെ ധീരമായ വാക്കുകൾ പുറത്ത് വന്നു  


'ഉമർ നല്ല നിലയിലാണ് വന്നതെങ്കിൽ കൊള്ളാം ദുഷ്ടവിചാരവുമായിട്ടാണ് വന്നതെങ്കിൽ അവന്റെ വാൾകൊണ്ട് തന്നെ അവന്റെ കഥ കഴിക്കാം '  


'നീയെന്തിനിവിടെ വന്നു?' നബി (സ) വസ്ത്രത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചു 


'സത്യസാക്ഷ്യം വഹിക്കാൻ ' ധീരകേസരി സത്യസാക്ഷ്യവചനം മൊഴിഞ്ഞു 


അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് 

വ അശ്ഹദു അന്ന മുഹമ്മ റസൂലുല്ലാഹ് 


നബി(സ) തക്ബീർ ചൊല്ലി അല്ലാഹു  അക്ബർ   


മറ്റുള്ളവരും തക്ബീർ ചൊല്ലി ആഹ്ലാദം അലയടിച്ചുയർന്നു ഉമർ (റ) ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, മരണത്തിലും ജീവിതത്തിലും നാം സത്യത്തിലല്ലേ?' 


'അതേ ഉമർ നാം സത്യത്തിലാണ് 


അല്ലാഹുവിന്റെ റസൂലേ..... പിന്നെന്തിനാണ് നാം ഇവിടെ ഒളിച്ചിരിക്കുന്നത്? അങ്ങ് പുറത്തേക്കിറങ്ങിയാലും ഞാൻ കൂടെയിറങ്ങാം.....സത്യമതം നമുക്ക് വിളംബരം ചെയ്യാം 


ആ അഭിപ്രായം നബി (സ) സ്വീകരിച്ചു 


എല്ലാവരും പുറത്തിറങ്ങി രണ്ട് വരിയായി നിന്നു ഒരു വരിയുടെ മുമ്പിൽ ഹംസ(റ) മറ്റേ വരിയുടെ മുമ്പിൽ ഉമർ (റ)  


അവർ ഉറക്കെ വിളിച്ചു പറഞ്ഞു 

അല്ലാഹു അക്ബർ 

അല്ലാഹു അക്ബർ  


പ്രകൃതിപോലും കോരിത്തരിച്ചു നിന്നു പോയി  അവർ മുമ്പോട്ട് നടന്നു തക്ബീർ ധ്വനികൾ ഉച്ചത്തിലുയർന്നു മലഞ്ചെരിവുകൾ പ്രതിധ്വനിച്ചു  ആളുകൾ അത് കേൾക്കുന്നു പകച്ചു നിൽക്കുന്നു കഅ്ബാലയത്തിലേക്കാണവർ നീങ്ങുന്നത്  

ലാ ഇലാഹ ഇല്ലല്ലാഹ് 

മുഹമ്മദുറസൂലുല്ലാഹ്  


നേതാക്കൾ കേട്ടു സാധാരണക്കാർ കേട്ടു വിദേശികളും സ്വദേശികളും കേട്ടു മുമ്പിൽ നടക്കുന്നവരെ ശ്രദ്ധിച്ചു 


ഹംസ (റ) , ഉമർ (റ) 


രണ്ട് ശക്തികേന്ദ്രങ്ങൾ പുണ്യമക്കയിൽ നല്ലൊരു ശക്തിപ്രകടനം വിജയകരമായി പൂർത്തിയാക്കി   


ഉമർ (റ) ദാറുൽ അർഖമിലെ നിത്യസന്ദർശകനായിത്തീർന്നു നബി (സ) തങ്ങൾക്ക് പ്രവാചകത്വം ലഭിച്ചതിന്ന് ശേഷമുള്ള ആറ് വർഷക്കാലമത്രയും ഇസ്ലാമിന്റെ ശബ്ദം അടിച്ചമർത്താനാണ് താൻ ശ്രമിച്ചത് ഇനിയിതിന്ന് പ്രായശ്ചിത്തം ചെയ്യണം ഉമർ (റ) ഇങ്ങനെ പ്രഖ്യാപിച്ചു: 


ഇതുവരെ ഞാൻ കുഫ്റിലായിരുന്നു കുഫ്റിലായിക്കൊണ്ട് ഞാൻ എവിടെയെല്ലാം പോയിട്ടുണ്ടോ അവിടെയെല്ലാം ഞാൻ ഈമാനിലായിക്കൊണ്ട് പോകും   

മക്കയിലെ തെരുവുകളിൽ, മണൽ പ്രദേശങ്ങളിൽ അവിടെയെല്ലാം ഉമർ (റ) നടന്നു ചെന്നു  


'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് ' എന്ന് ചൊല്ലിക്കൊണ്ടാണ് നടന്നത് ഇസ്ലാമിനെ പരസ്യമാക്കുന്നതിൽ ഉമർ (റ) നല്ല പങ്ക് വഹിച്ചു ഇസ്ലാം മതം സ്വീകരിച്ചവർ കഠിനമായ പീഡനങ്ങൾക്കിരയായിട്ടുണ്ട് തനിക്കും കിട്ടണം പീഡനം പീഡനം സഹിക്കുന്നതിന്റെ പുണ്യം വിവരിക്കാനാവില്ല ആ പുണ്യം തനിക്കും കിട്ടണം തന്നെ ആര് മർദ്ദിക്കും, ആര് പീഡിപ്പിക്കും ആരിൽനിന്നെങ്കിലും അതേറ്റ് വാങ്ങണം  

പീഡനങ്ങളുടെ അധികാരിയാണ് അബൂജഹൽ തന്നെയും അബൂജഹൽ മർദ്ദിക്കട്ടെ 


ഉമർ (റ) അബൂജഹലിന്റെ വീട്ടിലേക്ക് കടന്നുചെന്നു വാതിലിൽ മുട്ടി വാതിൽ തുറന്നു അബൂജഹൽ പുറത്തുവന്നു  


ഉമർ (റ) ശബ്ദമുയർത്തി പറഞ്ഞു 

അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് 

വഅശ്ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് 


അബൂജഹൽ ഉമർ (റ) വിന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി എന്നിട്ട് വാതിൽ വലിച്ചടച്ച് ഒന്നും സംസാരിച്ചില്ല പീഡനം നടന്നില്ല മർദ്ദനവും നടന്നില്ല ഉമർ (റ) നിരാശയോടെ മടങ്ങി   


പല പ്രമുഖരുടെയും വീടുകളിൽ കയറി നോക്കി ഇസ്ലാം മതം സ്വീകരിച്ച കാര്യം പ്രഖ്യാപിച്ചു ആരും പ്രതികരിച്ചില്ല ഒരു വാക്ക് സംസാരിക്കാൻപോലും കൂട്ടാക്കിയില്ല നിരാശയോടെ മടങ്ങിപ്പോന്നു  


ജമീലുബ്നുമഅ്മർ ഒരു ഖുറൈശി പ്രമുഖനാണ് ഉമർ (റ) അയാളെ ചെന്ന് കണ്ടു താൻ ഇസ്ലാം മതം സ്വീകരിച്ച കാര്യം പറഞ്ഞു  


അയാൾ ധൃതിയിൽ നടന്നു കഅബയിലേക്ക്  


ഉമർ (റ) അയാളുടെ പിന്നാലെ നടന്നു ഇരുവരും കഅ്ബാലയത്തിലെത്തി ധാരാളമാളുകൾ അവിടെയുണ്ടായിരുന്നു അവരോട് ജമീൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു  


'ഉമർ പിഴച്ചുപോയി ' 


ഉമർ (റ) ഇങ്ങനെ വിളിച്ചു പറഞ്ഞു: അപ്പറഞ്ഞത് കള്ളമാണ് ഉമർ സത്യമതം സ്വീകരിക്കുകയാണ് ചെയ്തത് ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് ഇത് സത്യസാക്ഷ്യവചനമാണ്  


ജനം ഇളകി വരവായി ഉമർ (റ) വിന്റെ മേൽ ചാടി വീണു അടിയോടടി തന്നെ ഉമർ (റ) നന്നായി കൈവീശി അടിക്കുന്നുണ്ട് കുറെ സമയം ഇത് തുടർന്നു 


ഒരു വൃദ്ധൻ കടന്നുവന്നു അയാൾ വിളിച്ചു ചോദിച്ചു 'എന്ത് നാണംകെട്ട പണിയാണിത് ' ഇത്രയും ആളുകൾ ചേർന്ന് ഒരാളെ ആക്രമിക്കുകയോ ? അയാൾ സ്വന്തം ഇഷ്ടപ്രകാരം ഒരു വഴി സ്വീകരിച്ചു അതിന്ന്  നിങ്ങൾക്കെന്താ നഷ്ടം അദിയ്യ് ഗോത്രക്കാർ നിങ്ങളെ വെറുതെ വിടുമോ? 


അത് കേട്ടപ്പോൾ ആളുകൾ പിരിഞ്ഞുപോയി 


ഉമർ (റ) വിന്റെ ഇസ്ലാം മത സ്വീകരണം മക്കയിലാകെ ചർച്ച ചെയ്യപ്പെട്ടു ഓരോ വീട്ടിലും അതാണ് സംസാരം  


ഉമർ (റ) വിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുകയാണ് വരുകയാണ് ക്ഷമിക്കാൻ പഠിക്കുകയാണ്  


നബി(സ) ഉമർ (റ)വിനെ ക്ഷമയുടെ പാഠമാണ് പഠിപ്പിക്കുന്നത് ക്ഷമാശീലം പരിശീലിക്കുക അതിന്റെ മഹത്വം മനസ്സിലാക്കിക്കൊടുത്തു  അനുസരണയും അച്ചടക്കവും പഠിപ്പിച്ചു 


മക്കാപട്ടണം മുസ്ലിംകളെ ബഹിഷ്കരിച്ചു പറഞ്ഞറിയിക്കാനാവാത്ത കഷ്ടപ്പാടുകൾ സഹിച്ചു


സഹനം, ത്യാഗം, ക്ഷമ അങ്ങനെ നിരവധി ഗുണങ്ങൾ സ്വായത്തമാക്കി നബി (സ) തങ്ങളുടെ സന്ദേശം നാനാദിക്കുകളിലേക്കും വ്യാപിച്ചു  യസ്രിബിൽ നിന്ന് ആളുകൾ വന്നു അവർ നബി (സ) തങ്ങളുമായി സംസാരിച്ചു ഇസ്ലാം മതം സ്വീകരിച്ചു പിന്നീട് മുസ്ലിംകൾ യസ്രിബിലേക്ക് ഹിജ്റഃ പോയി  


ഒരു സംഘം ആളുകളോടൊപ്പമാണ് ഉമർ(റ) ഹിജ്റ പോയത് പല പ്രമുഖ വ്യകതികളും ആ സംഘത്തിലുണ്ടായിരുന്നു അവർ ഖുബായിലെത്തി അവിടെ താമസിച്ചു നബി (സ) വരുന്നതും പ്രതീക്ഷിച്ചിരുന്നു വരട്ടെ വന്നിട്ടൊന്നിച്ച് യസ്രിബിലേക്ക്  നീങ്ങാം 


ദിവസങ്ങൾക്കുശേഷം നബി (സ) എത്തിച്ചേർന്നു കൂടെ അബൂബക്കർ സിദ്ദിഖ് (റ)വും എത്തി  


സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിവസങ്ങളാണ് കടുന്നുപോയത് പിന്നെ മദീനാ പ്രവേശനം  


ചരിത്രം കൗതുകപൂർവ്വം രേഖപ്പെടുത്തിയ മഹാസംഭവം ഹിജ്റഃ മക്കയിൽ നിന്ന് യസ്രിബിലേക്കുള്ള മാറ്റം യസ്രിബിന്റെ പേര് മാറി മദീനത്തു നബിയായി ഒരു സമൂഹം അതിന്റെ അടിത്തറ പണിയുകയാണ് ഭദ്രമായ അടിത്തറയാണ് വേണ്ടത് എല്ലാ പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ ഉമർ (റ)വിനെ കാണാം ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വം  


ഹിജ്റഃ വന്നവർ ചരിത്രത്തിലെ മുഹാജിറുകളായി എക്കാലവും വാഴ്ത്തപ്പെടുന്ന മഹാന്മാരായി  അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തവർ അൻസാറുകൾ എന്ന പേരിൽ എക്കാലവും വാഴ്ത്തപ്പെട്ടു  


മുഹാജിറുകളും അൻസാറുകളും തമ്മിലുള്ള സാഹോദര്യബന്ധം ആ ബന്ധം കാലഘട്ടത്തെ രോമാഞ്ചണിയിച്ചിട്ടുണ്ട്  ഇത്ബാനുബ്നു മാലിക് (റ) ഉമർ (റ) വുമായി സഹോദര്യബന്ധത്തിൽ ഏർപ്പെട്ടു  


മദീനയിലെ ജൂതന്മാരും ക്രൈസ്തവരും മുസ്ലിം സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു  എന്തൊരു സാഹോദര്യം സ്നേഹം പരസ്പര വിശ്വാസം വിശ്വാസത്തിന്റെ അദൃശ്യ ശക്തിയാണവരെ നയിക്കുന്നത്  


പ്രവാചകനോടുള്ള ആദരവ് ഇതുപോലൊരു നേതാവ് ആദരിക്കപ്പെട്ടിട്ടില്ല  

ക്രൈസ്തവരും ജൂതന്മാരും മുസ്ലിംകളുമായി സൗഹൃദം സ്ഥാപിച്ചു സന്ധിയിലായി  സുപ്രധാന കാര്യങ്ങളിലെല്ലാം കൂടിയാലോചന നടക്കും ഉമർ (റ)വിന്റെ അഭിപ്രായങ്ങൾ പ്രത്യേകം പരിഗണിക്കപ്പെട്ടു ബദർ യുദ്ധ രംഗത്ത് ഉമർ (റ) നന്നായി ശോഭിച്ചു 


മുന്നൂറ്റിപ്പതിമൂന്ന് പേരുടെ സൈന്യം പ്രതിയോഗികൾ ആയിരത്തിൽപരം  അദിയ്യ് ഗോത്രക്കാർ യുദ്ധത്തിനെത്തിയിട്ടില്ല ഉമർ (റ)വിനെ ഭയന്നിട്ടാവാം ആരും വരാത്തത് ചരിത്രനിഗമനം അതാണ് തന്റെ ബന്ധുവായ ആസ്വിബ് നു മുഗീറ വന്നിട്ടുണ്ട് അദ്ദേഹവുമായി നേർക്കുനേരെ യുദ്ധം നടന്നു ഉമർ (റ) അദ്ദേഹത്തെ വധിച്ചു യുദ്ധം കൊടുമ്പിരി കൊണ്ടു 


ബദർ യുദ്ധഭൂമിയിൽ മക്കയുടെ വലിയ നേതാക്കന്മാരാണ് വധിക്കപ്പെട്ടത് ഉക്കാളിലെ പല കൂട്ടുകാരും വധിക്കപ്പെട്ടിരിക്കുന്നു എഴുപത് പ്രമുഖന്മാരുടെ അന്ത്യം അല്ലാഹുവിന്റെ സഹായത്താൽ ഇതൊക്കെ സാധ്യമായി 


ബദ്റിന്റെ പ്രതികാരമായിരുന്നു ഉഹ്ദ് മുവായിരം വരുന്ന ശത്രുക്കൾ മുസ്ലിംകളെ തകർക്കാൻ വേണ്ടി ഉഹ്ദിലെത്തി ഒരുകൂട്ടം യോദ്ധാക്കളെ നബി (സ) തങ്ങൾ മലയുടെ മുകളിൽ നിർത്തിയിരുന്നു താഴ് വരയിലാണ് യുദ്ധം നടക്കുന്നത് ശത്രുക്കൾ മലകയറി വരാൻ ഇടവരരുത് കൽപ്പന കിട്ടുന്നത് വരെ സ്ഥലം വിടരുത് എന്ന കർശന നിർദ്ദേശവും നൽകി  


യുദ്ധം പൊട്ടി മുസ്ലിം സൈന്യം ആഞ്ഞുപൊരുതി ശത്രുക്കളെ തുരത്തിയോടിച്ചു ശത്രുക്കൾ ഓടിയകന്നു അവർ ഉപേക്ഷിച്ചുപോയ യുദ്ധമുതലുകൾ മുസ്ലിം സൈന്യം ശേഖരിക്കാൻ തുടങ്ങി ഇത് കണ്ടപ്പോൾ മലമുകളിലുള്ളവർ സ്ഥലം വിട്ടു അവരുടെ നേതാവ് തടഞ്ഞിട്ടും അധികമാളുകൾ അനുസരിച്ചില്ല അൽപം ചിലരൊഴികെ എല്ലാവരും സ്ഥലം വിട്ടു ഇത് വലിയ അബദ്ധമായി 


തോറ്റ് ഓടുന്ന ശത്രുസൈന്യം ഇത് കണ്ടു മലകയറിവന്നു അവിടെ ഉണ്ടായിരുന്ന മുസ്ലിംകളെ വധിച്ചു താഴെ യുദ്ധം  കഴിഞ്ഞ് വിശ്രമിക്കുന്ന മുസ്ലിംകളെ ആക്രമിച്ചു നിനച്ചിരിക്കാത്ത നേരത്തെ ആക്രമണം മുസ്ലിംകൾ എന്ത് വേണമെന്നറിയാതെ പരക്കം പാഞ്ഞു 


നബി(സ) തങ്ങൾക്കുനേരെ അമ്പുകൾ തുരുതുരെ വരാൻ തുടങ്ങി കുന്തങ്ങൾ ചീറിവന്നു  


ഒരുകൂട്ടം സ്വഹാബികൾ നബി (സ) തങ്ങളെ പൊതിഞ്ഞുനിന്നു പ്രത്യാക്രമണം നടത്തിക്കൊണ്ടിരുന്നു അക്കൂട്ടത്തിൽ മുമ്പിലുണ്ടായിരുന്നു ഉമർ (റ)  


മുസ്ലിം സൈന്യം സജ്ജമായി നല്ല പ്രത്യാക്രമണം തുടങ്ങി ശത്രുക്കൾ ഇങ്ങനെ വിളിച്ചു പറയാൻ തുടങ്ങി  


'മുഹമ്മദിനെ വധിച്ചു യുദ്ധം നിർത്താം' 


ശത്രുക്കൾ പിൻവാങ്ങി നബി (സ) തങ്ങളുടെ നെറ്റിയിൽ മുറിവുണ്ടായി ഒരു പല്ലിന്ന് പരുക്ക് പറ്റി 


ഖുറൈശി പ്രമുഖനും പേരെടുത്ത പോരാളിയുമാണ് ഇബ്നു ഖംഅ  

അവൻ വിളിച്ചു പറഞ്ഞു:' മുഹമ്മദിനെ ഞാൻ വധിച്ചു ' അത് വിശ്വസിച്ച ശത്രുക്കൾ ആഹ്ലാദനൃത്തമാടി  


അബൂസുഫ് യാൻ ഒരു പാറപ്പുറത്ത് കയറി നിന്ന് വിളിച്ചു ചോദിച്ചു: മുഹമ്മദ് അവിടെയുണ്ടോ? 


ആരും മറുപടി പറഞ്ഞില്ല 


'മുഹമ്മദ് നിങ്ങളുടെ കൂട്ടത്തിലുണ്ടോ? ' 


ആരും മറുപടി പറഞ്ഞില്ല 


'മുഹമ്മദ് അവിടെ ജിവിച്ചിരിപ്പുണ്ടോ?' 


അതിനു മറുപടിയില്ല 


'അബൂബക്കർ അവിടെയുണ്ടോ?' 


മറുപടി പറഞ്ഞില്ല 


'ഉമർ ജീവിച്ചിരിപ്പുണ്ടോ? 


അബൂസുഫ്യാൻ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു: 


'മുഹമ്മദ് വധിക്കപ്പെട്ടു അബൂബക്കറും വധിക്കപ്പെട്ടു ഉമറും വധിക്കപ്പെട്ടു അവരുടെ കാര്യം കഴിഞ്ഞു 


ഉമർ (റ)വിന്റെ ക്ഷമ നശിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു: അബൂസുഫ് യാൻ..... നീ പേരെടുത്ത് പറഞ്ഞ മൂന്നുപേരും ഇവിടെ ജീവിച്ചിരിപ്പുണ്ട് അല്ലാഹുവിന്റെ ശത്രു.... നാളെ നിന്നോട് പകരം ചോദിക്കാൻ നിൽക്കുകയാണ്  


അബൂസുഫ് യാൻ പൊട്ടിച്ചിരിച്ചു എന്നിട്ടുറക്കെ വിളിച്ചു പറഞ്ഞു: ഇന്നലെ നിങ്ങൾക്കു ജയം 

ഇന്ന് ഞങ്ങൾക്ക് വിജയം 


അതിന്ന് വായടപ്പൻ മറുപടി നൽകാൻ നബി (സ) ഉമർ (റ) വിനോടാവശ്യപ്പെട്ടു 


'നീ  സമൻമാരെപ്പോലെ സംസാരിക്കണ്ട നാം തുല്യരല്ല ഞങ്ങളിലൊരാൾ യുദ്ധം ചെയ്തു മരിച്ചാൽ സ്വർഗ്ഗത്തിൽ പോവും നിങ്ങളിലൊരാൾ മരിച്ചാൽ നരകത്തിൽപോവും ' 


അബൂസുഫ്യാൻ പേരെടുത്ത് വിളിച്ചു ചോദിച്ചു 


ഉമർ.... ഒന്നു പറയൂ... ഞങ്ങൾ മുഹമ്മദിനെ കൊന്നു അത് ശരിയല്ലേ? അല്ലാഹുവിനെ മുൻനിർത്തി സത്യം പറയൂ....


'ഇല്ല.... ഇല്ല.... പ്രവാചകൻ ഇവിടെ ഇരിക്കുന്നു നീ പറയുന്നതെല്ലാം അല്ലാഹുവിന്റെ റസൂൽ കേൾക്കുന്നുണ്ട് ' 


'മുഹമ്മദിനെ കൊന്നുവെന്ന് ഇബ്നുഖംഅ പറയുന്നു ' കൊന്നിട്ടില്ലെന്ന് ഉമർ പറയുന്നു ഞാൻ ഉമറിനെ വിശ്വസിക്കുന്നു അടുത്ത വർഷം നമുക്കു വീണ്ടും കാണാം രണാങ്കണത്തിൽ വെച്ച് കാണാം അബൂസുഫ്യാൻ വിളിച്ചു പറഞ്ഞു 


ആ വെല്ലുവിളി സ്വീകരിച്ചതായി മറുപടി നൽകാൻ നബി (സ) ഉമർ (റ)വിനോട് നിർദ്ദേശിച്ചു 


'അല്ലാഹു ഉദ്ദേശിച്ചാൽ നമുക്ക് അടുത്ത വർഷം കാണാം ' 


ശത്രുക്കൾ ഉഹ്ദ് വിട്ടുപോയി പ്രവാചകനെ വധിക്കാനുള്ള അവരുടെ സാഹസിക ശ്രമങ്ങളൊന്നും വിജയിച്ചില്ല  


മുസ്ലിംകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞു നിരവധി പേർക്ക് പരിക്കുപറ്റിയിട്ടുണ്ട് അവരുടെ മുറിവുകൾ കെട്ടിക്കൊടുക്കണം വീണുകിടക്കുന്നവരെ എടുത്തുമാറ്റണം  എല്ലാ രംഗത്തും ഉമർ (റ) മുമ്പിൽ തന്നെയുണ്ട്  


ബദർ യുദ്ധവിജയം നല്ല സന്ദേശമാണ് നൽകിയത് അത് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു ഉഹ്ദ് നൽകുന്ന പാഠവും മനസ്സിലായി ഇവ രണ്ടും മനസ്സിൽ വെച്ചുകൊണ്ടാണ് അടുത്ത വർഷം മുമ്പോട്ടു പോവേണ്ടത് 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment