നമ്മള്‍ മറന്നാലും നമ്മെ മറക്കാത്ത ഇലാഹായ അല്ലാഹു

അല്ലാഹുവിൻറെ പരീക്ഷണമെന്നോളം കാലഘട്ടത്തിൻറെ പരീക്ഷണങ്ങളിൽ പെട്ട് 'ലോക് ഡൗൺ' പ്രഖ്യാപിച്ച് വീടുകളിൽ കഴിയുന്ന നമുക്ക് ഈ ചരിത്രത്തിൽ വലിയ പാഠമുണ്ട്...!*

സുലൈമാന്‍(അ) ഒരിക്കല്‍ കടലോരത്തിരിക്കുന്ന സന്ദര്‍ഭം.
ഒരു കുഞ്ഞനുറുമ്പിനെ കാണുകയാണ് അദ്ദേഹം.
ഒരു ഗോതമ്പ് മണിയും വഹിച്ച് അലമാലകളാര്‍ത്തലയ്ക്കുന്ന കടലിലേക്കാണ് അത് അരിച്ചരിച്ച് നീങ്ങുന്നത്.

കടലിലെത്തിയപ്പോള്‍ കണ്ട കാഴ്ച ശരിക്കും ഞെട്ടിച്ചുകളഞ്ഞു. വെള്ളത്തില്‍നിന്നതാ
വാ തുറന്ന് ഒരു തവള പുറത്തേക്കുവരുന്നു.
ഉറുമ്പ് തവളയുടെ വായിലേക്കു
ഭാരവും ചുമന്നു പ്രവേശിക്കുന്നു.
തവള വാ അടയ്ക്കുന്നു.
പിന്നെ കടലിന്റെ അകത്തട്ടിലേക്കു മറയുന്നു!

സുലൈമാന്‍ നബിക്ക് ഒന്നും മനസിലായില്ല.
അദ്ദേഹം കാത്തിരുന്നു.
കുറെ കഴിഞ്ഞപ്പോഴതാ വീണ്ടും തവള വെള്ളത്തിനു പുറത്തേക്കു വരുന്നു.
വാ തുറക്കുന്നു.
ഭാരം എവിടെയോ ഇറക്കിവച്ച കുഞ്ഞനുറുമ്പ് വായില്‍നിന്ന് കരയിലേക്കിറങ്ങുന്നു.
തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു നീങ്ങുന്നു!

ഉറുമ്പുകളുടെയും മറ്റു ജീവജാലങ്ങളുടെയും ഭാഷ വശമായിരുന്ന സുലൈമാന്‍ നബി ആ ഉറുമ്പിനോട് കാര്യം തിരക്കി.
അപ്പോള്‍ ഉറുമ്പ് വളച്ചുകെട്ടില്ലാതെ അതു പുറത്തുപറഞ്ഞു:
"പ്രവാചകരേ, അങ്ങ് കാണുന്ന
ഈ ആഴിയുടെ ആഴക്കഴങ്ങളില്‍
അകം പൊള്ളയായ ഒരു പാറയുണ്ട്"

"ആ പാറക്കുള്ളില്‍ കണ്ണു കാണാതെ കിടക്കുന്ന ഒരു പുഴുവുണ്ട്.
അല്ലാഹു അവിടെയാണ് അതിനെ പടച്ചത്.
ജീവിതമാര്‍ഗം തേടി പുറത്തേക്കു പോകാന്‍ അതിനു കഴിയില്ല.
അതുകൊണ്ട് അതിന് അന്നം എത്തിച്ചുകൊടുക്കാന്‍ അല്ലാഹു എന്നെ ഏല്‍പിച്ചിരിക്കുകയാണ്.
അവിടെയെത്താന്‍ ആ തവളയെ
എനിക്ക് കീഴ്‌പ്പെടുത്തിത്തരികയും ചെയ്തു"

"തവള എനിക്കൊരു ഉപദ്രവവും ചെയ്യില്ല. വായയില്‍ കയറിയിരുന്നാല്‍
അത് വാ അടയ്ക്കും.
പിന്നെ എന്നെയും വഹിച്ച് നേരെ
ആ പാറയുടെ അടുത്തേക്കുപോകും"

"പാറയില്‍ ചെറിയൊരു ദ്വാരമുണ്ട്.
ആ ദ്വാരത്തിലേക്ക് വാ വച്ച് എനിക്ക് അതിനുള്ളിലേക്ക് പോകാന്‍ പാകത്തില്‍ സൗകര്യം ചെയ്തുതരും.
ഞാനവിടെയിറങ്ങി പാറക്കുള്ളിലേക്ക് നീങ്ങും.
പുഴുവിനു ഭക്ഷണം കൊടുത്തു തിരിച്ചു തവളയുടെ വായില്‍ കയറും.
അങ്ങനെ വീണ്ടും അതെന്നെ കരയിലേക്ക് എത്തിച്ചുതരികയും ചെയ്യും.
ഇതാണു സംഭവം.”

ഉറുമ്പിന്റെ വിശേഷം കേട്ട് അത്ഭുതം കൂറിയ സുലൈമാന്‍ നബി അതിനോട് ചോദിച്ചു:
"ആ പുഴുവില്‍നിന്നു വല്ല മന്ത്രോച്ചാരണവും കേള്‍ക്കാറുണ്ടോ?”

ഉറുമ്പ് പറഞ്ഞു:
"ഉണ്ട്, അതിങ്ങനെ പറയാറുണ്ട്,
"ഈ ആഴിയുടെ ആഴത്തട്ടിലെ പാറക്കുള്ളില്‍ കഴിയുന്ന എനിക്ക് അന്നം നല്‍കാന്‍ മറക്കാത്ത തമ്പുരാനേ,
നിന്റെ വിശ്വാസികളായ അടിയാറുകള്‍ക്കു കാരുണ്യം ചൊരിയാന്‍ നീ മറന്നുപോകരുതൊരിക്കലും"
-------------------------------------------------------------
കോടാനുകോടാനുകോടാനുകോടി ജീവജാലങ്ങള്‍ക്കിടയില്‍ ആഴിയിലെ
ഏതോ ആഴക്കഴങ്ങളില്‍ കിടക്കുന്ന
ഏതോ പാറക്കുള്ളിലെ കൂരാകൂരിരുട്ടില്‍
ജീവിതം തീര്‍ക്കുന്ന,
ഏതോ കണ്ണു കാണാത്ത
ഒരു കൊച്ചു പുഴുവിനെ പോലും മറക്കാത്തവനാണ് എന്റെ ഈ ശരീരത്തിന്റെ ഉടമസ്ഥനെങ്കില്‍ ഞാനെത്ര മഹാഭാഗ്യശാലി...!!

കൂരിരുട്ടില്‍ കഴിയുന്ന ആ പുഴുവിനെ മറക്കാത്ത അവന്‍ സൃഷ്ടിജാലങ്ങള്‍ക്കിടയിലെ ശ്രേഷ്ഠജന്മമായ എന്നെ മറന്നുപോയേക്കുമോ എന്ന നേരിയൊരു സംശയംപോലും മഹാപാതകമായി ഗണിക്കേണ്ടതില്ലേ.?

എങ്ങനെയാണ് അവന്‍ എന്നെ മറക്കുക..?
എനിക്ക് അല്ലാഹു മാത്രമേയുള്ളൂ.
അല്ലാഹുവിനു ഞാന്‍ മാത്രമല്ല, സര്‍വവുമുണ്ട്.

എനിക്കൊരാളെ മാത്രം ഓര്‍ത്താല്‍ മതി.
അവനു ലോകത്തുള്ള സകലതിനെയും ഓര്‍ക്കണം.
കഴിഞ്ഞതും കഴിയുന്നതും കഴിയാനിരിക്കുന്നതുമായ സകല മനുഷ്യരെയും ഓര്‍ക്കണം.
മൃഗങ്ങളെ ഓര്‍ക്കണം.
പക്ഷികളെ ഓര്‍ക്കണം.
കീടങ്ങളെ ഓര്‍ക്കണം.
ഷഡ്പദങ്ങളെ ഓര്‍ക്കണം.
ഉരഗങ്ങളെ ഓര്‍ക്കണം.
മത്സ്യങ്ങളെ ഓര്‍ക്കണം. 
കരയിലും കടലിലും ആകാശത്തും വായുവിലും വസിക്കുന്ന മുഴുവന്‍ അചേതന സചേതനങ്ങളെയും ഓര്‍ക്കണം.
എന്നിട്ടുപോലും അവന്‍ എന്നെ നേരിയ തോതില്‍പോലും മറക്കുന്നില്ല..!
സദാസമയവും എന്നെ ഓര്‍ത്ത്

പക്ഷേ, ഞാനോ?
എനിക്ക് അവനെ മാത്രം ഓര്‍ത്തിരുന്നാല്‍ മതി.
എന്നിട്ടുപോലും എനിക്ക് അവനെ ഓര്‍ക്കാന്‍ നേരമില്ലെന്ന്…!
ഓര്‍ക്കുന്നതുമുഴുവന്‍ അവനല്ലാത്തവയെ.

നൂറുനൂറായിരം ജോലികളുണ്ടായിട്ടും എന്നെ സദാസമയവും ഓര്‍ത്തിരിക്കുന്ന കാരുണ്യവാന്മാരിലേറ്റം കാരുണ്യവാനായ എന്റെ ജീവനാഥനെ നൂറല്ല,
ശരിക്കും നാലു ജോലി പോലുമില്ലാത്ത എനിക്ക് ഓര്‍ക്കാന്‍ സമയം ഒക്കുന്നില്ലെന്നു പറഞ്ഞാല്‍ ഞാനല്ലേ യഥാര്‍ഥത്തില്‍ ലോകത്തെ ഏറ്റവും നന്ദികെട്ട അടിമ?

എനിക്ക് എന്തെല്ലാമുണ്ടോ അവയില്‍ ബഹുഭൂരിഭാഗവും ഞാന്‍ അവനോടു ചോദിച്ചുവാങ്ങിയതല്ല; ചോദിക്കാതെതന്നെ അവന്‍ തന്നതാണ്.

പക്ഷേ, അവന്‍ എന്നോടു പലതും ചോദിച്ചു. ഞാനാകട്ടെ ആ ചോദ്യങ്ങള്‍ കേട്ടഭാവം പോലും നടിക്കാതെയാണല്ലോ ജീവിക്കുന്നത്..!!!

No comments:

Post a Comment