➖➖➖➖➖➖➖➖➖
*ഉപദ്രവങ്ങൾ*
➖➖➖➖➖➖➖➖➖
ഖുറൈശികളും നബിതിരുമേനി (സ) യും തമ്മിലുള്ള വിരോധം അനുദിനം വർദ്ധിക്കുകയായിരുന്നു ഖുറൈശികൾ നബിയെയും ഖദീജയെയും നശിപ്പിക്കാൻ കുതന്ത്രങ്ങൾ നെയ്തുകൊണ്ടിരുന്നു ഇസ്ലാം മതത്തിന്റെ ഉൻമൂലനമാണവർ കൊതിച്ചത് എന്നാൽ ഇതൊന്നും വകവെക്കാതെ പ്രബോധന ഗോദയിൽ കാരിരുമ്പിന്റെ ശക്തിയിൽ റസൂൽ (സ) മുന്നോട്ട് നീങ്ങുകയായിരുന്നു
അബൂലഹബും ഭാര്യ ഉമ്മുജമീലും പ്രവാചകർക്കെതിരെ പരസ്യമായി രംഗത്തിറങ്ങി ഖദീജബീവി(റ)യെ രഹസ്യമായി ഉമ്മുജമീൽ നിരീക്ഷിക്കാൻ തുടങ്ങി വിശുദ്ധ കഅ്ബാലയത്തിന്റെ ചുറ്റിലുമുള്ള ബിംബങ്ങളെ പ്രവാചകൻ തള്ളിപ്പറയുന്നത് ഉമ്മുജമീൽ അറിഞ്ഞു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ വിഗ്രഹങ്ങൾക്കാവില്ലെന്നാണ് പറഞ്ഞു നടക്കുന്നത്
ഖുറൈശികൾക്ക് ഇത് സഹിച്ചില്ല വർഷങ്ങളേറെയായി ആദരപൂർവ്വം ആരാധിച്ചുപോന്ന വിഗ്രഹങ്ങളെ തിരസ്കരിക്കുന്ന മുഹമ്മദിനെ കൈകാര്യം ചെയ്യണമെന്നവർ അഭിപ്രായപ്പെട്ടു കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് സംഘടിച്ച് അവർ ചർച്ച തുടങ്ങി ഇവനെ ഇപ്പോൾ തന്നെ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ സർവ്വ അധികാരവും നഷ്ടപ്പെടും ചില ഖുറൈശികൾ യോഗത്തിൽ അഭിപ്രായപ്പെട്ടു സാഹിത്യകാരന്മാരും കവികളുമെല്ലാം അവിടെ സംഗമിച്ചിരിക്കുന്നു
ചില കവികൾ പറഞ്ഞതിങ്ങനെ: മുഹമ്മദിന്റെ പ്രസ്ഥാനത്തെ നമുക്ക് നശിപ്പിക്കാം അവനെയും അവന്റെ ആദർശങ്ങളെയും ആക്ഷേപിച്ച് ഞങ്ങൾ കവിതകൾ രചിക്കാം അവ ചന്തകളിലും മാർക്കറ്റുകളിലും പ്രചരിപ്പിക്കാം വ്യാപക പ്രചാരണം കവിതക്ക് ലഭിക്കുന്നതോടെ ജനങ്ങൾ അവന്റെ പിന്നിൽ നിന്നും പിന്തിരിയുന്നത് കാണാം
കാഥികൾ അവരുടെ അഭിപ്രായവും പറഞ്ഞു ജനങ്ങളെ വിളിച്ചുവരുത്തി സദസ്സുണ്ടാക്കാം മുഹമ്മദിന്റെ വിവരങ്ങളും പൂർവ്വ കഥകളും പറഞ്ഞ് താരതമ്യം ചെയ്യാം ഭാവിയിൽ ഈ പ്രസ്ഥാനം നശിപ്പിക്കുന്നതായി അവരെ പറഞ്ഞു ധരിപ്പിക്കാം അതോടെ അവർ പിന്തിരിയുന്നതാണ്
വ്യാപാരികൾ മറ്റൊരു രീതിയിലാണ് ഈ പ്രശ്നത്തെ നോക്കിക്കണ്ടത് മുസ്ലിംകളുമായി എല്ലാ വ്യാപാര ബന്ധവും അവസാനിപ്പിക്കാം വിൽപ്പനയും വാങ്ങലുമൊന്നും വേണ്ട ഇതോടെ അനുയായികൾ പിൻവലിയും
ചർച്ചകൾക്കൊടുവിൽ അബൂജഹലും അബൂലഹബും വീട്ടിലേക്ക് മടങ്ങി അബൂലഹബ് ഭാര്യക്കൊപ്പമിരുന്നു അവൾക്കാവേശമായി മുഹമ്മദിനെ സ്വൈരമായി അന്തിയുറങ്ങാൻ അനുവദിക്കില്ലെന്ന ദൃഢതീരുമാനത്തിൽ വിരോധത്തിന്റെ നുരപതഞ്ഞു പൊങ്ങുകയായിരുന്നു ആ ഹൃദയത്തിലും...... ഒപ്പം ഖദീജയെ അടക്കിനിർത്താനുള്ള ആവേശോജ്വല പ്രഖ്യാപനവും
അബൂലഹബ് ഭാര്യയെ നോക്കി പറഞ്ഞു നമ്മുടെ നാവിന്റെ നീളവും വലിപ്പവും മുഹമ്മദ് കാണാൻ പോകുന്നതേയുള്ളൂ സ്വഫാ പർവ്വത ശിഖരത്തിൽ വെച്ച് ഖുർആൻ മുഹമ്മദിനിറങ്ങിയെങ്കിൽ അവന്റെ ദിവ്യസന്ദേശങ്ങൾ ഞാൻ കാണിച്ചു കൊടുക്കാം
ഇതുകേട്ട ഉമ്മുജമീൽ ഉറക്കെ ഗർജ്ജിച്ചു ഉമ്മുജമീലിനെ ഖദീജ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ അവൾക്കെതിരെ ഒരു പെൺപടയെ ഞാനൊരുക്കും
ഭർത്താവിന്റെ ഓരം പറ്റിനിന്ന ഉമ്മുജമീൽ എഴുന്നേറ്റു കതക് തുറന്നു ഖദീജയുടെ വീട്ടിലേക്കു നോക്കി അവിടെ കതകടച്ചിട്ടുണ്ട് മുഹമ്മദും ഖദീജയും വീടിനകത്തായിരിക്കും ഗർജ്ജിക്കുന്ന സിംഹം പോലെ ഉമ്മുജമീൽ വീടിനടത്തുവന്ന് അലറി.....പോകൂ ....... ഈ വീട്ടിൽനിന്ന്...... നിന്നെ ഈ പരിസരത്തൊന്നും കണ്ടുപോകരുത്
അവൾ മറ്റുവിധേനയും ശല്യപ്പെടുത്താൻ തുടങ്ങി രാത്രി ഭർത്താവിനൊപ്പം മദ്യപിച്ച് കൂത്താടി മദോൻമത്തരായി ആനന്ദത്തിലാറാടി പ്രഭാതം പൊട്ടിവിടരും മുന്നെ എഴുന്നേറ്റു വീടും പരിസരവും തൂത്തുവരി എന്നിട്ടെല്ലാം ഖദീജയുടെ വീട്ടുപടിക്കലേക്ക് വലിച്ചെറിഞ്ഞു
ഉമ്മുജമീൽ തലേദിവസം ഒരുക്കൂട്ടിയ മുള്ളുകൾ, അഴുകിയ പാഴ് വസ്തുക്കൾ, ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ...... എല്ലാം ഇന്നിതാ ഖദീജയുടെ പൂമുഖവാതിൽക്കൽ
സമയം പ്രഭാതമായി സൂര്യന് പതിവിലപ്പുറം ഒരു തണുത്തമട്ടയായിരുന്നു അന്ന് റസൂൽ (സ) ബിസ്മി ചൊല്ലി കതക് തുറന്നു ആ കണ്ണുകൾ അന്ധാളിച്ചു
ഖദീജ(റ) വേലക്കാരികളെ വിളിച്ചു എല്ലാ മാലിന്യങ്ങളും അവർ അടിച്ചുവാരി വാതിൽപടിയും വരാന്തയുമെല്ലാം കഴുകി വൃത്തിയാക്കി
രംഗങ്ങളെല്ലാം ഉമ്മുജമീൽ വാതിൽപാളിയിലൂടെ നോക്കിക്കാണുന്നുണ്ടായിരുന്നു എന്തൊരു സ്നേഹമാണീ ഖദീജയ്ക്ക് ...... ഉമ്മുജമീൽ പിറുപിറുത്തു
തുടർന്നുള്ള ദിവസങ്ങളിൽ തെറിവിളികളും അസഭ്യം പറച്ചിലുമായിരുന്നു മനുഷ്യത്വത്തെ നാണിപ്പിക്കുന്ന വാക്കുകൾ ഖദീജ(റ) എല്ലാം ക്ഷമയോടെ കേട്ടുനിന്നു
കൂട്ടുകാരികൾ വരുമ്പോഴെല്ലാം ഇത് കാണുമായിരുന്നു ഉമ്മുജമീലിന്റെ അസഭ്യങ്ങൾ ഒപ്പം മാലിന്യവർഷങ്ങൾ ശക്തമായ ഭാഷയിൽ പ്രതികരിക്കാനും തിരിച്ചടിക്കാനും അവർ ഖദീജയ്ക്ക് ധൈര്യം പകർന്നു പക്ഷെ സത്യവിശ്വാസിനിയായ ഖദീജാബീവി (റ) ഉറച്ച സ്വരത്തിൽ ആണയിട്ടു
ഇല്ല, അവളാ ഈർഷ്യതയോടെ അങ്ങ് മരിക്കട്ടെ ഞാനവളോട് പ്രതികരിക്കാനില്ല കൂട്ടുകാരികളേ, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നറിയാമോ? തിന്മയെ തിന്മ കൊണ്ട് നേരിട്ടാൽ നമുക്ക് അല്ലാഹുവിന്റെ കൃപയും കാരുണ്യവുമുണ്ടാവില്ല നാം മതത്തിന്റെ ചിട്ടകൾ പാലിക്കണം പ്രവാചകരുടെ ചര്യകൾ മുറുകെ പിടിക്കണം
സഹനത്തോടെയാണ് കയ്പേറിയ നാളുകൾ അവർ തള്ളി നീക്കിയത് അബൂലഹബും പ്രവാചകനെ ചീത്ത പറയുന്നു പരിഹസിക്കുന്നു
ഖദീജ(റ) ഭർതൃശിരസ്സിൽ തലോടി സമാശ്വസിപ്പിക്കും റസൂലേ..... അന്തരീക്ഷത്തിലെ അപശബ്ദങ്ങളല്ലേ അവയത്രയും വിശാലവിഹായസ്സിലൂടെ കാറ്റിനൊപ്പം അവ പറന്നകലും
ദിനങ്ങൾ നീങ്ങുന്തോറും മുസ്ലിംകൾ എണ്ണമേറുകയാണ് പ്രവാചകൻ (സ) പ്രബോധനപാതയിൽ അതിശീഘ്രേ മുന്നോട്ട് നീങ്ങുന്നു ഖുറൈശികൾ ഉറഞ്ഞുതുള്ളി അവർ ഒത്തുചേർന്നു
തുറന്നചർച്ചകൾ, സംവാദങ്ങൾ മുഹമ്മദിന്റെ താങ്ങ് വെട്ടിമുറിക്കണം നിങ്ങൾക്കതിനാവുമോ? ഒരാൾ ദൃഢസ്വരത്തിൽ ചോദിച്ചു
ആരാണീ താങ്ങു കൊടുക്കുന്നത്?
അബൂത്വാലിബ് മറ്റൊരാൾ പറഞ്ഞു
മുഹമ്മദിന്റെ തണൽവൃക്ഷത്തെ വെട്ടിമുറിച്ചേപറ്റൂ എന്നാലേ നമുക്ക് രക്ഷയുള്ളൂ
വീണ്ടും സംശയമുണർന്നു ആരാണീ തണൽവൃക്ഷം?
അതിലെന്തു സംശയം ഖദീജ തന്നെ അവളാണ് അവന്റെ ശക്തിയും സമ്പത്തും തണലുമെല്ലാം
താങ്ങും തണലും മുറിച്ചു മാറ്റണം നമുക്ക് അതിനെന്താണൊരു പോംവഴി അതിശക്തമാണല്ലോ രണ്ടും ഖുറൈശികൾ സജീവമായ ചർച്ച തുടരുകയാണ്
✍🏻അലി അഷ്ക്കർ
(തുടരും)
നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും
📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖
📮 ഷെയർ ചെയ്യുന്നവർ പേരും നമ്പറും നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:
Post a Comment