ബദർ യുദ്ധചരിത്രം💞 ഭാഗം:10


പ്രവാചകന്റെ പ്രാര്‍ഥനയ്ക്ക് പ്രതികരണമായി അല്ലാഹു അറിയിച്ചു.

"തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്കുന്നതാണ്.'' (8:9) പ്രാര്‍ഥനയ്ക്ക് ശേഷം നേരിയ മയക്കത്തില്‍നിന്ന് ഉണര്‍ന്നുകൊണ്ട് ആഹ്ളാദപൂര്‍വം അവിടുന്ന് പ്രഖ്യാപിച്ചു. "അബൂബക്കര്‍! സന്തോഷിക്കൂ. അല്ലാഹുവിന്റെ സഹായമിതാ വന്നെത്തിയിരിക്കുന്നു. ഇതാ, ജിബ്രീല്‍ തന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു ആ മണല്‍ക്കുന്നിന്റെ മുകളില്‍ നില്ക്കുന്നത് ഞാന്‍ കാണുന്നു!'' എന്നിട്ട് അവിടുന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു.


"ആ സംഘം തോല്പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞോടുകയും ചെയ്യും.'' (54:45). തുടര്‍ന്നു അല്പം മണല്‍ വാരിയെടുത്തു ശത്രു സൈന്യത്തിന്റെ നേരെ എറിഞ്ഞു. അവരുടെയെല്ലാവരുടെയും കണ്ണുകളിലും വായിലും മൂക്കിലും അത് പതിച്ചു. ഇതിനെക്കുറിച്ചാണ് അല്ലാഹു പറയുന്നത്.

"നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ, അല്ലാഹുവാണ് എറിഞ്ഞത്.'' (8:17)   

  ഇതോടെ അവസാനത്തെ നിര്‍ദേശമെന്ന നിലയ്ക്ക് സൈന്യത്തോട് യുദ്ധക്കളത്തിലേക്ക് എടുത്തുചാടാന്‍ പറഞ്ഞു: അവര്‍ക്ക് സുവിശേഷമറിയിച്ചുകൊണ്ട് അവിടുന്ന് പ്രഖ്യാപിച്ചു. "മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. പിന്തിരിഞ്ഞോടാതെ, ക്ഷമയോടും പ്രതിഫലേച്ഛയോടും കൂടി ആര്‍ ശത്രുസൈന്യത്തെ നേരിടുന്നുവോ അവര്‍ സ്വര്‍ഗാവകാശികളായിരിക്കും!'' യുദ്ധത്തിന് പ്രേരിപ്പിച്ചുകൊണ്ട് തിരുമേനി വിളിച്ചുപറഞ്ഞു. 'ആകാശഭൂമിയോളം വിശാലമായ സ്വര്‍ഗത്തിനായി എഴുന്നേല്കൂ. ഇതുകേട്ട ഉമൈര്‍ബിന്‍ ഹുമാം പറഞ്ഞു: ഭേഷ് ഭേഷ്. റസൂല്‍(സ) ചോദിച്ചു. എന്താണ് അങ്ങനെ പറയാന്‍? "ഒന്നുമില്ല, ഞാനും അതിന്റെ അവകാശികളില്‍ അകപ്പെടാന്‍ ആഗ്രഹിച്ചുപോയി.'' നബി(സ) പറഞ്ഞു: "നീ അതിന്റെ അവകാശിയാണ്.'' ഇതുകേട്ടപാടെ തിന്നുകൊണ്ടിരുന്ന ഈത്തപ്പഴം താഴെയെറിഞ്ഞു, ഇതുകഴിച്ചു തീരുവോളം കാത്തിരിക്കുന്നത് ഒരു നീണ്ട ജീവിതമാണ് എന്ന് പറഞ്ഞു യുദ്ധക്കളത്തിലേക്കെടുത്തു ചാടി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.'' (2)


റസൂല്‍(സ)യുടെ ആഹ്വാനം ശ്രവിച്ചു തികഞ്ഞ ആവേശത്തോടും ഉന്മേഷത്തോടും കൂടി പട മുന്നോട്ട് നീങ്ങി. യുവാക്കള്‍ അണികള്‍ മുറിച്ചുകടന്ന് ശത്രുസൈന്യത്തിന്റെ ശിരഛേദം നടത്തി. യുദ്ധക്കളത്തില്‍ അങ്കിയണിഞ്ഞ റസൂല്‍(സ)യുടെ സാന്നിധ്യം അവര്‍ക്ക് പൂര്‍വോപരി ആവേശവും കരുത്തും പ്രദാനം ചെയ്തു. സ്വയംമറന്ന് അവര്‍ ശത്രുനിരയെ ഭേദിച്ചു മുന്നോട്ട് കുതിച്ചു. വിസ്മയാവഹമായ ഒട്ടനവധി രംഗങ്ങള്‍ക്ക് യുദ്ധക്കളം സാക്ഷ്യം വഹിച്ചു. ശിരസ്സും കരചരണങ്ങളും ബന്ധമറ്റു കിടക്കുന്ന കാഴ്ചകള്‍! ആരാണ് അവ ഛേദിച്ചതെന്നാര്‍ക്കുമറിയില്ല. പലരും ശത്രുവിന്റെ കണ്ഠത്തിന് നേരെ ഖഡ്ഗം ആഞ്ഞുവീശാന്‍ തുടങ്ങുമ്പോഴേ മറ്റാരാലോ വെട്ടേറ്റ് ശിരസ്സറ്റ് ശരീരം നിലംപതിക്കുന്നു! സഹാബികള്‍ ഈ കാര്യം റസൂല്‍(സ)യെ ഉണര്‍ത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: 'അത് അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള സഹായമാണ്. അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബിനെ ഒരു അന്‍സാരി ബന്ദിയാക്കി കൊണ്ടുവന്നപ്പോള്‍ അബ്ബാസ് പറഞ്ഞു: ഇവനല്ല എന്നെ ബന്ദിയാക്കിയത്. എന്നെ ബന്ദിയാക്കിയത് സുമുഖനായ ഒരു കുതിരപ്പടയാളിയാണ്. പക്ഷെ, അയാളെ ഞാന്‍ നിങ്ങളുടെ കൂട്ടത്തില്‍ കാണുന്നില്ലല്ലോ! 'റസൂലുല്ലാഹ് ഞാനാണ് അവനെ പിടികൂടിയത്. അന്‍സാരി തറപ്പിച്ചുപറഞ്ഞു. റസൂല്‍(സ) പ്രതികരിച്ചു. "മിണ്ടാതിരിക്കൂ! നിന്നെ മാന്യനായ ഒരു മാലാഖ സഹായിച്ചതാണ്.''

വഴിയില്‍വെച്ച് മുദ്ലജ് ഗോത്രക്കാരന്‍ സുറാഖത്ത് ബിന്‍ മാലികിന്റെ വേഷത്തില്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന ഇബ്ലീസ് യുദ്ധരംഗം കണ്ട് പിന്തിരിഞ്ഞോടി കടലില്‍ ചാടി.(3)


ശത്രുപക്ഷത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. മുസ്ലിംകളുടെ അപ്രതിരോധ്യമായ മുന്നേറ്റത്തിന് മുന്നില്‍ അവര്‍ കീഴടങ്ങി. പലരും വധിക്കപ്പെട്ടു. അവശേഷിച്ച ചിലര്‍ ഓടി രക്ഷപ്പെട്ടു. പിന്നേയും ബാക്കിയായവരെ മുസ്ലിംകള്‍ ബന്ദികളാക്കി. അതോടെ മുശ്രിക്കുകള്‍ പൂര്‍ണമായും പരാജയപ്പെട്ടു.   
(തുടരും)

No comments:

Post a Comment