ആസുറ ബീവി part 17


ആദ്യം പറയാൻ തുടങ്ങിയത് അബ്ദുറഹ്മാനാണ്. സുഖസുഷുപ്തിയിൽ അർശൂസ്, തർശൂസ് രാജ്യങ്ങൾ കഴിഞ്ഞിരുന്ന കാലത്ത് സഹോദരൻ അബ്ദുല്ല രാജ്യവും, ഭാര്യയേയും തന്നെ ഏൽപ്പിച്ചാണ് ഹജ്ജിനുപോയത്.. സഹോദരന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ കള്ളക്കഥകൾ കെട്ടിച്ചമച്ച് കല്ലെറിഞ്ഞുകൊന്നത് എല്ലാം അയാൾ തുറന്നുപറഞ്ഞു. അബ്ദുറഹ്മാനോടൊപ്പം ബീവിയെ നശിപ്പിക്കാൻ ശ്രമിച്ച മറ്റുനാലുപേരുടേയും മൊഴികൾ ഇത്തരത്തിലുള്ളതായിരുന്നു.
.സദസ്സ്യർ ആശ്ചര്യത്തോടു കൂടി അതെല്ലാം കേട്ടുകൊണ്ടിരുന്നു. അബ്ദുല്ലാ രാജാവിന്റെ ഹൃദയത്തിൽ വിവിധ വിചാരങ്ങൾ അലയടിച്ചിരമ്പി. സഹോദരനേയും, മറ്റുള്ളവരേയും കൊലപ്പെടുത്താനുള്ള ദേഷ്യം അയാൾക്കുണ്ടായിരുന്നു. എന്തുചെയ്യാം. ഇതെന്റെ അധികാര പരിതിയിൽപ്പെട്ട സ്ഥലമല്ലല്ലോ എന്നുകരുതി അദ്ദേഹം ഒരുവിധത്തിൽ കോപം അടക്കി...
ബാക്കിക്കഥകൾ കേൾക്കാൻ ആകാംക്ഷാഭരിതനായി കാതുകൂർപ്പിച്ചു നിന്നു...!!!സംഭ്രമജനകമായ ഒരു തുടർക്കഥയുടെ അടുത്ത അദ്ധ്യായമെന്നോണം ബാക്കി സംഭവങ്ങൾ വിവരിച്ചത് ബീവിയെ ഹദ്ദ്കുഴിയിൽ നിന്നും രക്ഷിച്ച പ്രഭുവാണ്. പ്രഭു ഓരോന്നോരോന്നായി വിശദീകരിക്കാൻ തുടങ്ങി. പ്രഭുവിന്റെ സംഭാഷണത്തിൽനിന്നും അസൂറാബീവി മരിച്ചിട്ടില്ലെന്ന് വ്യക്തമായി. അബ്ദുല്ലാരാജാവിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരായിരം വെള്ളിനിലാവുദിച്ചു. എവിടെയായിരിക്കും തന്റെ ബീവീ??
തുടർന്നുള്ള സംഭവങ്ങൾ കേൾക്കാൻ അയാൾ തിരക്കുകൂട്ടി. തന്റെ പുത്രനായ പിഞ്ചുപൈതലിന്റെ കൊലപാതകത്തിൽ സംശയിച്ച് ഭാര്യ ഇറക്കിവിട്ടതു വരെയുള്ള കഥയാണ് പ്രഭു പറഞ്ഞത്. തുടർന്ന്,,താൻ ബീവിയെ മാംസദാഹത്തിനിരയാക്കാനൊരുങ്ങിയതും, വഴങ്ങാതെ വന്നപ്പോൾ കുഞ്ഞിനെ കൊലചെയ്ത് ബീവിയിൽ ആരോപിച്ചതും പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ പറഞ്ഞു. ഇതേവരെ കേട്ടുകേൾവിയില്ലിത്ത ക്രൂരതകളാണ് പലരും പറയുന്നത്.. പലരുടേയും കണ്ണുകളിൽനിന്നും കണ്ണുനീർ ഇറ്റി വീഴുന്നുണ്ട്. തന്റെ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങളാണ് ബീവി അസൂറയെന്ന മഹിളാരത്നം അനുഭവിക്കേണ്ടി വന്നതെന്നോർത്ത് കേട്ടവരെല്ലാം അത്ഭുതസ്തബ്ധരായി...!!!
അടുത്തവിവരണം 300 ദീനാർ കൊടുത്ത് ബീവി മോചിപ്പിച്ച ആളുടേതായിരുന്നു. താൻ ബീവിയെ ബലപ്രയോഗം നടത്തിയതും, ഓടി രക്ഷപ്പെടാനൊരുങ്ങിയ അവരെ കപ്പിത്താന് വിറ്റതുമെല്ലാം അയാൾ തുറന്നുപറഞ്ഞു. പിന്നീടുള്ള ഊഴം കപ്പിത്താന്റേതായിരുന്നു. തന്റെ കൈയ്യിൽകിട്ടിയ ഒരു പാവം തരുണിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചതും, സാധിക്കാതെ വന്നപ്പോൾ കരണത്തേയ്ക്ക് ആഞ്ഞടിച്ചതും കപ്പൽ മുങ്ങിയതും അയാൾ വിവരിച്ചു. അവരവരുടെ ഭാഗത്തുനിന്നും സംഭവിച്ച തെറ്റുകൾ. അബദ്ധങ്ങൾ എല്ലാവരും ഏറ്റുപറഞ്ഞു. ഇനി ഇതിനൊക്കെ പ്രതിവിധി കാണേണ്ടത് രാജവിന്റെ മകളുടെ ഭർത്താവാണ് എല്ലാവരും ഹഖീമിന്റെ തീരുമാനത്തിനായി കാതോർത്തു. തന്റെയടുത്തിരുന്ന രാജകുമാരിയെ അരികിലേക്ക് വിളിച്ച് അസൂറാബീവി (ഹഖീം) എന്തോ രഹസ്യം പറഞ്ഞു. പിന്നീട് കപ്പിത്താനെ ഹാജരാക്കി അയാളോട് ചോദിച്ചു. നിങ്ങളല്ലേ അസൂറാബീവിയെ അവസാനമായി കണ്ടത്?? അതെ!!! ഒരുൾനടുക്കത്തോടെ അയാൾ മറുപടി പറഞ്ഞു. അവരുടെ കൈയ്യിൽ എന്തെങ്കിലുമുണ്ടായിരുന്നോ??? അവരുടെ കയ്യിൽ ഒരു പെട്ടിയുണ്ടായിരുന്നു. അവർ എപ്പോഴും അത് ഭദ്രമായി കൈവശം വെക്കുന്നതായി ഞാൻ ഓർക്കുന്നു. ആ പെട്ടികണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ?? തീർച്ചയായും!! നേരത്തെ രഹസ്യം പറയപ്പെട്ട രാജകുമാരി ആ പെട്ടി അവിടെ ഹാജരാക്കി. ഇതുതന്നെയാണല്ലോ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന പെട്ടി?
(തുടരും)

No comments:

Post a Comment