മുഅദ്ദിൻ ഇബ്റാഹീമിനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടു ...
"മരം കോച്ചുന്ന തണുപ്പാണ്. ഞാനിന്നിവിടെ കിടന്നുകൊള്ളട്ടേ ...?" യാചനാസ്വരത്തിൽ അദ്ദേഹം ചോദിച്ചു...
" വേണ്ട ... വഴിപോക്കരെ ആരെയും ഇവിടെ കിടത്താറില്ല. വല്ല വസ്തുവും മോഷണം പോയെങ്കിലോ ...? "
" ഞാൻ മോഷ്ടാവല്ല. പാവപ്പെട്ടൊരു മുസാഫിറാണ്. ഇന്നൊരു ദിവസം മാത്രം ഇവിടെ കിടന്നുകൊള്ളട്ടേ ...? "
മുഅദ്ദിൻ ആ അപേക്ഷ നിരസിച്ചു ...
അയാൾ ഇബ്റാഹീമിനെ പിടിച്ച് പുറത്തേക്ക് തള്ളി ... തള്ളിന്റെ ശക്തിയിൽ എവിടെയൊക്കെയോ തട്ടി ശരീരത്തിൽ നിന്ന് അവിടെ അവിടെയായി രക്തം കുനിഞ്ഞു. വേദനയോടുകൂടി ആ കൊടും തണുപ്പത്ത് വെറും നിലത്ത് കിടന്നുകൊണ്ട് ഇബ്‌റാഹീം ഉറങ്ങി ...
തന്റെ ജീവിതത്തിൽ ഏറ്റവും ആനന്ദകരവും എന്നെന്നും ഓർമ്മയിൽ തങ്ങുന്നതുമായ ഒരു രാത്രിയായിട്ടാണ്, ഈ രാത്രിയെ ഇബ്‌റാഹീം ശിഷ്യഗണങ്ങൾക്ക് വിവരിച്ചുകൊടുത്തത് ...
കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണനാണയങ്ങൾ
സമ്പന്നതയുടെ മടിത്തട്ടിൽ വിലസിയിരുന്ന ഇബ്രാഹീമിബ്നു അദ്ഹം ഇപ്പോൾ ഏറ്റവുമധികം വെറുക്കുന്നത് സമ്പത്തിനെയാണ് ...
സ്വർണ്ണനാണയങ്ങളുടെ കിലുകിലാരവം അദ്ദേഹത്തിന് കർണ്ണകഠോരമായിട്ടാണ് അനുഭവപ്പെട്ടുവന്നത്. പാരിതോഷികങ്ങൾ കാണുന്നതുതന്നെ അദ്ദേഹത്തിന് വെറുപ്പായിരുന്നു. വലിയ സമ്പന്നനായ ഒരു പ്രഭു അദ്ദേഹത്തിന് കാഴ്ച വെച്ച സ്വർണ്ണനാണയങ്ങളുടെ കിഴി നിരസിക്കാൻ അദ്ദേഹം പറഞ്ഞ കാരണമിതാണ് ...
"പാവപ്പെട്ടവർ തരുന്ന പാരിതോഷികങ്ങൾ ഞാൻ സാധാരണ വാങ്ങാറില്ല ..."
"പാവപ്പെട്ടവനോ...? വളരെയധികം സ്വത്തിന്റെ ഉടമയാണ് ഞാൻ. പിന്നയെന്താണ് അങ്ങെന്നെ പാവപ്പെട്ടവനെന്ന് വിശേഷിപ്പിക്കുന്നത്....?" പ്രഭു ചോദിച്ചു .
" നിങ്ങൾ കേവലം ദരിദ്രൻ തന്നെ ..."
" അല്ല ഞാൻ ധനവാനാണ് "
" താങ്കൾ ഉള്ള സ്വത്തുകൊണ്ട് സംതൃപ്തനാണോ ... ? അതോ ഇനിയും ഉണ്ടാക്കണമെന്നുള്ള ആഗ്രഹക്കാരനാണോ...? ആത്മാർത്ഥമായി മറുപടി പറയൂ ..."
"അതെ, ഇനിയും ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. അതിന്നുവേണ്ടി യത്നിക്കുകയും ചെയ്യുന്നു ..."
" അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, താങ്കൾ ദരിദ്രനാണെന്ന് ... താങ്കൾക്ക് സമ്പത്ത് തികഞ്ഞിട്ടില്ല. അതുകൊണ്ട് ഈ കിഴിയുമെടുത്ത് വേഗം പൊയ്ക്കൊള്ളൂ ..."
പക്ഷെ ആ സമ്പന്നൻ പോകാൻ കൂട്ടാക്കിയില്ല. ഇബ്രാഹീമിബ്നു അദ്ഹമിന്റെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ കൂരമ്പുപോലെ തുളച്ചുകയറി. താൻ ഇത്രയധികം സമ്പത്തുണ്ടാക്കിയിട്ടും ഇനിയും അത്യാഗ്രഹം മാറിയില്ലല്ലോ ഈ ദുരതന്നെ എന്നെ ഇവിടെയെത്തിച്ചത്... അതാണയാൾ ചിന്തിച്ചത്. ഒടുവിൽ ഐഹികമായ എല്ലാ ചുറ്റുപാടുകളിൽ നിന്നും വിരമിച്ച് ഇബ്രാഹീമിബ്നു അദ്ഹമിന്റെ ശിഷ്യനായി കൂടുകയാണ് ആ സമ്പന്നൻ ചെയ്തത് ...
(തുടരും)

No comments:
Post a Comment