ഒരു അറേബ്യൻ പ്രണയ കഥ ഭാഗം 2


 'മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനക്കും ദൈവത്തിനുമിടയില്‍ മറയില്ല' എന്ന ആപ്തവാക്യത്തിന്റെ പുതുനിയോഗമായി, ഇരുണ്ട യുഗത്തെ സുവര്‍ണ്ണം ആക്കാന്‍ ദൈവം ദൌത്യം ഏല്‍പ്പിച്ച വിമോചകന്‍ സൈനബിന്റെ പിതാവാവുകയായിരുന്നു.. മക്കയുടെ വിഹ്വലതകള്‍ ജാഹിലിയ്യത്തിന്റെ കരിമ്പടം പുതച്ചുറങ്ങുന്ന ഒരു രാത്രിയുടെ ഏതോ യാമത്തില്‍, അല്‍ അമീന്‍ തപസ്സിന്റെ എഴുവാനങ്ങളും പിന്നിട്ട ഏതോ ഒരു നിമിഷത്തില്‍, ആയിരം വര്‍ണ്ണച്ചിറകുകള്‍ വീശി ഗബ്രിയേല്‍ മാലാഖ വന്നിറങ്ങിയ നിമിഷം മുതല്‍ മക്ക അനുഭവിച്ച മാറ്റങ്ങള്‍ സൈനബിന്റെയും അബുല്‍ ആസിന്‍റെയും കൂടി ആയിരുന്നു..ശാമിലെ കച്ചവടം കഴിഞ്ഞു മടങ്ങിയെത്തിയ അബുല്‍ ആസിനെ കാത്തിരുന്നത് ആ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. തന്റെ പ്രിയതമ തന്നോട് ആലോചിക്കുക പോലും ചെയ്യാതെ ഇസ്ലാമിനെ പുല്‍കിയിരിക്കുന്നു.. കാലങ്ങളായി മക്ക പാലിച്ചുപോന്ന ജീവിതവ്യവസ്ഥകള്‍ ഉപേക്ഷിച്ചിരിക്കുന്നു.. അവള്‍ അവനോടു എല്ലാം തുറന്നു പറഞ്ഞു.. ഹിറാഗുഹയിലെ നീരുറവ അവനിലും കുളിര് പകരുമെന്ന് കരുതിയ അവള്‍ക്ക് ആദ്യമായി അന്ന് അവന്റെ കാര്യത്തില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു.. "എന്നോട് ചോദിക്കാതെ നീ എന്തിനു ഈ തീരുമാനം എടുത്തു..?""സത്യം എന്ന് ഉറച്ചു വിശ്വസിക്കുന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനം എടുത്തതാണോ ഞാന്‍ ചെയ്ത തെറ്റ്..? എനിക്കെങ്ങനെ എന്റെ പിതാവില്‍ അവിശ്വസിക്കാന്‍ കഴിയും? അദ്ദേഹം അല്‍ അമീനും അല്‍ സിദ്ധീഖും ആണെന്നും നുണ പറയാത്തവന്‍ ആണെന്നും നിങ്ങള്‍ക്കും അറിയാവുന്നതല്ലേ..? ഞാന്‍ മാത്രമല്ല, എന്റെ ഉമ്മയും സഹോദരിമാരും എന്റെ പിതാവിന്റെ പിതൃവ്യപുത്രന്‍ അലിയും നിങ്ങളുടെ മാതുലപുത്രന്‍ ഉസ്മാനും നിങ്ങളുടെ സുഹൃത്ത്‌ അബൂബക്കറും എല്ലാം ഇസ്ലാം സ്വീകരിചിട്ടുണ്ടല്ലോ.. പിന്നെ എന്താ?" സൈനബിന്റെ ശബ്ദം ഇടറിയോ.."എന്തായാലും എന്റെ കാര്യത്തില്‍ തന്റെ പത്നിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം പിതാക്കളെയും പൂര്‍വ്വപിതാമാഹന്മാരെയും കുടുംബത്തെയും കാലങ്ങളായി മുറുകെപിടിച്ചു പോന്ന വിശ്വാസങ്ങളെയും എല്ലാം തള്ളിപ്പറഞ്ഞവന്‍ എന്ന് ജനം എന്നെ വിളിക്കുന്നത്‌ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല.."കവിളുകളില്‍ കണ്ണീരുകള്‍ ചാലിട്ടൊഴുകുന്ന തന്റെ പ്രിയതമയെ മാറോടു ചേര്‍ത്ത് അയാള്‍ ഒന്നുകൂടി പറഞ്ഞു.. "നിന്നെയും നിന്റെ പിതാവിനെയും ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു.. ഞാനൊരിക്കലും ഖുറൈഷിപ്രഭുക്കന്മാര്‍ ചെയ്യുന്ന പോലെ നിന്റെ പിതാവിനെ അധിക്ഷേപ്പിക്കില്ല.. എങ്കിലും എനിക്കെന്റെ വിശ്വാസങ്ങള്‍ വലുതാണ്‌.. അതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.. നീ എന്നെ മനസ്സിലാക്കുക.. എന്നോട് ക്ഷമിക്കുക..""എന്താണ് നീ ഈ പറയുന്നത്? ഞാന്‍ അല്ലാതെ പിന്നെ ആരാണ് നിന്നെ മനസ്സിലാക്കാനും നിന്നോട് ക്ഷമിക്കാനും ആയി ഇവിടെ ഉള്ളത്? എന്തൊക്കെ സംഭവിച്ചാലും നമ്മുടെ സ്നേഹത്തിനു അതൊന്നും പോറല്‍ ഏല്‍ക്കുന്നില്ലല്ലോ..? ഞാനെന്നും നിന്റെ കൂടെ ഉണ്ടാകും.. ഒരുനാള്‍ നീ സത്യത്തിലേക്ക് വരുമെന്ന്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു.." -------------------ഹിറയില്‍ കൊളുത്തിയ വിപ്ലവത്തിന്റെ തീനാളം ഗോത്രമേല്‍ക്കോയ്മയുടെ പാഴ്ദൈവങ്ങള്‍ക്ക് നേരെ ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍, തങ്ങളെ അടിമകളാക്കി നിര്‍ത്തിയ ജാഹിലിയ്യത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെ വിമോചനത്തിന്റെ മുദ്രാവാക്യം മുഴക്കി അടിയാളന്‍മാര്‍ ദൈവദൂതന്റെ കീഴില്‍ അണിനിരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മക്ക അക്ഷരാര്‍ത്ഥത്തില്‍ രണ്ടു ചേരികള്‍ ആവുകയായിരുന്നു.. അതില്‍ പരസ്പരം എതിര്‍പക്ഷത്ത് നിന്ന് കൊണ്ടും അഗാധമായി സ്നേഹിക്കുന്ന രണ്ടു പേര്‍.. അബുല്‍ ആസും സൈനബും.. പതിമൂന്നു വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോയി..അപ്പോഴാണ്‌ മക്കയില്‍ നിന്നും മദീനയിലേക്ക് നിര്‍ബന്ധപലായനം- 'ഹിജ്റ' വരുന്നത്.. സൈനബിനു എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ജീവനേക്കാള്‍ താന്‍ സ്നേഹിക്കുന്ന ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കണോ അതോ ജീവശ്വാസത്തേക്കാള്‍ താന്‍ വിലമതിക്കുന്ന തന്റെ ആദര്‍ശത്തെ അനുസരിക്കണോ..? താന്‍ അബുല്‍ ആസിനെ ഉപേക്ഷിച്ചാല്‍ തനിക്കുണ്ടാവുന്ന വിഷമത്തേക്കാള്‍ അബുല്‍ ആസിനുണ്ടാവാന്‍ പോകുന്ന വിരഹവേദന ആയിരുന്നു അവളെ കൂടുതല്‍ കുഴക്കിയത്.. തന്റെയീ ധര്‍മ്മസങ്കടം അവള്‍ പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു.."പിതാവേ.. ഞാന്‍ ഒരിക്കലും എന്റെ ആദര്‍ശത്തെ കൈവെടിയില്ല.. പക്ഷെ എന്നെ അബുല്‍ ആസിന്റെ കൂടെ നില്‍ക്കാന്‍ അനുവദിക്കാമോ? എനിക്കൊരു ഇളവു നല്‍കാമോ? അബുല്‍ ആസ് ഇസ്ലാമിലേക്ക് വരും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.."എന്നും നിയമത്തിലെ ഇളവുകള്‍ നിയമങ്ങള്‍ ആക്കുന്ന സുന്ദരപ്രത്യയശാസ്ത്രത്തിന്റെ വക്താവിന് അല്‍പ്പം പോലും ആലോചിക്കേണ്ടി വന്നില്ല.. ഒരു പുഞ്ചിരിയായിരുന്നു മറുപടി.."നിനക്ക് വേണമെങ്കില്‍ നിന്റെ ഭര്‍ത്താവിന്റെയും കുഞ്ഞുങ്ങളുടെയും കൂടെ നില്‍ക്കാം.."അങ്ങനെ അവിശ്വാസിയുടെ ഭാര്യ ആയി വിശ്വാസി ആയ സൈനബ് മക്കയില്‍ തന്നെ ജീവിച്ചു പോന്നു.. അബുല്‍ ആ-സിന്റെ കൂടെ തന്നെ ജീവിക്കാന്‍ അനുവാദം കിട്ടിയപ്പോള്‍ സൈനബില്‍ തിരതല്ലിയ ആനന്ദത്തിനു അതിരില്ലായിരുന്നു.. പക്ഷെ വെണ്ണക്കല്ലുകളിലെ കറുത്ത കുത്തുകള്‍ പോലെ എന്നും അബുല്‍ ആസിന്റെ അവിശ്വാസം അവളില്‍ ഒരു നൊമ്പരമായി നിലകൊണ്ടു.. അബുല്‍ ആസിനെ വിശ്വാസത്തിലേക്ക് കൊണ്ട് വരാന്‍ അവള്‍ ആവതും ശ്രമിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.. പക്ഷെ അവരുടെ പ്രണയം ഒരിക്കലും പരാജയപ്പെട്ടിട്ടുണ്ടായിരുന്നില്ല..പക്ഷെ.... ഒരു വലിയ പരീക്ഷണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു
☆☆☆☆☆☆☆☆☆☆☆☆☆☆☆☆صلى الله علي محمد صلى الله عليه وسلمഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

من دل على خير فله مثل أجر فاعله
(حديث شريف )
ആരെങ്കിലും ഒരു നൻമ അറിയിച്ചു കൊടുത്താൽ അവനും അത് പ്രവർത്തിക്കുവനും പ്രതിഫലത്തിൽ സമാനമാണ്
( നബി വചനം)

No comments:

Post a Comment