ഒപ്പം നാഥനെ സ്തുതിക്കുകയും രാജാവിന് നന്ദി പറയുകയും ചെയ്തു പിന്നെ കൊട്ടാരത്തിന് പുറത്തേക്കു നടന്നു . പെട്ടെന്ന് രാജാവ് വിളിച്ചു.. മുഖൗഖിസ് താങ്കൾ സമയം കിട്ടുമ്പോഴൊക്കെ എന്നെ സന്ദർശിക്കണം. വിറക് ശേഖരിച്ച് ഒരു തുക കൈവരുന്നത് വരെ വേണമെങ്കിൽ താങ്കൾക്ക് കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് താമസിക്കുകയും ആവാം .ആ അഭിപ്രായം ശരിയാണെന്ന് മുഖൗഖിസിനും തോന്നാതിരുന്നില്ല .ഏതായാലും മറ്റു സൗകര്യം തരപ്പെടുന്നതുവര കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് താമസിക്കാമെന്ന് മുഖൗഖിസ് സമ്മതിച്ചു.
ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു മുഖൗഖിസ് . രാവിലെ മഴുവുമായി കാട്ടിലേക്കു പോകും വൈകുന്നേരം വിറകുകെട്ടുകളുമായി കമ്പോളത്തിൽ എത്തും . അത് വിറ്റു കിട്ടുന്ന സംഖ്യയിൽ തന്റെ അന്നത്തെ ആവശ്യം കഴിച്ച് ബാക്കി ദാനം ചെയ്യും .പിന്നെ കൊട്ടാരത്തിന്റെ ഒരു ഭാഗത്തുള്ള ചെറിയ മുറിയിൽ താമസിക്കും . സമയം കിട്ടുമ്പോഴൊക്കെ രാജാവുമായി കൂടിക്കാഴ്ച നടത്തും . അവരുടെ സൗഹൃദം ശക്തിപ്രാപിച്ചു കൊണ്ടിരുന്നു . ഇതിനിടയിൽ ഖുറാസ മുഴുവൻ മുഖൗഖി സിനെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞിരുന്നു . ധർമ്മിഷ്ഠൻ ആയിരുന്ന അദ്ദേഹത്തിന് സംഭവിച്ച ദുര്യോഗം എല്ലാവരിലും വേദനയുളവാക്കി . കാട്ടിൽപ്പോയി വിറകു ശേഖരിക്കുന്നതിൽ നിന്നും പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു . അദ്ദേഹം പിന്മാറിയില്ല .വിറക് ശേഖരിക്കും ഒരു വലിയ ഭാഗം ധർമ്മം ചെയ്യും . തളരാത്ത അദ്ദേഹത്തിന്റെ മഹാമനസ്കത സർവ്വരിലും ആശ്ചര്യം വിടർത്തി .അതിലുപരി അദ്ദേഹത്തോടുള്ള ബഹുമാനവും സ്നേഹവും വർദ്ധിക്കാനും അത് കാരണമായി . ഇതിനിടയിൽ മുഖൗഖി സിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടായി . ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു വീണുകൊണ്ടിരുന്നു . എല്ലാദിവസവും രാജാവു മുഖൗഖിസിനെ വന്നു കാണും . ഒരുദിവസം മുഖൗഖിസുമായി സൗഹൃദ സംഭാഷണം നടത്തുമ്പോൾ അസീസ് രാജൻ ചോദിച്ചു... മുഖൗഖിസ് .....താങ്കളിപ്പോൾ ഖുറാസയുടെ അതിഥി അല്ലല്ലോ .ഖുറാസയിലെ ഒരു പൗരൻ ആയില്ലേ ? താങ്കൾ ഇവിടെയെത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു .നാമുമായുള്ള ഈ സൗഹൃദ സംഭാഷണം ഒഴിച്ചാൽ താങ്കൾ തീർത്തും ഏകാന്തതയിൽ ആണല്ലോ .എല്ലായിപ്പോഴും ഉള്ള ഏകാന്തത താങ്കളെ അലോസരപ്പെടുത്തുന്നില്ലേ?. അതോ ഏകാന്തതയെ താൻകൾ ഇഷ്ടപ്പെടുന്നുവോ?'' ..... മുഖൗകിസ് ചിരിച്ചു . ഏകാന്തതയിൽ ആണല്ലോ നാഥനെ കൂടുതൽ സ്മരിക്കാൻ കഴിയുക ....ശരിയാണ് മുഖൗഖിസ് ..താങ്കൾ ഉന്നതനാണ് മഹാമനസ്കനും . ഇന്നിപ്പോൾ ഖുറാ സക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് താങ്കൾ . എന്നിരുന്നാലും ഈ ഏകാന്ത ജീവിതം ഒന്ന് നിർത്തിക്കൂടെ ?.... താങ്കൾ പറഞ്ഞു വരുന്നത് ?......രാജാവ് ഒരു നിമിഷം നിശബ്ദനായി പിന്നെ പുഞ്ചിരിയോടെ പറഞ്ഞു... മറ്റൊന്നുമല്ല ഒരു വിവാഹം ....അതാണ് കാര്യം .അങ്ങയുടെ നല്ല മനസ്സിനു നന്ദി പക്ഷേ ഞാനിപ്പോൾ ഒരു വിവാഹം ഉദ്ദേശിക്കുന്നില്ല രാജൻ ....ഞാനിപ്പോൾ പ്രണയിക്കുന്നത് ഏകാന്തതയെയാണ് റബ്ബുമായി അടുക്കുമ്പോൾ ഏകാന്തത ഒരു വിരസതയായിട്ട് എനിക്ക് അനുഭവപ്പെടാറില്ല ....ശരി താങ്കളുടെ ഇഷ്ടം .നമ്മെ പോലെയാണ് താങ്കളും .... എന്റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ പതിറ്റാണ്ട് ഒന്നു കഴിഞ്ഞു .നമുക്ക് ഒരു കുഞ്ഞിനെയും റബ്ബ് തന്നിട്ടില്ല മുഖൗഖിസ് .ആ വേദന എന്നെ വല്ലാതെ അലട്ടുന്നുണ്ട് . കാരണം ഞാനിപ്പോൾ വൃദ്ധൻ ആണല്ലോ നാഥൻ അനുവദിച്ച സമയം തീരാറായി എന്ന് തോന്നുന്നു .എനിക്ക് ശേഷം ഭരണചുമതല ആരെ ഏൽപ്പിക്കും എന്നാണ് എന്റെ ഇപ്പോഴത്തെ വലിയ പ്രയാസം .....
(തുടരും)

No comments:
Post a Comment