മൂസാ നബി ചരിത്രം part 22



'മൂസാ സ്വാര്‍ത്ഥനും അധികാര മോഹിയും'

വിശ്വാസികള്‍ക്കെതിരെ അപവാദം ആസൂത്രണം ചെയ്യുമ്പോഴെല്ലാം, സ്വന്തം ദുസ്വഭാവങ്ങളും ദര്‍ശങ്ങളുമായിരിക്കും, അവിശ്വാസികളുടെ പ്രാരംഭഘടകം. ഉദാഹരണമായി, മതമൂല്യങ്ങള്‍ വെച്ചു പുലര്‍ത്താത്തവര്‍ ഭൌതിക ഭ്രമമുള്ളവരായിരിക്കും. അത്തരക്കാരുടെ ഒരു മാതൃകയായിരുന്നു ഫിര്‍ഔന്‍. ഈജിപ്തിന്റെയും ഈജിപ്തുകാരുടെയും മുഴു ദൈവമാകുകയായിരുന്നു അയാളുടെ ലക്ഷ്യം. തദാവശ്യാര്‍ത്ഥം, അയാള്‍ നിരപരാധികളെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. തന്റെ ഈ തെറ്റായ വിശ്വാസവും അധികാര മോഹവും കാരണം, മറ്റുള്ളവരെയും അതേ രീതിയിലാണയാള്‍ കണ്ടത്. അതിനാല്‍ തന്നെ, മൂസാക്കും ഹാറൂനിന്നും ദൈവിക സന്നിധിയിലുള്ള സ്ഥാനവും, കൊട്ടാരത്തിലേക്കുള്ള അവരുടെ ആഗമനോദ്ദേശ്യവും എന്തെന്ന് മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. മൂസാ തന്റെ വാക്ക് ചെവി കൊള്ളാന്‍ ജനത്തോട് ആഹ്വാനം ചെയ്യുമ്പോള്‍, ദൈവാസ്തിക്യവും, ദൈവത്തിന്റെ അപാ!രശക്തിയും അവര്‍ക്ക് പരിചയപ്പെടുത്തുകയും മതമൂല്യങ്ങള്‍ പഠിപ്പിക്കുകയും, വെളിച്ചവും യഥാര്‍ത്ഥമാര്‍ഗ ദര്‍ശനവും കണ്ടെത്താന്‍ സഹായിക്കുകയുമായിരുന്നു, അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. മറുവശത്ത്, മൂസായെ അധികാരമോഹിയായി വിശ്വസിച്ച ഫിര്‍ഔനും കിങ്കരന്മാരും, അദ്ദേഹത്തെ രാഷ്ട്രീയ പ്രതിയോഗിയായി കാണുകയായിരുന്നു. മൂസാക്കും അനുയായികള്‍ക്കുമെതിരെ അവര്‍ നടത്തിയ ആരോപണങ്ങള്‍ ഖുര്‍ആന്‍ ഉദ്ദരിക്കുന്നു: 'അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്‍മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന് ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും, ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല.' (10: 78)


യഥാര്‍ത്ഥത്തില്‍, ഇതര പ്രവാചകന്മാരെയും വിശ്വാസികളെയും പോലെ, ഭൗതിക നേട്ടങ്ങളോ പദവികളോ, മൂസായും ഹാറൂനും ലക്ഷ്യം വെച്ചിരുന്നില്ല. ഒരു പ്രതിഫലവും അവര്‍ ആവശ്യപ്പെട്ടിരുന്നുമില്ല. ജനങ്ങളെ സന്മാര്‍ഗത്തിലേക്കു ക്ഷണിക്കുകയും, പരലോകത്തെ അനുസ്മരിപ്പിക്കുകയും ചെയ്യുക വഴി, ദൈവപ്രീതിയും അനുകമ്പയും സ്വര്‍ഗവും മാത്രമായിരുന്നു അവര്‍ ലക്ഷ്യമിട്ടിരുന്നത്. അല്ലാഹു പറയുന്നു: 'വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്‌കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.' (19: 51)

ദൈവപ്രീതിയാര്‍ജ്ജിച്ച ദാസന്മാരായിരുന്നു അവരെന്ന് മറ്റൊരിടത്ത് പറയുന്നു: 'തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു. അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു. അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും നാം (കാര്യങ്ങള്‍) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും, അവരെ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. മൂസായ്ക്കും ഹാറൂന്നും സമാധാനം! തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.' (37: 114-122)

No comments:

Post a Comment