‎‎ *08 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ* 🟢🌻🟢🌻🟢🌻🟢🌻🟢🌻🟢

   


🌻💚🌻💚🌻💚🌻💚🌻

              *♦️ഭാഗം : 08♦️*


*ഒരു കുടുംബത്തിന്റെ ദുഃഖം*

☀️〰️☀️〰️☀️〰️☀️〰️☀️〰️☀️


     നട്ടുച്ച നേരത്ത് ബാപ്പ വന്നു കയറി. ആമിനത്താത്തയാണ് ആ വരവ് കണ്ടത്. അവർ അടുക്കളയിലേക്ക് നോക്കി മരുമകളെ വിളിച്ചു : 


 മോളേ.. ഫാത്വിമാ...  ആരാണ് വരുന്നതെന്ന് നോക്കിക്കേ...


 ഫാത്വിമ ധൃതിയിൽ നടന്നു വന്നു.

മുറ്റത്ത് ബാപ്പയുടെ ചിരിക്കുന്ന മുഖം...


 എന്തൊക്കെയാ വിശേഷങ്ങള് .....ങേ

അബൂബക്കർ ഹാജി കോലായിലേക്ക് കയറുന്നതിനിടയിൽ ചോദിച്ചു. രണ്ടു പേരും ചേർന്നാണ് മറുപടി പറഞ്ഞത്...


 സുഖം തന്നെ...


 മമ്മദ്കോയക്ക എവിടെ..?  


 പള്ളിയിൽ പോയതാ ഇപ്പൊ വരും...


 ബാപ്പാ ഉമ്മാക്ക് സുഖമാണോ..? 


 വിശേഷിച്ച് അസുഖമൊന്നുമില്ല. ഏത് നേരവും നിന്നെക്കുറിച്ചുള്ള ചിന്തയേയുള്ളൂ...


 അവർ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്നിടയിൽ മമ്മദ് കോയക്കയും വന്നു കയറി. പിന്നെ ആണുങ്ങൾ തമ്മിലായി സംസാരം. പെണ്ണുങ്ങൾ അടുക്കളയിലേക്കു നീങ്ങി...


 പിന്നെ ഞാൻ വന്നത് മോളെ കൂട്ടിക്കൊണ്ട് പോവുന്ന കാര്യം സംസാരിക്കാനാണ്...


 അബൂബക്കർ ഹാജി വിഷയം അവതരിപ്പിച്ചു...


 കുറച്ചുകൂടി കഴിഞ്ഞിട്ട് പോരെ..?


 ഇത് ഏഴാം മാസമല്ലേ..? ഇനി വൈകണ്ട...


 ങാ... ഫാത്വിമ പോയാൽ പിന്നെ വീട് ഉറങ്ങിയത് പോലെയാവും. അതോണ്ട് പറഞ്ഞതാ... 


 ആലിക്കുട്ടി എവിടെ..?  


 ഓൻ താനൂരേക്കാന്നും പറഞ്ഞു പോയതാ. പോവുമ്പോൾ ഞാനൊട്ട് കണ്ടതുമില്ല...


 എന്താ താനൂരിൽ..?  


 എന്തോ യോഗം ഉണ്ടെന്നോ മറ്റോ പറഞ്ഞു...


 യോഗം..? ആലിക്കുട്ടിക്കെന്തു യോഗം..? 


 അബൂബക്കർ ഹാജിയുടെ മുഖത്ത് അതിശയം..!! വയലിൽ കൃഷി ചെയ്തു ജീവിതം നയിക്കുന്ന ആലിക്കുട്ടി താനൂരിൽ യോഗത്തിന് പോയെന്നോ... എന്ത് യോഗം..? 


 ബാപ്പാ ചോറ് തിന്നോളീ...


 മോളുടെ ശബ്ദം ചിന്തയിൽ നിന്നുണർത്തി. അദ്ദേഹം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു കൈ കഴുകി വന്നു. ചോറിന്നു മുമ്പിലിരുന്ന ഫാത്വിമ ബാപ്പയുടെ മുഖം ശ്രദ്ധിച്ചു. വന്ന സമയത്തുള്ള മുഖഭാവമല്ല എന്ത്പറ്റി..? മുഖത്തെ പ്രസന്നഭാവം മാഞ്ഞിരിക്കുന്നു.  ഗൗരവം പരന്നിരിക്കുന്നു. മരുമകന്റെ കാര്യം അറിഞ്ഞിരിക്കുമോ..? ഫാത്വിമയുടെ കണ്ണുകൾ നിറഞ്ഞു. ബാപ്പയുടെയും മകളുടെയും മുഖത്തേക്കു മാറി മാറി നോക്കുകയാണ് ആമിനത്താത്ത. അവരുടെ മുഖത്തും ഉൽക്കണ്ഠ. എല്ലാവരുടെ മുഖത്തേക്കും  മാറി മാറി നോക്കുകയാണ് മമ്മദ്ക്കോയക്കാ. നാലു പേർക്കിടയിൽ കനത്തു കെട്ടിയ നിശ്ശബ്ദത. പുരുഷന്മാർ ഭക്ഷണം കഴിക്കാൻ തുടങ്ങി...


 പെട്ടെന്നൊരു പുരുഷശബ്ദം കേട്ടു... ആരുമില്ലേ ഇവിടെ..?  മുറ്റത്ത് നിന്നാണ്. ആമിനത്താത്ത മുൻവാതിലിന്നടുത്തേക്ക് ചെന്നു. ഒരു ചെറുപ്പക്കാരൻ കോലായിലേക്ക് കയറിവന്നു...


 നീ ഏതാ..? മമ്മദ്കോയക്ക ചോദിച്ചു...


 മാധവൻ നായർ പറഞ്ഞയച്ചതാണ്. ചെറുപ്പക്കാരൻ മെല്ലെ പറഞ്ഞു അവൻ നാലുപേരെയും മാറി മാറി നോക്കി എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

മാധവൻ നായർ പറഞ്ഞു, ആലിക്കുട്ടിയോട് ഒന്നു മാറിനിന്നോളാൻ. വീട്ടിൽ നിൽക്കണ്ടാന്ന്...


 ങേ.. അതെന്താ..?

മൂന്നുപേരും ഒപ്പം ചോദിച്ചു...


 എന്തോ അങ്ങനെ പറയാൻ പറഞ്ഞു...


 നാലുപേരും ഞെട്ടി. ചെറുപ്പക്കാരൻ ധൃതിയിൽ നടന്നു പോയി. നാലുപേരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി നിന്നു. അവർ ഭക്ഷണം നിറുത്തി. ഒരു പിടിച്ചോറും തിന്നാൻ കഴിയുന്നില്ല. കൈകഴുകി വന്നു ബഞ്ചിൽ ഇരുന്നു. പെണ്ണുങ്ങൾ ഒന്നും കഴിച്ചില്ല. അവരാകെ  പേടിച്ചു പോയി..!!


 ആരാണീ മാധവൻ നായർ..?  അബൂബക്കർ ഹാജി ആകാംക്ഷയോടെ ചോദിച്ചു.


 ഇവിടെ അടുത്തു താമസിക്കുന്ന ഒരാളാണ്. നമുക്കയാളെ ഒന്നു പോയി കാണാം. വിവരമറിയണമല്ലോ മറ്റൊരു വഴിയില്ലല്ലൊ...


 അബൂബക്കർ ഹാജിയും മമ്മദ് കോയക്കയും വീട്ടിൽ നിന്നിറങ്ങി. അറുപത്തഞ്ച് കഴിഞ്ഞ രണ്ടു വൃദ്ധന്മാർ പത്ത് മിനിറ്റ് നടന്നപ്പോൾ മാധവൻനായരുടെ വീട്ടിനു മുമ്പിലെത്തി. മുൻവാതിൽ അടഞ്ഞുകിടക്കുന്നു.  മുൻവശത്തൊന്നും ആരെയും കാണാനില്ല. കുറെ നേരം വെറുതെ നിന്നു. പിന്നെ കോലായിലേക്ക് കയറി കതകിൽ മുട്ടി. ആളനക്കമില്ല. പിന്നെയും മുറ്റത്തിറങ്ങി നിന്നു. ഏറെ നേരം കഴിഞ്ഞപ്പോൾ ജനലിന്നരികിൽ രണ്ട് കണ്ണുകൾ.


 മെല്ലെ വാതിൽ തുറന്നു മാധവൻ നായർ പുറത്തു വന്നു. നന്നെ ക്ഷീണിതനാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി...


 നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്..?  വേഗം പോയ്ക്കൊള്ളൂ ... മാധവൻനായർക്ക് വൃദ്ധന്മാരെ പറഞ്ഞയക്കാൻ ധൃതി.


 നായരേ എന്താണുണ്ടായത്..?  

മമ്മദ്കോയക്ക ചോദിച്ചു...


 താനൂരിൽ ഖിലാഫത്ത് സമ്മേളനം നിരോധിച്ചു. അതേത്തുടർന്ന്  തർക്കമായി. ഏറ്റുമുട്ടി. ഒന്നിനും പോവെണ്ടെന്ന് ഞാനവരോട് പറഞ്ഞതാണ് കേൾക്കണ്ടേ..? 


 എന്റെ ആലിക്കുട്ടിയെവിടെ..? 


 എനിക്കറിയില്ല. ഞാനെങ്ങനെ അറിയും..? 


 നിങ്ങളുടെ കൂടെയല്ലേ വന്നത്..?  


 നിങ്ങളെന്താ മാപ്പ്ളെ ഈ പറയുന്നത്..?  താനൂരിലെ കഥയെന്താണ് നിങ്ങൾക്കറിയോ..? 


 എനിക്കെന്റെ മോനെ കാണണം. 


 അത് പെട്ടെന്ന് കഴിയുമോന്നാ സംശയം.


 അതെന്താ നായരേ അങ്ങനെ..? 


 അവരൊക്കെ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി. പോലീസ് തടഞ്ഞു. പിന്നെ ലാത്തിച്ചാർജ്ജും അറസ്റ്റും നടന്നു.


 നായരേ എന്റെ മോൻ വെറും പച്ചപ്പാവമാണ്. അവന്ന് ഒന്നിനെപ്പറ്റിയും ഒരു വിവരവുമില്ല. പാടത്ത് പണിയെടുക്കാനല്ലാതെ അവനെക്കൊണ്ട് മറ്റൊന്നിനും കഴിയില്ല. ഓനെന്തു പറ്റി നായരേ..?


 റോഡ് നിറയെ പോലീസല്ലേ, ഒരു പാട് പേരെ പിടികൂടി. ചിലർ പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ടു...


 എന്റെ ആലിക്കുട്ടിയോ..? 


 അവനും രക്ഷപ്പെട്ടെന്ന് തോന്നുന്നു...


 ഇനി പോലീസ് അവനെ നോക്കി വര്വോ..?


 മാധവൻ നായർ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല. എന്നാലങ്ങനെയാവട്ടെ അതും പറഞ്ഞ് നായർ അകത്തേക്ക് കയറി...


 വാതിൽ അടഞ്ഞു. വൃദ്ധന്മാർ പുറത്തേക്ക് നടന്നു. വഴിയിൽ പലയിടത്തും രണ്ടും മൂന്നും ആളുകൾ ചേർന്നു സ്വകാര്യം പറയുന്നു. വൃദ്ധൻമാർ അവരുടെ അടുത്തേക്കു ചെന്നു.


 താനൂരിൽനിന്ന് വല്ല വിവരവുമുണ്ടോ..? മമ്മദ്കോയക്ക ചോദിച്ചു...


 മുപ്പതാളുകൾ പോയതിൽ ഇരുപത്തിരണ്ടാളും മടങ്ങിയെത്തി. വഴിയിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പറഞ്ഞു. 


 എട്ടു പേരുടെ കാര്യം..? ഒരാൾ ചോദിച്ചു...


 ഒരു വിവരവുമില്ല...  രാത്രിയാകുമ്പോഴേക്കും എത്തുമായിരിക്കും...


 മമ്മി മടങ്ങിവന്നോ..? 

മമ്മി വന്നിട്ടുണ്ട്. പീടിക തുറന്നിട്ടില്ല.

പലരേയും പോലീസുകാർ പിടിച്ചിട്ടുണ്ട്. നമ്മുടെ നാട്ടുകാർ പെട്ടിട്ടുണ്ടോ എന്നറിയില്ല...


 വാർത്ത നാടാകെ പരക്കുകയാണ്. ഖിലാഫത്ത് യോഗം തടഞ്ഞു പ്രതിഷേധ പ്രകടനം നടത്തിയവർക്കു നേരെ ലാത്തിച്ചാർജ്ജ്. പലരേയും കസ്റ്റഡിയിലെടുത്തു ലോക്കപ്പ് മർദ്ദനം. പരീക്കുട്ടി മുസ്ല്യാരെത്തേടി പോലീസ് പരക്കം പായുന്നു. മുസ്ല്യാരെ പിടിക്കിട്ടാതെ പോലീസ് അടങ്ങില്ല...


 സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴുന്നു. നേർത്ത ഇരുട്ട് പരന്നു. ആ ഗ്രാമം ഉൽക്കണ്ഠയുടെ പിടിയിൽ. എട്ടുപേർ ഇനിയും തിരിച്ചെത്തിയില്ല. 


 അബൂബക്കർ ഹാജി വല്ലാതെ അസ്വസ്ഥനായി മാറി. 

എന്ത് ചെയ്യണമെന്നറിയാതെ അയാൾ കുഴങ്ങി. മകളുടെ സമീപത്തേക്ക് നടന്നു ചെന്നു അവൾ വാടിത്തളർന്ന് കിടക്കുകയാണ്...


 മകളെ എന്ത് പറഞ്ഞ്   ആശ്വസിപ്പിക്കണമെന്നറിയില്ല.

മോളേ കരയല്ലേ... അവന് ഒന്നും സംഭവിക്കില്ല. 

അത് വെറും വാക്കാണെന്നറിയാം... വെള്ളക്കാരോട് പടവെട്ടാൻ പോയാൽ രക്ഷ കിട്ടുമോ..? എത്രയോ പട നടന്ന നാടാണിത്. എത്രപേരാണ് വെടിയേറ്റ് മരിച്ചത്..!!


 അന്നാരും അത്താഴം കഴിച്ചില്ല. ഉറങ്ങിയതുമില്ല. മമ്മദ്കോയക്ക താടിക്കു കയ്യും കൊടുത്ത് ഒരേ ഇരിപ്പാണ്. ഒന്നും കഴിച്ചില്ല. ഒരിറക്ക് വെള്ളം കുടിച്ചില്ല. പാതിരാത്രിയായി...


 പെട്ടെന്ന് ബഞ്ചിൽ നിന്നെണീറ്റു എന്തോ ഓർത്തു തീരുമാനിച്ചതുപോലെ മുറ്റത്തേക്കിറങ്ങി.


 നിങ്ങളെങ്ങോട്ടാ ഇപ്പാതിരാക്ക്..?

 അബൂബക്കർ ഹാജി ഉൽക്കണ്ഠയോടെ വിളിച്ചു ചോദിച്ചു...


 ദാ ഇപ്പം വരാം...

അതും പറഞ്ഞ് മമ്മദ്കോയക്ക ഇരുട്ടിൽ മറഞ്ഞു. 


 ആലിക്കുട്ടിയോടൊപ്പം താനൂരിലേക്ക് പോയ ഒരു ചെറുപ്പക്കാരന്റെ വീടാണ് ലക്ഷ്യം. കണ്ണിന് കാഴ്ച കുറവാണ്. വഴിയിൽ നല്ല ഇരുട്ടും. നടക്കാൻ കഴിയുന്നില്ല. തപ്പിത്തടഞ്ഞു നടന്നു ഒരു വിധത്തിൽ വീട്ടുമുറ്റത്തെത്തി. മെല്ലെ കോലായിലേക്കു കയറി വാതിലിൽ മുട്ടി...


 ങേ.. ആരാ ദ്..? അകത്ത് നിന്ന് ഉൽക്കണ്ഠ നിറഞ്ഞ ശബ്ദം...


 ഇത് ഞാനാ മമ്മദ്കോയ...

വിളക്ക് തെളിഞ്ഞില്ല. മെല്ലെ വാതിൽ തുറന്നു. അവറാൻ താനൂരിൽ നിന്നു വന്നോ..? 


 വന്നല്ലോ...


 എപ്പോ വന്നു..?


 ദാ ഇപ്പം വന്നതേയുള്ളൂ...


 ആലിക്കുട്ടീന്റെ വിവരം വല്ലതും പറഞ്ഞോ..? 


 അതിനു വീട്ടുകാർ ഉത്തരം പറഞ്ഞില്ല. 


 ഒന്നു പറഞ്ഞു തരൂ...

 അല്ലെങ്കിൽ അവറാനെ ഒന്നു വിളിക്ക് ഞാനൊന്നു ചോദിക്കട്ടെ...


 അവൻ നല്ല ഉറക്കമാണ്. ക്ഷീണിച്ചു തളർന്നു ഉറങ്ങുകയാണ്. 

 പിന്നേയും നിശബ്ദത...


 എന്റെ മോനെപ്പറ്റി അവനെന്തെങ്കിലും പറഞ്ഞോ..? 


 പറഞ്ഞു...


 എന്താ പറഞ്ഞത്..?  


 പോലീസ് പിടിച്ചു..!!


 ങേ.. മമ്മദ്കോയക്കയുടെ തല കറങ്ങി.

ഭൂമി കീഴ്മേൽ മറിയുന്നത്പോലെ തോന്നി. നേരെ നിൽക്കാൻ കഴിയുന്നില്ല. കാലുകൾ കുഴയുന്നു. ശരീരം ചുമരിലേക്ക് ചാഞ്ഞു. വീട്ടുകാർ പെട്ടെന്ന് താങ്ങിപ്പിടിച്ചു മമ്മദ്ക്കയെ അവർ കട്ടിലിൽ കിടത്തി...

 

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*


       *☝️അള്ളാഹു അഅ്ലം☝️*



_______________________________



*🤲🤲ദു:ആ വസിയതോടെ.🤲🤲* 

         


  

👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨💖♨💖♨💖♨💖♨💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*


_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​


🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹


*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*