ബദർ യുദ്ധചരിത്രം💞 ഭാഗം:11


  അബൂജഹലിന്റെ പതനം


ശത്രുനിരകള്‍ക്കിടയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കൊടിയ ധിക്കാരിയായ അബൂജഹല്‍ അവരെ സമാശ്വസിപ്പിക്കുകയും അവരുടെ ദേവതകളായ ലാത്തയേയും ഉസ്സയേയും സത്യം ചെയ്തുകൊണ്ട് അവരെ ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷെ, മുസ്ലിംസൈന്യത്തിന്റെ കുതിച്ചുകയറ്റം എല്ലാ നിരകളേയും ഭേദിച്ചു അബൂജഹലിന്റെ സമീപത്തുമെത്തി. മുശ്രിക്കുകള്‍ അബൂജഹലിന് ചുറ്റും കുന്തവും വാളും നിരത്തി. ഒരു മതില്‍ കെട്ടുതന്നെ തീര്‍ത്തു. പക്ഷെ, കൊടുങ്കാറ്റു കണക്കെ ആഞ്ഞുവീശിയ മുസ്ലിം മുന്നേറ്റം അവയെല്ലാം പിഴുതെറിഞ്ഞു. അപ്പോഴതാ അബൂജഹല്‍ തന്റെ കുതിരപ്പുറത്തേറി ചുറ്റുന്നത് മുസ്ലിംകള്‍ കാണുന്നു. അവന്റെ രക്തത്തിന് ദാഹിച്ചുകൊണ്ട് രണ്ടു അന്‍സാരി യുവാക്കള്‍ വാളുമേന്തിനില്ക്കുന്നു. ഈ ധിക്കാരിയുടെ ദയനീയ പതനത്തിന് ദൃക്സാക്ഷിയായ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് നമ്മോട് പറയുന്നു: "ഞാന്‍ ബദര്‍ യുദ്ധദിവസം യുദ്ധമുന്നണിയില്‍ നില്ക്കുമ്പോള്‍ എന്റെ ഇടതും വലതും വശങ്ങളില്‍ രണ്ടു യുവാക്കള്‍ സ്ഥാനമുറപ്പിച്ചിരുന്നു. അതില്‍ ഒരുവന്‍ അപരന്‍ കേള്‍ക്കാതെ എന്നോട് ചോദിക്കുന്നു. 'എവിടെയാണ് അബൂജഹല്‍?' ഞാന്‍ ചോദിച്ചു: 'അവനെ കണ്ടിട്ടു നീയെന്തുചെയ്യാനാണ്?' അവന്‍ അല്ലാഹുവിന്റെ ദൂതരെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അവനെ കണ്ടാല്‍ അവന്റെ കഥ ഞാന്‍ കഴിക്കുകതന്നെ ചെയ്യും. ഇതുകേട്ട ഞാന്‍ അത്ഭുതപ്പെട്ടു. ഉടനെ മറുവശത്ത് നിന്ന് എന്നെ തോണ്ടി, ഇതേ കാര്യംതന്നെ അവനും പറഞ്ഞു. അബുജഹലിനെ ഞാനവര്‍ക്ക് കാണിച്ചുകൊടുത്തു' ഇതാണ് നിങ്ങളന്വേഷിക്കുന്ന വ്യക്തി നിങ്ങള്‍ കാണുന്നില്ലേ? ഇതുകേള്‍ക്കേണ്ട താമസം രണ്ടുപേരും ഒറ്റക്കുതിപ്പിന് അവന്റെയടുക്കലെത്തി അവന്റെ കഥ കഴിച്ചു. എന്നിട്ട് റസൂല്‍(സ)യെ സമീപിച്ചു. ഓരോരുത്തരും താനാണ് വധിച്ചതെന്ന് അവകാശപ്പെട്ടു. റസൂല്‍(സ) അവരുടെ വാളിലെ രക്തം പരിശോധിച്ചു രണ്ടുപേരും ചേര്‍ന്നാണ് വധിച്ചതെന്ന് വിധിച്ചു. യുദ്ധത്തിന് ശേഷം അബൂജഹലിന്റെ ശരീരത്തിലുണ്ടായിരുന്ന സാധനങ്ങള്‍ മുആദ്ബിന്‍ അംറ് ബിന്‍ അല്‍ ജൂമൂഹിന് നല്കാന്‍ വിധിച്ചു. ഈ രണ്ടു യുവാക്കള്‍ മുആദും മുഅവ്വിദ് ബിന്‍ അഫ്റാഉമായിരുന്നു. (4) ഇതില്‍ ഒരാള്‍ക്ക് മാത്രം നല്കാന്‍ കാരണം അപരന്‍ ഈ യുദ്ധത്തില്‍ തന്നെ മൃതിയടഞ്ഞതുകൊണ്ടായിരുന്നു.''

അബൂജഹലിന്റെ വധത്തില്‍ പങ്കുചേര്‍ന്ന മുആദ് ബിന്‍ അംറ് അല്‍ ജുമുഅ് പറയുന്നു: 'അബൂജഹലിന്റെ അടുക്കലേക്ക് ആര്‍ക്കും എത്താന്‍ കഴിയില്ല' എന്ന് ജനങ്ങള്‍ പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ അവന്റെ നേരെ കുതിച്ചുചെന്ന് ആഞ്ഞുവെട്ടി. അവന്റെ കാല്‍ മുറിഞ്ഞുവീണു. ഉടനെ അവന്റെ പുത്രന്‍ ഇക്രിമ എന്നേയും വെട്ടി. എന്റെ കൈ അതുകാരണം ചുമലില്‍നിന്ന് വിട്ടു തൂങ്ങിക്കിടന്നു. അന്നുമുഴുവന്‍ ആ രൂപത്തില്‍ മുറിഞ്ഞ കൈയും തൂക്കിയാണ് ഞാന്‍ യുദ്ധക്കളത്തില്‍ ഓടിനടന്നത്. പിന്നീട് ഞാനത് മുറിച്ചുകളഞ്ഞു. (5) അല്പം കഴിഞ്ഞു എന്റെ കൂടെയുണ്ടായിരുന്ന മുഅവ്വിദ് വെട്ടേറ്റു വീണ അബൂജഹലിനെ സമീപിച്ച് ആഞ്ഞുവെട്ടി നിലം പതിച്ച അബൂജഹലിനെ ചക്രശ്വാസം വലിക്കുന്ന അവസ്ഥയില്‍ വിട്ടേച്ചുപോന്നു.


യുദ്ധാനന്തരം അബൂജഹലിനെ കണ്ടുപിടിക്കാന്‍ റസൂല്‍(സ) നിര്‍ദേശിച്ചു. ചക്രശ്വാസം വലിക്കുന്ന അവസ്ഥയില്‍ ഇബ്നു മസ്ഊദ് അവനെ കണ്ടെത്തി. തന്റെ കാല്‍ പിരടിയില്‍ ചവിട്ടി താടിപിടിച്ച് വലിച്ചുകൊണ്ട് ഇബ്നുമസ്ഊദ് ചോദിച്ചു: 'അല്ലാഹുവിന്റെ ശത്രുവേ! അല്ലാഹു നിന്നെയിപ്പോള്‍ നിന്ദിതനാക്കിയില്ലേ?' അപ്പോഴും അവന്‍ ആക്രോശിച്ചു. 'എനിക്ക് എന്ത് നിന്ദ്യത? എന്റെ സ്വന്തം ജനത എന്നെ യുദ്ധത്തില്‍ വധിച്ചുവെന്ന് മാത്രം!' എന്നിട്ടവന്‍ ചോദിച്ചു: 'ആരാണ് ഇന്ന് വിജയിച്ചത്?' അല്ലാഹുവും അവന്റെ ദൂതനും ഇബ്നുമസ്ഊദ് പ്രതികരിച്ചു. പിരടിയില്‍ ചവിട്ടിനില്ക്കുന്ന ഇബ്നുമസ്ഊദിനെ നോക്കി കൊടിയ പ്രതിഷേധത്തോടെ അവന്‍ പറഞ്ഞു: 'എടാ ഇടയച്ചെറുക്കാ നിന്റെ പാദങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത് ഒരന്യൂനമായ സ്ഥാനത്താണെടോ! ഇബ്നുമസ്ഊദ് മക്കയില്‍ ഇടയവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷം ഇബ്നു മസ്ഊദ് അവന്റെ ശിരസറുത്ത് റസൂല്‍(സ)യെ കാണിച്ചു. 'ഇതാ ദൈവദൂതരെ അല്ലാഹുവിന്റെ ശത്രുവിന്റെ ശിരസ് ഇബ്നുമസ്ഊദ് പറഞ്ഞു. ഇതുകണ്ട റസൂല്‍(സ) "അല്ലാഹു അവനല്ലാതെ ഒരാരാധ്യനുമില്ല'' എന്ന് മൂന്നുതവണ പ്രഖ്യാപിച്ചശേഷം പറഞ്ഞു: 'വാഗ്ദാനം പൂര്‍ത്തീകരിച്ച, തന്റെ ദാസനെ സഹായിച്ച, സഖ്യകക്ഷികളെ ഏകനായി പരാജയപ്പെടുത്തിയ അല്ലാഹുവിന് സര്‍വസ്തുതിയും' എന്നിട്ട് അബൂജഹലിന്റെ ജഡത്തെ സമീപിച്ചു റസൂല്‍(സ) പ്രഖ്യാപിച്ചു: ഇതാണ് ഈ സമുദായത്തിന്റെ ഫിര്‍ഔന്‍!
(തുടരും)

No comments:

Post a Comment