വിശ്വാസവും അവിശ്വാസവും തമ്മില്‍ നടന്ന ഈ പ്രഥമ സംഘട്ടനത്തില്‍ ഒട്ടനവധി അനര്‍ഘസംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ചിലതു താഴെ:
ഇബ്നു അബ്ബാസില്‍നിന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തുന്നു. നബി(സ) യുദ്ധത്തില്‍ ചിലയാളുകളെയൊന്നും വധിക്കരുതെന്ന് നിര്‍ദേശം നല്കിയിരുന്നു. അതില്‍ അബുല്‍ ബഖ്തരി, അബ്ബാസ് ബിന്‍ അബ്ദില്‍ മുത്വലിബ് എന്നിവരും ഹാശിം കുടുംബങ്ങളും ഉള്‍പ്പെട്ടിരുന്നു. 'അവരെല്ലാം നിര്‍ബന്ധിതരായി യുദ്ധത്തിന് വന്നവരാണ്' എന്നാണ് അവിടുന്ന് പറഞ്ഞത്. ഇതുകേട്ട് ഉത്ബയുടെ പുത്രന്‍ അബൂഹുദൈഫ പറഞ്ഞു: 'ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളേയും സഹോദരങ്ങളെയും സന്താനങ്ങളെയും കുടുംബാംഗങ്ങളെയുമെല്ലാം വധിക്കുക, അബ്ബാസിനെ ഒഴിവാക്കിയിടുകയും ചെയ്യുകയോ അതൊരിക്കലുമുണ്ടാവില്ല. അവനെ ഞാന്‍ വധിക്കുക തന്നെ ചെയ്യും.'' ഇതറിഞ്ഞ റസൂല്‍(സ)ക്ക് പ്രയാസമനുഭവപ്പെട്ടു. 'പ്രവാചകന്റെ പിതൃവ്യന്‍ വധിക്കപ്പെടുകയോ?' റസൂല്‍(സ)യുടെ പ്രതികരണമറിഞ്ഞ ഉമര്‍ പറഞ്ഞു: 'റസൂലേ ഞാനവന്റെ ശിരസെടുക്കാം. അവന്‍ കപടനാണ്.' അബൂഹുദൈഫ കഠിനമായ ദുഃഖവും പശ്ചാത്താപവും കാരണം ഇങ്ങനെ പറയാറുണ്ടായിരുന്നു.' ഞാന്‍ ഇന്നും അന്ന് പറഞ്ഞ ആ വാക്കിന്റെ കാര്യത്തില്‍ ഭയത്തിലാണ് രക്തസാക്ഷിത്വമല്ലാതെ അതിന് പരിഹാരമില്ല.'' പിന്നീട് യമാമ യുദ്ധത്തില്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
റസൂല്‍(സ) ഇത്തരമൊരു നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ടായിരുന്നു. അബുല്‍ബഖ്തരിയാണ്, മുമ്പ് നബി(സ)യുമായി ബന്ധവിഛേദം നടത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് കഅബാലയത്തില്‍ തൂക്കിയ പത്രിക പിച്ചിച്ചീന്തിയത്. പുറമെ പല നിലയ്ക്കും അദ്ദേഹം നബിയെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും നബി(സ)യുടെ ഈ ഔദാര്യം സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ച് യുദ്ധക്കളത്തില്‍ പോരാടി മരിക്കുകയാണ് അദ്ദേഹം ചെയ്തത്.
അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ഉമയ്യുബ്നു ഖലഫും ജാഹിലിയ്യത്തില്‍ ആത്മസുഹൃത്തുക്കളായിരുന്നു.
ബദര്‍ യുദ്ധം അവസാനിച്ചപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ഉമയ്യയേയും പുത്രനേയും ബന്ദികള്‍ക്കിടയില്‍ കണ്ടെത്തി. ഉടനെ തന്റെ കൈവശമുണ്ടായിരുന്ന അങ്കിയെല്ലാം എറിഞ്ഞ് അദ്ദേഹം അവരുടെ കൂടെ പോയി. ഹംസയായിരുന്നു ഇവരെ ബന്ദികളാക്കിയത്. ഇതിന്നിടയില്‍ ബിലാല്‍ ഉമയ്യയെ കണ്ടു. ജാഹിലിയ്യത്തില്‍ ബിലാലിനെ ചുട്ടുപഴുത്ത മണലില്‍ കിടത്തി കഠിനമായി പീഡിപ്പിച്ച ക്രൂരനായ യജമാനനാണ് ഉമയ്യ. അവനെ കണ്ടമാത്രയില്‍ ബിലാല്‍ അട്ടഹസിച്ചു. അവിശ്വാസികളുടെ നേതാവ് ഉമയ്യ! അവന്‍ രക്ഷപ്പെട്ടാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ബിലാല്‍ ഇതെന്റെ ബന്ദിയാണ്! ബിലാല്‍ വീണ്ടും: അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. തുടര്‍ന്ന് അത്യുച്ചത്തില്‍ വിളിച്ചട്ടഹസിച്ചു. അല്ലാഹുവിന്റെ സഹായികളേ! ഇതാ അവിശ്വാസികളുടെ നേതാവ്. ഉമയ്യ! അവന്‍ രക്ഷപ്പെട്ടാല്‍ പിന്നെ എനിക്ക് രക്ഷയില്ല! ആളുകളെല്ലാം കൂടി അവരെ വലയം ചെയ്തു. അതില്‍ ഒരുവന്‍ ഉമയ്യയുടെ പുത്രനെ വധിച്ചു. ഇതുകണ്ട് ഞെട്ടിത്തരിച്ച് ഉമയ്യ കിടന്നട്ടഹസിച്ചു. അബ്ദുര്‍റഹ്മാന്‍ ഉമയ്യയോട് രക്ഷപ്പെടാന്‍ നിര്‍ദേശിച്ചുവെങ്കിലും നടന്നില്ല. രണ്ടുപേരെയും ജനങ്ങള്‍ കൈകാര്യം ചെയ്തു. അബ്ദുര്‍റഹ്മാന്‍ പില്‍ക്കാലത്ത് പറയുമായിരുന്നു: 'അല്ലാഹു ബിലാലിനെ അനുഗ്രഹിക്കട്ടെ, എന്റെ അങ്കികളുടെ കാര്യത്തിലും എന്റെ ബന്ദിയുടെ കാര്യത്തിലും എന്നെ അദ്ദേഹം വേദനിപ്പിച്ചു...
ഉമര്‍ തന്റെ അമ്മാവന്‍ ആസ്വ്ബിന്‍ ഹിശാമിനെ വധിച്ചു. അബൂബക്കര്‍ തന്റെ പുത്രന്‍ അബ്ദുര്‍റഹ്മാനോട് വൃത്തികെട്ടവനേ എന്റെ സ്വത്തെല്ലാം എവിടെ എന്ന് അട്ടഹസിച്ചുകൊണ്ടേറ്റുമുട്ടി.
മുശ്രിക്കുകളുടെ കരങ്ങള്‍ ബന്ധിക്കുന്നത്, നബി(സ)യുടെ കൂടാരത്തിന് മുന്നില്‍ കാവല്‍ നിന്ന് നോക്കിനില്ക്കുന്ന സഅദ്ബിന്‍ മുആദിന് തൃപ്തിയായില്ല. അദ്ദേഹത്തിന് അവര്‍ വധിക്കപ്പെടുന്നതാണ് താല്പര്യം. അദ്ദേഹത്തിന്റെ മുഖത്ത് അതിന്റെ പ്രതികരണങ്ങള്‍ കണ്ട റസൂല്‍(സ) ചോദിച്ചു: സഅദേ നിനക്ക് അവര്‍ ചെയ്യുന്നത് ഇഷ്ടപ്പെടാത്തതുപോലെ? അതെ ദൈവദൂതരേ. അദ്ദേഹം പ്രതികരിച്ചു. ഇതായിരുന്നല്ലോ അവിശ്വാസികള്‍ക്കെതിരെയുള്ള ആദ്യത്തെ വിജയം.
(തുടരും)

No comments:
Post a Comment