പ്രവാചക പുത്രി ഉമ്മുകുൽസൂം (റ) ചരിത്രം ഭാഗം-13


➖➖➖➖➖➖➖➖➖
*ഇടിത്തീപോലെ രണ്ട് മരണങ്ങൾ*
➖➖➖➖➖➖➖➖➖
ബഹിഷ്കരണത്തിന്റെ ക്ഷീണം വിട്ടുമാറും മുമ്പേ താങ്ങും തണലുമായി ഉപ്പയെ സഹായിച്ച ഉപ്പാപ്പ അബൂത്വാലിബ് രോഗിയായി കിടക്കുന്നു അബൂത്വാലിബ് തന്റെ അവസാനഘട്ടത്തിലും മോഹിച്ചത് തന്ത്രപരമായി നബിയെ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുത്താൻ വേണ്ടി ഇനിയും ഏതാനും കാലം ജീവിക്കാനായിരുന്നെങ്കിൽ  എന്നായിരുന്നു 

അബൂത്വാലിബ് സത്യസാക്ഷ്യം മൊഴിഞ്ഞു ഇസ്ലാം പുൽകിയില്ല എന്നാണ് പ്രബലാഭിപ്രായം അദ്ദേഹത്തിന് ഒടുവിലെങ്കിലും സത്യസാക്ഷ്യം മൊഴിഞ്ഞ് ഇസ്ലാമാശ്ലേഷിക്കാനായിരുന്നെങ്കിലെന്ന് ബീവി ഖദീജ (റ) മോഹിച്ചിരുന്നു വിവരം മക്കളുമായി പങ്കുവെച്ചപ്പോൾ ഫാത്വിമ (റ) പറഞ്ഞതിപ്രകാരമായിരുന്നു നരകാഗ്നിയിൽ നിന്നും വിമോചിതനാവാൻ വേണ്ടി സത്യസാക്ഷ്യം അദ്ദേഹമൊന്ന് മൊഴിഞ്ഞിരുന്നെങ്കിലെത്ര നന്നായിരുന്നു ഇതുകേട്ട ഉടനെ  ഉമ്മുകുൽസൂം (റ) പറഞ്ഞു: അദ്ദേഹത്തിനുള്ളിൽ വിശ്വാസമുണ്ടെങ്കിലും വെളിയിൽ പറയാനെന്തോ പ്രയാസമുള്ളതുപോലെ എന്താണെന്നറിയില്ല ഉപ്പ ഇത്രത്തോളം ഇസ്ലാമിലേക്ക് ക്ഷണിച്ചതുകൊണ്ട് ഉള്ളിലുള്ള കാര്യം അദ്ദേഹം മറച്ചുവെക്കുമോ....? എന്നായിരുന്നു മൂത്ത ഇത്താത്ത സൈനബ (റ) യുടെ സംശയം

കാലം അതിവേഗം പ്രയാണം നടത്തി ഉമ്മ ഖദീജ(റ)യും രോഗിയായി അബൂത്വാലിബ് മരിച്ചതിലുള്ള വ്യസനം വിട്ടുമാറും മുമ്പേ ഉമ്മ ഖദീജ (റ) യും കിടപ്പിലായി റുഖിയ്യ(റ)താത്ത സ്ഥലത്തില്ല സൈനബ (റ) ഇടയ്ക്കിടെ ഉമ്മയുടെ വിശേഷങ്ങൾ അറിയാനും എന്തെങ്കിലും ചെയ്തു കൊടുക്കാനും വീട്ടിൽ വരാറുണ്ട് ഉമ്മുകുൽസൂമും(റ) ഫാത്വിമ(റ)യുമാണ് മുഴുവൻ സമയവും സേവിക്കാനായി ഉമ്മയുടെ അടുത്തുള്ളത് സ്നേഹനിധിയായ തിരുനബി (സ) തൊട്ടു ചാരത്ത് സമാശ്വസിപ്പിക്കാനായിരുന്നു ഹബീബിന്റെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ ഖദീജാബീവി (റ) പരലോകത്തെക്കുറിച്ച് എന്തോ ചിന്തിക്കുകയാണ് ഇടക്ക് വെച്ച് ബീവി ചോദിച്ചു

യാ റസൂലല്ലാഹ്..... എന്റെ നാഥൻ എന്താണെനിക്കൊരുക്കിയിരിക്കുന്നത്? അവൻ എന്നെ സ്വീകരിക്കുമോ?  അവൻ എന്റെ കാര്യത്തിൽ സംതൃപ്തനാണോ?

റസൂൽ (സ) യുടെ ചിത്തം നീറിയ നിമിഷങ്ങളായിരുന്നു അത് അല്ലാഹു നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു ഖദീജാ, അവൻ നിനക്ക് പ്രതിഫലം നൽകും, തീർച്ച നീ എനിക്ക് അഭയം നൽകിയവളല്ലേ നീ എന്നെ സഹായിച്ചവളല്ലേ..... നീ എനിക്ക് ധർമ്മം ചെയ്തവളല്ലേ..... നീ അല്ലാഹുവിന്റെ റസൂലിനുള്ളവളായിരുന്നില്ലേ...അല്ലാഹുവിനെയും റസൂലിനെയും ആരെങ്കിലും സഹായിച്ചാൽ അല്ലാഹു അവരെ സഹായിക്കും.....

താഴ് വാരങ്ങളിലൂടെ അരുവികൾ ഒഴുകുന്ന സ്വർഗീയ പൂങ്കാവനത്തിൽ നിനക്ക് കൊട്ടാരഭവനങ്ങളുണ്ട്, ഖദീജാ..... മാണിക്ക്യത്താൽ മനോഹരമായി പണികഴിപ്പിച്ചതാണത് സുഗന്ധദ്രവ്യങ്ങൾ കൊണ്ട് പരിമളംപരത്തുന്നതാണത് പല വൃക്ഷങ്ങൾ അതിന് തണൽ നൽകുന്നുമുണ്ട് മനോഹരമായ നദികളുടെ തീരത്താണത് നിലകൊള്ളുന്നത്

ഖദീജാബീവി(റ)യുടെ ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞതുപോലെ ഇക്കാലമത്രയും ജീവിതം വിശുദ്ധ ദീനിന് വേണ്ടി ഉഴിഞ്ഞു വെച്ചതിന് അല്ലാഹു മതിവരുവോളം പാരിതോഷികങ്ങൾ നൽകാൻ പോകുന്നു അതിന്റെ സുവിശേഷങ്ങളാണല്ലോ ഈ കേൾക്കുന്നത് ബീവി(റ)യുടെ ഹൃദയം പുളകിതമായി അവർ അറിയാതെ വീണ്ടും വീണ്ടും സന്തോഷാശ്രുക്കൾ പൊഴിച്ചു

റസൂൽ(സ) കട്ടിലിൽ നിന്നെഴുന്നേറ്റു തണുത്ത വെള്ളവുമായി വീണ്ടും വന്നു ശിരസ്സിൽ വെള്ളം കൊണ്ട് നനച്ചു തണുപ്പിച്ചു നേർത്ത ആശ്വാസം ലഭിക്കുന്നത് പോലെ ബീവിയ്ക്ക് അനുഭവപ്പെട്ടു തലോടിക്കൊണ്ട് റസൂൽ(സ) പറഞ്ഞു:

ഈ ഉഷ്ണമെല്ലാം മാറിപ്പോകും നിനക്ക് ആരോഗ്യം തിരികെ ലഭിക്കട്ടെ ഇവിടെ നിന്നും ഉണർന്നെണീറ്റ് ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നത് കാണാൻ നിനക്ക് കഴിയുമാറാവട്ടെ, നമ്മുടെ ശത്രുക്കൾക്ക് സന്തോഷിക്കാൻ അല്ലാഹു ഒരിക്കലും അവസരമൊരിക്കില്ല

ബീവി പതുക്കെ കണ്ണുകൾ തുറക്കാൻ തുടങ്ങി റസൂലിനെ ഇമ വെട്ടാതെ നോക്കി പിന്നെ മൃദുസ്വരത്തിൽ ചോദിച്ചു ഖുറൈശികളുടെ അവസ്ഥയെന്താണിപ്പോൾ? ആ ചോദ്യത്തിന് ഉത്തരം പറയാൻ റസൂലിനായില്ല പുത്രിമാർ ചുറ്റും നിറകണ്ണുകളോടെ നോക്കിനിൽക്കുന്നുണ്ടായിരുന്നു അവരാണീ ചോദ്യത്തിന് മറുപടി പറഞ്ഞത് 

ഖുറൈശികൾ നബിയെ കാത്തിരിക്കുന്നുണ്ട്

ബീവി വിതുമ്പികരഞ്ഞു നിലയ്ക്കാതെ കണ്ണീർ കണങ്ങൾ ഇറ്റി വീഴാൻ തുടങ്ങി 

റസൂലിന്റെ കണ്ണുകളും നിറഞ്ഞു 

ബീവിയുടെ രോഗം മൂർച്ഛിക്കുകയാണ് ശമനം ലഭിക്കുന്നില്ല ചുറ്റി നിൽക്കുന്ന നബി പുത്രിമാർ കണ്ണീർ വാർക്കുന്നു വീട് നിറയെ ബന്ധുക്കളും മറ്റും തടിച്ചുകൂടിയിരിക്കുന്നു എല്ലാവരും ദുഃഖത്തിലാണ്

അബൂലഹബും ഭാര്യ ഉമ്മുജമീലും വീടിനു മുമ്പിലെ ഒരു കല്ലിൽ കയറിയിരുന്നു ഖദീജ(റ)യെ കണ്ടുവരുന്നവരോട് കാര്യങ്ങൾ തിരക്കി

മക്കാ നിവാസികൾക്കെല്ലാം അതറിയണം ഖദീജാ(റ)ബീവിയുടെ അവസ്ഥയെന്താണ്?

അന്നത്തെ രാത്രിക്ക്  പതിവിൽ കവിഞ്ഞ ദൈർഘ്യമുള്ളതായിത്തോന്നി ഖദീജാബീവി(റ)യുടെ വീട്ടുകാരെല്ലാം അന്ന് നിദ്രാവിഹീനരായി നിന്നു റസൂൽ(സ) ബീവിയുടെ അടുത്തു തന്നെയുണ്ട്

അത്താഴസമയത്താണ് അത് സംഭവിച്ചത് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്ന ഖദീജബീവി(റ) അസ്വസ്ഥയായി എങ്കിലും റസൂലുല്ലാഹി(സ)യെയും മക്കളെയും കണ്ണുതുറന്ന് നോക്കി

പിന്നെ ആ കണ്ണുകൾ അടഞ്ഞു അവസാനത്തെ ഉറക്കം ചുണ്ടിലപ്പോഴും ചെറിയ പുഞ്ചിരി തങ്ങിനിൽപ്പുണ്ടായിരുന്നു ശരീരം ചലനമറ്റതായി നബി(സ)ക്ക് തോന്നി വൈകാതെ, ആ വിവരം കൂടിനിന്നവർ അറിഞ്ഞു ബീവി ഖദീജ(റ) യാത്രയായിരിക്കുന്നു

ഇന്നാലില്ലാഹി......

റസൂൽ തിരുമേനി (സ) യുടെ നയനങ്ങൾ നിറഞ്ഞു നബി പുത്രിമാർ വിതുമ്പി

പ്രഭാതം പതിവിനു വിപരീതമായി കനത്ത ദുഃഖഭാരത്തോടെയാണ് വിടർന്നത് അതൊരു റമളാൻ മാസമായിരുന്നു ബീവിയുടെ വയസ്സ് അറുപത്തിയഞ്ച്

ഖദീജബീവി(റ)യുടെ ജനാസ ചുമന്ന് റസൂലും കൂട്ടരും പടിയിറങ്ങി മക്കയുടെ കിഴക്കു ഭാഗത്തേക്കാണവർ നീങ്ങിയത് ഹജൂൻ പർവ്വതത്തിന്റെ താഴ് വാരത്ത് അവർ നിന്നു അവിടെ കുഴിച്ചു വെച്ച ഖബറിൽ റസൂൽ (സ) പതുക്കെ ഇറങ്ങി

പ്രിയഭാര്യയുടെ ശരീരം തിരുമേനി (സ) യുടെ പുണ്യ കരങ്ങളേറ്റു വാങ്ങി പതുക്കെ ഖബറിൽ താഴ്ത്തിക്കിടത്തി നിറഞ്ഞ കണ്ണുകളോടെ അവസാനമായൊന്ന് ആ വിശുദ്ധ വദനം നോക്കിയ ശേഷം റസൂൽ (സ) എഴുന്നേറ്റു

മറമാടൽ കഴിഞ്ഞു 
ചിലർ സലാം പറഞ്ഞു വിടവാങ്ങി മറ്റുചിലർ അവിടെ തന്നെ ഓർമ്മകൾ അയവിറക്കി ഏറെ നേരം നിന്നു

അന്ന് ജനാസ നിസ്കാരം നിയമമാക്കപ്പെട്ടിരുന്നില്ല 

റസൂൽ (സ) യുടെ പുത്രിമാർ അവശരായി വീട്ടിൽ കിടന്നു നിലയ്ക്കാതെ കണ്ണീർ പെയ്തിറിങ്ങി എന്തൊരു വാത്സല്യവും സ്നേഹവും പകർന്നു തന്ന ഉമ്മയായിരുന്നു ബീവി 

ദുഃഖിതയായിത്തീർന്ന ഉമ്മുകുൽസൂം (റ) കരഞ്ഞ് തളർന്ന് അവശയായി കട്ടിലിൽ വീണു ആ കിടത്തത്തിലവർ ഉറങ്ങിപ്പോയി ഉമ്മയില്ലാത്ത വീട്ടിൽ ഇനിയെന്ത് സന്തോഷമാണുള്ളത് .....? ഉപ്പയ്ക്ക് ഉമ്മയെപ്പോലെ തണലേകാൻ ഇനിയാരാണീ ഉലകത്തിൽ....? ഉമ്മുകുൽസൂം (റ) ഓരോന്ന് ഓർത്തുപോയി

മക്കാ നിവാസികൾ അധികവും കരഞ്ഞ ദിവസമായിരുന്നു അത് നബി (സ) യുടെ മദീനാ പലായനത്തിന്റെ മൂന്ന് വർഷം മുമ്പാണ് ഖദീജാബീവി (റ) വഫാത്താകുന്നത് നുബുവ്വത്തിന്റെ പത്താം വർഷം

അബൂത്വാലിബ് മരണപ്പെട്ട വേദന വിട്ടുമാറിയിട്ടില്ല അതുകഴിഞ്ഞ് ഒരു മാസവും അഞ്ച് ദിവസവുമേ ആയിട്ടുള്ളൂ മുത്തുനബിയെ ഏറെ വേദനിപ്പിച്ച ദിവസങ്ങൾ

കാലത്തിന്റെ സഞ്ചാരത്തെ നിയന്ത്രിക്കാനാർക്കുമായില്ല വർഷങ്ങൾ കൊഴിഞ്ഞുവീഴുകയാണ് എത്യോപ്യകാർ വരുന്നുണ്ടെന്ന വാർത്ത മക്കയിൽ പരന്നു ഉമ്മുകുൽസൂ(റ)വിന്റെ കാതിലും ഈ വാർത്തയെത്തി അധികം വൈകാതെ തന്നെ കപ്പൽ കരക്കണഞ്ഞു റുഖിയ്യ (റ) യും അളിയനും മക്കളും മുസ്ലിമീങ്ങളും മക്കയിലെത്തി ഉമ്മയില്ലാത്ത വീട്ടിലേക്കാണിത്താത്ത കയറിവന്നതെന്നോർത്തപ്പോഴാണ് സന്താപം നാളുകൾക്ക് ശേഷം കൺകുളിർക്കെ കാണാനായതിൽ സന്തോഷവും

മദീനയിലേക്ക് ഹിജ്റ പോവാൻ മുസ്ലിംമീങ്ങൾക്ക് അനുമതി നൽകി നബികുടുംബത്തെ വളരെ സുരക്ഷിതമായികൊണ്ട് പോവണം ശത്രുക്കളുടെ പ്രധാന ലക്ഷ്യം നബിയെയും കുടുംബത്തെയും നശിപ്പിക്കലാണ് അതുകൊണ്ട് തന്നെ വളർത്തുമോനായ സൈദുബ്നു ഹാരിസ (റ) നെയും മകനായ അബൂറാഫി (റ) നെയുമാണ് ഇക്കാര്യം പ്രവാചകൻ ഏൽപ്പിച്ചത് അവർക്കൊപ്പമാണ് ഉമ്മുകുൽസൂം(റ) ഹിജ്റ പുറപ്പെട്ടത് കൂട്ടിന് ഫാത്വാമാബീവി (റ), ആഇശ (റ) സൗദ (റ) തുടങ്ങിയവരും ഉണ്ടായിരുന്നു ഹിജ്റ പോവും മുന്നേ ഇത്താത്ത സൈനബ(റ)യെ കാണാൻ ഉമ്മുകുൽസൂമും(റ) ഫാത്വിമ(റ)യും പോയി അളിയൻ മുസ്ലിമായിട്ടില്ലാത്തതിനാൽ മദീനയ്ക്ക് പോരുന്നില്ല പിന്നെ ഇത്താത്ത മാത്രം  പോരുകയുമില്ല

അനിയത്തിമാരെ സന്തോഷത്തോടെ സ്വീകരിച്ച സൈനബ(റ) നല്ല ഭക്ഷണം ഉണ്ടാക്കി സൽക്കരിച്ചു അന്നവിടെ രാപ്പാർക്കാൻ ഇത്താത്ത ആഗ്രഹം അറിയിച്ചു അങ്ങനെ അവർക്കൊപ്പം കഴിഞ്ഞു രാവിലെതന്നെ യാത്രപറഞ്ഞിറങ്ങി ഉമ്മുകുൽസൂം(റ) ഫാത്വിമ(റ)യും ഇത്താത്തയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു പിരിയുന്ന രംഗം കണ്ടുനിൽക്കാനായില്ല ഇനിയെന്ന് ഇത്താത്തയെ കാണാനാകും എന്നവർക്ക് ഒരുനിശ്ചയവുമില്ലായിരുന്നു എല്ലാം പരീക്ഷണങ്ങൾ നേരെ സൈദുബ്നു ഹാരിസ (റ) യുടെ സംഘത്തിൽ വന്നു ചേർന്നു കണ്ണെത്താദൂരത്തുള്ള മദീനയെ മനസ്സിൽ കണ്ട് യാത്ര ചെയ്തു ഉമ്മുകുൽസൂമും(റ) ഫാത്വിമ(റ)യും കയറിയ വാഹനത്തിന് നേരെ വഴിയോരത്ത് ഒളിഞ്ഞിരുന്ന ശത്രുക്കൾ ചാടിവീണു നബിപുത്രിമാരുടെ വാഹനം ഹുവൈരിസ് എന്ന കിങ്കരൻ പിടിച്ചെടുത്തു പിന്നെ മദീനയിലേക്ക് നടന്നു കൊണ്ടായിരുന്നു പ്രയാണം പിൽക്കാലത്ത് ചരിത്രം പകരം വീട്ടിയിട്ടുണ്ട് ഹുവൈരിസിനോട് ഹിജ്റ വർഷം എട്ടിന് അലിയ്യുബ്നു അബീത്വാലിബ് (റ) ഹുവൈരിസിനെ നേരിടുകയും കഥ കഴിക്കുകയും ചെയ്തു 

മദീനയിൽ യാത്രാസംഘമെത്തി ഉപ്പയുടെ ചാരത്തെത്തിയത് ഉമ്മുകുൽസൂം(റ) വിനെ ആവേശഭരിതയാക്കി അവിടെ ആനന്ദത്തോടെ അവർ കഴിഞ്ഞു കൂടി

ഇത്താത്ത റുഖിയ(റ)യും അളിയൻ ഉസ്മാൻ (റ) വും മദീനയിലെത്തിയിട്ടുണ്ട് അവർ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നതെങ്കിലും ഇടയ്ക്കിടെ വിവരങ്ങളറിയാനും അനിയത്തിമാരെ കാണാനും നബി ഭവനത്തിലെത്തുമായിരുന്നു ഉമ്മുകുൽസൂമും(റ) ഫാത്വിമ(റ)യും അവിടെ ഉപ്പയ്ക്കൊപ്പം കഴിഞ്ഞു

✍🏻അലി അഷ്ക്കർ
(തുടരും)

നിങ്ങളുടെ പ്രതികരണം എപ്പോഴും സ്വാഗതം ചെയ്യപ്പെടും 

📱9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
➖➖➖➖➖➖➖➖➖➖

📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...

No comments:

Post a Comment