ഇബ്രാഹീമിബ്നു അദ്ഹം (റ) ഭാഗം:31



 ഓർമ്മയിൽ തങ്ങുന്ന രാജാവ്


എത്രയെത്ര ഫലങ്ങൾ വേണമെങ്കിൽ മതിവരുവോളം പറിച്ചുതിന്നാം. ആരും അറിയാൻ പോകുന്നില്ല. അറിഞ്ഞാൽ തന്നെ ഒരുതരം അവകാശം പോലെയാണത്. അങ്ങിനെ പറിച്ചുതിന്നാത്ത തോട്ടം കാവൽക്കാർ എവിടെയാണുള്ളത് ... പറിച്ചു തിന്നുക മാത്രമല്ല, വീട്ടുകാർക്കും കൂട്ടുകാർക്കും കൊട്ടയിൽ നിറച്ചു കൊടുത്തയക്കുക കൂടി ചെയ്യും ...


എന്നാൽ ഇബ്റാഹീമിബ്നു അദ്ഹം അങ്ങനെ ആയിരുന്നില്ല ഒരിക്കലും. അതിനാൽ അദ്ദേഹം ഒരമളിയിൽ തന്നെ ചെന്നുചാടി. ഒരിക്കൽ യാദൃശ്ചികമായി തോട്ടമുടമ അവിടെ എത്തിച്ചർന്നു ...


" എടോ നല്ല പാകമായ ഒരു പഴം പറിച്ചുതരൂ ... ഞാനൊന്ന് രുചിച്ചുനോക്കട്ടെ ..."


ഉടമയുടെ വാക്കുകൾ കേട്ട ഇബ്‌റാഹീം കാഴ്ചയിൽ നല്ലതെന്ന് തോന്നിക്കുന്ന ഒരു പഴം പറിച്ച് അദ്ദേഹത്തിന്‌ കൊടുത്തു... അയാൾ അത് കടിച്ചതും ഫൂ ... എന്നു പറഞ്ഞു തുപ്പിയതും ഒരുമിച്ചായിരുന്നു ... പിന്നെ ഒരാക്ഷേപിക്കലും ...


" എടോ, നല്ലവണ്ണം വിളഞ്ഞ് പാകമായ തിന്നാൻ കൊള്ളാവുന്ന ഒരു പഴം പറിച്ചു കൊണ്ടുവരാൻ പറഞ്ഞിട്ട് നീ കൊണ്ടുവന്നത് വെറും പുളിപ്പുള്ളതാണോ ...? വേഗം മറ്റൊന്ന് കൊണ്ടുവാ ..."


യജമാനന്റെ വാക്കുകൾ കേട്ട് ഇബ്‌റാഹീം കുറച്ചുകൂടി മുഴുത്ത മറ്റൊരു പഴം കൊണ്ടുവന്ന് കൊടുത്തു ... അത് രുചിച്ച് നോക്കിയ തൊട്ടമുടമ കോപത്താൽ അലറി ...


എടോ, ഇത്രകാലം തോട്ടപ്പാറാവുകാരനായി നിന്നിട്ട് നല്ലൊരു പഴം തിരഞ്ഞെടുക്കാൻ കൂടി കഴിയില്ലെന്നോ ...?


അതുകേട്ട് ഇബ്‌റാഹീം വിനയാന്വിതനായി മൊഴിഞ്ഞു ...


" യജമാനരേ, പഴം രുചിച്ചു നോക്കാതെ പഴത്തിന്റെ ഗുണം എങ്ങനെ തിരിച്ചറിയാനാണ്. എന്നെ പാറാവുകാരനായിട്ടാണ് അങ്ങ് നിയോഗിച്ചത്. പാറാവ് കാരന് പഴം രുചിക്കേണ്ട ആവശ്യമില്ലല്ലോ ..."


ഇബ്റാഹീമിന്റെ വാക്കുകൾ കേട്ട ഉടമ പരിഹാസ സൂചകമായി ഒന്നു ചിരിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു ...


" എടോ കാവൽക്കാരാ നീ വലിയ സത്യസന്ധൻ നടിക്കേണ്ട ... ഇന്നുവരെ ഒരു പഴം രുചിച്ചുനോക്കിയിട്ടില്ലെന്നും പറയുന്ന പറച്ചിൽ കേട്ടിട്ട് നീ വല്യ ഇബ്റാഹീമിബ്നു അദ്ഹമോ മറ്റോ ആണെന്ന് തോന്നിപ്പോകുന്നല്ലോ ..."


തോട്ടമുടമയുടെ വാക്കുകൾ കേട്ടതിൽ പിന്നെ ഇബ്‌റാഹീം ഒരക്ഷരം ശബ്‌ദിച്ചില്ല. അയാൾ പരിഹാസരൂപേണ പറഞ്ഞതാണെങ്കിലും തന്റെ നിജസ്ഥിതി ആരെങ്കിലും അറിയുമോ എന്നുള്ള ഭയം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു ... പിന്നെ ആ നാട്ടിൽ നിൽക്കാൻ അദ്ദേഹത്തിന് ധൈര്യം വന്നില്ല. എങ്ങനെയെങ്കിലും തന്റെ സത്യാവസ്ഥ മനസ്സിലായിപ്പോയാൽ പിന്നെ ഏകാഗ്രത ലഭിക്കുകയില്ലെന്ന് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ടായിരുന്നു ... അതുകൊണ്ട് അടുത്തദിവസം തന്നെ അദ്ദേഹം ശിഷ്യഗണങ്ങളുമൊത്ത്‌ നാടുവിട്ടുപോയി ...


പിന്നെ അദ്ദേഹം പലനാടുകളിലും ചുറ്റിക്കറങ്ങി. ഒരുപാട് അനുഭവ സമ്പത്തുകളുമുണ്ടായി.


ഒരിക്കൽ അദ്ദേഹം അപരിചിതമായ ഒരു സ്ഥലത്ത് എത്തിച്ചർന്നു. രാത്രി അതിന്റെ കരിമ്പടം കൊണ്ട് ഭൂമിയെ പുതപ്പിച്ചിരിക്കുന്നു. തണുപ്പ് അതിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് താണ്ഡവമാടാൻ തുടങ്ങി. ഇബ്‌റാഹീം ഒറ്റക്കാണ്. അദ്ദേഹത്തിന് അന്തിപ്പാർക്കാൻ ഒരിടം കിട്ടണം. തൊട്ടടുത്ത് കണ്ട ഒരു നിസ്കാരപ്പള്ളിയിൽ അദ്ദേഹം കയറി നിസ്കരിച്ച ശേഷം അവിടെ ഒരുമൂലയിൽ കൂനിക്കൂടി ഇരിക്കാൻ തുടങ്ങി...


ഇശാഅ്‌ നിസ്കാരം കഴിഞ്ഞാൽ ആ പള്ളി പൂട്ടിയിട്ട് മുഅദ്ദിനും മറ്റും വീട്ടിൽ പോവുകയാണ് പതിവ്. അപരിചിതരായ വഴിപോക്കരായ ആരെയും അതിനകത്ത് കിടക്കാൻ അനുവദിച്ചിരുന്നില്ല. സമയമായപ്പോൾ മുഅദ്ദിൻ ഇബ്റാഹീമിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു ...
(തുടരും)

No comments:

Post a Comment