ബദർ യുദ്ധചരിത്രം💞 ഭാഗം:15


മദീനയുടെ ആഹ്ളാദം


വിജയവാര്‍ത്ത എത്രയുംവേഗം മദീനയിലെത്തിക്കാന്‍ റസൂല്‍(സ) രണ്ടുപേരെ മദീനയിലേക്കയച്ചു. അബ്ദുല്ലാഹിബ്നു റവാഹയും സൈദ്ബിന്‍ ഹാരിഥയുമായിരുന്നു ഇതിനുവേണ്ടി നിയുക്തരായവര്‍ ഇവര്‍ മദീനയുടെ രണ്ടു ഭാഗങ്ങളിലായി സഞ്ചരിച്ചു. പക്ഷെ, ഇതിനുമുമ്പേ ജൂതന്മാരും കപടവിശ്വാസികളും അവിടങ്ങളില്‍ ഊഹാപോഹങ്ങളും കളവുകളും പ്രചരിപ്പിച്ചുകഴിഞ്ഞിരുന്നു. പ്രവാചകന്‍ വധിക്കപ്പെട്ടുവെന്ന് വരെ അവര്‍ പ്രചരിപ്പിച്ചു. സൈദ്ബിന്‍ ഹാരിഥ പ്രവാചകന്റെ ഖസ്വവാഅ് എന്ന ഒട്ടകപ്പുറത്തേറി ചുറ്റുന്നത് കണ്ടപ്പോള്‍ അവര്‍ ഉറപ്പിച്ചു പ്രവാചകന്‍ വധിക്കപ്പെട്ടതുതന്നെയെന്ന്. അവസാനം രണ്ടുപേരും യാഥാര്‍ഥ്യം വിശദീകരിച്ചു അവരെ ബോധ്യപ്പെടുത്തിയപ്പോള്‍ അവിടെ ആരവങ്ങള്‍ മുഴങ്ങി. തക്ബീറും തഹ്ലീലും അന്തരീക്ഷത്തെ പ്രകമ്പിതമാക്കി. മദീനയിലുണ്ടായിരുന്ന മുസ്ലിം നേതാക്കള്‍ റസൂല്‍(സ)യേയും അനുയായികളെയും സ്വീകരിക്കാനായി പുറപ്പെട്ടു.


ഉസാമ പറയുന്നു: 'പ്രവാചകപുത്രിയും ഉസ്മാന്‍ബിന്‍ അഫ്ഫാന്റെ സഹധര്‍മിണിയുമായ റുഖിയയെ ഖബറടക്കുന്ന സന്ദര്‍ഭത്തിലാണ് ഞങ്ങളെത്തേടി വിജയവാര്‍ത്ത എത്തുന്നത്. എന്നോടും ഉസ്മാനുബ്നു അഫ്ഫാന്റെ കൂടെ നില്ക്കാന്‍ പ്രവാചകന്‍ കല്പിച്ചതായിരുന്നു

സൈന്യം മദീനയിലേക്ക് മടങ്ങുന്നു


മുശ്രിക്കുകള്‍ യുദ്ധക്കളം വിട്ടോടിയെങ്കിലും നബി(സ)യും അനുചരന്മാരും മൂന്നുദിവസവുംകൂടി അവിടെത്തങ്ങി. ഇതിന്നിടെ സൈന്യങ്ങള്‍ക്കിടയില്‍ സമരാര്‍ജിത സമ്പത്തിന്റെ അവകാശക്കാര്യത്തില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. യുദ്ധത്തില്‍ പലനിലയ്ക്ക് പങ്കുവഹിച്ച ഓരോ വിഭാഗവും തങ്ങളാണ് അതിന്റെ യഥാര്‍ഥ അവകാശികളെന്ന് വാദിച്ചു. ഉബാദത്തുബ്നു ഥാബിത് ഈ സംഭവം വിവരിക്കുന്നു: 'യുദ്ധം അവസാനിച്ചപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ചിലര്‍ ശത്രുവിനെ തുരത്തുകയും മറ്റുള്ളവര്‍ സമരാര്‍ജിത സമ്പത്ത് ശേഖരിക്കുകയും മൂന്നാമതൊരു വിഭാഗം പ്രവാചകന് ചുറ്റും കാവല്‍ നില്ക്കുകയും ചെയ്തു. രാത്രിയായപ്പോള്‍ ഈ മൂന്നുവിഭാഗവും തമ്മില്‍ അകവാശത്തര്‍ക്കമായി. അത് ശേഖരിച്ചവര്‍ പറഞ്ഞു: 'ഞങ്ങളാണ് അത് ശേഖരിച്ചത് അതിനാല്‍ മറ്റാര്‍ക്കും ഇതില്‍ അവകാശമില്ല. ശത്രുവിനെ തുരത്താന്‍ പിറകെ പോയവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് ഞങ്ങളേക്കാളുമധികം ഒരര്‍ഹതയുമതിനില്ല ഞങ്ങളാണ് ശത്രുവിനെ തുരത്തിയതും പരാജയപ്പെടുത്തിയതുമെല്ലാം.' പ്രവാചകനെ ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചു കൊണ്ടിരുന്നവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവാചകനെ ശത്രുക്കള്‍ അപായപ്പെടുത്തുന്നതില്‍നിന്ന് സംരക്ഷിച്ച് നിന്നതു കാരണമാണ് മറ്റു കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.'' ഈ സന്ദര്‍ഭത്തില്‍ യുദ്ധമുതലുകളുടെ കാര്യത്തിലുള്ള തീരുമാനം അല്ലാഹു അറിയിക്കുകയുണ്ടായി.


"(നബിയേ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക. യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവേയും റസൂലിനേയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.'' (8:1)(8)

  മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സൈന്യം ബന്ദികളോടും യുദ്ധത്തില്‍ ലഭിച്ച സമ്പത്തുകളോടുമൊപ്പം മദീനയിലേക്ക് നീങ്ങി. യുദ്ധമുതലുകളുടെ മേല്‍നോട്ടം അബ്ദുല്ലാഹിബ്നുകഅബിനെ ഏല്പിച്ചു. വഴിമധ്യേ അസ്സ്വഫ്റാ താഴ്വരയിലെത്തിയപ്പോള്‍ ഒരു കുന്നിന്‍പുറത്ത് താവളമടിച്ച് യുദ്ധമുതലുകള്‍ മുസ്ലിംകള്‍ക്കിടയില്‍ തുല്യമായി വിഭജിച്ചു. അതിലൊന്ന് പ്രവാചകന്‍ എടുക്കുകയും ചെയ്തു.
(തുടരും)

No comments:

Post a Comment