പ്രവാചക പുത്രി ഉമ്മു കുൽസൂം (റ) ചരിത്രം ഭാഗം-01


➖➖➖➖➖➖➖➖➖
തിരുപ്പിറവി
➖➖➖➖➖➖➖➖➖
അറേബ്യയിൽ അക്രമങ്ങളും അനാചാരങ്ങളും  അരങ്ങേറുന്ന കാലം കള്ളുകുടിയും ചൂതാട്ടവും വ്യാപകമാണ് അന്ധവിശ്വാസങ്ങളും ബിംബാരാധനയും പതിവായി നടക്കുന്നു

ഒരു വിഭാഗം ജനങ്ങൾ നാടിന്റെ പൈശാചികാവസ്ഥയിൽ അസംതൃപ്തരാണ് നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന യുദ്ധങ്ങൾ അവർക്ക് മടുത്തു പിറന്നു വീഴുന്ന പെൺകുരുന്നുകളെ ജീവനോടെ കുഴിച്ചു മൂടുന്നത് കണ്ട് അവരുടെ ഹൃദയങ്ങൾ പിടഞ്ഞുകൊണ്ടിരുന്നു

അറേബ്യയെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വിശ്വപ്രവാചകൻ മുഹമ്മദ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമ ഭൂജാതരായി മാമലകളും മേടുകളും പൂക്കളും ലതകളും സന്തോഷത്തിലാറാടി ഭൂമിയുടെ ഉദരത്തിൽ വിഹരിക്കുന്ന സകലമാന ചരാചരങ്ങളും ആ പൊൻതാരകത്തിന്റെ ഉദയത്തിൽ നിർവൃതിയടഞ്ഞു ആനന്ദതുന്ദിലരായി അവരുടെ വദനങ്ങളിൽ ആവേശത്തിന്റെയും അഭിമാനത്തിന്റെയും ഒരായിരം ഇലഞ്ഞിപ്പൂക്കൾ വിരിഞ്ഞു

പ്രവാചകപുംഗവരുടെ ജനനവേളയിൽ അൽഭുതങ്ങൾ അനവധി സംഭവിച്ചു ഭൂമിയിൽ കുളിർമഴ പെയ്തു വസന്തം വരവായിയെന്നറിഞ്ഞ ഭൂമി മന്ദഹസിച്ചു കടലും കരയും ആനന്ദനൃത്തം ചവിട്ടി പക്ഷികളും മൃഗങ്ങളും സ്തോത്രങ്ങൾ പാടി സന്തോഷം പ്രകടിപ്പിച്ചു

വിശ്വപ്രവാചകൻ മുഹമ്മദ് നബി (സ) വളർന്ന് വലുതായി അൽ അമീനെന്നാണെല്ലാവരും സംബോധന ചെയ്തിരുന്നത് ജനങ്ങളെല്ലാം അൽ അമീനെ സ്നേഹിച്ചു എല്ലാവർക്കും വിശ്വസിക്കാനും അംഗീകരിക്കാനും മതിയായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാണ് പ്രവാചകൻ (സ) വളർന്നത്

ഇരുപത്തഞ്ചാം വയസിൽ അറേബ്യയിലെ പ്രമുഖ കുടുംബത്തിലെ സമ്പന്നയും പക്വമതിയുമായ ഖദീജതുൽ കുബ്റാ (റ) യെ വിവാഹം കഴിച്ചു വ്യാപാരമായിരുന്നു ബീവിയുടെ കുലതൊഴിൽ വിവാഹസമയത്ത് മൂന്നു കുട്ടികളുടെ മാതാവും രണ്ട് ഭർത്താക്കന്മാരോടൊപ്പം ദാമ്പത്യം പങ്കിട്ട് വിധവയുമായിത്തീർന്നിരുന്നു ബീവി

ഖദീജ ബീവിക്കൊപ്പമുള്ള ദാമ്പത്യജീവിതത്തിനിടയിൽ 6 സന്താനങ്ങൾ പ്രവാചകർക്ക് പിറന്നു രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളും ഖാസിം (റ), അബ്ദുല്ല (റ) എന്നിവരാണ് പുത്രൻ നന്നേ ചെറുപ്രായത്തിൽ തന്നെ ഇവർ വിയോഗമടഞ്ഞു ആദ്യം പിറന്നതും ആദ്യം പരലോകം പൂകിയതും ഖാസിമാകുന്നു

സൈനബ (റ), റുഖിയ്യ (റ) ഫാത്വിമ (റ), ഉമ്മുകുൽസൂം (റ) എന്നിവരാണ് പ്രവാചകപുത്രിമാർ രണ്ടാമത്തെ സന്താനവും  ആദ്യ പുത്രിയുമായ സൈനബ (റ) യെ അബുൽ ആസ്വ് (റ) വിവാഹം ചെയ്തു അലി, ഉമാമ എന്നീ രണ്ടുപേർ ഇതിൽ ജനിച്ചെങ്കിലും അവർക്ക് രണ്ടുപേർക്കും സന്താനങ്ങളുണ്ടായിട്ടില്ല റുഖിയ്യ (റ) യെ വിവാഹം ചെയ്തത് പ്രമുഖ സ്വഹാബി, ദുന്നൂറൈൻ ഉസ്മാനുബ്നു അഫ്ഫാൻ (റ) ആകുന്നു അബ്ദുല്ലാഹിബ്നു ഉസ്മാൻ (റ) എന്നൊരു കുഞ്ഞ് എത്യോപ്യയിൽ വെച്ച് ഇവർക്കീ ദാമ്പത്യത്തിൽ ജനിച്ചെങ്കിലും ചെറുപ്പത്തിലേ മൃതിയടഞ്ഞു കണ്ണിന് കോഴികൊത്തിയത് മൂലമാണ് അബ്ദുല്ലയുടെ മരണം ഫാത്വിമ (റ) യാണ് മറ്റൊരു പ്രവാചക പുത്രി പ്രവാചക കുടുംബ പരമ്പര നിലനിൽക്കുന്ന ഏക നബിപുത്രിയാണ് ഇരുപത്തൊൻപതാം വയസിൽ വഫാതായ ഫാത്വിമ (റ) അലിയ്യുബ്നു അബീത്വാലിബാ (റ) ണ് ഭർത്താവ് ഹസൻ (റ), ഹുസൈൻ (റ), മുഹ്സിൻ (റ) എന്നീ പുത്രന്മാരും സൈനബ (റ), ഉമ്മുകുൽസൂം (റ), എന്നീ പുത്രിമാരും ഇവർക്ക് ജനിച്ചവരാണ്

തിരുനബി (സ) യുടെ അവസാനത്തെ പുത്രി ഉമ്മുകുൽസൂം (റ) വാണെന്നാണ് ഇമാം ഇബ്നു സഅദ് (റ) ത്വബഖാതുൽ കുബ്റയിൽ രേഖപ്പെടുത്തിയത് ബീവിയുടെ മനോഹരവും മാതൃകാപരവുമായ ജീവിചരിത്രത്തിലൂടെ നമുക്കിനി പ്രയാണം ചെയ്യാം

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment