ജീവിതത്തിൽ വിശുദ്ധിയാണ് മനുഷ്യർക്കാവശ്യം. സത്യസന്ധത വിശുദ്ധിക്ക് മാറ്റു കൂട്ടുന്നു. പാപപങ്കിലമായ ജീവിതത്തിന് പലപ്പോഴും ഐഹികശിക്ഷ തന്നെ ലഭിക്കുന്നത് കാണാം. നിങ്ങളുടെയെല്ലാം രോഗവിവരങ്ങളിൽ നിന്നും എല്ലാവരും അതിനീചമായ എന്തോ ഒരപരാധം ചെയ്തിരിക്കുന്നു. എന്ന് ഞാൻ കരുതുന്നു. മാത്രവുമല്ല, അവ ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്നുവോ എന്നുപോലും ഞാൻ സംശയിക്കുന്നു. അതുകൊണ്ട് നിങ്ങളോരോരുത്തരും അവരവർ പ്രവർത്തിച്ച നീചപ്രവർത്തികളെ ഈ മജ്ലിസിന്റെ മുന്നിൽവെച്ച് തുറന്നുപറയണം. അതിനുശേഷം പ്രതിവിധിയെക്കുറിച്ച് ആലോചിക്കുന്നതായിരിക്കും കുടുതൽ ഫലപ്രദമെന്ന് എനിക്ക് ബോധ്യപ്പെടുന്നു. ആ പ്രസ്താവനകേട്ട് എല്ലാവരും മിഴിച്ചിരിക്കുകയാണ് ഒരു സൂചി വീണാൽ ശബ്ദം കേൾക്കത്തക്ക ശ്മശാന മൂകതയാണവിടെ. ആരും ഒന്നുംതന്നെ ഉരിയാടിയില്ല. അബ്ദുല്ലാ രാജാവാണ് ആ നിശബ്ദതയെ മുറിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ കാര്യമായ എന്തോ സംശയം കടന്നുകൂടിയിരിക്കുന്നു. എന്താണിതിന്റെ രഹസ്യം??? എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടുന്നില്ല. അയാൾ സഹോദരന്റെ നേരെനോക്കി ഗർജിച്ചു. അബ്ദുറഹ്മാനേ, ഹഖീം പറഞ്ഞത് കേട്ടില്ലെ.?? എന്താണ് നീ ചെയ്ത തെറ്റ്?? ആദ്യം അതുതന്നെ പറയൂ. എനിക്ക് നിന്നെക്കുറിച്ച് കാര്യമായ സംശയമുണ്ട്. സഹോദരന്റെ കൽപ്പനകേട്ട് അബ്ദുറഹ്മാൻ ഭയപ്പെട്ടു. താൻ ഭയപ്പെട്ട നിമിഷങ്ങൾ നിനച്ചിരിക്കാതെ വന്നുചേർന്നിരിക്കുകയാണ്. എല്ലാ തെറ്റുകളും ഏറ്റുപറയേണ്ട സമയം ഇവിടെ ആസന്നമായിരിക്കുന്നു...!വിഭ്രാന്തിയിൽ അബ്ദുറഹ്മാൻ വിയർത്തു..!! സംഭ്രമത്തോടെ വിറച്ച് വിറച്ച് അയാൾ മൊഴിഞ്ഞുതുടങ്ങി. ഞാൻ മഹാപാപിയാണ്. അത് ഏറ്റുപറയാനുള്ള മനക്കരുത്ത് എനിക്കില്ല. തന്നെയുമല്ല,, ഞാനതു തുറന്നുപറഞ്ഞാൽ എന്റെ സഹോദരൻ എന്നെ ഈ സദസ്സിന്റെ മുന്നിൽവെച്ച് തന്നെ പിച്ചിച്ചീന്തുമെന്ന് ഞാൻ ഭയപ്പെടുന്നു. സഹോദരന്റെ വാക്കുകൾ കേട്ട് അബ്ദുല്ലാരാജാവിന്റെ ധമനികളിലൂടെ രക്തം ഇരച്ചുകയറി. കോപത്താൽ അദ്ദേഹത്തിന്റെ പരിസരബോധംപോലും നഷ്ടമായി. പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു. നിങ്ങൾ സമാധാനമായിട്ടിരിക്കുക. എല്ലാത്തിനും റബ്ബ് പരിഹാരം കാണിച്ച്തരും. യമനിലെരാജാവ് എഴുന്നേറ്റ് അബ്ദുറഹ്മാനോടായി പറഞ്ഞു.
ഇവിടെ എന്റെ അധികാരപരിധിയ്ക്കുള്ളിലാണ്. ഇവിടെവെച്ച് നിങ്ങളെ ആരും ഒന്നും ചെയ്യില്ല. അതുകൊണ്ട് യഥാർത്ഥ സംഭവങ്ങൾ തുറന്നുപറഞ്ഞ് മാപ്പിനപേക്ഷിക്കുവാൻ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയാണ്
രാജാവിന്റെ കൽപ്പന കേട്ട് അവർ ഓരോരുത്തരായി തങ്ങളുടെ അപരാധങ്ങൾ തുറന്നു പറയാൻ തുടങ്ങി..
(തുടരും)

 
No comments:
Post a Comment