പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-5


➖➖➖➖➖➖➖➖➖
*വഴി പിരിയുന്നു*
➖➖➖➖➖➖➖➖➖
അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ അവന്റെ പ്രിയപ്പെട്ട ദൂതൻ റസൂലുല്ലാഹി (സ) യാതൊന്നും സംസാരിക്കുകയില്ല ജനങ്ങളെ നന്മയുടെയും നേരിന്റെയും വഴിയിലേക്ക് ക്ഷണിക്കാൻ അല്ലാഹുവാണ് പ്രവാചകൻ (സ) യെ നിയോഗിച്ചത്

അല്ലാഹുവിന്റെ നിർദേശം അനുസരിച്ച് ഏകനായ അല്ലാഹുവിനെ ആരാധിക്കാനും ഉപകാരവും ഉപദ്രവും ഇല്ലാത്ത ബിംബങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കുവാനും തിരുനബി (സ) ജനങ്ങളെ ഉപദേശിച്ചു

ഉറ്റവർ തന്നെയാണ് ആദ്യം എതിർത്തത് പ്രതീക്ഷയുണ്ടായിരുന്നത് അവരിലായിരുന്നു എന്നാൽ സ്വന്തം കുടുംബക്കാരും വേണ്ടപ്പെട്ടവരും പ്രബോധനവഴിയിൽ വിഘ്നം നിന്നതോടെ തിരുനബി (സ) വിഷണ്ണനായി

ഉടനെ ദൈവദൂതൻ ജിബ്രീൽ (അ) വനാലോകത്ത് നിന്നിറങ്ങിവന്ന് പ്രവാചകരെ സമാശ്വസിപ്പിക്കുകയും അബൂലഹബിനെ ശപിക്കുകയും ചെയ്യുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതിക്കേൾപ്പിച്ചു

'അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ, അവ നശിച്ചു കഴിഞ്ഞു തന്റെ ധനവും സമ്പത്തുമെന്നും അവന് ഉപകരിക്കില്ല ജ്വലിക്കുന്ന അഗ്നിയിൽ പിന്നീടവൻ കാലെടുത്തു വെക്കും ഒപ്പം വിറകുചുമട്ടുകാരിയായ പത്നിയും (ഉമ്മു ജമീൽ) അതിൽ പ്രവേശിക്കും ഈത്തപ്പന നാരിന്റെ കയർ അവളുടെ കഴുത്തിലുണ്ട് (വിശുദ്ധ ഖുർആൻ, സൂറത്തുൽ മസദ്)

സാഹിത്യ വൈഭവം നിറഞ്ഞ വചനങ്ങൾ വിസ്മയത്തോടെ ജനം കേട്ടു നിന്നു പലരും  അതേ നിലവാരത്തിൽ പ്രതികരിക്കാൻ വാക്കുകൾ പരതി, സാധ്യമായില്ല

തിരുനബി (സ) യുടെ സമീപസ്ഥരായിരുന്നു അബൂലഹബിന്റെ കുടുംബം പ്രസിദ്ധമായ കഅ്ബാലയത്തിന്റെ സമീപമുള്ള മർവ പർവ്വതത്തിനടുത്താണ് ഹബീബ് (സ) യുടെ വസതി, ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് അബൂലഹബ് കുടുംബസഹിതം താമസിച്ചിരുന്നത്

പ്രവാചകൻ (സ) സഫാ പർവ്വതത്തിന്റെ ഉച്ചിയിൽ കയറി പ്രബോധനം ചെയ്തത് അബൂലഹബിനും ഭാര്യയ്ക്കും തീരെ രസിച്ചിരുന്നില്ല

സംഭവങ്ങൾക്കു ശേഷം വീട്ടിലെത്തിയ ഉമ്മു ജമീൽ ഭർത്താവിനോട് കയർത്തു സംസാരിക്കാൻ തുടങ്ങി വീട്ടു മുറ്റത്ത് ക്രോധവും നിരാശയും നിറഞ്ഞ മനസുമായി ഏതോ ചിന്താലോകത്ത് പ്രയാണം ചെയ്യുകയാണ് അബൂലഹബ് ഉമ്മു ജമീൽ അരികിലേക്ക് ധൃതിയിൽ വന്നു ആക്രോശിച്ചു

നമുക്കിനി എന്തഭിമാനമാണുള്ളത്? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, ഖദീജയുടെ രണ്ട് പെൺമക്കളെയും ത്വലാഖ് ചൊല്ലി ഇറക്കി വിട്ടില്ലെങ്കിൽ ഞാനിനി ഈ വീട്ടിലേക്ക് കാലുകുത്തുകയില്ല

ഞെട്ടലോടെയാണ് അബൂലഹബ് ഇത് കേട്ടത് എന്നെ മുഹമ്മദിന്റെ ദൈവം ശപിച്ചതിന് എനിക്കില്ലാത്ത  ദേഷ്യവും ഈറയും നിനക്കോ?

പ്രമാണിയും ധനാഢ്യയുമായ ഖദീജയുടെ കുടുംബത്തിൽ നിന്നുള്ള ഈ വിവാഹം തങ്ങൾക്കഭിമാനമായാണയാൾ ധരിച്ചിരുന്നത് സത്യസന്ധനും വിശ്വസ്തനുമായ വിശുദ്ധ മക്കാനഗരം ആദരിക്കുന്ന മുഹമ്മദിന്റെ ഓമനപുത്രിയെ ഉപേക്ഷിക്കുകയോ? അബൂലഹബ് ചിന്താനിമഗ്നനായി

ഉത്ബയെയും ഉതൈബയെയും അരികിൽ വിളിച്ചു കൊണ്ടദ്ദേഹം പറഞ്ഞു:

നിങ്ങളെവിടെയായിരുന്നു? എന്നെയും നിങ്ങളുടെ ഉമ്മയെയും കുറിച്ച് മുഹമ്മദ് പറഞ്ഞതുകേട്ടില്ലേ? ഇനി ഈ വീട്ടിൽ ഞാനുണ്ടാവും അല്ലെങ്കിൽ ഖദീജയുടെ രണ്ടു കുട്ടികളുണ്ടാവും ഏതാ വേണ്ടതെന്ന് ഇപ്പോൾ തീരുമാനിച്ചോളണം

ഉത്ബയും ഉതൈബയും ചിന്താനിമഗ്നരായി ഇനി എന്തു ചെയ്യണമെന്നറിയാതെ വിറച്ചു നിൽക്കുകയാണ് ഉപ്പയെയും ഉമ്മയെയും കൈവിടാനൊക്കില്ല പിന്നെ ഭാര്യ.... ഹോ.... ഓർക്കാൻ പറ്റുന്നില്ല ആ മധുരം ജീവിതം ഒഴിവാക്കാൻ അസാധ്യമാണ് അവരെക്കാൾ നല്ല ഭാര്യമാരെ ഇനിയെവിടുന്ന് കിട്ടും?

ഇടിനാദംപോലെ അബൂലഹബിന്റെ ശബ്ദം വീണ്ടും ഉയർന്നു എന്താണ് ചിന്തിച്ചു നിൽക്കുന്നത് പറഞ്ഞതുകേട്ടില്ലേ അവരെ ത്വലാഖ് ചൊല്ലുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ വാപ്പയല്ല നിങ്ങളുമായുള്ള എല്ലാ ബന്ധവും ഞാൻ മുറിച്ചു കളയാൻ പോവുകയാണ് നിങ്ങളോടുള്ള പ്രതികാര കോപാഗ്നിയിൽ ഞാൻ വെന്തുരുകി മരിച്ചേ അടങ്ങൂ

ഒരു വശത്ത് ഇടിമുഴക്കത്തോടെ ഉപ്പയുടെ ഗർജനം ഒപ്പം ഉമ്മയുടെ നിർബന്ധവും

രക്ഷയില്ല, യാതൊരു മനഃസമാധാനവുമില്ലാത്തതായിരിക്കും ഇനിയുള്ള ദാമ്പത്യജീവിതം മറുത്തൊന്നും ചിന്തിക്കാതെ, മനമില്ലാമനസ്സോടെ അവർ ത്വലാഖ് ചൊല്ലി നിറഞ്ഞ നയനങ്ങളോടെ ഉമ്മുകുൽസൂം (റ) യും റുഖിയ്യ (റ) യും ഭർതൃഭവനത്തിൽ നിന്നിറങ്ങി കൊതിതീരും മുമ്പേ പിരിയേണ്ടിവന്നതിലെ സങ്കടം കടിച്ചമർത്തി നബി ഭവനത്തിൽ കഴിഞ്ഞു കൂടി മക്കളിരുവരും ഭർത്താക്കന്മാർക്കൊപ്പം ഇണചേരും മുന്നേ വിവാഹമോചനം നടത്തിയതിൽ ഖദീജ (റ)യ്ക്ക് സന്തോഷം അവർ പലതവണ അല്ലാഹുവിനെ സ്തുതിച്ചു

ഖദീജാ ബീവി (റ)ക്ക് ഉമ്മു ജമീലിനെ നേരാംവിധം അറിയാമായിരുന്നു അബൂലഹബിനൊത്ത ജീവിതസഖി സ്നേഹിച്ചു തുടങ്ങിയാൽ കുളിരണിയിച്ച്  പുളകം കൊള്ളിക്കുന്നവൾ ആഹ്ലാദത്തിന്റെ ഉൻമാദാവസ്ഥയിൽ അവൾ ലഹരിപിടിപ്പിക്കും എന്തു നല്ല പെണ്ണ് ഹൃദയഹാരിയായ സംസാരം കോപിച്ചാൽ പിന്നെ പറയേണ്ട അവളുടെ കാര്യം  അവൾ പറയുന്ന തെറി കേട്ടാൽ ആരും അറച്ചു പോകും

വലിയൊരു അഗ്നി പരീക്ഷയിൽ നിന്നും മോചനം ലഭിച്ച സന്തോഷമായിരുന്നു  ഖദീജ(റ)യ്ക്കും റസൂലിനും കരയാതെ മക്കളേ..... കരയാതെ..... ഖദീജതുൽ കുബ്റ (റ) ഒരു കൈകൊണ്ട് ഉമ്മുകുൽസു(റ)വിനെയും മറുകൈകൊണ്ട് റുഖിയ്യ(റ)യെയും അണച്ചുപിടിച്ചാശ്വസിപ്പിച്ചു അൽപം കഴിഞ്ഞപ്പോൾ തിരുനബി (സ) കയറി വന്നു രംഗം കണ്ട് തിരുമനസ്സ് നൊന്തു

ഉമ്മു ജമീൽ പ്രവാചകർക്കും കുടുംബത്തിനുമെതിരിൽ തിരിഞ്ഞു കൂട്ടുകാരികൾക്കൊപ്പമിരുന്ന് ചർച്ചകൾ നടത്തി എല്ലാം ഒരു ഖദീജയെക്കൊണ്ടുണ്ടായ വിപത്താണെന്ന് അവൾ ആണയിട്ടു പറഞ്ഞു

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment