ഖലീഫ ഉമർ (റ) ചരിത്രം ഭാഗം-1

 


➖➖➖➖➖➖➖➖➖➖

സത്യം കണ്ടെത്തി  

➖➖➖➖➖➖➖➖➖➖

ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) 

ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല  


ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു 


അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു  


അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു  


നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് 


ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി മികച്ച കച്ചവടക്കാരനും യോദ്ധാവുമായിത്തീർന്നു   


മഖ്സൂം ഗോത്രം പ്രസിദ്ധിയിലും സാമ്പത്തികശേഷിയിലും അദിയ്യ് ഗോത്രത്തിനൊപ്പം നിൽക്കും  മഖ്സൂം ഗോത്രത്തിലെ പ്രമുഖനാണ് ഹാശിമുബ്നു മുഗീറ അദ്ദേഹത്തിന്റെ ഓമനപുത്രിയാണ് ഹൻതമ  ഖത്താബും ഹൻതമയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചു മക്കയിൽ അതൊരു വിശേഷവാർത്തയായിരുന്നു  ഇരു ഗോത്രങ്ങളുടെയും അന്തസ്സിനൊത്തവിധം വിവാഹം നടന്നു സന്തോഷകരമായ ദാമ്പത്യ ജീവിതം സിദ്ധിച്ചു  


ഖത്ത്ബ്-ഹൻതമ ദമ്പതികൾക്ക് ജനിച്ച പുത്രനാണ് ഉമർ മാതാപിതാക്കളുടെ കൺമണി ആവശ്യംപോലെ സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ചാണ് വളർന്നുവന്നത്  


കുടുംബത്തിന്റെ വകയായുള്ള ആട്ടിൻപറ്റങ്ങളെയും തെളിച്ചുകൊണ്ട് ബാലനായ ഉമർ മലഞ്ചെരുവിലേക്ക് പോകും മരുഭൂമിയിലെ പരുക്കൻ ജീവിതം നന്നായി പരിചയിച്ചു പരുക്കൻ വസ്ത്രം ധരിച്ച് ചാട്ടവാറുമായി ആട്ടിൻപറ്റത്തിന്റെ പിന്നാലെ നടക്കുന്ന ഉമർ  ഈ ആട്ടിടയനായ ബാലനാണ് പേര് കേൾക്കുമ്പോൾ ലോകം വിസ്മയം കൊള്ളുന്ന അമീറുൽ മുഅ്മിനീൻ ഉമറുബ്നുൽ ഖത്താബ് (റ) ആയി ചരിത്രത്തിൽ ഉയർന്നു വന്നത് 


നല്ല ഉയരമുള്ള ആരോഗ്യദൃഢഗാത്രനാണ് ഉമർ (റ) ഏത് ആൾക്കൂട്ടത്തിലും ഉയർന്നു കാണാം  ഉച്ചത്തിലാണ് സംസാരം ആൾക്കൂട്ടത്തിൽ ഉമറിന്റെ ശബ്ദം വേർതിരിച്ചു കേൾക്കാം പലരുടെയും സംസാരം ശബ്ദഘോഷത്തിൽ ലയിച്ചു പോകും ഉമറിന്റെ ശബ്ദം സ്ഫുടതയോടെ കേൾക്കാം  


ബലംകൂടിയ കൈകാലുകൾ, വിടർന്ന മാറിടം ഉയരം കൂടിയ  ശരീരം കൈകൾ വീശി കാലുകൾ നീട്ടി വെച്ചുള്ള ധൃതിപിടിച്ച നടത്തം കാണേണ്ട കാഴ്ച തന്നെയാണ് കണ്ടവരാരും മറക്കില്ല സാഹസികനാണ് അപകടം പിടിച്ച പണികൾ ചെയ്യും എന്ത് തീരുമാനിച്ചോ അത് ചെയ്യും വേഗതയിലാണ് നടപ്പ് കൈകൊണ്ട് ഒരടി കിട്ടിയാൽ ചില്ലറക്കാരൊക്കെ വീണുപോകും  ഉക്കാള് ചന്തയിലെ ശ്രദ്ധാകേന്ദ്രം എത്രയോ തവണ അവിടെ ഏറ്റു മുട്ടലുകൾ നടന്നിട്ടുണ്ട് പ്രതിയോഗികളെ പൊടുന്നനെ അടിച്ചു വീഴ്ത്തിക്കളയും എന്തിലും തീവ്രതയാണ് കാണിക്കുക ഇസ്ലാമിനെതിരെയുള്ള വികാരത്തിലും തീവ്രത നിറഞ്ഞു നിന്നു 


'ഖത്താബിന്റെ കഴുത ഇസ്ലാം മതം സ്വീകരിച്ചാലും ഉമർ സ്വീകരിക്കില്ല ' എന്നായിരുന്നു അന്നത്തെ സംസാരം 


'ഇസ്ലാമിനോടുള്ള ഖുറൈശികളുടെ മൊത്തം വിരോധത്തിന് തുല്യമാണ് ഉമറിന്റെ വിരോധം ' 


ഇതായിരുന്നു മറ്റൊരു സംസാരം 


ചെറുപ്പത്തിൽ തന്നെ എഴുത്തും വായനയും പഠിച്ചിരുന്നു പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു നടക്കുന്ന കാലത്ത് പല പ്രയാസങ്ങളും സഹിച്ചിട്ടുണ്ട് ചൂടുപറക്കുന്ന പകലുകളിൽ മൃഗങ്ങളോടൊപ്പം കഴിയണം ഇതിന്നിടയിൽ അക്ഷരാഭ്യാസം നേടി എന്നത് തന്നെ അത്ഭുതം 


യുവാവായി കഴിഞ്ഞപ്പോൾ കച്ചവടം തുടങ്ങി എത്രയോ തവണ ശാമിലേക്കും യമനിലേക്കും കച്ചവടയാത്ര നടത്തിയിട്ടുണ്ട് പണം കിട്ടും ചെലവായിപ്പോകും  ഒരു സമ്പന്നനായി ജീവിച്ചിട്ടില്ല കച്ചവടയാത്രകൾ കാരണം വിജ്ഞാനം വർദ്ധിച്ചു നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചു പല ജനവിഭാഗങ്ങളെ കണ്ടു അവരുടെ  സംസ്കാരങ്ങളും സമ്പ്രദായങ്ങളും കണ്ടറിഞ്ഞു ക്രൈസ്തവ പാതിരിമാരും യഹൂദ പണ്ഡിതന്മാരും പറയുന്നത് ശ്രദ്ധിക്കും വേദഗ്രന്ഥങ്ങളിലെ വിവരങ്ങൾ കിട്ടും സാഹിത്യം ആസ്വദിക്കുന്നതിൽ വളരെ തൽപരനായിരുന്നു കവിത ചൊല്ലും, ആസ്വദിക്കും ഉക്കാളിൽ ഉമർ നടത്തിയ പ്രസംഗങ്ങൾ ഉജ്ജ്വലമായിരുന്നു സാഹിത്യം നിറഞ്ഞു തുളുമ്പുന്ന വാചകങ്ങൾ സദസ്സിനെ ആവേശം കൊള്ളിക്കുമായിരുന്നു നല്ല പ്രസംഗകൻ എന്ന പേര് അക്കാലത്ത് തന്നെ സമ്പാദിച്ചിരുന്നു 


കവിതകളുടെ സാഹിത്യം നിരൂപണം നടത്താൻ മികച്ച കഴിവുണ്ടായിരുന്നു ഉക്കാളിലെ കവിതാപാരായണം കേൾക്കുകയും ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തു   


പ്രതിഭാ സമ്പന്നനാണ് കവി സുഹൈർ അദ്ദേഹത്തിന്റെ കവിതകൾ ഉമറിനെ വല്ലാതെ ആകർഷിച്ചിരുന്നു ഒരിക്കൽ അബ്ദുല്ലാഹിബ്നു അബ്ബാസുമായി സംസാരിക്കുമായിരുന്നു ഉമർ വിഷയം കവിതയാണ്  

സംസാരത്തിനിടയിൽ മഹാകവി സുഹൈർ എന്ന് ഉമർ (റ) പറഞ്ഞു അങ്ങനെ പറയാൻ കാരണമെന്നെന്നായി ഇബ്നു അബ്ബാസ് (റ)  


സുഹൈറിന്റെ ചില വരികൾ ചൊല്ലി തന്റെ വാദം സ്ഥാപിക്കാൻ ഉമർ(റ) വിന് കഴിഞ്ഞു   


ഉമർ (റ) ഇഷ്ടപ്പെട്ട മറ്റൊരു കവിയായിരുന്നു നാബിഗാം അദ്ദേഹത്തിന്റെ എത്രയോ വരികൾ ഉമർ (റ)വിന്റെ ഓർമയിലുണ്ടായിരുന്നു  


ഉക്കാളിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് ഇംറ ഉൽഖൈസിന്റെ കവിതകളായിരുന്നു ഉമർ (റ) ആ കവിതകളുടെയും ആസ്വാദകനായിരുന്നു   


ഉമർ (റ) ഇംറുൽ ഖൈസിനെ പ്രശംസിച്ചുകൊണ്ടിങ്ങനെ പറഞ്ഞു: കവികളുടെ ഗുരു ഇംറുൽഖൈസാകുന്നു കവിതകളുടെ നീരുറവയാണ് അദ്ദേഹത്തിന്റെ വരികൾ  


തമീമുബ്നു നുവൈറ എന്ന കവിയെ ഉമർ (റ) വളരെയേറെ ആദരിച്ചിരുന്നു അദ്ദേഹത്തിന്റെ വരികൾ മനഃപ്പാഠമാക്കുകയും ഇടക്കിടെ അപലപിക്കുകയും ചെയ്യുമായിരുന്നു യാത്രകളിൽ പാട്ട് പാടുക അക്കാലത്ത് പതിവായിരുന്നു പാട്ട് കേട്ട് ഒട്ടകം ഉത്സാഹിച്ചു നടക്കും ഉമർ (റ) യാത്രയിൽ പാട്ട് പാടിയിട്ടുണ്ട് ഒരിക്കൽ അദ്ദേഹം പറഞ്ഞു: 'സവാരിക്കാരന്റെ കൂട്ടുകാരന്റെ പാട്ട് '  


വംശവിവരണം പഠിക്കാനും ഉമർ (റ) തൽപ്പരനായിരുന്നു മക്കളോട് അത് പഠിക്കാനാവശ്യപ്പെട്ടിരുന്നു കുടുംബബന്ധം സുദൃഢമാക്കാൻ അത് സഹായിക്കും ഉമർ (റ) പറഞ്ഞു: 'കവിത പഠിക്കാത്തവൻ സാഹിത്യം മനസ്സിലാക്കാത്തവനാകുന്നു ഉക്കാള് സജീവമാക്കാൻ ഉമർ (റ) നന്നായി സഹകരിച്ചിരുന്നു ' 


ചെറുപ്പത്തിൽ തന്നെ ആയുധാഭ്യാസം നേടി അന്ന് പ്രചാരത്തിലുള്ള ഏത് ആയുധവും നന്നായി പ്രയോഗിക്കും യുദ്ധരംഗത്ത് നന്നായി ശോഭിച്ചു കുതിരസവാരിയിൽ നിപുണനായിരുന്നു വളരെ വേഗത്തിൽ കുതിരയെ ഓടിച്ചിരുന്നു  


വാചാലതയായിരുന്നു മറ്റൊരു ഗുണം ശുദ്ധമായ ഭാഷയിൽ നന്നായി സംസാരിക്കും കേൾവിക്കാരുടെ മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങുന്ന വാക്കുകൾ പിൽക്കാലത്ത് നല്ല പ്രസംഗങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്  നല്ല ഗുസ്ഥിക്കാരനുമായിരുന്നു എത്രയോ മല്ലന്മാരെ മലർത്തിയടിച്ചിട്ടുണ്ട്  


വംശപരമ്പര പഠിക്കുന്നതിൽ തല്പരനായിരുന്നു നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും വംശ പരമ്പര പഠിച്ചു വെച്ചിരുന്നു അന്നത്തെ സാമൂഹിക ജീവിതത്തിൽ ഉന്നത സ്ഥാനമാണ് വഹിച്ചിരുന്നത് ജാഹിലിയ്യ കാലത്ത് തന്നെ, തർക്കങ്ങൾ തീർക്കുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ഉമറിന്റെ കഴിവ് പ്രസിദ്ധമായിരുന്നു വല്ലാത്ത ബുദ്ധികൂർമ്മത ഉച്ചത്തിലുള്ള വാചാലമായ സംസാരം ഈ ഗുണങ്ങൾ നല്ലൊരു മധ്യസ്ഥനായിത്തീരാൻ സഹായിച്ചു  


കറുത്ത കുതിരപ്പുറത്ത് കയറി അതിവേഗം ഓടിച്ചുപോവുന്ന ഉമറിന്റെ രൂപം മക്കക്കാരുടെ മനസ്സിൽ മായാതെ നിന്നു   


ഇസ്ലാം മതം സ്വീകരിച്ച കാരണത്താൽ പലരും മക്കയിൽ ക്രൂര പീഡനങ്ങൾ സഹിച്ചിട്ടുണ്ട് പീഡനം നടത്തുന്നവരുടെ കൂട്ടത്തിൽ ഉമറും ഉണ്ടായിരുന്നു  


ഖുറൈശിക്കൂട്ടം ഗൗരവമായി ചർച്ച ചെയ്യുന്ന ഒരു സദസ്സ് ഇസ്ലാമിനെ നശിപ്പിക്കാനെന്ത് വഴി അതാണ് ചർച്ചാവിഷയം മുഹമ്മദിനെ ഇല്ലാതാക്കുക അതോടെ എല്ലാ പ്രശ്നങ്ങളും തീരും പക്ഷേ, അതെങ്ങനെ 


ധീരനായ ഉമർ അക്കാര്യം ഏറ്റെടുത്തു ഈ വാൾകൊണ്ട് ഞാനവനെ വധിക്കും ഉമറിന്റെ പ്രഖ്യാപനം വാളുമായി ഇറങ്ങി ധൃതിയിൽ നടക്കുകയാണ് വല്ലാത്ത ഗൗരവഭാവം, ആ പോക്ക് അത്ര പന്തിയല്ലെന്ന് കണ്ടവർക്കെല്ലാം തോന്നി വഴിയിൽ നിൽക്കുകയാണ് കൂട്ടുകാരൻ നുഐം അദ്ദേഹം ചോദിച്ചു  


'ഊരിപ്പിടിച്ച വാളുമായി താങ്കൾ എങ്ങോട്ട് പോകുന്നു?'  


ഉമറിന്റെ കണ്ണുകൾ ജ്വലിക്കുന്നു പേടിപ്പെടുത്തുന്ന ഭാവം രൂക്ഷമായ നോട്ടം  


ഉമർ പ്രഖ്യാപിച്ചു  


'ഞാൻ മുഹമ്മദിന്റെ തലയെടുക്കും ഈ വാൾകൊണ്ട് ഞാനവനെ വധിക്കും അവൻ ജനങ്ങളെ ഭിന്നിപ്പിക്കുന്നു സമാധാനം കെടുത്തുന്നു നമ്മുടെ മതത്തെ ആക്ഷേപിക്കുന്നു ഇനിയിത് സമ്മതിക്കില്ല ഇന്നവന്റെ കഥ അവസാനിപ്പിക്കും ' 


നുഐം സന്ദർഭത്തിനൊത്തുയർന്നു ഉമറിനെ ഇങ്ങനെ വിട്ടുകൂടാ ഈ പോക്കുപോയാൽ അപകടമാണ് വഴി തിരിച്ചു വിടണം അതിനെന്ത് സൂത്രം പ്രയോഗിക്കും ?  


നുഐം ഇങ്ങനെ പറഞ്ഞു: 


താങ്കൾ സ്വയം വഞ്ചിക്കപ്പെട്ടിരിക്കുന്നു മുഹമ്മദിനെ വധിക്കാൻ കഴിയുമോ? അബ്ദുമനാഫിന്റെ കുടുംബം അതിന്നനുവദിക്കുമോ ? മുഹമ്മദിനെ വധിച്ചിൽ പിന്നെ താങ്കളെ ഈ ഭൂമിയിൽ ജീവിക്കാൻ അവർ സമ്മതിക്കുമോ? വേണ്ടാത്ത പണിക്ക് പോകേണ്ട 


ഉമർ ധിക്കാരത്തോടെ പ്രതികരിച്ചു : എന്നെ പേടിപ്പെടുത്തുകയാണോ? എന്നെ പിന്തിരിപ്പിക്കാനാവില്ല ഞാനുദ്ദേശിച്ചത് നടത്തും ഉമർ ആവേശം കൊള്ളുകയാണ് ശരീരം രോഷം കൊണ്ട് തിളക്കുന്നു 


നുഐം അടവ് മാറ്റി മറ്റൊരു കാര്യം എടുത്തിട്ടു ഉദ്ദേശിച്ച കാര്യത്തിൽ നിന്ന് മനസ്സ് തെറ്റിക്കാൻ അതേ വഴി കണ്ടുള്ളൂ  


ഉമർ താങ്കൾ ആദ്യം നന്നാക്കേണ്ടത് സ്വന്തം വീട്ടുകാരെയാണ് എന്നിട്ടുപോരെ മുഹമ്മദിനെ വധിക്കൽ  


ഉമർ ഞെട്ടി മനസ്സൊന്നു പതറി ചിന്ത മാറി അതിശയത്തോടെ ചോദിച്ചു  


നുഐം എന്റെ വീട്ടുകാർക്കെന്ത് പറ്റി? 


വീട്ടുകാർ ഇസ്ലാം മതം വിശ്വസിച്ചതറിഞ്ഞില്ലേ? 


എന്റെ വീട്ടുകാരോ? എന്താണ് താങ്കൾ പറയുന്നത്? 


താങ്കളുടെ സഹോദരി ഫാത്വിമ ഇസ്ലാം മതം വിശ്വസിച്ചു കഴിഞ്ഞു ഫാത്വിമയുടെ ഭർത്താവ് സഈദ് ഇസ്ലാം മതം സ്വീകരിച്ചു അവരെ ആദ്യം നേരെയാക്കിക്കോളൂ....എന്നിട്ടാവാം മറ്റുള്ളവരുടെ കാര്യം 


മനസ്സിലെ രോഷം വഴിതിരിഞ്ഞൊഴുകാൻ തുടങ്ങി എന്റെ സഹോദരിയും ഭർത്താവും ഇസ്ലാം സ്വീകരിക്കുകയോ? വലിയ നാണക്കേടായിപ്പോയി മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കും 

രോഷം പതഞ്ഞുയരുന്ന മനസ്സുമായി ഉമർ ഓടുകയാണ് സഹോദരിയുടെ വീട്ടിലേക്ക്   

വീട്ടിലെത്തി വാതിലടച്ചിരിക്കുന്നു കതകിൽ ശക്തിയായി മുട്ടി വാതിൽ തുറക്കാനാവശ്യപ്പെട്ടു 

 

അകത്ത് വിശുദ്ധ ഖുർആനിലെ ഒരധ്യായം ഓതിപ്പഠിക്കുകയാണ് 'ത്വാഹാ' എന്ന സൂറത്ത് ഓതുകയാണ് ഓതിക്കൊടുക്കുന്നത് ഖബ്ബാബ് (റ) കേട്ട് ഓതിപ്പഠിക്കുന്നത് ഫാത്വിമയും ഭർത്താവ് സഈദ് (റ)വും  


മൂന്നുപേരും ഉമറിന്റെ ശബ്ദം കേട്ടു   


തങ്ങൾ ഇസ്ലാം മതം സ്വീകരിച്ച കാര്യം ഉമർ അറിഞ്ഞു എന്നുറപ്പായി ക്ഷോഭിച്ചുവരികയാണ് എന്തും സംഭവിക്കും ഏത് സാഹചര്യവും നേരിടാൻ മനസ്സ് പാകപ്പെടുത്തി ഖബ്ബാബ് മാറിനിന്നു  


ഫാത്വിമ വാതിൽ തുറന്നു തീപ്പാറുന്ന കണ്ണുകളുമായി ഉമർ മുമ്പിൽ നിൽക്കുന്നു   ഞാനെന്താണിവിടെ നിന്ന് കേട്ടത്? 


ഞങ്ങൾ സംസാരിച്ചതായിരിക്കും


അല്ല മറ്റെന്തോ കേട്ടു നിങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടോ? 


'ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട് ' സഈദ് (റ) മറുപടി പറഞ്ഞു  


ഉമറിന്റെ നിയന്ത്രണം വിട്ടു  വലതുകൈ ഉയർന്നു സഈദിന്റെ ശരീരത്തിൽ കൈ വീണു എന്തൊരു വേദന സഈദിനെ മറിച്ചിട്ടു നെഞ്ചിൽ കയറിയിരുന്നു ആക്രമണം തുടരാനാണ് ഭാവം കോപാന്ധനായി മാറിയിരിക്കുന്നു പെട്ടെന്ന് ഫാത്വിമ ഇടക്കുകയറിനിന്നു ഉമറിനെ പിടിച്ചു മാറ്റാൻ നോക്കി 


ഇത് കോപം വർദ്ധിപ്പിക്കുകയാണ് ചെയ്തത് പിന്നെ ആക്രമണം ഫാത്വിമയുടെ നേരെയായി അടിയും തൊഴിയും തുടർന്നു ഫാത്വിമയുടെ ശരീരം എവിടെയോ തട്ടി തലയിലും മുഖത്തും മുറിവുണ്ടായി രക്തമൊഴുകി രക്തമൊഴുകുന്നത് കണ്ടപ്പോൾ രോഷം അടങ്ങി  


ഒരു പെൺപുലിയുടെ ശൗര്യത്തോടെ ഫാത്വിമ സംസാരിച്ചു  ഞങ്ങൾ ഏകനായ അല്ലാഹുവിൽ വിശ്വസിച്ചു അവന്റെ റസൂലിലും വിശ്വസിച്ചു അല്ലാഹുവിന്റെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിലും വിശ്വസിച്ചു നിനക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക ഞങ്ങളെ കൊന്നുകളഞ്ഞാലും വിശ്വാസം കൈവെടിയില്ല  


ഉമർ ഞെട്ടിപ്പോയി കൈ തളർന്നു ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന തോന്നൽ  മനസ്സിൽ കരുണയുടെ ഉറവ ഒഴുകാൻ തുടങ്ങി കോപം അകന്നുപോയി ശിരസ്സ് കുനിഞ്ഞു  


ഇവർ പാരായണം ചെയ്തു കൊണ്ടിരുന്നത് തനിക്കും കേൾക്കണം കേൾപ്പിച്ചുതരുമോ? 'നിങ്ങൾ പാരായണം ചെയ്തു കൊണ്ടിരുന്ന ഏട് എനിക്കൊന്ന് കാണിച്ചു തരൂ.... ഞാനൊന്നു കാണട്ടെ'  


ഫാത്വിമ ചിന്തിച്ചതിങ്ങനെയായിരുന്നു എന്തിനാണ് ഏട് ആവശ്യപ്പെടുന്നത് കീറിക്കളയാനാണോ? വീണ്ടും ചോദിക്കുകയാണെങ്കിൽ , കുളിച്ചു ശുദ്ധിയായി വരാൻ പറയാം  


ഉമർ വീണ്ടും ചോദിച്ചു വളരെ ഭവ്യതയോടെ 


കുളിച്ചു ശുദ്ധിയായി വരാനാവശ്യപ്പെട്ടു  

മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയാണ് തണുത്ത വെള്ളം തലയിൽ വീണപ്പോൾ കോപത്തിന്റെയും രോഷത്തിന്റെയും അംശങ്ങളെല്ലാം ഒഴുകിപ്പോയി  


കുളിച്ചുവന്നത് മറ്റൊരു ഉമറായിരുന്നു 


ഖബ്ബാബ്(റ) രംഗത്തുവന്നു ഫാത്വിമ ഏട് നൽകി ഉമറിന്റെ കണ്ണുകൾ അക്ഷരങ്ങളിൽ പതിഞ്ഞു വിറയാർന്ന സ്വരത്തിൽ പാരായണം ചെയ്തു  


ത്വാഹാ..... മാ അൻസൽനാ അലൈക്കൽ ഖുർആനലി തശ്ഖാ..... 


എത്ര നല്ല വചനങ്ങൾ 

എത്ര മഹത്തായ വചനങ്ങൾ 

ഉമർ പാരായണം ചെയ്ത വചനങ്ങളുടെ ആശയം ഇങ്ങനെയായിരുന്നു: 


ത്വാഹാ... താങ്കൾക്ക് നാം ഖുർആൻ ഇറക്കിയത് താങ്കൾ ബുദ്ധിമുട്ടാൻ വേണ്ടിയല്ല ഭയപ്പെടുന്നവർക്ക് ഉൽബോധകമായിട്ടാണ് ഉന്നതാകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ഒരുവനിൽ നിന്നും ഇറക്കപ്പെട്ട വെളിപാട്  


പരമകാരുണികൻ അർശിന്മേൽ സുസ്ഥിതനാണ് (അർ റഹ്മാനു അലൽ അർശി സ്തവാ) 


ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവ രണ്ടിനുമിടയിലുള്ളതും മണ്ണിനടിയിലുമുള്ളതുമെല്ലാം അവന്റേതാകുന്നു  


നീ വചനത്തെ ഉറക്കെ  ഉച്ചരിക്കുന്നുവെങ്കിലും തീർച്ചയായും അവൻ രഹസ്യത്തെയും ഏറ്റവും നിഗൂഢമായതിനെയും അറിയുന്നുണ്ട് 


അല്ലാഹു അവനല്ലാതെ ഒരു ഇലാഹ് ഇല്ല ഏറ്റവും ഉത്തമമായ നാമങ്ങൾ അവനുള്ളതാകുന്നു (അല്ലാഹു ലാഇലാഹ ഇല്ലാഹുവ ലഹുൽ അസ്മാ ഉൽ ഹുസ്നാ) 


ഓരോ വചനം വായിക്കുമ്പോഴും ഉമറിന്റെ മനസ്സ് ഇളകിമറിയാൻ തുടങ്ങി എത്രയോ മനോഹരമാണിത് ഇത് മനുഷ്യ നിർമ്മിതമല്ല അല്ലാഹുവിന്റെ വചനങ്ങളാണിത് സത്യം യാതൊരു സംശയവുമില്ല  തുടർന്നു പറയുന്നത് മൂസാനബി(അ) ന്റെ വടിയുടെ കാര്യമാണ്  


വ ഹൽ അതാക ഹദീസു മൂസാ 


മൂസായുടെ ചരിത്രം നിനക്ക് വന്നെത്തിയോ?


 മൂസാ(അ) ന്ന് നൽകിയ സന്ദേശം വായിച്ചു അല്ലാഹുവിന്റെ ചോദ്യവും കണ്ടു 


വമാ തിൽക ബിയമീനിക യാ മൂസാ 


എന്താണ് അത്? നിന്റെ വലതുകൈയിൽ, ഓ...മൂസാ.....


മൂസാ(അ) ന്റെ വടി തൗഹീദ് പ്രചരിപ്പിക്കാൻ സഹായം നൽകിയ വടിയാണത്  


തന്റെ കൈയിൽ എന്താണുള്ളത് ? വാൾ 

ഇത് തൗഹീദ് പ്രചരിപ്പിക്കാനുള്ള വാളാണ് മൂസാനബി(അ)ന്ന് വടി ഉമറിന്ന് വാൾ മനസ്സിൽ ഈമാൻ പ്രകാശിക്കുകയാണ്   

എവിടെയാണ് നബി (സ) കാണിച്ചു തരൂ ഞാൻ സത്യസാക്ഷ്യം വഹിച്ചു കൊള്ളട്ടെ


ഖബ്ബാബ് (റ) സന്തോഷവാർത്ത അറിയിച്ചു  


ഉമർ..... താങ്കൾ സന്തോഷിക്കുക റസൂൽ (സ) തങ്ങൾ താങ്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട് അത് ഫലിച്ചിരിക്കുന്നു നബി (സ) യുടെ പ്രാർത്ഥന ഇതായിരുന്നു  


അല്ലാഹുമ്മ അയ്യിദിൽ ഇസ്ലാമ ബി അബിൽഹകമിബ്നു ഹിശാം ഔ ബി ഉമറിബ്നുൽ ഖത്താബ് 


അല്ലാഹുവേ അബുൽ ഹകമിബ്നുഹിശാം മുഖേനയോ അല്ലെങ്കിൽ ഉമറുബ്നുൽ ഖത്താബ് മുഖേനയോ ഇസ്ലാമിനെ നീ ശക്തിപ്പെടുത്തി തരേണമേ..... 

 

ഉമറുബ്നുൽ ഖത്താബ് (റ) വിനെയാണ് അല്ലാഹു സ്വീകരിച്ചത് ഏതാനും ദിവസങ്ങൾക്കു മുമ്പ് ധീരകേസരി ഹംസ(റ) ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞിരുന്നു 


സഫാമലയുടെ സമീപം ഒരു വീട്ടിലാണ് നബി (സ) തങ്ങൾ ഇപ്പോഴുള്ളത് അർഖമിന്റെ വീട്ടിൽ ഹംസ(റ)വും മറ്റ് മുസ്ലിംകളുമെല്ലാം ഇവിടെയാണുള്ളത്  


ഉമർ (റ) ദാറുൽ അർഖമിലേക്ക് ഓടി അപ്പോഴും വാൾ കൈവശം തന്നെയുണ്ട് സഫാമലയുടെ സമീപത്ത് കൂടെയാണ് പോയത് പുണ്യറസൂൽ(സ) യുടെയും സമുന്നത സ്വഹാബികളുടെയും പാദങ്ങൾ പതിഞ്ഞ മണ്ണിലൂടെയാണ് ഓടിയത്  വാളുമായി വരുന്ന ഉമറിനെ കണ്ടാൽ ആരും ഭയന്നുപോകും ദാറുൽ അർഖം കൺമുമ്പിൽ തെളിയുന്നു വികാരധീനനായിപ്പോയി 


✍🏻അലി അഷ്ക്കർ 

(തുടരും) 


നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും  


📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

➖➖➖➖➖➖➖➖➖➖


📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment