സ്വഫ്റായില്‍വെച്ച് നള്റുബ്നു ഹാരിഥിനെ വധിക്കാന്‍ പ്രവാചകന്‍ കല്പിച്ചു. ഇദ്ദേഹം മുസ്ലിംകളുടെ കഠിനശത്രുവും റസൂല്‍(സ) യെ കഠിനമായി ദ്രോഹിച്ചവനുമായിരുന്നു. ശത്രുസൈന്യത്തിന്റെ പതാകവാഹകനും ഇദ്ദേഹം തന്നെയായിരുന്നു. അലി(റ)വിന്റെ ഖഡ്ഗമാണ് അവന്റെ കഥ കഴിച്ചത്. ഇര്‍ഖുള്വുബിയ്യ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഉഖ്ബത്ബിന്‍ അബീ മുഐതിനേയും വധിക്കാനുള്ള ഉത്തരവ് വന്നു. ഇവനാണ് നബി തിരുമേനിയുടെ ശിരസില്‍ ഒട്ടകത്തിന്റെ കുടല്‍മാല ചാര്‍ത്തിയതും കഴുത്തില്‍ വസ്ത്രം മുറുക്കി വധിക്കാന്‍ ശ്രമിച്ചതുമെല്ലാം. ഈ സന്ദര്‍ഭത്തില്‍ ഉഖ്ബ ചോദിച്ചു. 'മുഹമ്മദ് എന്റെ മക്കള്‍ക്കാരാണുണ്ടാവുക?' 'നരകം' എന്ന മറുപടിയിലൊതുക്കി പ്രവാചകന്‍. ആസ്വിമുബിന്‍ ഥാബിത് ആണ് ഇദ്ദേഹത്തെ വധിച്ചത്. അലിയാണെന്ന ഒരഭിപ്രായവുമുണ്ട്.
ഈ രണ്ടു ദുഷ്ടന്മാരുടെ വധം ഒരനിവാര്യാവശ്യമായിരുന്നു. ഇവര്‍ കേവലം യുദ്ധബന്ദികള്‍ മാത്രമായിരുന്നില്ല. പ്രത്യുത ആധുനിക ഭാഷയിലെ യുദ്ധകുറ്റവാളികളായിരുന്നു
പ്രവാചകനും സൈന്യവും റൌഹാഇലെത്തിയപ്പോള്‍ അവരെ സ്വീകരിക്കാനായി മദീനയില്‍നിന്ന് പുറപ്പെട്ടവരെ കണ്ടുമുട്ടുകയുണ്ടായി. അവര്‍ ഇവരെ ആവേശാഹ്ളാദത്തോടെ എതിരേറ്റു. ഉസൈദ്ബിന്‍ ഹുളൈര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ക്ക് കണ്‍കുളിര്‍മ നല്കുന്ന വിജയം നല്കിയ അല്ലാഹുവിന് സ്തുതി! അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ ശത്രുവുമായി ഏറ്റുമുട്ടാനല്ല. പ്രത്യുത, കച്ചവടസംഘത്തെ പിടികൂടാനാണ് പുറപ്പെടുന്നതെന്ന് ധരിച്ചാണ് ഞാന്‍ കൂടെ പോരാതിരുന്നത്. ഒരു യുദ്ധത്തിനാണ് പുറപ്പെടുന്നതെന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും പിന്‍മാറുമായിരുന്നില്ല.'' റസൂല്‍(സ) പ്രതികരിച്ചു. 'താങ്കള്‍ പറഞ്ഞത് സത്യമാണ്.'
ജേതാവായി മദീനയിലെത്തിയ റസൂല്‍(സ)യെ മദീനയിലെയും മദീനയ്ക്ക് ചുറ്റുപാടുള്ള പ്രദേശങ്ങളിലെയും ശത്രുക്കളെല്ലാം ഭയന്നു. ഒട്ടനവധി മദീനക്കാര്‍ ഈ സന്ദര്‍ഭത്തില്‍ ഇസ്ലാം ആശ്ളേഷിച്ചു. ഇക്കൂട്ടത്തിലാണ് കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹിബനു ഉബയ്യ് തന്റെ അനുയായികളോടുകൂടി ഇസ്ലാമില്‍ പ്രവേശിച്ചത്.
മദീനയിലെത്തി ഒരു ദിവസം കഴിഞ്ഞു. ബന്ദികളെയെല്ലാം സ്വഹാബികള്‍ക്കിടയില്‍ വിഭജിച്ചു. അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് അവിടുന്ന് ശിഷ്യന്മാരെ ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം ഈത്തപ്പഴം മാത്രം കഴിച്ചു പശിയടക്കിയ അവര്‍ തങ്ങളുടെ ബന്ദികള്‍ക്ക് റൊട്ടി സമ്മാനിക്കുകയുണ്ടായി.
(തുടരും)

No comments:
Post a Comment