ബാപ്പയും മകനും ...
അന്ന് കുറെയധികം വിറക് ശേഖരിച്ചു. അതുമായി നേരെ മക്ക പട്ടണത്തെ ലക്ഷ്യംവെച്ചു നടന്നു. പട്ടണത്തിൽ എത്തിയ ഇബ്രാഹീമിന്റെ നേരെ ഒരു ചെറുപ്പക്കാരൻ പാഞ്ഞടുത്തു... ഉപ്പ... ഒരാക്രോശത്തോടു കൂടി ആ യുവാവ് ഇബ്റാഹീമിനെ കെട്ടിപ്പിടിച്ചു. കരുത്തനായ ആ സുന്ദരൻ എല്ലിൻകൂടിനെ വാരിപ്പുടർന്നു ...
ആരാണാ യുവാവ് ... ! ഇബ്രാഹീമിബിനു അദ്ഹമിന്റെ മകൻ തന്നെ. ബൽഖാ സാമ്രാജ്യം വിട്ടു പൊന്നതിനുശേഷം അവിടത്തെ കഥകളൊന്നും ഇബ്രാഹീം അറിഞ്ഞിട്ടില്ല. മൂത്തമകനായ ഇസ്ഹാഖായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇളയ മകൻ അദ്ഹം എല്ലായിപ്പോഴും ഉമ്മയോട് പിതാവിനെക്കുറിച്ച് അന്വേഷിക്കും, രാജ്ഞി ഉത്തരം കൊടുക്കാനാവാതെ മിഴിച്ചു നിൽക്കും ...
അദ്ഹം വളർന്നു. പ്രായപൂർത്തിയായപ്പോൾ എങ്ങനെയെങ്കിലും പിതാവിനെ കണ്ടുപിടക്കണമെന്നുള്ള വാശിയായി. ഒടുവിൽ മകന്റെ നിർബന്ധത്തിനു വഴങ്ങി രാജ്ഞിയും പരിവാരങ്ങളും ഇബ്റാഹീമിനെ അന്വേഷിച്ചു തുടങ്ങി...
അവർ പല നാടുകളിലും അന്വേഷിച്ചു നടന്നു. ഒടുവിൽ മക്കയിലുണ്ടെന്നറിഞ്ഞു. അങ്ങനെ വന്നതാണ്. ദൂരേനിന്നു വിറകുകെട്ട് ചുമലിലേറ്റി വെച്ചുവെച്ചു നടന്നുവരുന്ന തന്റെ പ്രിയപ്പെട്ടവനെ കണ്ടു രാജ്ഞി തളർന്നിരുന്നുപോയി. കൂടെ വന്ന പരിവാരങ്ങളും എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ അദ്ഹം നേരെ പിതാവിന്റടുത്തേക്ക് ഓടിയടുക്കുകയാണുണ്ടായത്...
കുടുംബത്തിന്റെ കെട്ടുപാടുകളെല്ലാം വിട്ടു ഏകാന്തതയിൽ കഴിയുന്ന തന്നിലേക്ക് ഭാര്യയും മകനും പരിവാരങ്ങളും വന്നു ചേർന്നത് ഇബ്രാഹീമിന്ന് ഒട്ടും രസിച്ചില്ല. ഒരു നിമിഷം അദ്ദേഹം കുതറിയോടാൻ നോക്കി, പറ്റിയില്ല. വത്സല്യത്തിൽ പൊതിഞ്ഞ മകന്റെ കരങ്ങൾകിടയിൽകിടന്നു ആ പിതാവ് ഞെളിപിരികൊണ്ടു ...
"ബാപ്പ, അറിവ് വെച്ച നാൾ മുതൽ അങ്ങയെ അന്വേഷിച്ചു നടക്കുകയാണ് ഞാൻ. ഇപ്പോഴാണ് എനിക്കെന്റെ പിതാവിനെ കിട്ടിയത്. ഈ സന്ദർഭത്തിൽ അങ്ങ് ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയാണോ ...? ഒരു പുത്രന് തന്റെ പിതാവിനെ കാണാനും തലോടാനും അവകാശമില്ലന്നോ. എന്റെ പ്രിയപ്പെട്ട മാതാവ് അതാ അവശയായി തളർന്നു കിടക്കുന്നു. അവരെ ഒരു നോക്ക് കാണാൻ അങ്ങേക്ക് ആഗ്രഹമില്ലന്നോ ...?"
ഇപ്രകാരം പറഞ്ഞുകൊണ്ട് അദ്ഹം പിതാവിനെ തുരുതുരാ ചുംബിച്ചു. ഇബ്രാഹീം മകന്റെ കുടുംബപരമായ ഒരു ചോദ്യത്തിന്നും മറുപടി പറഞ്ഞില്ല. അദ്ദേഹം ചോദിച്ചത് ഇത്ര മാത്രമാണ്.
"എന്റെ പൊന്നുമോനെ നീ ഏതു ദീനിലാണ് ...?"
"ഞാൻ അങ്ങയുടെ ദീനിൽ, പരിശുദ്ധ ദീനുൽ ഇസ്ലാമിൽ..."
"ദീനിയായ വിജ്ഞാനങ്ങൾ നിന്റെ ഉമ്മ നിനക്ക് അഭ്യസിപ്പിച്ചില്ലെ ...?"
" ഉവ്വ് ..."
" അൽഹംദുലില്ലാഹ് ..."
ഇബ്രാഹീം പിന്നെയും കുതറിമാറാൻ നോക്കി. അപ്പോൾ മകൻ പറഞ്ഞു, " അങ്ങ് ഞങ്ങളെയും വിട്ടു എവിടെയും പോവരുത്. എനിക്കെന്റെ പിതാവിനെ വേണം..."
" വിടൂ മോനെ, എന്നെ എന്റെ വഴിക്ക് വിടൂ..."
"ഞാൻ അങ്ങയെ വിട്ടാൽ പിന്നെ എവിടെവെച്ചു നമ്മൾ സന്ധിക്കും ...?"
"സൃഷ്ടിലോകങ്ങളെല്ലാം ഒരുമിച്ചു കൂടുന്ന മഹ്ശറ വൻസഭയിൽ നമുക്ക് സന്ധിക്കാം..."
"കോടനുകോടികൾക്കിടയിൽനിന്നു ഞാൻ എങ്ങനെയാണ് അങ്ങയെ കണ്ടെത്തുക ...?"
(തുടരും)

 
No comments:
Post a Comment