ബദർ യുദ്ധചരിത്രം💞 ഭാഗം:17 അവസാന ഭാഗം


മദീനയിലെത്തിയതോടെ നബി(സ) ബന്ദികളുടെ പ്രശ്നം അനുയായികളുമായി ചര്‍ച്ച ചെയ്തു. അബൂബക്കര്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി. അല്ലാഹുവിന്റെ ദൂതരേ! ഇവരെല്ലാം നമ്മുടെ പിതൃവ്യപുത്രന്മാരും ബന്ധുക്കളും സഹോദരങ്ങളുമാണല്ലോ. അവരില്‍നിന്നെല്ലാം മോചനദ്രവ്യം വാങ്ങി വിട്ടയക്കണമെന്നാണ് എന്റെ അഭിപ്രായം. ഈ സമ്പത്ത് അവിശ്വാസികള്‍ക്കെതിരെ നമുക്കൊരു മുതല്‍ക്കൂട്ടാകും. അല്ലാഹു താങ്കള്‍ മുഖേന അവര്‍ക്ക് മാര്‍ഗദര്‍ശനം ചെയ്തുവെന്നും വന്നേക്കാം.' പിന്നീട് ഉമറിനെ വിളിച്ച് അദ്ദേഹത്തിന്റെ അഭിപ്രായവും അവിടുന്നാരാഞ്ഞു. ഉമര്‍ അദ്ദേഹത്തിന്റെ സുദൃഢമായ അഭിപ്രായം രേഖപ്പെടുത്തി. അല്ലാഹുവിന്റെ റസൂലേ, അബൂബക്കറിന്റെ അഭിപ്രായമെനിക്കില്ല. എന്റെ അഭിപ്രായം എന്റെ ബന്ധുവായ ഈ ആളെ എനിക്ക് വധിക്കാന്‍ വിട്ടുതരിക, അബൂത്വാലിബിന്റെ പുത്രന്‍ അഖീലിനെ വധിക്കാന്‍ അലിയെ ഏല്പിക്കുക, ഹംസയ്ക്ക് തന്റെ ബന്ധത്തില്‍പ്പെട്ട ഒരാളെ ഏല്പിച്ചുകൊടുക്കുക. ഓരോരുത്തരും അവരെയെല്ലാം വധിക്കട്ടെ, അങ്ങനെ മുശ്രിക്കുകളോട് നമ്മുടെ മനസ്സുകളില്‍ ഒരു അനുകമ്പയുമില്ലെന്ന് അല്ലാഹു അറിയട്ടെ. 'പക്ഷെ, റസൂല്‍(സ)ക്ക് അബൂബക്കര്‍(റ)വിന്റെ അഭിപ്രായത്തോടായിരുന്നു അനുഭാവം. അതിന്റെ അടിസ്ഥാനത്തില്‍ ബന്ദികളില്‍നിന്ന് മോചനദ്രവ്യം സ്വീകരിക്കുകയും ചെയ്തു. പിറ്റേന്ന് ഉമര്‍ നബി(സ) യേയും അബൂബക്കര്‍(റ)വിനെയും സമീപിച്ചപ്പോള്‍ അവര്‍ രണ്ടുപേരും ഇരുന്നു കരയുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ ബന്ദികളുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് അവതരിച്ച ക്വുര്‍ആന്‍ സൂക്തമായിരുന്നു കാരണം.


"ഒരു പ്രവാചകനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തിസ്ഥാപിക്കുന്നതുവരെ യുദ്ധത്തടവുകാരുണ്ടായിരിക്കുവാന്‍ പാടില്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം കാംക്ഷിക്കുന്നു. അല്ലാഹുവാകട്ടെ, പരലോകത്തേയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വിധി മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ നിങ്ങള്‍ ആ വാങ്ങിയതിന്റെ പേരില്‍ നിങ്ങളെ വമ്പിച്ച ശിക്ഷ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു.'' (8:67, 68)


ഇവിടെ മുന്‍കൂട്ടി നടന്ന വിധികൊണ്ട് ഉദ്ദേശിക്കുന്നത് വിശുദ്ധ ക്വുര്‍ആന്‍ പരാമര്‍ശിച്ച "എന്നിട്ട് (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക.'' (47:4) എന്ന കാര്യമാണ്. ഈ സൂക്തത്തില്‍ ബന്ദികളില്‍നിന്ന് മോചനമൂല്യം വാങ്ങാനുള്ള നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ മാത്രമാണ് അവര്‍ ശിക്ഷിക്കപ്പെടാതിരുന്നത്. പിന്നെ എന്തിന്റെ പേരിലാണ് ആക്ഷേപിക്കപ്പെട്ടത്? അത് ഭൂമിയില്‍ അധികാരം സ്ഥാപിക്കുന്നതിന് മുമ്പ് ബന്ദികളെ വെച്ചതിനാണ്. ശത്രുക്കളെ നശിപ്പിക്കാതെ മോചനമൂല്യം വാങ്ങി സ്വതന്ത്രരാക്കുന്നത് ആത്മഹത്യാപരമാണെന്ന് ഉണര്‍ത്തുകയുമാണ്. ഇവിടെ മോചനമൂല്യം വാങ്ങി സ്വതന്ത്രരാക്കിയ ബന്ദികളാകട്ടെ ഇവര്‍ കേവലം യുദ്ധത്തടവുകാരുമല്ല പ്രത്യുത, യുദ്ധക്കുറ്റവാളികള്‍ തന്നെയാണ്. ഇവരെ ആധുനിക നിയമംപോലും വധാര്‍ഹരോ ആജീവനാന്ത ജയില്‍വാസത്തിനര്‍ഹരോ ആയിട്ടാണ് കാണുന്നത്.

  മോചനമൂല്യം ഓരോരുത്തരില്‍നിന്നും ഈടാക്കിയത് നാലായിരം, മൂവ്വായിരം, ആയിരം എന്നിങ്ങനെയായിരുന്നു. മോചനദ്രവ്യം നല്കാന്‍ കഴിയാത്തവരോട് മദീനയിലെ പത്തുപേര്‍ക്ക് വീതം എഴുത്ത് പഠിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ചിലരെയെല്ലാം ഔദാര്യമായും വിട്ടയച്ചു. മുത്വലിബ് ബിന്‍ ഹന്‍ത്വബ്, സ്വൈഫീയ്ബിന്‍ അബീറിഫാഅ, അബൂഉസ്സത്തുല്‍ ജംഹി-ഇദ്ദേഹം പിന്നീട് ഉഹ്ദ് യുദ്ധത്തില്‍ പിടിക്കപ്പെട്ടശേഷം വധിക്കപ്പെട്ടു-എന്നിവരാണവര്‍.

പ്രവാചകന്റെ പുത്രി സൈനബിന്റെ ഭര്‍ത്താവ് അബുല്‍ആസ്വിനെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിട്ടയച്ചു. ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ മക്കയില്‍നിന്ന് സൈനബ് കൊടുത്തുവിട്ട ദ്രവ്യങ്ങളുടെ കൂട്ടത്തില്‍ ഒരു മാലയുണ്ടായിരുന്നു. ഇത് ഖദീജയുടേതായിരുന്നു. അബുല്‍ ആസ്വുമായുള്ള വിവാഹദിനത്തില്‍ അവര്‍ അത് സൈനബിന് സമ്മാനിച്ചതായിരുന്നു. ആ മാല കണ്ടപ്പോള്‍ പ്രവാചകന്റെ മനസ്സലിഞ്ഞു. അവിടുന്ന് തന്റെ സഹചരന്മാരോട് അബുല്‍ ആസ്വിനെ സ്വതന്ത്രമാക്കാന്‍ അപേക്ഷിച്ചു. അവര്‍ ആ അപേക്ഷ സ്വീകരിച്ചു. പക്ഷെ, അബുല്‍ ആസ്വിനോട് പ്രവാചകന്‍ സൈനബിനെ മക്കയില്‍നിന്ന് മദീനയിലേക്ക് വിടണമെന്ന് വ്യവസ്ഥ ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ സൈദ്ബിന്‍ ഹാരിഥയേയും മറ്റൊരു അന്‍സ്വാരിയേയും പറഞ്ഞുവിട്ട് സൈനബിനെ മദീനയില്‍ എത്തിച്ചു.


ബന്ദികളുടെ കൂട്ടത്തില്‍ ഉജ്വലപ്രഭാഷകനായിരുന്ന സുഹൈല്‍ബിന്‍ അംറുമുണ്ടായിരുന്നു. അദ്ദേഹം മോചിതനാകുന്നത് ഇഷ്ടപ്പെടാത്ത ഉമര്‍ പ്രവാചകനോട് പറഞ്ഞു: 'തിരുദൂതരേ! സുഹൈലിന്റെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ തട്ടിക്കളഞ്ഞാലും. എന്നാല്‍ ഇനിയൊരിക്കലും അദ്ദേഹം അങ്ങേക്കെതിരില്‍ വാചാലനാവുകയില്ല.' പക്ഷെ, നബിതിരുമേനി ഈ അപേക്ഷ നിരസിക്കുകയുണ്ടായി. അവിടുന്ന് പ്രതിവചിച്ചു: 'അന്ത്യനാളില്‍ എന്നെയും അതുപോലെ അംഗഭംഗം വരുത്തുന്നത് ഞാന്‍ ഭയപ്പെടുന്നു.''


ഉംറ നിര്‍വഹിക്കാന്‍ ചെന്ന സഅദ്ബിന്‍ നുഅ്മാനെ അബൂസുഫ്യാന്‍ തടഞ്ഞുവെച്ചു. ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്ന അബൂസുഫ്യാന്റെ പുത്രന്‍ അംറിനെ മോചിതനാക്കാമെന്ന വ്യവസ്ഥയില്‍ സഅ്ദിനെ പിന്നീട് സ്വതന്ത്രനാക്കി.        അവസാനിച്ചു

ബദരീങ്ങളുടെ ബർകത് കൊണ്ട് നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കട്ടെ..
അവരോടൊപ്പം സ്വർഗത്തിൽ കടക്കാനുള്ള ഭാഗ്യം നമുക്കും പ്രധാനം ചെയ്യട്ടെ..  ആമീൻ

  നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...


🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ

وَعَلَى آلِ سَيِّدِنَا مُحَمَّدٍ

وَبَارِكْ وَسَلِّمْ عَلَيْه

abdul rahiman

No comments:

Post a Comment