ബദർ യുദ്ധചരിത്രം💞 ഭാഗം:9


 ഇതോടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. തുടര്‍ന്ന് ക്വുറൈശി പക്ഷത്തുനിന്ന് പ്രമുഖരായ മൂന്ന് കുതിരപ്പടയാളികള്‍ ദ്വന്ദ്വയുദ്ധത്തിനായി മുന്നോട്ടുവന്നു. മൂവരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍. റബീഅയുടെ പുത്രന്മാരായ ഉത്ബയും ശൈബയും ഉത്ബയുടെ പുത്രന്‍ വലീദും. ഇവരെ നേരിടാന്‍ അന്‍സ്വാറുകളിലെ മൂന്ന് യുവാക്കള്‍ രംഗത്തുവന്നു. ഹാരിഥിന്റേയും അഫ്റാഇന്റേയും പുത്രന്മാരായ ഔഫും മുഅവ്വിദും റവാഹയുടെ പുത്രന്‍ അബ്ദുല്ലയും. ഇതുകണ്ട് അവര്‍ പറഞ്ഞു. നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. ഞങ്ങളുടെ ബന്ധുക്കളുണ്ടല്ലോ മറുഭാഗത്ത്. അവരെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. എന്നിട്ട് വിളിച്ചുപറഞ്ഞു: 'മുഹമ്മദ്, ഞങ്ങള്‍ക്ക് തുല്യരായ ഞങ്ങളുടെ ജനതയിലെ ആളുകളെ അയക്കാന്‍ തയ്യാറുണ്ടോ?' ഉടനെ റസൂല്‍(സ) ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഉബൈദുല്ല ബിന്‍ ഹാരിഥിനോടും ഹംസയോടും അലിയോടും അവരെ നേരിടാന്‍ കല്പിച്ചു. അവര്‍ അവരെ സമീപിച്ചപ്പോള്‍ മറുപക്ഷത്തുനിന്ന് ചോദിച്ചു. 'നിങ്ങള്‍ ആരാണ്?' ഞങ്ങളിന്നവരാണ് എന്ന് പരിചയപ്പെടുത്തിയപ്പോള്‍ 'നിങ്ങള്‍ ഞങ്ങള്‍ക്ക് ചേര്‍ന്നവര്‍ തന്നെയെന്ന് പറഞ്ഞുകൊണ്ട് ദ്വന്ദ്വയുദ്ധത്തിന് തയ്യാറായി ഉബൈദ-ഇദ്ദേഹമാണ് കൂടുതല്‍ പ്രായമുള്ളവന്‍-ഉത്ബയോടും ഹംസ ശൈബയോടും അലി വലീദിനോടും ഏറ്റുമുട്ടി.(1) അലിക്കും ഹംസക്കും തങ്ങളുടെ പ്രതിയോഗികളുടെ കഥ കഴിക്കാന്‍ ഒട്ടും താമസിക്കേണ്ടിവന്നില്ല. എന്നാല്‍ ഉബൈദ തന്റെ പ്രതിയോഗിയുമായി അല്പനേരം ഏറ്റുമുട്ടുക തന്നെ ചെയ്തു. ഉടനെ അദ്ദേഹത്തിന്റെ സഹായത്തിനായി ഹംസയും അലിയും പാഞ്ഞെത്തി. അവര്‍ നിമിഷംകൊണ്ട് ഉത്ബയെ വെട്ടിമലര്‍ത്തി. തുടര്‍ന്ന് കാലറ്റ ഉബൈദയെ ചുമലിലേറ്റി മടങ്ങി. പിന്നീട് ബദ്റില്‍ നിന്ന് നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം മുസ്ലിംകള്‍ മദീനയിലേക്ക് മടങ്ങും വഴി സ്വഫ്റാഇല്‍ വെച്ച് ഇദ്ദേഹം മരിച്ചു. പില്‍ക്കാലത്ത് അലി(റ) പറയാറുണ്ടായിരുന്നു ഈ ആയത്തിലെ പരാമര്‍ശം തങ്ങളെക്കുറിച്ചാണെന്ന്.

"ഈ രണ്ടുവിഭാഗം രണ്ടു എതിര്‍കക്ഷികളാകുന്ന തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി.'' (22:19)
ഒറ്റയടിക്ക് പ്രഗത്ഭരായ മൂന്ന് അശ്വഭടന്മാരെ നഷ്ടപ്പെട്ട ശത്രുസൈന്യം ഒന്നടങ്കം കലിതുള്ളി മുസ്ലിംകള്‍ക്ക് നേരെ ആഞ്ഞടുത്തു. മുസ്ലിംകള്‍ വിനയപൂര്‍വം പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുകളോടെ ഏകന്‍ ഏകന്‍ എന്ന് പ്രഖ്യാപിച്ചു കൊണ്ടു അവരെ പ്രതിരോധിക്കാനുമായി നിന്നു....

റസൂല്‍(സ) തന്റെ കൂടാരത്തില്‍ തന്റെ നാഥനോട് വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ അപേക്ഷിച്ചുകൊണ്ട് പ്രാര്‍ഥനയില്‍ മുഴുകി. യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ തന്റെ നാഥന്റെ മുന്നില്‍ താണുകേണു അവിടുന്ന് യാചിച്ചു: 'അല്ലാഹുവേ, ഈ കൊച്ചുസംഘം ഇന്ന് നശിച്ചു പോയാല്‍ നിന്നെ ആരാധിക്കുന്ന ആരും അവശേഷിക്കില്ല നാഥാ!' പ്രാര്‍ഥനയില്‍ മുഴുകിയ നബിതിരുമേനയുടെ ശിരോവസ്ത്രം താഴെ വീണു. കൂടെയുണ്ടായിരുന്ന അബൂബക്കര്‍ അതെടുത്തു ചുമലില്‍ വെച്ചുകൊണ്ട് പറഞ്ഞു. 'അല്ലാഹുവിന്റെ ദൂതരേ! താങ്കളുടെ നാഥനെ ഇത്രയും വിളിച്ചാല്‍ മതി. താങ്കളോടുള്ള വാഗ്ദത്തം അല്ലാഹു നിശ്ചയമായും പാലിക്കും.' ഉടനെ അല്ലാഹു തന്റെ മാലാഖമാരെ പ്രവാചകനേയും അനുയായികളേയും സഹായിക്കാനായി അയച്ചു. ക്വുര്‍ആന്‍ ഈ കാര്യം പരാമര്‍ശിക്കുന്നു.


'നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.'' (8:12)
(തുടരും)

No comments:

Post a Comment